ചുരുളിയിലെ തെറിവിളികൾ ആഘോഷിക്കപ്പെടുമ്പോൾ…


സുരേഷ് കുമാർ.ടി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച കലാസൃഷ്ടി എന്ന്‌ വിശേഷിപ്പിക്കാവുന്ന ചുരുളിയുടെ ആസ്വാദനത്തിന് അതിൽ ഉപയോഗിച്ചിരിക്കുന്ന അശ്ലീല പദപ്രയോഗങ്ങൾ നിറഞ്ഞ സംഭാഷണശൈലി തടസ്സമാകുന്നുണ്ടെന്ന്‌ പറയാതെവയ്യ

Photo | Vinay Forrt

വ്യവസ്ഥാപിതമായ കെട്ടുപാടുകളിൽനിന്ന്‌ കുതറിമാറുക എന്നത് ഏതു കലയേ സംബന്ധിച്ചും പുരോഗമനപരമായ ഒന്നത്രേ. പതിവുശീലങ്ങളെ പുതുക്കിപ്പണിയുക അല്ലെങ്കിൽ മാറ്റിയെഴുതുക എന്നത് വിപ്ലവാത്മകമായ ചുവടുവയ്പുതന്നെയാണ്. കല കലയ്ക്കു വേണ്ടി, കല ജീവിതത്തിനു വേണ്ടി എന്നീ വാദങ്ങൾ നിലനിൽക്കുമ്പോഴും കല ജീവിതംതന്നെ എന്ന മറുവാദവും അംഗീകരിക്കപ്പെടുന്നുണ്ടല്ലോ! എന്നാൽ അതിന് അവലംബിക്കുന്ന മാർഗം എത്രമാത്രം പ്രസക്തവും പ്രായോഗികവുമാണെന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയ്ക്ക്‌ എസ്. ഹരീഷ് തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവിലൂടെ പ്രദർശനത്തിനെത്തിയ ചുരുളി എന്ന സിനിമ അതിലെ കഥാപാത്രങ്ങൾ സംഭാഷണങ്ങളിലുപയോഗിച്ച ഭാഷയുടെ പേരിൽ വിമർശനങ്ങളേറ്റുവാങ്ങുകയാണ്. അത്തരം ഭാഷാപ്രയോഗം ആ സിനിമയ്ക്ക് ആവശ്യമാണ് എന്ന അതിലഭിനയിച്ചവരുടെ അഭിപ്രായത്തിനൊപ്പം നിന്ന്‌ അവരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും ഇത്തരം തെറിവിളികൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞ്‌ മറുവിഭാഗവും പരസ്പരം പോരടിക്കുന്നു. ഇതിനിടയിൽ, മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമ നൻപകൽ നേരത്ത്‌ മയക്കത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ലിജോ.

പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന സിനിമ ഉണ്ടാക്കലല്ല തന്റെ ലക്ഷ്യമെന്നും തനിക്ക്‌ ഇഷ്ടമുള്ള സിനിമയാണ് എടുക്കുന്നതെന്നും അതിൽനിന്ന്‌ വ്യതിചലിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുള്ള സംവിധായകനാണ് ലിജോ. ഡബിൾ ബാരൽ പരീക്ഷണം പ്രേക്ഷകശ്രദ്ധ നേടാതെ പോയപ്പോഴും അദ്ദേഹം ഒട്ടും നിരാശനാവുകയുണ്ടായില്ല. അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജല്ലിക്കെട്ട്‌ മുതലായ ചിത്രങ്ങളിലൂടെ പ്രേക്ഷകരെയും ഒപ്പം സിനിമാനിരൂപകരെയും ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഒടുവിൽ പുറത്തുവന്ന ചുരുളി വിവാദക്കളത്തിലാണെങ്കിലും വലിയൊരു വിഭാഗം പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട്‌ മുന്നേറ്റം തുടരുകയാണ്. കാടിനെ അതിന്റെ സ്വാഭാവികതയിൽ പ്രേക്ഷകർക്ക്‌ അനുഭവവേദ്യമാക്കുന്നതിൽ ഛായാഗ്രാഹണവും ശബ്ദവിന്യാസവും ചുരുളിക്ക്‌ മുതൽക്കൂട്ടാകുന്നു.

ചുരുളിയിലൂടെ നിഗൂഢമായ ഒരു ലോകത്തേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഒളിവിൽ കഴിയുന്ന മൈലാടുംപറമ്പിൽ ജോയി എന്ന ക്രിമിനലിനെ അന്വേഷിച്ച്‌ യാത്ര തിരിക്കുന്ന അസിസ്റ്റന്റ്‌ സബ് ഇൻസ്പെക്ടർ ആന്റണി (ചെമ്പൻ വിനോദ്), കോൺസ്റ്റബിൾ ഷാജീവൻ (വിനയ് ഫോർട്ട്‌) എന്നിവരിലൂടെയാണ് ചുരുളി തുടങ്ങുന്നത്. ബസ്സിനകത്തിരുന്ന് പുകവലിക്കുന്ന പോലീസുകാരനിലൂടെ, ഈ സിനിമയിൽ ഒരു നിയമവും പാലിക്കപ്പെടുന്നതല്ല എന്ന വ്യക്തമായ സന്ദേശം തുടക്കത്തിൽതന്നെ സംവിധായകൻ പ്രേക്ഷകർക്ക്‌ നൽകുന്നുണ്ട്‌.

മാടനെ പിടിക്കാൻ വന്ന്‌ അതേ മാടനാൽ വഴിതെറ്റപ്പെടുന്ന ഒരു തിരുമേനിയുടെ കഥ പറയുന്നുണ്ട്‌ പ്രേക്ഷകർക്ക്‌ ചുരുളിയിലേക്ക്‌ പ്രവേശിക്കാനായി. (കഥയിൽ ഇല്ലാതിരുന്ന ഇത് തിരക്കഥാകൃത്ത്‌ കൂട്ടിച്ചേർത്തതാണ്). എന്നാൽ സിനിമ കണ്ടുതീരുമ്പോൾ പ്രേക്ഷകരുടെ അവസ്ഥയും മറ്റൊന്നാകുന്നില്ല, അവരും ചുരുളിയിൽനിന്ന് പുറത്തിറങ്ങാനാകാതെ വഴിയറിയാത്തവരായി വട്ടംചുറ്റുന്നു. ലളിതമായി പറഞ്ഞാൽ, പുറംനാട്ടുകാരൻ തൃശൂർ റൗണ്ടിൽ പെട്ടപോലെ! എവിടെനിന്നാണോ തുടങ്ങിയത് അവിടേക്കുതന്നെ തിരിച്ചെത്തുന്ന അവസ്ഥ. വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റവാളികൾ ശുഭപര്യവസായിയാകുമ്പോൾ ചുരുളിയിൽ കഥ അവിടെ തീരാതെ പുതുവഴിയിൽ സഞ്ചരിക്കുകയാണ് തിരക്കഥാകൃത്തിലൂടെ. തങ്കന്റെ എൻട്രി വരെ കഥാകൃത്തിനെ പിന്തുടർന്ന തിരക്കഥാകൃത്ത്‌ അവിടെനിന്ന്‌ കഥയുടെ വളയം സ്വയം ഏറ്റെടുക്കുകയാണ്.

ചുരുളിയിലേക്കുള്ള ഏക ഗതാഗതമാർഗം ഒരു ജീപ്പാണ്. നരകത്തിലോട്ട്‌ ട്രിപ്പടിക്കുന്ന ജീപ്പാന്നാ തോന്നുന്നേ എന്നാണ് അതിനെക്കുറിച്ച് ആന്റണി പറയുന്നത്. ഈ ജീപ്പിൽ കയറാൻ ആന്റണിയും ഷാജീവനും പോകുമ്പോൾ, രണ്ട്‌ അമേരിക്കക്കാരെ അന്യഗ്രഹജീവികൾ അവരുടെ വണ്ടീക്കേറ്റിക്കൊണ്ടുപോയെന്ന് അവർ ഭക്ഷണം കഴിച്ച് ഇറങ്ങിയ ചായക്കടയിലിരുന്ന് ഒരാൾ പത്രവാർത്ത വായിക്കുന്നുണ്ട്‌. ജീപ്പിന്റെ ഡ്രൈവറും സഹയാത്രികരും സൗമ്യരും അധികം സംസാരിക്കാൻ ഇഷ്ടപ്പെടാത്തവരുമായിരുന്നു യാത്രയുടെ തുടക്കത്തിൽ. എന്നാൽ ചുരുളിയിലേക്കുള്ള ജീർണിച്ചതും വാഹനസഞ്ചാരത്തിന് പ്രയാസമേറിയതുമായ തടിപ്പാലം കടക്കുന്നതോടെ അവരുടെ ഭാവവും പെരുമാറ്റവും വർത്തമാനരീതിയുമെല്ലാം മാറുന്നു. പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ തെറിവിളി എന്ന മട്ടിലായി പിന്നീട് ചുരുളിയുടെ മുന്നോട്ടുള്ള പോക്ക്‌.

ചുരുളിയിൽ പ്രവേശിക്കുന്നതിനു മുമ്പ്‌ ധീരനും നായകനുമായ ആന്റണിയോട്‌ വിധേയത്വമുള്ള, നിഷ്കളങ്കനായ ഒരു പേടിത്തൊണ്ടനായിരുന്നു ഷാജീവൻ. അയാളുടെ പെരുമാറ്റവും ആ വിധത്തിലായിരുന്നു. എന്നാൽ ചുരുളിയിൽ ജീവിതം തുടങ്ങിയതോടെ ഷാജീവൻ ആളാകെ മാറുന്നു. നിർണായകഘട്ടങ്ങളിൽ ആന്റണിയുടെ രക്ഷപോലും ഷാജീവന്റെ കനിവിലായിത്തീരുന്നു. ഇതിൽ തനിക്കുള്ള അപകർഷതാബോധം ആന്റണി ഒരിക്കൽ തുറന്നുപറയുന്നുണ്ട്‌. നിയമങ്ങൾ ബാധകമല്ലാത്ത ഒരു സ്ഥലത്ത്‌ നിയമം പാലിക്കേണ്ട പോലീസുകാർ ഒളിവിൽ കഴിയുന്ന ഒരു കുറ്റവാളിയെ തേടിയെത്തി അതേ കുറ്റവാളിയുടെ പ്രേരണയാൽ ഒടുവിൽ ആ നാട്ടിലെ രീതികളുമായി സമരസപ്പെട്ട്‌ അവിടുത്തുകാരായി മാറുകയാണ്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ സ്വന്തമിഷ്ടപ്രകാരം എന്തും ചെയ്യാനുള്ള ഒരിടം വിട്ട്‌ എന്തിന് അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലക്കെട്ടുകൾ നിറഞ്ഞ പഴയ ലാവണത്തിലേക്ക്‌ തിരിച്ചുപോകണം! ഇവിടെ ആരാണ് കുറ്റവാളികൾ, ആരാണ് നിയമപാലകർ എന്ന പരമപ്രധാനമായ ഒരു ചോദ്യം ഉയരുന്നുണ്ട്‌. തിരിച്ചറിയപ്പെടാനാവാത്തവിധം അവർ ഇടകലർന്നിരിക്കുന്നു.

കുറ്റവാളികളും പോലീസുകാരും തമ്മിലുള്ള മന:ശാസ്ത്രത്തെപ്പറ്റി ഷാജീവനോട് ചില വെളിപ്പെടുത്തലുകൾ ആന്റണി നടത്തുന്നുണ്ട്‌. നമ്മൾ ആരെ തേടിയാണോ വന്നത് അയാളെ മാത്രമേ പിടിക്കാവൂ, മറ്റുള്ളവർ നമ്മുടെ വിഷയമല്ല എന്നതാണ് അയാളുടെ പോലീസ് നിലപാട്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ്‌ മുമ്പിൽ വന്നാലും അയാളെ തേടിയല്ല വന്നിട്ടുള്ളതെങ്കിൽ പിടിക്കാൻ പാടില്ലെന്നാണ് അയാളുടെ വിശ്വാസം. ചുരുളിയിലെ കള്ളുഷാപ്പുകാരൻ നാട്ടിൽ ചിട്ടിക്കമ്പനി നടത്തി ആൾക്കാരെ പറ്റിച്ച്‌ മുങ്ങിയ ആളാണെന്ന്‌ മനസ്സിലാക്കുന്നുണ്ടെങ്കിലും ആ കേസിനെ പരിധിക്കു പുറത്തു നിർത്തുകയാണ് ആന്റണി.

മൈലാടുംപറമ്പിൽ ജോയി (സൗബിൻ) എന്ന ക്രിമിനൽ ചെയ്തുവെന്നു പറയപ്പെടുന്ന കുറ്റകൃത്യങ്ങൾ ചുരുളിയിൽ പോലീസ് കോൺസ്റ്റബിളായ ഷാജീവനും ചെയ്യുന്നതാണ് പ്രേക്ഷകർ പിന്നീട് കാണുന്നത്. ഷാജീവൻ അവിടെ ഒരു പുതുമുഖമല്ല എന്നു വേണമെങ്കിൽ കരുതാവുന്ന ധ്വനി, മുമ്പു കണ്ടിട്ടുണ്ടല്ലോ എന്ന പലരുടെയും ചോദ്യത്തിലൂടെ കിട്ടുന്നുമുണ്ട്‌. വേട്ടയ്ക്കായി കാട്ടിൽ കേറുമ്പോൾ ആ സ്ഥലമെല്ലാം പരിചയമുള്ളപോലെയാണ്‌ അയാളുടെ പെരുമാറ്റം. പിടികിട്ടാത്ത ഇത്തരം നിരവധി ചുരുളുകളിൽ കുടുങ്ങിക്കിടക്കുകയാണ് ചുരുളിയുടെ പ്രമേയസാദ്ധ്യതകൾ. അതിനെ ഇഴപിരിച്ചെടുത്താൽ കിട്ടുന്ന ഉത്തരങ്ങൾ ചിലപ്പോൾ ഓരോ പ്രേക്ഷകനും ഓരോ വിധത്തിലായിരിക്കും.

തങ്കൻ (ജോജു ജോർജ്) എന്നയാളുടെ പറമ്പിൽ റബ്ബറിന് കുഴി വെട്ടാനുള്ള പണിക്കാർ എന്ന വ്യാജേനയാണ് പോലീസുകാരായ ആന്റണിയും ഷാജീവനും ചുരുളിയിലെത്തുന്നത്. എന്നാൽ ആ സമയത്ത്‌ തങ്കൻ പുറത്തെവിടെയോ പോയിരിക്കുകയാണെന്നറിഞ്ഞ അവർ അയാൾ തിരിച്ചുവരുന്നതുവരെ ചുരുളിയുടെ സിരാകേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്ന കള്ളുഷാപ്പിൽ പൊറുതി തുടങ്ങുകയാണ്. ഈ കള്ളുഷാപ്പിനെ സംവിധായകൻ ചുരുളിയുടെ തിരുഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഇതിനെ അടർത്തിമാറ്റി ചുരുളിക്ക്‌ നിലനില്പില്ല. അവിടെയാണ് ആ പ്രദേശവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത്, അല്ലെങ്കിൽ ഒരുവിധപ്പെട്ട ആളുകളെല്ലാം ഒത്തുചേരുന്നത്. ഷാപ്പ്‌ നടത്തുന്ന കറിയ (ജാഫർ ഇടുക്കി) എല്ലാവരിലും ഊർജം നിറയ്ക്കുന്ന ഒരു ചാലകശക്തിയായി വർത്തിക്കുന്നു. കാട്ടിൽ വേട്ടയ്ക്കു പോയി നടു വിലങ്ങിയ ആന്റണിയെ ചികിത്സിക്കുന്ന പെങ്ങൾ തങ്ക (ഗീതി സംഗീത) എന്ന ശക്തയായ ഒരു സ്ത്രീകഥാപാത്രവും ചുരുളിയിലുണ്ട്‌. ചുരുളിയിൽ എല്ലാവരും ബഹുമുഖ വ്യക്തിത്വങ്ങളാണ്. പലർക്കും പല പേരുകളുണ്ട്‌. അതൊരു പ്രത്യേക തരം ഭൂപ്രദേശമാണ്. ക്രിമിനലുകളുടെ വിഹാരരംഗമാണ്. ഒളിസങ്കേതമാണ്. എല്ലാവിധ കൊള്ളരുതായ്മകളുടെയും വിളനിലമായ ഷാപ്പ്‌ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാവനമായ പള്ളിയായി മാറുകയും ആ സമയത്ത്‌ ആളുകളെല്ലാം മാനംമര്യാദയുള്ളവരാവുകയും ചെയ്യുന്ന ജാലവിദ്യയുമുണ്ട്‌.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച കലാസൃഷ്ടി എന്ന്‌ വിശേഷിപ്പിക്കാവുന്ന ചുരുളിയുടെ ആസ്വാദനത്തിന് അതിൽ ഉപയോഗിച്ചിരിക്കുന്ന അശ്ലീല പദപ്രയോഗങ്ങൾ നിറഞ്ഞ സംഭാഷണശൈലി തടസ്സമാകുന്നുണ്ടെന്ന്‌ പറയാതെവയ്യ. അവ പലപ്പോഴും മലയാളികൾ ഉപയോഗിക്കുന്ന വാക്കുകളല്ലേ എന്ന മറുവാദം ഉയർന്നുവരാം. അഭിനേതാക്കളടക്കമുള്ളവർ അത് ഈ സിനിമയ്ക്ക് അവശ്യം വേണ്ടതായിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാൽ സിനിമ കാണുന്നവർക്ക്‌ അതിന്റെ ധാരാളിത്തം അത്ര അത്യാവശ്യമായി തോന്നില്ല എന്നതാണ് വാസ്തവം. ഒരു സംഭാഷണത്തിനിടയ്ക്ക് സ്വാഭാവികമായി തെറിവാക്കുകൾ കടന്നുവരുന്നതും തെറി പറയാൻ വേണ്ടി തെറി പറയുന്നതും തമ്മിൽ ഒരുപാട് അന്തരമുണ്ടല്ലൊ. പല സീനുകളിലും തെറി പറയുന്നതിൽ അഭിനേതാക്കൾ മത്സരിക്കുന്ന പ്രതീതിയാണ് ഉളവായത്. അഭിനയത്തേക്കാൾ കൂടുതൽ തെറിപറച്ചിലിൽ അഭിനേതാക്കൾക്ക് ശ്രദ്ധയൂന്നേണ്ട നിലയിലായി കാര്യങ്ങൾ. അനാവശ്യമായി കഥാപാത്രങ്ങളെക്കൊണ്ട്‌ കൂടുതൽ തെറി പറയിപ്പിച്ചു. അതുകൊണ്ടുതന്നെ ഈ സിനിമ ഒരു വിഭാഗത്തിന് നിയമപരമായി നിഷേധിക്കപ്പെടുന്നു. തിരക്കഥയിൽ എഴുതിവച്ചിട്ടുള്ളതാണ് ആ സംഭാഷണങ്ങളെന്നും താൻ അമ്മയ്ക്കൊപ്പമിരുന്നാണ് ഈ സിനിമ കണ്ടതെന്നും വിനയ് ഫോർട് സാക്ഷ്യപ്പെടുത്തിയെങ്കിലും അതൊരു പൊള്ളയായ ന്യായീകരണവാദമായേ കരുതാനാവൂ.

എഴുത്തുകാരനായ കല്പറ്റ നാരായണനുമായി നടത്തിയ ഒരു അഭിമുഖത്തിൽ സംവിധായകനായ ജോൺ എബ്രഹാമിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു: ‘‘ജോണിന്റെ ആരാധകർക്ക്‌ അദ്ദേഹത്തിന്റെ കലയിലായിരുന്നില്ല, അദ്ദേഹം നയിക്കുന്ന ബൊഹീമിയൻ ജീവിതത്തിലായിരുന്നു താത്പര്യം. അവര്‍ക്ക് ജീവിക്കാനാകാത്ത ഒരു ജീവിതം ഇയാൾ നയിക്കുന്നു എന്നതിനോടുള്ള താത്പര്യം’’. അതുപോലെയാണ് ചുരുളിയിലെ തെറിവിളികളെ ആഘോഷിക്കുന്നവരുടെ കാര്യവും. തങ്ങൾക്ക്‌ കഴിയാത്തത് ലിജോ ചെയ്തതിനോടുള്ള ആരാധന. ഇക്കാര്യത്തിൽ ലിജോയെ അഭിനന്ദിച്ച ഒരു സംവിധായകൻ തനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് പറയുകയുണ്ടായി. ചുരുളിയുമായി ബന്ധപ്പെട്ട്‌ ഒരു യുവകഥാകൃത്ത്‌ നടത്തിയ അഭിപ്രായപ്രകടനത്തിലും അതടങ്ങിയിട്ടുണ്ട്‌. ഞാനെഴുതുന്ന കഥയിലും കഥാപാത്രത്തിനനുസരിച്ച്‌ തെറിയെഴുതണമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നാൽ പത്രാധിപർ വെട്ടും എന്നതിനാൽ അതിന് കഴിയാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും, മറ്റു ചിലർ ഒ ടി ടിയുടെ പിൻബലത്തിൽ മൈര്‌ വരെ എത്തിച്ച സാഹസം ഒറ്റയടിക്ക്‌ ബഹുകാതം മുന്നിലെത്തിക്കാൻ ലിജോയ്ക്ക്‌ കഴിഞ്ഞിരിക്കുന്നു. ഇത് തുടർചിത്രങ്ങളൊരുക്കുന്നവർക്ക്‌ അക്കാര്യത്തിൽ ധൈര്യം നൽകിയേക്കാം. ഇതിനിടെ, ഒ ടി ടി പ്ലാറ്റ്‌ഫോം വഴി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചുരുളി സർട്ടിഫൈഡ് പതിപ്പല്ലെന്ന്‌ സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്‌.

കവിയും ഗാനരചയിതാവുമായ റഫീക്ക്അഹമ്മദുമായി നടത്തിയ ഒരു അഭിമുഖത്തിൽ അദ്ദേഹം സെൻസറിംഗിനെക്കുറിച്ച്‌ പറഞ്ഞത് ഇങ്ങനെയാണ്: ‘‘പാട്ടിനു മാത്രമല്ല, ഒന്നിനും സെന്‍സറിംഗ് വേണ്ട എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കലാപരമായിട്ടുള്ള കാര്യങ്ങളിൽ സെന്‍സറിംഗ് ഏര്‍പ്പെടുത്താൻ ആര്‍ക്കെങ്കിലും അധികാരമുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. അത് പുറത്തുനിന്നുള്ള ഒരു അധികാരപ്രയോഗമാണ്. കലാകാരന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്’’. ഈ നിലയ്ക്കു ചിന്തിച്ചാൽ ചുരുളിയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്നു കാണാം.

ചുരുക്കത്തിൽ, അതിലടങ്ങിയിരിക്കുന്ന തെറിവാക്കുകളെ മുൻനിർത്തി മാത്രം ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയല്ല ചുരുളി. എന്നാൽ ചർച്ചകൾ പലതും ആ വഴിക്കായിപ്പോകുന്നു. അത് ഒരിക്കലും ഒരു കലാസൃഷ്ടിക്ക്‌ ഭൂഷണമല്ല. ഈ സിനിമ ഉണ്ടാക്കിയവർക്ക്‌ അതിൽ ഖേദമുണ്ടാകാനിടയില്ലെങ്കിലും, അതുകൊണ്ടു മാത്രം എല്ലാ വിഭാഗം പ്രേക്ഷകരിലേക്കും അതിന് എത്താൻ കഴിയാതെ വരുന്നത് ദു:ഖമുളവാക്കുന്ന സംഗതിയാണ്‌.

Content Highlights : Churuli movie Lijo Jose pellisery Vinay forrt chemban vinod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented