പാതിവഴിക്ക് നിന്നുപോയ ദേവലോകത്തില്‍; അഭ്രപാളി കളര്‍സിനിമയ്ക്ക് വഴിമാറും മുന്‍പുള്ള കാലത്തില്‍ 70-കളില്‍ വെളുത്ത ഒറ്റമുണ്ടും കൈമുട്ടുവരെ മടക്കിവെച്ച പശയിടാത്ത വെള്ളഷര്‍ട്ടും അലസമായി തുറന്നിട്ട ബട്ടണുകളും കട്ടിമീശയും മുകളിലേക്ക് ചീകിയൊതുക്കിയ മുടിയുമായി മലയാളത്തിലേക്ക് കടന്നുവന്ന നമ്മുടെ സ്വന്തം മമ്മൂട്ടി.

കഥാപാത്ര പൂര്‍ത്തീകരണത്തിനായുള്ള വേഷവും ശരീരഭാഷയുമായി മൂന്നുപതിറ്റാണ്ടിന് മുകളിലായി അദ്ദേഹം ഇന്നും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

80-കളുടെ തുടക്കം. 'യവനിക'യിലൂടെ ആദ്യ പോലീസ്വേഷം മമ്മൂക്ക ഗംഭീരമാക്കുകയായിരുന്നു. ആ വേഷത്തില്‍ തികച്ചും ഫിറ്റായ ഒരു അപ്പിയറന്‍സായിരുന്നു മമ്മൂക്കയുടെത്. പിന്നീട് യവനികമുതല്‍ സ്ട്രീറ്റ്ലൈറ്റ്വരെയുള്ള പോലീസ് വേഷങ്ങളില്‍ അനന്യസാധാരണമായ വൈവിധ്യം കൊണ്ട് അദ്ദേഹം നമ്മളെ അദ്ഭുതപ്പെടുത്തുന്നു. 80-കളുടെ അവസാനത്തോടെ ഒരുപിടി നല്ല മമ്മൂട്ടിസിനിമകളുടെ വരവായി. ഭാവരൂപവേഷാദികളില്‍ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു അവയില്‍.
വടക്കന്‍പാട്ടിന്റെ ഏടുകളില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു വടക്കന്‍വീരഗാഥയില്‍ ചന്തുവിന്റെ വേഷവിതാനങ്ങളില്‍ മമ്മൂട്ടിയെന്ന നടന്റെ പരകായപ്രവേശത്തിന്റെ ആദ്യസ്ഫുരണങ്ങള്‍ നമുക്ക് കാണാനായി.
സി.ബി.ഐ. പരമ്പരകളിലെ ആദ്യ സിനിമ സി.ബി.ഐ. ഡയറിക്കുറിപ്പിലെ നെറ്റിയിലെ ചുവന്ന ചെറിയ കുറിയും അധികം ഇറക്കമില്ലാത്ത കോട്ടണ്‍ ഹാഫ്സ്ലീവ് ഷര്‍ട്ടും തീരെ ബെല്ലില്ലാത്ത പാന്റ്സും വെട്ടിയൊതുക്കിയ മുടിയും മീശയും ഗൗരവം കൈവിടാതെ, പിറകില്‍ കൈകെട്ടിയുള്ള നടത്തവും സി.ബി.ഐ.യുടെ ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റ് ആവുകയായിരുന്നു.

80-കളിലെ സിനിമകള്‍ മമ്മൂട്ടിയെന്ന നടന്റെ ചെറിയ പരാജയങ്ങള്‍ക്കുശേഷമുള്ള തിരിച്ചുവരവുകള്‍ക്കപ്പുറം ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റുകൂടിയാവുകയായിരുന്നു ന്യൂഡല്‍ഹി എന്ന സിനിമ. ആ കാലത്തിലെ സൂപ്പര്‍ മെഗാഹിറ്റായ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് വെയ്സ്റ്റ് കോട്ട് ഗെറ്റപ്പും രണ്ടാം പകുതിയിലെ ത്രീ പീസ് സ്യൂട്ടും ജനങ്ങള്‍ ഏറ്റെടുത്ത് ആഘോഷിച്ചു.
ജോഷിയുടെതന്നെ സംഘത്തിലെ അത്രമേല്‍ തിളക്കമില്ലാത്ത ജുബ്ബയും മുണ്ടും കുട്ടപ്പായി എന്ന കഥാപാത്രത്തെ എല്ലാതരത്തിലും അനശ്വരമാക്കാന്‍ മമ്മൂട്ടിക്കായി.

നിറക്കൂട്ടിലെ രവിവര്‍മന്റെ കോളറുള്ള ഇളംനിറങ്ങളിലെ വലിയ ചെക്ക് ഷര്‍ട്ടുകളും അസിമെട്രിക്കന്‍ ലൈന്‍സുമുള്ള ഷര്‍ട്ടുകളും പോക്കറ്റുകളിലെയും ഷോള്‍ഡറുകളിലെയും സ്‌റ്റൈലന്‍ പാറ്റേണുകളും വലിയ കൂളിങ്ഗ്ലാസുമെല്ലാം അന്നത്തെ യുവത്വത്തിന്റെ ഹരമായിരുന്നു.

അര്‍ഥത്തിലെ ബെന്‍ നരേന്ദ്രന്റെ ഫ്ളീറ്റഡ് പാന്റ്സും പ്ലെയിന്‍കളര്‍ ഷര്‍ട്ടുകളും ക്ലൈമാക്സിലും സോങ്ങിലുമെല്ലാം ഉപയോഗിക്കുന്ന ബ്ലേസറും ബോ ടൈയും എല്ലാം മമ്മൂട്ടിയെന്ന നടനെ മറ്റൊരു ഭാവതലത്തിലേക്ക് എത്തിക്കുന്നു. കൂളിങ്ഗ്ലാസുകളോട് മമ്മൂക്കയ്ക്കുള്ള പ്രിയത്തിന്റെ സൂചനയുടെ മറ്റൊരു പ്രതീകം കൂടിയായിരുന്നു ഈ സിനിമ.

80-കളില്‍ മമ്മൂക്ക പോലീസ് വേഷത്തിലെത്തിയ തന്ത്രവും, അതിരാത്രവും, മനു അങ്കിളും പൂവിനു പുതിയ പൂന്തെന്നലും മമ്മൂട്ടി എന്ന നടന്റെ വിവിധങ്ങളായ വേഷവിതാനങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. മമ്മൂട്ടി എന്ന നടന്റെ അഭിനയത്തികവിന്റെയും അംഗീകാരങ്ങളുടെയും സ്‌റ്റൈലിഷും അല്ലാത്തതുമായ വേഷപ്പകര്‍ച്ചകളുടെയും ഒരു കാലയളവായിരുന്നു 90-കള്‍.

90-കളുടെ തുടക്കത്തില്‍ സാമ്രാജ്യം വെള്ളനിറത്തിലുള്ള ഡയഗണല്‍ ലൈനുകളുള്ള ഓവര്‍കോട്ടും പാന്റ്സും പുറകിലേക്ക് ചീകിയൊതുക്കിയ ഹെയര്‍സ്‌റ്റൈലും മനോഹരമായ കൂളിങ്ഗ്ലാസും 90-കളുടെ തുടക്കത്തിലെ അള്‍ട്ടിമേറ്റ് സ്‌റ്റൈലിങ്ങിന്റെ ഉദാഹരണങ്ങളായി. ബ്ലാക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലെ ത്രീ പീസ് കോട്ടുകളും അതിനോട് ചേര്‍ന്നുള്ള സ്‌കാര്‍ഫുകളും അലക്സാണ്ടര്‍ എന്ന കള്ളക്കടത്തുകാരന്റെ സ്‌റ്റൈലിഷ് വേഷതലത്തിന്റെ ഭാവതലങ്ങള്‍ക്ക് കൂടുതല്‍ ചാരുതയേകി. കുട്ടേട്ടനിലെയും കളിക്കളത്തിലെയും സ്‌റ്റൈലിഷ് ഷര്‍ട്ടുകളും ടീഷര്‍ട്ടുകളും മുന്നിലേക്ക് ചാടിച്ചിട്ട അടിപൊളി ഹെയര്‍സ്‌റ്റൈലുകളും കൂളിങ്ഗ്ലാസും അന്നത്തെ കാമ്പസ് യുവത്വം ഏറ്റെടുത്ത് ആഘോഷിച്ചു.

മമ്മൂട്ടി ഡബിള്‍ റോളില്‍ വന്ന പരമ്പര എന്ന സിനിമയിലെ പ്രിന്റഡ് കളര്‍ഫുള്‍ ഷര്‍ട്ടുകള്‍ അന്നത്തെ സ്‌കൂള്‍ കുട്ടികള്‍വരെ അനുകരിച്ചിരുന്നു. 'ധ്രുവ'ത്തിലെ നരസിംഹ മന്നാഡിയാര്‍ വളരെ ലൂസായ റൗണ്ട് നെക്ക് ജുബ്ബയും മുണ്ടും രുദ്രാക്ഷമാലയും നെറ്റിയിലെ ചുവന്നു നീണ്ട കുറിയും 90-കളിലെ മാസ് മമ്മൂട്ടി സിനിമകളുടെ ഹൈലൈറ്റ് ഐറ്റം ആയിരുന്നു.

'ജോസഫ് അലക്‌സ്'- ദ കിംഗിലെ ഗര്‍ജിക്കുന്ന സിംഹം. ഇടതുകൈകൊണ്ട് പുറകിലേക്ക് കുറച്ചു നീട്ടിവളര്‍ത്തിയ മുടി തട്ടിമാറ്റി സ്‌റ്റൈല്‍ ചെയ്ത ഹെയര്‍സ്‌റ്റൈലും പ്ലെയിന്‍ വൈറ്റ് കോളറുള്ള പല നിറത്തിലുള്ള ഷര്‍ട്ടുകളും ഫഌറ്റഡ് പാന്റ്സുകളും മമ്മൂക്കയും കളക്ടര്‍ വേഷത്തെ മനോഹരമാക്കി.
അലസമായി മടക്കി കേറ്റിവെച്ചിരിക്കുന്ന ഫുള്‍ സഌവ് ഷര്‍ട്ടിന്റെ സ്‌റ്റൈലും കോളര്‍ ബട്ടണും 'കിംഗ്' സ്‌റ്റൈലിനു കൂടുതല്‍ അഴകു നല്കി.

''ചേട്ടാ ഹിറ്റ്ലര്‍ ഷര്‍ട്ടുണ്ടോ'' എന്നുചോദിച്ച് കടകള്‍ തോറും കയറിയിറങ്ങിനടന്ന ഒരുകാലമുണ്ടായിരുന്നു മലയാളയുവത്വത്തിന്. ഓണത്തിനും ക്രിസ്മസിനും എന്നു വേണ്ട എല്ലാ കല്യാണ അടിയന്തരങ്ങള്‍ക്കും ഹിറ്റ്ലറിലെ ഹാഫ് സഌവ് റോസ് സില്‍ക്ക് ഷര്‍ട്ടായിരുന്നു പ്രിയം.

ഹൈവെയ്റ്റ് ജീന്‍സും കോട്ടണ്‍ പാന്റ്സും സസ്‌പെന്ററുമായി പൊളിലുക്കില്‍ ജോണിവാക്കറില്‍ മമ്മൂക്ക വന്നപ്പോള്‍ കൈയടികളോടെയാണ് മലയാളികള്‍ സ്വീകരിച്ചത്.

''ഇന്ദ്രപ്രസ്ഥവും സൈന്യവും ഒളിയമ്പുകളും അഴകിയരാവണനും അയ്യര്‍ ദ ഗ്രേറ്റും മമ്മൂട്ടി എന്ന നടന്റെ വിവിധ ഭാവതലങ്ങളുടെയും വേഷപ്പകര്‍ച്ചകളുടെയും കുടമാറ്റമായി ജനഹൃദയങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

പോലീസ് ഗുണ്ടയായ ഷണ്‍മുഖനെ രജിസ്റ്റര്‍ ചെയ്യാന്‍ ഇതിനപ്പുറം എന്തുണ്ട് വേഷം എന്ന ചോദ്യം അപ്രസക്തമാണ്. സിനിമയിലുടനീളം സെയിം പാറ്റേണിലെ ഡ്രസ്സുകളുമായി വിലസിയ ബ്ലാക്കിലെ കാരിക്കാമുറി ഷണ്‍മുഖനെ ആര്‍പ്പുവിളികളോടെയാണ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്.
അന്‍വര്‍ റഷീദ് എന്ന ഡയറക്ടറുടെ ഉദയമായിരുന്നു രാജമാണിക്യം.

ബെല്ലാരിയില്‍നിന്നുവന്ന പോത്തു കച്ചവടക്കാരനായ രാജമാണിക്യത്തിന്റെ യുണീക് സ്‌റ്റൈലും അപ്പിയറന്‍സും മലയാളികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്നതരത്തിലാണ്. കളര്‍ഫുള്‍, ഇടിവെട്ട് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ചൈനീസ് കോളര്‍ ജുബ്ബയും കറുപ്പും ചുവപ്പും നീലയും മഞ്ഞയുമൊക്കെ നിറങ്ങളിലെ സ്വര്‍ണക്കരയുള്ളതും ഇല്ലാത്തതുമായ മുണ്ടുകളും കഴുത്തിലിറുകിക്കിടക്കുന്ന തടിച്ച സ്വര്‍ണമാലയ്‌ക്കൊപ്പമുള്ള മറ്റു രണ്ട് മാലകളും ഒരു കൈച്ചെയ്നും അതിനു മുകളിലായുള്ള വളയും മറു കൈയില്‍ സ്വര്‍ണനിറത്തിലുള്ള വാച്ചും സദാസമയവും ഫിക്‌സ് ചെയ്തുവെച്ചിരിക്കുന്ന രാജമാണിക്യത്തെ കണ്ട് പ്രേക്ഷകര്‍ ഒന്നടക്കം പറഞ്ഞത് 'ഇവന്‍ പുലിയാണ് കെട്ടാ' എന്നാണ്.

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ (ബിഗ് ബി) മമ്മൂക്ക എന്ന നടന്റെ സ്‌റ്റൈലിഷ് വേഷങ്ങളിലെ മെഗാമാസ് ഐറ്റങ്ങളില്‍ ഒന്നായിരുന്നു. സ്വേഡ് (ടംലറല) മെറ്റീരിയലില്‍ തീര്‍ത്ത ഡബിള്‍ പോക്കറ്റ് ഷര്‍ട്ടും ജീന്‍സും ലെതര്‍ ജാക്കറ്റും കഴുത്തിലെ കറുത്ത ചരടിനൊപ്പമുള്ള സില്‍വര്‍ കളര്‍ ചെയിനും. ഫുള്‍ സഌവ് ഷര്‍ട്ടിന്റെ ഒട്ടും മടക്കി വയ്ക്കാതെ താഴെ കഫ് ബട്ടണ്‍ പോലും ഇടാതെയുള്ള റഫ്ലുക്കും പറ്റെവെട്ടിയ മുടിയും മീശയും കുറ്റിത്താടിയുമെല്ലാം മലയാളികളില്‍ രോമാഞ്ചമുണര്‍ത്തുന്ന വേഷങ്ങളില്‍ ഒന്നായി ചിരകാലം നിലനില്‍ക്കുമെന്നതില്‍ ഒരു സംശയവുമില്ല.

ന്യൂ ജനറേഷന്‍ സിനിമകളുടെ തുടക്കത്തില്‍ വളരെ ഡിഫറന്റായ കളര്‍ പാറ്റേണിലും സ്‌റ്റൈലിലുമായി വന്ന മമ്മൂട്ടി ചിത്രമായിരുന്നു ഡാഡി കൂള്‍ സ്വറ്റ് ടീ ഷര്‍ട്ടും പേയ്സ്റ്റല്‍ കളര്‍ ഷര്‍ട്ടുകളും ലോവെയ്സ്റ്റ് പാന്റ്സും നാരോ ഫിറ്റ് ജീന്‍സും എവിയേറ്റര്‍ ഗഌസുമൊക്കെ, മമ്മൂട്ടിയുടെ കൂള്‍ സ്‌റ്റൈല്‍ ന്യൂജനറേഷന്‍യുവത്വം ഏറ്റെടുക്കുകയായിരുന്നു. ഈ സ്‌റ്റൈല്‍, ബ്രാന്‍ഡഡ് കമ്പനികള്‍പോലും അനുകരണീയമാക്കി.

പ്രാഞ്ചിയേട്ടനിലെ ലിനന്‍ കുര്‍ത്തയും മുണ്ടും വൈവിധ്യങ്ങളായ ഫ്രെയിമുകളുള്ള സ്‌പെക്‌സുകളും മറ്റൊരു ലുക്കിലേക്ക് മമ്മൂക്കയെ എത്തിക്കുകയായിരുന്നു. ബെസ്റ്റ് ആക്ടറിലെ ഹാഫ് സഌവ് പ്രിന്റഡ് പൂക്കള്‍ ഷര്‍ട്ടുകളും നോര്‍മല്‍ പാന്റ്സും ചെരുപ്പുമൊക്കെയായി അധ്യാപകനില്‍നിന്ന്, മുട്ടിനുമുകളില്‍ മടക്കിവെച്ച വലിയ ചെക്കുകളും പ്ലെയിന്‍ നിറത്തിലുള്ള ഷര്‍ട്ടുകളും ജീന്‍സുമൊക്കെയായി ക്വട്ടേഷന്‍ ഗ്യാങ്ങിന്റെ നേതാവായി വരുന്ന മമ്മൂക്കസ്‌റ്റൈലും ഗംഭീരമായിരുന്നു. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗ്യാങ്സ്റ്ററിലെ സ്‌റ്റൈലിഷായ ഷര്‍ട്ടുകളും ജാക്കറ്റുകളും കൂളിങ് ഗഌസുകളും മമ്മൂട്ടിയുടെ കിടിലന്‍ ലുക്കുകളില്‍ ഒന്നായിരുന്നു.

ഭാസ്‌കര്‍ ദ റാസ്‌കലും പതിനെട്ടാം പടിയും കസബയും ഗ്രേറ്റ് ഫാദറും മമ്മൂട്ടിയെന്ന നടന്റെ പ്രായത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള മാസ് സ്‌റ്റൈലിങ്ങിന്റെ അങ്ങേയറ്റത്തെ ഉദാഹരണങ്ങളായിരുന്നു.

ക്യാരക്ടര്‍ ആവശ്യപ്പെടുന്ന വസ്ത്രധാരണത്തെയും ഭാവചലനങ്ങളെയും ഭാഷയെയും ശരീരത്തിലേക്കും മനസ്സിലേക്കും ആവാഹിക്കാന്‍ മമ്മൂട്ടിയോളം പോന്ന ഒരു നടന്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് പലവട്ടം ആലോചിക്കേണ്ടിവരും മലയാളിക്കും ഇന്ത്യന്‍ സിനിമയ്ക്കും.

ഏപ്രിൽ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്

സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

Content Highlights : Costume Designer Sameera Saneesh About Mammootty