ഗീതി സംഗീത | ഫോട്ടോ: www.instagram.com|geethi_sangeetha|
ഒറ്റ കാഴ്ചയില്‍ മനസിലാക്കാന്‍ പറ്റാത്തത്. എന്നാല്‍ ഓരോ തവണ കാണുമ്പോഴും പുതിയ വ്യാഖ്യാനങ്ങളും കണ്ടെത്തലുകളും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന കലാസൃഷ്ടി. അതാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. വന്യതയും ദുരൂഹതയും നിറഞ്ഞ മനുഷ്യര്‍ക്കിടയില്‍ അതിഗൂഢമായി നില്ക്കുന്നു പെങ്ങള് തങ്ക എന്ന കഥാപാത്രം. ആരാണ് പെങ്ങള് തങ്ക? അന്യഗ്രഹജീവികളുമായി നേരിട്ട് സംവദിക്കാന്‍ ശേഷിയുള്ളവള്‍, മന്ത്രവാദിനി എന്നെല്ലാം വ്യാഖ്യാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു, വരാനിരിക്കുന്നു. പെങ്ങള് തങ്കയായെത്തിയ ഗീതി സംഗീത മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
പലരീതിയിലുള്ള വ്യാഖ്യാനങ്ങള്‍
ചുരുളി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പക്ഷേ ചര്‍ച്ച ചെയ്യുന്നവരില്‍ എത്രപേര്‍ ആ സിനിമ എന്താണെന്ന് മനസിലാക്കി ചര്‍ച്ച ചെയ്യുന്നു എന്നൊരു ആശയക്കുഴപ്പമുണ്ട്. കാരണം കൂടുതലായും അതിന്റെ ഭാഷയേക്കുറിച്ച് മാത്രമാണ് പറഞ്ഞുവെയ്ക്കുന്നത്. ഭാഷ വെച്ചുകൊണ്ട് മാത്രം ചര്‍ച്ച ചെയ്യേണ്ട സിനിമയല്ല എന്നതാണ് വാസ്തവം. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചുരുളി എത്തിയിരിക്കുന്നത്.
മുഴുവന്‍ സിനിമ കണ്ടപ്പോള്‍
പെങ്ങള് തങ്ക എന്ന കഥാപാത്രത്തേക്കുറിച്ച് എന്നോട് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. വിനോയ് തോമസിന്റെ കളിഗമിനാറിലെ കുറ്റവാളികള്‍ മുമ്പ് വായിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടിയായിരുന്നില്ല അത്.ഈ കഥാപാത്രം വളരെ കരുത്തുറ്റതാണെന്നും അവരുടെ പ്രസക്തി എന്താണെന്നും സിനിമ മുഴുവനാവുമ്പോള് എങ്ങനെയിരിക്കും എന്നുമുള്ള ധാരണ നേരത്തേ തന്നെയുണ്ടായിരുന്നു. എന്റെ ഭാഗം വരുന്ന തിരക്കഥയുടെ ഭാഗം ഞാന്‍ വായിച്ചിരുന്നു.
പെങ്ങള് തങ്കയ്ക്ക് അന്യഗ്രഹജീവികളുമായി നേരിട്ട് ബന്ധമുണ്ടോ?
പെങ്ങള് തങ്കയ്ക്ക് അന്യഗ്രഹജീവികളുമായി നേരിട്ട് സംവദിക്കാനാവുന്നുണ്ട് എന്ന വ്യാഖ്യാനത്തില്‍ തെറ്റൊന്നുമില്ല.ചുരുളി എന്ന സിനിമ പോലെ തന്നെ ചുരുളിയിലെ കഥാപാത്രങ്ങളേയും പല തലങ്ങളിലായി കാണാന്‍ പറ്റും. കാല് അടുപ്പിലിട്ട് കത്തിക്കുന്ന കുട്ടിയേയും ഉഴിച്ചിലിന് ശേഷം ആന്റണിക്കുണ്ടാവുന്ന മാറ്റവുമെല്ലാം സിനിമയില്‍ പറയുന്നുണ്ട്. എന്റെ കഥാപാത്രത്തേക്കുറിച്ച് അങ്ങനെ ഒരു സംസാരമുണ്ടെങ്കില്‍ സന്തോഷമാണ്. കാരണം അതിന്റെ കുറേക്കൂടി ഉള്ളിലേക്ക് ആളുകള്‍ കടക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

സംവിധായകന് മനസില്‍ കണ്ടത് പ്രേക്ഷകര്‍ മനസിലാക്കുമ്പോള്‍
സംവിധായകന് ബിംബങ്ങളിലൂടെ കാര്യങ്ങള്‍ പറയുമ്പോള്‍ കാണുന്നവര്‍ അത് മനസിലാക്കുന്നു എന്നത് സംവിധായകന്റെ വിജയം തന്നെയാണ്. കാരണം ആളുകളുടെ ചിന്താശേഷി ഉയര്‍ത്തുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നു എന്നുള്ളതാണ് ലിജോ ജോസ് പെല്ലിശ്ശേരിയേ പോലുള്ള ഒരു സംവിധായകന്റെ മേന്മയായി ഞാന്‍ കാണുന്നത്. ഒരു സിനിമയേ പലവിധ ചര്‍ച്ചകളിലൂടെ പല തലങ്ങള്‍ കണ്ടെത്തുന്നത് സന്തോഷമുള്ള കാര്യമാണ്. ഒറ്റ കാഴ്ചയില്‍ മനസിലാവുന്നില്ല എന്നൊരു ബുദ്ധിമുട്ട് പറയുമ്പോള്‍ത്തന്നെ പല കാഴ്ചകള്‍ ആവശ്യപ്പെടുന്നൊരു സിനിമ അത്ര എളുപ്പം ചെയ്യാവുന്ന ഒന്നല്ല.
ചുരുളിയിലെ ഭാഷ
സാധാരണക്കാരല്ലല്ലോ ചുരുളിയില്‍ താമസിക്കുന്നത്. കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരാണ് അവിടെ താമസിക്കുന്നത്. അവരെ നിയന്ത്രിക്കാന്‍ അവിടെ വേറെയാരുമില്ല. പോലീസോ കോടതിയോ ഒന്നും തന്നെയില്ലാത്ത ഒരു നാട്ടില്‍ ഈ കുറ്റവാളികളായ ആളുകള്‍ വന്ന് താമസിക്കുമ്പോള്‍ അവര്‍ ആരെയാണ് പേടിക്കേണ്ടത്? ഏത് ഭാഷ സംസാരിക്കാനാണ് പേടിക്കേണ്ടത്? പാലം കയറുന്നതിന് മുമ്പ് അവര്‍ സംസാരിച്ച ഭാഷ നമുക്കറിയാം. പാലം കടക്കുമ്പോള്‍ അവരുടെ സ്വഭാവം മാറുന്നത് അവര്‍ അവരുടെ സ്ഥലത്ത് ചെന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് ഞങ്ങളുടെ സ്ഥലമാണ്. ഇനി ആരെയും പേടിക്കേണ്ടതില്ല. ഇവിടെ ആരുവന്നാലും ഞങ്ങള്‍ ഞങ്ങളായിട്ടേ ഇരിക്കൂ എന്നതാണ് അവരുടെ സംസ്കാരം. അവരുടെ സംസ്കാരമനുസരിച്ചാണ് അവര്‍ അങ്ങനെ സംസാരിക്കുന്നത്. അവര്‍ അങ്ങനെയേ സംസാരിക്കൂ എന്ന് ചിന്തിച്ചാല്‍ മാത്രം മതി. അങ്ങനെ നോക്കിയാല്‍ തെറിയേക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യേണ്ട ആവശ്യമേ വരുന്നില്ല.
'ഇത് ഞങ്ങളുടെ സ്ഥലം' എന്ന് പറയുന്നതിലെ രാഷ്ട്രീയം
വളരെ വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്നുണ്ട് ചുരുളി. നിയമപാലകരും കുറ്റവാളികളും തമ്മിലുള്ള ബന്ധം അല്ലെങ്കില്‍ നിയമപാലകര്‍ അത്തരം സ്ഥലത്തേക്ക് ചെല്ലുമ്പോള്‍ അവര്‍ എന്തായിത്തീരുന്നു എന്നുള്ളതാണ്. മുഴുവന്‍ പോലീസ് സേനയുമായി വന്ന് വണ്ടി നിറയെ കുറ്റവാളികളുമായി പോകാം എന്ന വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം പറയുമ്പോള്‍ വേണ്ട, സുകുമാരക്കുറിപ്പിനെ കിട്ടിയാല്‍പ്പോലും നമ്മളിവിടെ നിന്ന് കൊണ്ടുപോവില്ല എന്നാണ് ചെമ്പന്‍ വിനോദിന്റെ ആന്റണി പറയുന്നത്. നമുക്ക് വേണ്ടത് മാത്രം നമ്മളെടുത്താല്‍ മതി അവരവിടെ തീരുമാനിക്കുന്നത്. ആന്റണി സ്വര്ഗരാജ്യത്തെത്തിയതുപോലെയാണ് പെരുമാറുന്നത്. പുറത്ത് അയാള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് ചുരുളിയിലെത്തുമ്പോള്‍ ചെയ്യാനാഗ്രഹിക്കുന്നത്.
അവസാനിക്കാത്ത ചര്‍ച്ചകള്‍ എന്ന ചുരുളി, ലിജോ എന്ന മാടന്
തമിഴ്നാട്ടില്‍ നിന്ന് ഇന്ന് ഒരു സംവിധായകസുഹൃത്ത് വിളിച്ച് സിനിമയേപ്പറ്റി സംസാരിച്ചു. അദ്ദേഹത്തിന് സിനിമയിലെ ഭാഷ മനസിലായിട്ടില്ല. പുള്ളിയും അതിനകത്ത് ചുറ്റിക്കൊണ്ടിരിക്കുകയാണ്. അന്ന് മുതല്‍ ചുരുളി എന്ന സിനിമയ്ക്കകത്ത് കയറിയ ഓരോരുത്തരും പലരീതിയില്‍ അതിനെക്കുറിച്ച് ആലോചിച്ചുകൂട്ടുന്നുണ്ട്. പലരീതിയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. പിന്നെ മാടന് ആരാണെന്ന് ഞാനല്ലല്ലോ പറയേണ്ടത്. ഐ.എഫ്.എഫ്.കെയില്‍ സിനിമയേക്കുറിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കൂ എന്ന് പറഞ്ഞപ്പോള്‍ ലിജോ സര് പറഞ്ഞ ഒരു കാര്യമുണ്ട്. എനിക്ക് രണ്ടേ രണ്ട് വാക്കുകളേ പറയാനുള്ളൂ, ഇതൊരു സിനിമയല്ല ചുരുളിയാണ്. അത് തന്നെയാണ് ചുരുളി. വീണ്ടും കാണുമ്പോള്‍ പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും.
Content Highlights: Churuli, interview with actress Geethi Sangeetha, Lijo Jose Pellissery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..