
മനു ജോസഫ്, 'ഡീകപ്പിൾഡി'ൽ സുർവീൻ ചൗള, ആർ മാധവൻ
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരില്‍ ഒരാളായ ആര്യ, സ്വന്തമായി സ്റ്റാര്‍ട്ട് അപ്പ് സ്വപ്നങ്ങളുള്ള ശ്രുതി. ഇവര്‍ക്കിടയിലെ ദാമ്പത്യം ശിഥിലമാണ്. പരസ്പരം വേര്‍പിരിയാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന ആര്യയുടെയും ശ്രുതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളുടെ ആകെതുകയാണ് 'ഡീകപ്പിള്‍ഡ്' എന്ന വെബ് സീരീസ്.
നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ഡീകപ്പിള്‍ഡില്‍ ആര്.മാധവനും സുര്‍വീണ്‍ ചൗളയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ സീരീസ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റി വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ അതെക്കുറിച്ച് സംസാരിക്കുകയാണ് ക്രിയേറ്റര്‍ (തിരക്കഥ, ആശയം) മനു ജോസഫ്. കോട്ടയം സ്വദേശിയായ മനു ജോസഫ് ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഓപ്പണ്‍ മാഗസിന്റെ മുന്‍ എഡിറ്ററാണ്. 2010ല്‍ പുറത്തിറങ്ങിയ 'സീരിയസ് മെന്‍' ആണ് ആദ്യ പുസ്തകം. 2010ലെ ഹിന്ദു ലിറ്റററി പ്രൈസ്, 2011ലെ പെന്‍ ഓപ്പണ്‍ ബുക്ക് അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും, 2010ലെ മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസിനു നാമനിര്‍ദേശവും ഈ പുസ്തകത്തിന് ലഭിച്ചു. 2011-ലെ ബോളിങ്ങര്‍ എവെരിമാന്‍ വോഡ് ഹൗസ് സമ്മാനത്തിനുള്ള നാമനിര്‍ദേശവും 'സീരിയസ് മെന്നി'ന് ലഭിച്ചു. 2012-ല്‍ പുറത്ത് വന്ന 'ദി ഇല്ലിസിറ്റ് ഹാപ്പിനസ് ഓഫ് അദര്‍ പീപ്പിള്‍' ആണ് രണ്ടാം നോവല്‍. ഈ നോവലും ഹിന്ദു ലിറ്റററി സമ്മാനത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ 'മിസ്സ് ലൈല, ആര്‍മ്ഡ് ആന്‍ഡ് ഡെയ്ഞ്ചെറസാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പുസ്തകം.
ഏങ്ങിനെയായിരുന്നു 'ഡീകപ്പിള്‍ഡി'ല്‍ എത്തിയത്?
ഹ്യൂമര്‍ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വിഷയമാണ്. എന്നാല്‍ പൊതുവെയുള്ള ഇന്ത്യന്‍ കോമഡികള്‍ എനിക്ക് വലിയ താല്പര്യമില്ല. എന്നാല്‍ 1980 കാലഘട്ടത്തിലെ മലയാള സിനിമകളിലെ തമാശകള്‍ ഒരുപാട് ആസ്വദിച്ച ഒരാളാണ് ഞാന്‍. അക്കാലത്തെ ഇന്നസെന്റിന്റെ കോമഡികളെല്ലാം എനിക്ക് ഇഷ്ടമായിരുന്നു. ബിഹേവിയറില്‍ നിന്നും, റിയലിസത്തില്‍ നിന്നും വരുന്ന തമാശകളായിരുന്നു അവ. അതുപോലെ ദ ഓഫീസ്, സിലിക്കണ്‍ വാലി തുടങ്ങിയ സീരീസുകളെല്ലാം എനിക്ക് ഇഷ്ടപ്പെട്ടവയാണ്. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് മാധ്യമപ്രവര്‍ത്തനമാണ്. അത് പൊതുവേ ഗൗരവമുള്ള ഒരു ജോലിയാണ്. അതില്‍ നിന്നെല്ലാം വേറിട്ട ലളിതമായ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയിരുന്നു. അങ്ങനെയാണ് 'ഡീകപ്പിള്‍ഡി'ന്റെ ആശയത്തിലേക്കെത്തുന്നത്. വളരെ ചെറുതും ലളിതവുമായ കാര്യങ്ങളില്‍ നിന്ന് തമാശയുണ്ടാക്കുക. അതിന് മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ആദ്യം ഒരു എപ്പിസോഡ് എഴുതി. പിന്നീട് നെറ്റ്ഫ്ലിക്സ് രംഗത്ത് വന്നപ്പോള്‍ കൂടൂതല്‍ എപ്പിസോഡുകള്‍ എഴുതി. ഒടുവില്‍ അത് സംഭവിച്ചു.
ഹര്‍ദിക് മെഹ്തയായിരുന്നു സംവിധായകന്, ആര്. മാധവന് സുര്‍വീണ്‍ ചൗള തുടങ്ങിയവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍, ഇവരുടെ സാന്നിധ്യവും സീരീസിനെ സംബന്ധിച്ച് വലിയ കരുത്തായിരുന്നില്ലേ?
തീര്‍ച്ചയായും, ഒരു തിരക്കഥാകൃത്തിനെ സംബന്ധിച്ച് അയാള്‍ പറയുന്ന ആശയം കൃത്യമായി സംവദിക്കണമെങ്കില്‍ നല്ല സംവിധായകന്റെ പിന്തുണ കൂടിയേ തീരൂ. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെട്ടില്ല. എന്നാല്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ ചര്‍ച്ചകള്‍ ചെയ്യുമായിരുന്നു. നിര്‍ദ്ദേശങ്ങള്‍ പരസ്പരം പങ്കുവയ്ക്കുമായിരുന്നു. ഹര്‍ദിക് മെഹ്ത അദ്ദേഹത്തിന്റെ ഭാഗം അതിഗംഭീരമായി തന്നെ ചെയതു തീര്‍ത്തു. അഭിനേതാക്കളായ ആര് മാധവന്, സുര്‍വീണ്‍ ചൗള, അരിസ്റ്റാ മെഹ്ത, ചേതന്‍ഭഗത് എന്നിങ്ങനെ ഓരോരുത്തരും അവരുടെ ചുമതലകള്‍ നന്നായി നിറവേറ്റി.
സീരീസിന്റെ മേക്കിങ്ങിലെ എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുത്തു. എന്റെ ആശയത്തെ നെറ്റ്ഫ്ലിക്സിന്റെയും നിര്‍മാതാക്കളുടെയും മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ വളരെ പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. അതിന് ശേഷമാണ് സംവിധായകന് വരുന്നത്. എക്സിക്യൂഷന് പൂര്‍ണമായും സംവിധായകന്റെ ചുമതലയായിരുന്നു. എന്നാല്‍ എക്സിക്യൂഷന്റെ പ്രധാനഘട്ടങ്ങളിലെല്ലാം എന്നെയും ഉള്‍പ്പെടുത്തിയാണ് മുന്നോട്ട് പോയത്. ഫൈനല്‍ പ്രൊഡക്ടില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളിലും അതിയായ സന്തോഷമുണ്ട്.
ഒരാളെ കരയിപ്പിക്കുവാന്‍ എളുപ്പമാണെന്നും ചിരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുമാണെന്നാണ് പൊതുവെ പറയാറുള്ളത്. തമാശയെഴുതുന്നത് പ്രത്യേകിച്ച് ആ തമാശ മറ്റുള്ളവരുമായി സംവദിക്കുന്നത് തികച്ചും ദുഷ്കരമായ ഒരു ജോലിയായിരുന്നില്ലേ?