പുരുഷ പ്രേതത്തിന്റെ പോസ്റ്റർ, ദർശന രാജേന്ദ്രൻ
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ നിരൂപകര്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു കൃഷാന്തിന്റെ 'ആവാസവ്യൂഹം'. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിങ്ങനെ രണ്ടു വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ ആവാസവ്യൂഹം കേരള രാജ്യാന്തര മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അംഗീകാരവും സ്വന്തമാക്കി. ഈ വര്‍ഷം പുരുഷപ്രേതം എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ് കൃഷാന്ത്. മാര്‍ച്ച് 24 ന് സോണി ലീവില്‍ ഒടിടി റിലീസായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധ നേടിയിക്കുകയാണ്. പ്രശാന്ത് അലക്‌സാണ്ടര്‍, ജഗദീഷ്, ദര്‍ശന രാജേന്ദ്രന്‍, ദേവകി രാജേന്ദ്രന്‍ തുടങ്ങി ഒട്ടേറെ മികച്ച അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സിനിമയുടെ ഭാഗമാണ്.
പരമ്പരാഗത വാര്‍പ്പ് മാതൃകകളല്ല ചിത്രത്തിലെ കഥാപാത്രങ്ങളെന്ന് നടി ദര്‍ശന രാജേന്ദ്രന്‍ പറയുന്നു. വളരെ ഗൗരവകരമായ വിഷയത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം എല്ലാതരത്തിലുള്ള പേക്ഷകരെയും ആകര്‍ഷിക്കുമെന്ന് ദര്‍ശന മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഈ സിനിമയിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം എന്തായിരുന്നു?
കൃഷാന്ത് പുരുഷ പ്രേതത്തിനായി എന്നെ വിളിക്കുമ്പോള്‍ ആവാസവ്യൂഹം കണ്ടിരുന്നില്ല. പിന്നീടാണ് ആ സിനിമ കണ്ടത്. പുരുഷപ്രേതത്തിന്റെ കഥ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന് കൃത്യമായ കണ്‍വിക്ഷന്‍ ഉണ്ടായിരുന്നു. അതു തന്നെയാണ് ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചതും. ഞാന്‍ ഒരിക്കലും ചെയ്യാത്ത തരത്തിലുള്ള സിനിമയും കഥാപാത്രവുമായിരുന്നു. അതു തന്നെയാണ് എന്നെ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
പുരുഷ പ്രേതത്തിന്റെ ട്രെയ്‌ലര്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്, ഈ സിനിമയുടെ പൊതുവേയുള്ള സ്വഭാവവും ദര്‍ശനയുടെ കഥാപാത്രവും എങ്ങിനെയുള്ളതാണ്?
ഈ സിനിമയുടെ സ്വഭാവം അങ്ങനെ പറയാന്‍ സാധിക്കുകയില്ല. കൃഷാന്തിന്റെ മുന്‍ചിത്രമായ ആവാസവ്യൂഹം കണ്ടവര്‍ക്ക് അറിയാം. ആ സിനിമയ്ക്ക് ഓരോ ഘട്ടത്തിലും വ്യത്യസ്തമായ സ്വഭാവമായിരുന്നു. പുരുഷപ്രേതം അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരുന്നു. ഇതൊരു പോലീസ് കഥയാണ്. ഈ സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ വളരെ ഗൗരവകരമാണ്. പക്ഷേ ഹാസ്യാത്മകമായാണ് അവതരിപ്പിച്ചിക്കുന്നത്. എല്ലാതരത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സമൂഹ്യവ്യവസ്ഥ പരാജയപ്പെടുമ്പോള്‍ അതില്‍ ഇരയായി പോകുന്ന ഒരു കഥാപാത്രമാണ് എന്റേത്. അസാധാരണമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സാധാരണ മനുഷ്യരുടെ കഥയാണ്. മറ്റു കഥാപാത്രങ്ങളാണെങ്കിലും പരമ്പരാഗത വാര്‍പ്പ് മാതൃകകളല്ല.
ഒട്ടേറെ മികച്ച അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സിനിമയുടെ ഭാഗമായി. അവര്‍ക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച്?
മികച്ച ടീമായിരുന്നു ചിത്രത്തിലേത്. ഒരുപാട് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടനാണ് ജഗദീഷേട്ടന്‍ (ജഗദീഷ്). അദ്ദേഹം പോലും ഒരു വിദ്യാര്‍ഥിയെപ്പോലെയാണ് സെറ്റില്‍ പെരുമാറിയത്. എന്നെ സംബന്ധിച്ച് എറ്റവും പ്രചോദനം നല്‍കിയ ഒരു അനുഭവമായിരുന്നു അത്. അതുപോലെ പ്രശാന്ത് ഏട്ടനും (പ്രശാന്ത് അലക്‌സാണ്ടര്‍). അതിമനോഹരമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പേരെടുത്ത് പറയുന്നില്ല, ഈ സിനിമയില്‍ എല്ലാവരും അവരവരുടെ ഭാഗം ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
2014 ലാണ് ദര്‍ശനയുടെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ആ യാത്ര എങ്ങിനെയായിരുന്നു?
സിനിമയിലെത്തുമെന്ന് ഒരിക്കലും പോലും കരുതിയിട്ടില്ല. സിനിമാ പാരമ്പര്യമുള്ള ഒരു ചുറ്റുപാടില്‍ നിന്നല്ല ഞാന്‍ വരുന്നത്. കണക്കും, സാമ്പത്തിക ശാസ്ത്രവുമൊക്കെയാണ് പഠിച്ചത്. ഡല്‍ഹിയിലും ലണ്ടനിലുമൊക്കെയായായിട്ടായിരുന്നു പഠനം. ചെന്നൈയില്‍ ഒരു സ്ഥാപനത്തില്‍ മൈക്രോ ഫൈനാന്‍സില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തിയേറ്റര്‍ അഭിനയത്തിലേക്ക് തിരിയുന്നത്. ആദ്യകാലത്ത് തിയേറ്ററും ജോലിയും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ജോലി വേണ്ടെന്ന് വച്ച് പൂര്‍ണമായും അഭിനയം തിരഞ്ഞെടുക്കുന്നത്. നാടകം മാത്രം ചെയ്ത് മുന്നോട്ട് പോകാനുള്ള സാഹചര്യം ഇവിടെയില്ലല്ലോ. അതുകൊണ്ടു തന്നെ സിനിമയിലേക്ക് തിരിയുകയായിരുന്നു.
തിയേറ്റര്‍ അനുഭവം ദര്‍ശനയിലെ ആര്‍ട്ടിസ്റ്റിന് എത്രത്തോളം സഹായകരമായിട്ടുണ്ട്?
സിനിമയിലേക്കുള്ള വാതില്‍ തുറക്കുന്നത് തിയേറ്റര്‍ വഴിയാണ്. ആദ്യകാലത്തെ സിനിമകളെല്ലാം ലഭിച്ചത് തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആയതുകൊണ്ടായിരുന്നു. ആ ലേബലും അവിടെ നിന്നുള്ള അനുഭവങ്ങളും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഒരു തമിഴ് പടം ചെയ്തു. ആ സമയത്ത് എനിക്ക് ലഭിച്ച അവസരങ്ങളെല്ലാം ഉപയോഗിക്കുകയായിരുന്നു. ഓഡിഷന് പോകാറുണ്ടായിരുന്നു. ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഒരു അഭിനേത്രി എന്ന നിലയില്‍ വളരെ സംതൃപ്തി നല്‍കിയ ചിത്രങ്ങളും ചെയ്യാനായി.
ദര്‍ശനയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ജയ ജയ ജയ ജയ ഹേ, ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ഇത്തരം ചര്‍ച്ചകളെ എങ്ങിനെ നോക്കി കാണുന്നു?
ജയ ജയ ജയ ജയ ഹേയുടെ വിജയം വലിയ സന്തോഷം നല്‍കുന്നതായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രചോദനം നല്‍കുന്നവയായിരുന്നു. ഞാന്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത പല പലതും ഈ സിനിമയിലൂടെ പഠിച്ചു. ഒരുപാട് കഠിനാധ്വാനം ചെയ്ത സിനിമയായിരുന്നു. ഞാന്‍ മാത്രമല്ല ബേസിലും മറ്റ് ആര്‍ട്ടിസ്റ്റുകളുമെല്ലാം. ഫിസിക്കലി എനിക്ക് ഇത്രയും ചെയ്യാന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. വളരെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു അത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഞാന്‍ ആദ്യമായി തിയേറ്റര്‍ വിസിറ്റ് നടത്തിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ഒരുപാട് പേര്‍ നേരിട്ട് വന്ന് അഭിനന്ദനം അറിയിച്ചു. ുപ്രത്യേകിച്ച് ഏതാനും സ്ത്രീകള്‍ വന്ന് അവരുടെ ജീവിതാനുഭവവുമായി ബന്ധമുള്ള കഥയാണെന്നൊക്കെ പറഞ്ഞു.
രാജീവ് രവിയുടെ തുറമുഖമാണ് അവസാനമായി തിയേറ്ററിലെത്തിയത്, ചിത്രത്തെക്കുറിച്ച്?
മറന്നുപോയ ചരിത്രത്തെ ജനങ്ങളിലേക്ക് തിരിച്ചുകൊണ്ടു വന്ന സിനിമയാണ് തുറമുഖം. അതു തന്നെയാണ് അതിന്റെ പ്രത്യേകതയും. ഓരോ കഥാപാത്രവും ശക്തമായിരുന്നു. എനിക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു.
Content Highlights: darshana rajendran interview purusha pretham release, Sony Liv OTT, Krishand RK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..