ലയാളിക്ക് ഒരിക്കലും വിവാദങ്ങള്‍ക്ക് ക്ഷാമമില്ല. പ്രതിദിനം ഒന്ന് എന്നാണ് പണ്ട് ഡോ. ആഷര്‍ പറഞ്ഞത്. ഈ ശ്രേണിയില്‍ പുതിയതാണ് പുരസ്‌കാരവിവാദം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചു എന്നതാണ് പ്രകോപനത്തിന് കാരണം.

സിനിമാ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലകളില്‍നിന്നുള്ള 107 പേര്‍ ഇത് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കവി സച്ചിദാനന്ദന്‍, പ്രകാശ് രാജ് എന്നിവര്‍ അടക്കം. 

എതിര്‍ വാദങ്ങള്‍ ഇനി പറയുന്നവയാണ്:
മുഖ്യമന്ത്രിയേയും പുരസ്‌കാര ജേതാക്കളേയും മറികടന്ന് മുഖ്യാതിഥി വരുന്നത് അനുചിതമാണ്. അത് അവാര്‍ഡ് ജേതാക്കളുടെ വില കുറയ്ക്കും. മോഹന്‍ലാല്‍ വരുന്നത് അഭിനയത്തില്‍ അദ്ദേഹത്തെ തോല്‍പിച്ച ഇന്ദ്രന്‍സിനെ ചെറുതാക്കും. മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും പുരസ്‌കാര ജേതാക്കളും മാത്രമാവണം മുഖ്യാതിഥികള്‍. 

തന്നെ പുരസ്‌കാരച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു കഴിഞ്ഞു. ലാലിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് രാജും വ്യക്തമാക്കി. തെറ്റിദ്ധരിപ്പിച്ചെന്നാണ് കാരശ്ശേരി മാഷിന്റെ പ്രതികരണം. 
ജോയ് മാത്യുവിന്റെ പൂനാരങ്ങ എന്ന പുസ്തകത്തില്‍ പറയുന്ന ഒരു കാര്യം കൂടി. ജോയ് മാത്യു പണ്ട് പ്രസ്താവനയിറക്കാന്‍ എം.ടിയെ സമീപിച്ചു. എം.ടി. പറഞ്ഞു 'പറ്റില്ല.' ക്ഷോഭത്തോടെ ഇറങ്ങിപ്പോന്നു. ജോയ് മാത്യു പറയുന്നു: 'ഇല്ല എന്ന് പറയേണ്ടുന്നതിന്റെ വില പഠിപ്പിക്കുകയായിരുന്നു എം.ടി.'

അപ്പോള്‍ 107 യശഃസ്തംഭങ്ങളുടെ ഒപ്പുകുറിപ്പില്‍ ചില അപാകങ്ങളുണ്ട്. പലരും ഇല്ല എന്ന് പറയാനുള്ള മടി കൊണ്ട് ഉണ്ട് എന്നായിപ്പോയതാണ്. അതിലേറെ ആദ്യ പേരുകാരന്‍ തന്നെ പിന്മാറിക്കഴിഞ്ഞ നിലയ്ക്ക് ഭീമഹര്‍ജിയും റദ്ദായിപ്പോയിട്ടുണ്ട്. അപ്പോഴും അപാകതകള്‍ പറയാതെ വയ്യ. 

എ.എം.എം.എ. എന്ന സംഘടനയുടെ പ്രസിഡണ്ടാണ്  മോഹന്‍ലാല്‍. പ്രസിഡണ്ട് വരുന്നത് മുഖ്യമന്ത്രിയുടെ ഗൗരവം കുറയ്ക്കും എന്നതാണ് പറയപ്പെടുന്ന പ്രശ്‌നം. ഇനി ഒന്ന് ആലോചിക്കുക. ജനപ്രിയ നടനാണ് നടിയെ അപമാനിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്നാണല്ലോ കേസ്. അതിനു ശേഷമാണല്ലോ 'ആ പേരു പറയാന്‍ നാക്കിന് അറപ്പുണ്ട്' എന്ന നിലയിലേക്ക് എ.എം.എം.എ. മാറിയത്. അക്കാലത്ത് ഇന്നസെന്റായിരുന്നു അതിന്റെ അധ്യക്ഷന്‍. അദ്ദേഹം എണ്ണമറ്റ പരിപാടികളില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കുകൊണ്ടു. അന്ന് കുറയാത്ത വിലയൊന്നും പിണറായി വിജയന് മോഹന്‍ലാലിനൊപ്പം ഇരുന്നാല്‍ കുറയില്ല.

മോഹന്‍ലാല്‍ വന്ന ശേഷമാണ് മാധ്യമങ്ങളെ വിളിച്ചു ചേര്‍ത്തത്. രാജിവച്ച നടിമാരുമായി ചര്‍ച്ചയാവാം എന്നും ലാല്‍ പ്രഖ്യാപിച്ചു. അപ്പോഴും ദിലീപിനായി പ്രാര്‍ത്ഥിക്കുന്ന ലാലിസത്തോട് യോജിക്കാനാവില്ല. പക്ഷേ, ചര്‍ച്ചയെ പറ്റി ആലോചിക്കാത്ത ഇന്നസെന്റിനോടും മുകേഷിനോടും ഗണേഷിനോടും സൗമ്യഭാവം പുലര്‍ത്തിയവരാണ് മോഹന്‍ലാലിന് എതിരേ പാഞ്ഞടുക്കുന്നത്. 

മേല്‍ച്ചൊന്ന മൂന്നു പേര്‍ക്കും ഇല്ലാത്ത യാതൊരു ഉത്തരവാദിത്തവും മോഹന്‍ലാലിന് ഇല്ല എന്നതല്ലേ വാസ്തവം. എന്തെന്നാല്‍ ഇന്നസെന്റും മുകേഷും ഗണേഷും ജനപ്രതിനിധികളാണ്. അവര്‍ നിയമം നിര്‍മ്മിക്കുന്നവരാണ്. അവര്‍ക്ക് ഇല്ലാത്ത അധിക ഉത്തരവാദിത്തം ലാലിനുണ്ടോ? രണ്ടു പഴഞ്ചൊല്ലുകളേ പറയാനുള്ളൂ. താടിയുള്ള അപ്പനെ പേടിയുണ്ട്. കാരണം ഇന്നസെന്റിന് പാര്‍ട്ടിയുടെ താടിയുണ്ട്.

രണ്ടാമത്തെ പഴഞ്ചൊല്ലില്‍ പതിരില്ല. കുരയ്ക്കുന്ന മൃഗം കടിക്കില്ല എന്നതു തന്നെയാണത്. കടിക്കാനല്ല ലക്ഷ്യം. ഇതില്‍ ഒരു ഗൂഢാലോചന കണ്ടാല്‍ തെറ്റ് പറയാനാവുമോ? മോഹന്‍ലാല്‍ എ.കെ. ബാലനെ കണ്ടത് കഴിഞ്ഞ ആഴ്ചയാണ്. അന്ന് മുഖ്യമന്ത്രിക്ക് എതിരേ വലിയ തോതില്‍ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. അമേരിക്കന്‍ യാത്ര തൊട്ട് മോദിയാത്ര വരെ. 

അപ്പോള്‍ വിവാദങ്ങളെ വഴി തിരിച്ചുവിടാനുള്ള വലിയ രാഷ്ട്രീയ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണോ നമ്മുടെ സാംസ്‌കാരിക നായകന്മാര്‍? ഈ ന്യായത്തെ അംഗീകരിക്കില്ലെങ്കില്‍ ഇനി പറയുന്നതിന് മറുപടി വേണ്ടിവരും.

എ.എം.എം.എ. എന്ന സംഘടനയില്‍ പിളര്‍പ്പുണ്ടാവാന്‍ അനുവദിക്കില്ലെന്ന് ആദ്യം പറഞ്ഞത് സി.പി.എമ്മാണ്. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം എന്ന വാദം അപ്പോള്‍ മോഹന്‍ലാലിന് മാത്രം ബാധകമായ ഒന്നല്ല. സംശയങ്ങളില്‍നിന്ന് ആരേയും ഒഴിവാക്കരുത്  എന്നത് മാധ്യമധര്‍മ്മങ്ങളില്‍ ഒന്നാണ്. ഒപ്പിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം. ഇടുക്കിയിലും  കോഴിക്കോട്ടും ഒക്കെ എം.എല്‍.എ .കുപ്പായം തയ്പിച്ച് വച്ച ശേഷം ആവരുത് ഒപ്പിടാന്‍ വരുന്നത്. വീണ ജോര്‍ജിന് ശേഷം ഒരു പാട് പത്രക്കാര്‍ക്കും ചാനലുകാര്‍ക്കുമുണ്ട് ജനപ്രതിനിധി മോഹം.

മോഹന്‍ലാലിനെ ഒരു പരിപാടിയില്‍ പങ്കെടുപ്പിക്കരുത് എന്ന് പറയുന്നത് പ്രകാശ് കാരാട്ടിന്റെ ഭാഷയില്‍ ഫാസിസത്തിന്റെ ലക്ഷണമാണ്. ഇഷ്ടമില്ലാത്ത പശു ഏട്ടിലും പുല്ലു തിന്നേണ്ട എന്ന വാദമാണത്. നിങ്ങള്‍ അതിരൂക്ഷം എതിര്‍ക്കുന്നത് എന്താണോ, അതിന്റെ ഘടകങ്ങള്‍ നിങ്ങളിലും വളരും എന്ന ചൈനക്കാരന്റെ യിന്‍യാംഗ് സിദ്ധാന്തം ഒപ്പിട്ടവര്‍ക്ക്  അറിയാമല്ലോ. 

മോഹന്‍ലാലിന് എതിരായ വെറുപ്പ് പ്രചാരണത്തിന് പിന്നില്‍ എന്തുമാകട്ടെ. പക്ഷേ, ഇതേ നിലയില്‍ ദിലീപിന് എതിരേ ഇവരില്‍ പലരും രംഗത്തെത്തിയോ എന്നും പരിശോധിക്കുക. ഹേറ്റ് ക്യാമ്പയില്‍ ജാധിപത്യത്തില്‍ തീര്‍ച്ചയായും നല്ല സമരമാര്‍ഗ്ഗമല്ല. ഗോസംരക്ഷണത്തിനായാലും പപ്പുമോനായാലും. മോഹന്‍ലാലിനെ ലക്ഷ്യം വയ്ക്കാന്‍ പലരുടേയും വ്യാജ ഒപ്പുകള്‍ വാങ്ങി എന്നത് അതിലേറെ ക്രിമിനല്‍ കുറ്റമാണ്. പൊയ്ക്കാലുകളേക്കാള്‍ അപകടകരമാണ് പൊയ്മുഖങ്ങള്‍.

ഒപ്പിട്ട മിക്കവരോടും ചോദ്യം ഇതായിരുന്നു. പുരസ്‌കാരദാനത്തിന്  മുഖ്യാതിഥി വേണമോ? 
വേണ്ട എന്ന് പറഞ്ഞവരെയാണ്  നിവേദകരാക്കിയത്. ഊണിന് മീന്‍ നിര്‍ബന്ധമില്ലല്ലോ എന്ന് ചോദിച്ച് ഇല്ല എന്ന് പറയുന്നവരെ സസ്യാഹാരികളാക്കി ജനസംഖ്യ കണക്കെടുക്കുന്ന വഞ്ചന. മോഹന്‍ലാല്‍ ഫാന്‍സ് ഒരു ലക്ഷം പേരുടെ ഒപ്പിട്ടു കൊടുത്താല്‍ അതും പരിഗണിക്കേണ്ടി വരില്ലേ മുഖ്യമന്ത്രിക്ക്. 

ഇനി ദേശീയ പുരസ്‌കാരദാനവുമായി ഇതിനെ താരതമ്യപ്പെടുത്തുന്നതിലും തമാശകളുണ്ട്. ആദ്യത്തേത് രാഷ്ട്രപതി  ഇന്ത്യയിലെ പ്രഥമ പൗരനാണ്. സ്വാഭാവികമായും അദ്ദേഹം തന്നെയാവും മുഖ്യാതിഥി. കേരളത്തില്‍ മുഖ്യമന്ത്രിയല്ല പ്രഥമ പൗരന്‍. പിന്നെ മറക്കരുത്. പിണറായി വിജയനും എ.കെ. ബാലനും മാത്രമാവില്ല എന്നും മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും. 

അപ്രതിഹതമായ കാലം എന്ന കുമാരനാശാന്‍ കല്‍പന ഓര്‍മ്മ വേണം. നാളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സാംസ്‌കാരിക മന്ത്രി ആയാലും ഒപ്പിട്ടവര്‍ ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നതും കൗതുകകരമാവും.  

മോഹന്‍ലാലില്‍ സവര്‍ണഭാവം ആരോപിച്ചാണ് വിമര്‍ശനം എന്നത് അതിലേറെ രസകരം. ശരിയാണ്. ''അതൊക്കെ മ്മടെ ലാലേട്ടന്‍. ഒന്നിലോ നമ്പൂരി, അല്ലെങ്കില്‍ വര്‍മ്മ, മിനിമം മേനോന്‍. അതിലും താഴേള്ള ലൈനില് അങ്ങേര് വരില്ല'' എന്ന മട്ടിലെ കമ്പോള സിനിമാ തലക്കുറികളെ കേരളീയ ജാതിവ്യവസ്ഥയുടെ മുഖക്കുറിയാക്കരുത്.