'സുഹൃത്തേ നിങ്ങൾ എന്നും എന്റെ ഭാഗമായിരിക്കും'


പ്രശാന്ത് കാനത്തൂർ

ആനന്ദിന്റെ വിയോഗം ഞെട്ടലും വിഷമമവുമുണ്ടാക്കുന്നുവെന്ന് രജനീകാന്ത് പറഞ്ഞു

കെ.വി. ആനന്ദ്

ചെന്നൈ: പ്രിയദർശൻ സംവിധാനം ചെയ്ത ‘തേൻമാവിൻ കൊമ്പത്ത്’ എന്ന ഒറ്റ ചിത്രംമതി കെ.വി. ആനന്ദിന്റെ ഛായാഗ്രഹണപാടവം തിരിച്ചറിയാൻ. അത്രയേറെ മനോഹരവും ദൃശ്യസമ്പന്നവുമായിരുന്നു ഓരോ ഫ്രെയിമുകളും. തമിഴ്‌നാട്ടുകാരനായ ആനന്ദ് സ്വതന്ത്ര ഛായാഗ്രാഹകനാവുന്നതും ദേശീയ പുരസ്കാരത്തിന് അർഹനാവുന്നതും ഈ ചിത്രത്തിലൂടെയാണ്.

ഭാര്യക്കും മകൾക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ആനന്ദ് ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരിച്ചതിനുശേഷമാണ് കോവിഡാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.

സിനിമകളിലെ മികച്ച ദൃശ്യംഭംഗികണ്ടാൽ ‘ആനന്ദിന്റെ ഛായാഗ്രഹണംപോലെ’ എന്നുവരെ ജനങ്ങൾ പറയാൻതുടങ്ങി. തിരക്കഥയിൽ എഴുതിവെച്ചതുപോലെയും സംവിധായകൻ പറയുന്നത് അക്ഷരംപ്രതി പകർത്തുകയുംചെയ്യുന്ന ഒരു സാധാരണ ക്യാമറാമാനായിരുന്നില്ല ആനന്ദ്.

മികച്ച പ്രകാശക്രമീകരണം, വ്യത്യസ്തമായ ആംഗിളുകൾ, സൂക്ഷ്മമായ വിശദാംശങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ ദൃശ്യങ്ങളിൽ നിറഞ്ഞുനിന്നു. ചെന്നൈ ലയോള കോളേജിൽനിന്ന്‌ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദം നേടി. പ്രമുഖ ഛായാഗ്രാഹകൻ പി.സി. ശ്രീറാമിന്റെകൂടെ അപ്രന്റീസായാണ് തുടക്കം. പിന്നീട് ഗോപുരവാസലിലെ, തേവർമകൻ, തിരുട തിരുട തുടങ്ങിയ ചിത്രങ്ങളിൽ പി.സി. ശ്രീറാമിന്റെ പ്രധാന സഹായിയായി. ശ്രീറാം തന്നെ ഒന്നും പഠിപ്പിക്കുകയായിരുന്നില്ലെന്നും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് താൻ പഠിച്ചെടുക്കുകയായിരുന്നുവെന്നും ആനന്ദ് ഒരിക്കൽ പറഞ്ഞു.

‘തേന്മാവിൻ കൊമ്പത്ത്’ എടുക്കുമ്പോൾ പി.സി. ശ്രീറാമിനെയാണ് പ്രിയദർശൻ ക്യാമറാമാനാക്കാൻ ഉദ്ദേശിച്ചിരുന്നത്. ഈ സമയത്ത് ശ്രീറാം തിരക്കിലായതിനാൽ അദ്ദേഹം ശിഷ്യൻ ആനന്ദിന്റെ പേര് നിർദേശിച്ചു. തുടർന്ന് പ്രിയന്റെ മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും ആനന്ദ് സഹകരിച്ചു. വൈകാതെ മലയാളിയായ കെ.ടി. കുഞ്ഞുമോൻ നിർമിച്ച ‘കാതൽദേശം’ എന്ന തമിഴ്‌ചിത്രത്തിനും ക്യാമറ ചലിപ്പിക്കാൻ അവസരം ലഭിച്ചു.

2005- ൽ ‘കനാ കണ്ടേൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഐശ്വര്യാറായ് അഭിനയിച്ച ജോഷിലൂടെ ബോളിവുഡിലേക്കും ആനന്ദ് കടന്നെത്തി.

കുറച്ചുസിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും ആനന്ദ് അഭ്രപാളിയിൽ വിരിയിച്ചത് ദൃശ്യവിസ്മയങ്ങളായിരുന്നു. ശങ്കർ സംവിധാനംചെയ്ത ശിവാജിയിലെ ‘സഹാന..’ എന്ന ഗാനരംഗം ഉൾപ്പെടെ ആനന്ദിന്റെ െെകയൊപ്പുപതിഞ്ഞ മനോഹരദൃശ്യങ്ങൾ പല സിനിമകളിലുമുണ്ട്. മോഹൻലാലും സൂര്യയും പ്രധാന വേഷത്തിലെത്തിയ കാപ്പാൻ ആണ് ഒടുവിൽ സംവിധാനംചെയ്തത്. മീരാ, ശിവാജി, കാപ്പാൻ, കാവൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ദുൽഖർ സൽമാനെ നായകനാക്കി സിനിമ ചെയ്യാനുളള ആലോചനകൾക്കിടെയാണ് ആനന്ദിന്റെ വിയോഗം. അയൻ, മാട്രാൻ, കാപ്പാൻ, കോ, അനേഗൻ തുടങ്ങിയവയാണ് സംവിധാനംചെയ്ത മറ്റുചിത്രങ്ങൾ.

കോവിഡായതിനാൽ ആനന്ദിന്റെ മൃതദേഹം കുടുംബത്തിന് നൽകിയില്ല. ആദരാഞ്ജലിയർപ്പിക്കാൻ അടുത്ത കുടുംബാംഗങ്ങൾക്കുമാത്രം അല്പസമയം അനുവദിച്ചു. തുടർന്ന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു. ആനന്ദിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.

അനുശോചനമറിയിച്ച് പ്രമുഖർ

ചെന്നൈ : അന്തരിച്ച ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദിന് അനുശോചനമറിയിച്ച് പ്രമുഖർ. ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, നടൻമാരായ കമൽഹാസൻ, രജനീകാന്ത്, മോഹൻലാൽ, ധനുഷ്, സൂര്യ തുടങ്ങിയവർ അനുശോചനമറിയിച്ചു.

ആനന്ദിന്റെ വിയോഗം സിനിമാമേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് കമൽഹാസൻ പറഞ്ഞു. പത്ര ഫോട്ടോഗ്രാഫറായി തുടങ്ങി ഛായാഗ്രാഹകനും സംവിധായകനുമായി ആനന്ദ് പേരെടുത്തത് കഠിനാധ്വാനവും പരിശ്രമവും കൊണ്ടാണെന്നും അദ്ദേഹം അനുസ്മരിച്ചു. ആനന്ദിന്റെ വിയോഗം ഞെട്ടലും വിഷമമവുമുണ്ടാക്കുന്നുവെന്ന് രജനീകാന്ത് പറഞ്ഞു.

കാഴ്ചയിൽനിന്ന് പോയെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ഒരിക്കലും മായില്ലെന്ന് ട്വിറ്ററിലെ അനുശോചനക്കുറിപ്പിൽ മോഹൻലാൽ പറഞ്ഞു. ആനന്ദ് വളരെ പെട്ടെന്ന് നമ്മെ വിട്ടുപോയി.

സുഹൃത്തേ നിങ്ങൾ എന്നും എന്റെ ഭാഗമായിരിക്കും. യാത്രാമൊഴി -ഛായാഗ്രാഹകൻ പി.സി. ശ്രീറാം ട്വിറ്ററിൽ കുറിച്ചു.

അല്ലു അർജുൻ, മഹേഷ് ബാബു, സിദ്ധാർഥ്, വിക്രം പ്രഭു, പ്രസന്ന, ടി.ആർ. ചിലമ്പരശൻ, ദുൽഖർ സൽമാൻ, ആര്യ, അനിരുദ്ധ് രവിചന്ദർ, സന്തോഷ് നാരായണൻ, തമന്ന, കല്യാണി പ്രിയദർശൻ, വേദിക, കീർത്തി സുരേഷ്, ഐശ്വര്യ രാജേഷ്, സാമന്ത, തുടങ്ങിയവരും അനുശോചനമറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകരും അദ്ദേഹത്തിന്റ മരണത്തിൽ അനുശോചിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented