കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ ഒരു മേഖലയാണ് സിനിമ. തീയേറ്ററുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചു മാസമായി. രണ്ടാം ലോക് ഡൗണില്‍ എല്ലാം വീണ്ടും നിശ്ചലമായപ്പോഴാണ് സിനിമാരംഗവും ഷട്ടര്‍ താഴ്ത്തിയത്. രണ്ടര മാസം കഴിഞ്ഞതോടെ ചിത്രീകരണത്തിന് ഉപാധികളോടെ അനുവാദം നല്‍കിയതോടെ മുടങ്ങിക്കിടന്ന ചിത്രങ്ങള്‍ വീണ്ടും തുടര്‍ന്നു എന്നു മാത്രമല്ല പുതിയ ഒരു ഡസനിലേറെ ചിത്രങ്ങള്‍ കൂടി ആരംഭിക്കുകയും ചെയ്തു.

വലിയ ജനപങ്കാളിത്തത്തോടെ ചിത്രീകരിക്കേണ്ട കടുവ, ബാറോസ്, പാപ്പന്‍, തുടങ്ങിയ ചിത്രങ്ങള്‍ മാത്രമാണ് ഇനി പുനരാരംഭിക്കുവാനുള്ളത്. അധികം താമസിയാതെ തന്നെ ആ ചിത്രങ്ങളുടെ  ചിത്രീകരണവും ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു പ്രതിസന്ധി ലോകത്ത് ഉണ്ടോയെന്ന് സംശയിപ്പിക്കും വിധത്തിലാണ് സിനിമാ ചിത്രീകരണം സജീവമായിരിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സിനിമക്ക് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന ധാരണ സിനിമാ നിര്‍മ്മാണത്തെ സജീവമാക്കി എന്നു പറയുന്നതില്‍ തെറ്റില്ല. അതിന്റെ ഗുണദോഷങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. നിര്‍മ്മാണം നടന്നു വരുന്നതും. ഒരു ഘട്ടം കഴിഞ്ഞതും, ഇനി ആരംഭിക്കാനുള്ള ചിത്രങ്ങളേക്കുറിച്ചും ഒന്നു പരിശോധിക്കാം. ഇപ്പോള്‍ ചിത്രീകരണം നടക്കുന്നതും അടുത്തു പൂര്‍ത്തിയായതും ഉടന്‍ തുടങ്ങാന്‍ പോകുന്നതുമായ ചിത്രങ്ങളിലേക്കു കടക്കാം.

സെപ്റ്റംബര്‍ മാസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ 

ബ്രോ ഡാഡി

ജൂലൈ പതിനാറിന് ഹൈദ്രാബാദില്‍ ചിത്രീകരണം ആരംഭിച്ച ബ്രോഡാഡി സെപ്റ്റംബര്‍ ആറിന് പൂര്‍ത്തിയായി. പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശിര്‍വ്വാദ് സിനിമാമ്പിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോഡാഡി നിര്‍മ്മിക്കുന്നത്.

ജിസ് ജോയ് ചിത്രം

സെന്‍ട്രല്‍ അഡ്വര്‍ട്ടൈസിന്റെ ബാനറില്‍ മാത്യു ജോര്‍ജ് (വിജി) നിര്‍മ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇരുപതിന് പൂര്‍ത്തിയായി. ആസിഫ് അലി, നിമിഷാ സജയന്‍, ആന്റണി വര്‍ഗീസ്, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്ണി വെയ്ന്‍ നായകനായ പുതിയ ചിത്രം തൊടുപുഴയില്‍ പൂര്‍ത്തിയായി നവാഗതനായ രതീഷ് സംവിധാനം ചെയ്ത്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ഇന്ദ്രന്‍സ്, തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രവും സോമന്‍ അമ്പാട്ടിന്റെ അഞ്ചില്‍ ഒരാള്‍ തസ്‌ക്കരന്‍ എന്നീ ചിത്രങ്ങളും തൊടുപഴയില്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് രാജീവ് കുമാറിന്റെ ബര്‍മൂടയും പൂര്‍ത്തിയായി. അമല്‍ നീരദ് - മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വം പൂര്‍ത്തിയായതും ഈ അടുത്തു തന്നെ.

സെപ്തംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രങ്ങള്‍

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വരാത്ത്, വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ, എം.പത്മകുമാറിന്റെ പത്താം വളവ്, ഓപ്പറേഷന്‍ ജാവാക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളയ്ക്ക, മമ്മൂട്ടി നായകനായ പുഴു, രാജീവ് ഷെട്ടിയുടെ തിരിമാലി,അരുണ്‍ ഡി. ജോസിന്റെ ജോ, വൈശാഖിന്റെ പുതിയ ചിത്രമായ നൈറ്റ് ഡ്രൈവ്, ജോമോന്‍ ടി.ജോണ്‍, ഷമീര്‍ മുഹമ്മദ്, വിനോദ് ഷൊര്‍ണൂര്‍, എന്നിവര്‍ നിര്‍മ്മിച്ച് കിരണ്‍ ആന്റെണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊല്ലങ്കോട്ട് ചിത്രീകരണം നടക്കുന്ന തേര്, നവാഗതനായ രജിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കണ്ണൂരിലും ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതനായ സുനില്‍ സംവിധാനം ചെയ്യുന്ന ചിത്രവും ചേര്‍പ്പുളശ്ശേരിയില്‍ പുരോഗമിക്കുന്നു.

തൊടുപുഴയില്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ സമീപമായ കുളമാവില്‍ ജീത്തു ജോസഫ് - മോഹന്‍ ലാല്‍ ചിത്രമായ 12 ത്ത്മാന്റെയും ഷൂട്ടിങ് നടക്കുകയാണ്. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പ്രഥ്വിരാജ്-നയന്‍താരാ- കൂട്ടുകെട്ടിലെ ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവായിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും അഭിനയിക്കുന്ന 'ഒറ്റ് ' എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം മുംബൈയില്‍ നടക്കുന്നു. ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ഈ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയനായ ഫെല്ലിനിസം വിധാനം ചെയ്യുന്നു.

ജയസുര്യ നായകനായ ജോണ്‍ ലൂഥര്‍ എന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ വാഗമണ്ണില്‍ പൂര്‍ത്തിയാക്കി. ഈ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബര്‍ എട്ടിന് ആരംഭിക്കുന്നു '

ഒക്ടോബര്‍ ഒരു മാസത്തിലേക്ക് കടക്കുമ്പോള്‍

ദുബായില്‍ത്തന്നെ മൂന്നു ചിത്രങ്ങളാണ് ഷൂട്ടിംഗ് ഉള്ളത്. സുഡാനി ഫ്രം നൈജീരയുടെ സംവിധായകന്‍ നിര്‍മ്മാതാവാകുന്ന അനു സിതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പതിയ ചിത്രം ബാഷ് മുഹമ്മദ് സംവിധാനം ചെയുന്ന സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രം എന്നിവ ഒക്ടോബര്‍ ഒന്നിനും രണ്ടിനും ദുബായില്‍ ആരംഭിക്കും. ഒക്ടോബര്‍ മധ്യത്തില്‍ നവാഗതനായ സതീഷ് സംവിധാനം ചെയ്യുന്ന ടൂ മാന്‍ ദുബായില്‍ ആരംഭിക്കും. ഇര്‍ഷാദ്യം എം.എ.നിഷാദുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാജി കൈലാസ്- മോഹന്‍ലാല്‍ ചിത്രം 

മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഷാജി കൈലാസ്- മോഹന്‍ലാല്‍ ചിത്രം ഒക്ടോബര്‍ രണ്ടിന് കൊച്ചിയില്‍ ആരംഭിക്കുന്നു.
ആന്റെണി പെരുമ്പാവൂരാണ് നിര്‍മ്മാതാവ്. ഒക്ടോബര്‍ ആറിന് സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം തളിപ്പറമ്പില്‍ ആരംഭിക്കുന്നു. ആസിഫ് അലിയും, റോഷന്‍ മാത്യുവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോകുലത്തിന്റെ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പത്തിന് വാഗമണ്ണില്‍ ആരംഭിക്കുന്നു. അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാം നിര്‍മ്മിച്ച്, സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന വീകം പതിനേഴിന് കൊച്ചിയില്‍ ആരംഭിക്കും. റാഫി - ദിലീപ് കൂട്ടുകെട്ടിലെ വോയ്‌സ് ഓഫ് സത്യനാഥന്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തുടങ്ങും. ഒക്ടോബര്‍ മധ്യത്തില്‍ വിശ്വം സംവിധാനം ചെയ്യുന്ന പാതാളക്കരണ്ടി എന്ന ചിത്രം പാലക്കാട് ആരംഭിക്കും. നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരുടെ പുതിയ ചിത്രങ്ങളും ഈ മാസത്തില്‍ ആരംഭിക്കത്തക്കവിധം അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

സത്യന്‍ അന്തിക്കാട് - ജയറാം, മീരാ ജാസ്മിന്‍

മലയാളത്തിലെ പ്രമുഖ സംവിധായകനായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ മധ്യത്തില്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ജയറാം നായകനാകുന്ന ഈ ചിത്രത്തില്‍ നായിക മീരാ ജാസ്മിനാണ്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും മാറി നിന്ന മീരാ ജാസ്മിന്റെ രണ്ടാം കടന്നുവരവു കൂടിയാണ് ഈ ചിത്രം. കോവിഡ് കാലത്ത് തമിഴ് - തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചു പോന്ന ജയറാം, വീണ്ടും മലയാളത്തിലെത്തുന്നത് തന്റെ ഭാഗ്യ സംവിധായകനായ സത്യന്‍ അന്തിക്കാടിനോപ്പമാണ്. നിരവധി ചിത്രങ്ങള്‍ ഇതിനകം ജയറാമിനെ തേടിയെത്തിയെങ്കിലും സത്യന്‍ അന്തിക്കാട് ചിത്രം കഴിഞ്ഞേ ഇനി മലയാള സിനിമയില്‍ അഭിനയിക്കൂ എന്ന തീരുമാനത്തിലായിരുന്നു ജയറാം. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്.

ഇത്രയും ചിത്രങ്ങളുടെ ജോലികള്‍ നടക്കുമ്പോള്‍ അമ്പതിലേറെ ചിത്രങ്ങള്‍ പൂര്‍ത്തിയായി പ്രദര്‍ശനത്തിനു കാത്തിരിക്കുകയാണ്. ഒക്ടോബര്‍ മാസത്തില്‍ തീയേറ്റര്‍ തുറക്കും എന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. 

Content Highlights: Covid crisis Malayala Cinema is coming back with new productions, Bro Daddy, Ottu ,12th man, Puzhu, Bheeshma Parvam, Mammootty, Mohanlal, Jayaram, Meera Jasmine