'പാതിവഴിയില്‍വെച്ചു പിന്‍വലിച്ച ഷെയ്ക്ക് ഹാന്‍ഡുമായി ഹനീഫ സ്വര്‍ഗത്തില്‍ എന്നെ കാത്തുനില്പുണ്ടാവും'


ഇന്നസെന്റ്‌

ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കത്തിൽ കൊച്ചിൻ ഹനീഫയും ഇന്നസെന്റും, കൊച്ചിൻ ഹനീഫ

ണ്ടു ഷോട്ടുകള്‍ക്കിടയിലാണ് ഞങ്ങള്‍ സിനിമാനടന്മാര്‍ക്കിടയിലെ തമാശകളും സൗഹൃദങ്ങളുമെല്ലാം പൂക്കുന്നത്. രാവിലെമുതല്‍ പാതിരാവ് കഴിയുന്നതുവരെ നീളുന്ന ഷൂട്ടിങ്ങിനിടയില്‍ ഇവ വലിയ ആശ്വാസമാണ് തരിക. ഒന്നോര്‍ത്താല്‍ എത്രയെത്ര രസകരമായ നിമിഷങ്ങളാണ് 30 വര്‍ഷത്തിലധികം നീണ്ട സിനിമാജീവിതത്തില്‍ കടന്നുപോയിട്ടുള്ളത്!

ഏതു സിനിമയാണെന്ന് ഓര്‍മയില്ല. എനിക്കു പുറമേ മമ്മൂട്ടി, കൊച്ചിന്‍ ഹനീഫ, മനോജ് കെ. ജയന്‍ എന്നിവരുണ്ട്. ചിത്രീകരണത്തിനിടെ വീണുകിട്ടുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും, പരസ്പരവും സ്വയവും പരിഹസിച്ചും ആഘോഷിക്കും. ഒരു ദിവസം രാവിലെ, ഷൂട്ടിങ് തുടങ്ങുന്നതു കാത്ത് ഞങ്ങള്‍ ഒരിടത്ത് മാറിയിരിക്കുകയാണ്. പെട്ടെന്ന് മമ്മൂട്ടി ചോദിച്ചു:

'ബൈബിള്‍ ഏതു ഭാഷയിലാണ് എഴുതിയതെന്ന് അറിയുമോ?'
ചോദ്യം കൊച്ചിന്‍ ഹനീഫയോടായിരുന്നു. ഹനീഫ പെട്ടെന്ന് മറുപടി പറഞ്ഞു:
'അറിയില്ല.'
മനോജ് കെ. ജയനും അതുതന്നെ പറഞ്ഞു. ചോദ്യം പിന്നെ എന്റെനേര്‍ക്കു നീണ്ടു. കൂട്ടത്തിലെ ഏക സത്യക്രിസ്ത്യാനി ഞാനാണല്ലോ. അതുകൊണ്ട് ഞാന്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. ഇതറിഞ്ഞുകൊണ്ട് മമ്മൂട്ടി എന്നെ തറപ്പിച്ച് നോക്കിയിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു:
'എനിക്കറിയില്ല.'

അതു കേട്ടപ്പോള്‍ മനോജും ഹനീഫയും ഞെട്ടി. മമ്മൂട്ടി ഗൂഢമായി ചിരിച്ചു. ഞാന്‍ കൂസാതെയിരുന്നു.
അപ്പോള്‍ മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു:
'ബൈബിള്‍ എഴുതിയത് ഹീബ്രുഭാഷയിലാണ്.'

ഞാനൊഴികെ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ അദ്ഭുതം. മമ്മൂട്ടി ഊറിച്ചിരിച്ചു. എനിക്ക് ഉത്തരം അറിയില്ലായിരുന്നു.

കൊച്ചിന്‍ ഹനീഫ എഴുന്നേറ്റ് മമ്മൂട്ടിക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു. വെറുതേയല്ല മമ്മൂക്കയ്ക്ക് മൂന്നു തവണ ദേശീയ അവാര്‍ഡ് കിട്ടിയത് എന്ന ഭാവം മുഖത്ത്. എന്നിട്ടും ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കുന്നല്ലോ എന്ന് ഹനീഫ പറയാതെ പറഞ്ഞു. ക്രിസ്ത്യാനിയായിട്ടും എനിക്ക് ഇതറിയാത്തതില്‍ എന്നെ കളിയാക്കി. അപ്പോള്‍ ഞാന്‍ പറഞ്ഞു:

'ഹനീഫേ, ഹീബ്രുഭാഷയിലാണ് ബൈബിള്‍ എഴുതിയത് എന്നറിയുന്ന കുറച്ചുപേര്‍ ഉണ്ടാകാം. എന്നാല്‍, അവരെയൊന്നും ആര്‍ക്കും അറിയില്ല. ബൈബിള്‍ ഹീബ്രുഭാഷയിലാണ് എഴുതിയത് എന്ന കാര്യം അറിയാത്ത എന്നെ ഒരുവിധം മലയാളികള്‍ക്കെല്ലാമറിയാം. അതാണതിന്റെ കളി...'

അതു പറഞ്ഞുതീര്‍ന്നപ്പോള്‍ നേരത്തേ മമ്മൂട്ടിയോടു തോന്നിയ അതേ ഭാവം ഹനീഫയുടെ മുഖത്ത് വീണ്ടും വിരിഞ്ഞു. 'താനൊരു ഭയങ്കരന്‍തന്നെ' എന്ന ഭാവം. അയാള്‍ എഴുന്നേറ്റ് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തരാന്‍ കൈ നീട്ടി. പെട്ടെന്ന് മമ്മൂട്ടി ഹനീഫയെ തറപ്പിച്ചു നോക്കി. ഹനീഫ പൊള്ളിയതുപോലെ കൈ പിന്‍വലിച്ചു. ഹനീഫയ്ക്കു കൊടുക്കാനായി നീട്ടിയ എന്റെ കൈ ആ അന്തരീക്ഷത്തില്‍ തങ്ങിനിന്നു.

എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തരാതെ എന്റെ ഹനീഫ നേരത്തേ പോയി. ലഭിക്കാതെപോയ ആ ഷെയ്ക്ക് ഹാന്‍ഡിനെയോര്‍ത്ത് ഞാന്‍ ഇന്നും വേദനിക്കുന്നു. ജനപ്രതിനിധിയായും നടനായും എത്രയോ പേര്‍ക്ക് ഞാന്‍ ഇന്നു ദിവസവും ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുന്നു. അപ്പോഴെല്ലാം ആ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ വെറുതേ തിരയും, എന്റെ ഹനീഫയുടെ നീട്ടിപ്പിടിച്ച കൈ അക്കൂട്ടത്തിലെങ്ങാനുമുണ്ടോ? ഒരു ദിവസം പ്രിയപ്പെട്ട മമ്മൂട്ടിയോട് ഞാന്‍ ഇതു പറഞ്ഞു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു: 'തനിക്ക് ഇപ്പോള്‍ ഒരു ഷെയ്ക്ക് ഹാന്‍ഡ് പോരേ? അതു ഞാന്‍ തരാം.' എന്നാല്‍, എനിക്കത് പോരായിരുന്നു. ഞാനിപ്പോഴും വിശ്വസിക്കുന്നു, പാതിവഴിയില്‍വെച്ചു പിന്‍വലിച്ച ഷെയ്ക്ക് ഹാന്‍ഡുമായി ഹനീഫ സ്വര്‍ഗത്തില്‍ എന്നെ കാത്തുനില്പുണ്ടാവും. (താന്‍ സ്വര്‍ഗത്തിലാണ് എത്തുക എന്ന കാര്യത്തില്‍ എന്താണ് ഉറപ്പ് എന്നു നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. എനിക്കുറപ്പാണ്, ഞാന്‍ സ്വര്‍ഗത്തിലാവും. ഇരുണ്ട വികാരങ്ങള്‍ മാത്രമുള്ള നരകത്തിന് എന്നെ സഹിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.)

( ഇന്നസെന്റിന്റെ കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി എന്ന പുസ്തകത്തില്‍ നിന്നും. )

2023 ഫെബ്രുവരി 2, കൊച്ചിന്‍ ഹനീഫ വിടവാങ്ങി പതിമൂന്ന് വര്‍ഷങ്ങള്‍

Content Highlights: Cochin Haneefa actor 10th death anniversary

Content Highlights: Cochin Haneefa actor death anniversary innocent remembering actor emotional note

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented