സിനിമയുടെ ജനിതക പരിശോധന പലപ്പോഴും തെറ്റും. സിനിമ ഒറ്റ ഴോണറിന്റെ കുലീനത്തമല്ല. കലര്‍പ്പുകളുടെ നിര്‍ണ്ണയവും നിര്‍വ്വചനവുമാണത്. ജനിതക ഘടനയെ വരയ്ക്കുന്ന പിരിയന്‍ ഗോവണിയാണ് ഓരോ സിനിമയും. ചിലപ്പോള്‍ സാഹസികമായി വെല്ലുവിളിക്കാം. തിരിഞ്ഞോടാം. അദൃശ്യമായി ചിന്തിക്കാം. ശൂന്യമായി നില്ക്കാം. അതാണ് സിനിമ തരുന്ന ദൃശ്യ-ഭാഷാ സങ്കലനം. അതിനാലാണ് സിനിമ, സിനിമ മാത്രമല്ലെന്നു പറയുന്നത്. ഇനി മലയാള സിനിമയായ 'ചുരുളി' യിലേക്കു വരാം. (ഒന്ന്) - അതൊരു ഫാന്റസി (ആണെന്നു സങ്കല്പിക്കാം ) യാണ്. (രണ്ട്) - അദൃശ്യമാക്കപ്പെട്ടവരുടെ (പ്രത്യേകിച്ച് ആണുങ്ങളുടെ ) കഥയാണ്. (മൂന്ന്) - അധികാരത്തിന്റെ തിരിച്ചുപിടിക്കലാണ്. (നാല്) - കേട്ട തെറികളുടെ പ്രതികരണമില്ലാത്ത തെറികളാണ്. ചുരുളി ഇതെല്ലാം ചേര്‍ന്ന കലര്‍പ്പുകളുടെ ഹൈപ്പര്‍ലിങ്കുകളാണ്.

(ഒന്ന്) - ഫാന്റസി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരലില്‍ കാണുന്ന ഫാന്റസി അദൃശ്യമായ ജീവിതത്തിന്റേതായിരുന്നെങ്കില്‍ ജെല്ലിക്കെട്ടിലും ഈ. മാ. യൗവില്‍ അത് ജീവിതത്തിന്റെയും മതാത്മകതയുടെയും ഫാന്റസിയാണ്. ചുരുളി മതാത്മകതകളും കെട്ടുകഥകളും ചേര്‍ന്ന ഫാന്റസിയാണ്. നമ്പൂതിരിയും മാടനും തമ്മിലുള്ള ബന്ധത്തിന്റെ പരിണാമമാണ് ആന്റണിയും ഷാജിവനും മൈലാടുംജോയിയും. നമ്പൂതിരി മാടനെ ചുമന്ന് എങ്ങും എത്താത്തതു പോലെയാണ് ആന്റണിയായും ഷാജിവനായും വേഷം മാറിയ രണ്ടു പോലീസുകാര്‍ക്കും ജോയിയിലും സംഭവിക്കുന്നത്.

നമ്പൂതിരിയുടെ ആനന്ദമാണ് മാടന്‍. അതുപോലെ പോലീസുകാരുടെ ആനന്ദമാണ് ജോയി. രണ്ടു കൂട്ടരും അന്വേഷിക്കുന്നത് തൊഴിലിലെ ആനന്ദമാണ്. നമ്പൂതിരി ആനന്ദം തിരഞ്ഞ് കാട്ടിലെത്തിയ പോലെ ചുരുളി എന്ന സാങ്കല്പിക ദേശത്ത് എത്തുകയാണ് ആന്റണിയും ഷാജിവനും  ഈ അപരരുടെ കര്‍തൃത്വ വികാസമാണ് പിന്നീട് നടക്കുന്നത്. ചുരുളിയിലെ വാറ്റുചാരായക്കടയില്‍ ജോലിക്കാരാകുന്നു. വേട്ടയ്ക്കും പെരുന്നാളിനും ആദ്യകുര്‍ബ്ബാനയ്ക്കും പങ്കാളികളാകുന്നു. അതിനിടയില്‍ ജോയ് എന്ന പിടികിട്ടാപ്പുള്ളിയെ അന്വേഷിക്കുന്നു. സ്ത്രീകളോടും പുരുഷന്മാരോടും അകല്‍ച്ച കലര്‍ന്ന സ്‌നേഹത്തോടെ പെരുമാറുന്നു. നമ്പൂതിരിയുടെ മാടന്‍തിരയല്‍ പോലെ ജോയിയെ തിരയല്‍ നടക്കുന്നു.

Churuli
Photo: facebook.com/vinayforrt

ആന്റണി ആഘോഷമാക്കുമ്പോള്‍ ഷാജിവന്‍ (അവിടത്തുകാരന്‍ തന്നെയാണോ ) നിസംഗതയോടും സന്ദേഹത്തോടും കൂടി അവിടെ കഴിയുന്നു . ഇതില്‍ രണ്ടിടങ്ങളുടെ വേര്‍തിരിവുകളെ കാണാന്‍ കഴിയും. നാട്ടില്‍നിന്ന് ചുരുളിയിലേക്ക് കടക്കുന്ന മരപ്പാലത്തിനു മുന്‍പ് വണ്ടി പാലം കടക്കാന്‍ വേണ്ടി ആളുകളെ ഇറക്കി വിടുന്നു. പാലം കടന്നതിനു ശേഷം ആന്റണിയും ഷാജിവനും ജീപ്പിലെ ഇരുന്ന സീറ്റിലേക്ക് കയറി ഇരിക്കുമ്പോള്‍ വേര്‍തിരിവിന്റെ ചുരുളി ഭാഷ ആരംഭിക്കുന്നു. ആ ഭാഷയുടെ ആധികാരികതയ്ക്കു കീഴില്‍ ഈ രണ്ടു പേരും അധികാരമറ്റവരും നിഷ്‌ക്രിയരുമായിത്തീരുന്നു. ഭാഷക്ക് ശരീരമുണ്ടാകുന്നത് അത് ഉപയോഗിക്കുന്നതിലൂടെയാണെന്ന് ഈ സംഭവം വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഭാഷയും ശരീരവും  ചുരുളി എന്ന ഫാന്റസിയില്‍ പിന്നീടവരെ ചുറ്റിക്കുന്നു. ഇത് അവരെ അദൃശ്യമാക്കപ്പെട്ടവരുടെ കഥകളിലേക്കും ഭാഷയിലേക്കും ( വള്‍ഗസീസ് എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം സാധാരണക്കാരെന്നാണ് ) ജോയിലേക്കും എത്തിക്കുന്നു. അവിടത്തെ ഭാഷയും പ്രവര്‍ത്തനവും മറ്റുള്ളവര്‍ക്ക് അസാധാരണമാണെങ്കിലും അവരെ സംബന്ധിച്ച് സാധാരണമാകന്നത് അവരുടെ കാതലിന്റെ ഭാഷ അതായതു കൊണ്ടാണ്. അതിനിടയില്‍ ചെറിയ കഥകള്‍ ചേര്‍ന്ന് തങ്കന്റെ പറമ്പില്‍ റബ്ബറിനു കുഴിയെടുക്കാന്‍ എന്ന സങ്കല്പവും ചേരുമ്പോള്‍ ജോയിയുടെ ജീവിതം മുഴുനീള ഫാന്റസിയായി മാറുന്നു. അതിലെ യാത്രക്കാരായി ആന്റണിയും ഷാജിവനും മാറുന്നു.

വയലന്‍സ് ഉല്പാദിപ്പിക്കുന്ന ഭാഷ, സാധാരണക്കാരന്റെ ആസക്തിയുമായി ചേര്‍ന്ന പ്രതിരോധം എന്നിവയാണ് ഇവിടെ ഭാഷയെ ' മറുഭാഷ ''യാക്കുന്നത്. എവിടെന്നോ രക്ഷപ്പെട്ട് എത്തുന്നവര്‍, കൊലപാതകികള്‍, പിടിച്ചുപറിക്കാര്‍ - ഇവരുടെ ഭൂമിയില്‍ ഇവരുത്പാദിപ്പിക്കുന്ന ഭാഷ എന്ന രീതിയില്‍ ഇതിലെ ഭാഷയും ഫാന്റസിയായി കാണാം . എന്നാല്‍ വ്യവഹാരികളായവരെല്ലാം ആണത്തത്തിന്റെയും ക്രൂരതയുടെയും ഇടയില്‍ കഴിയുന്നവരാണ്. അവര്‍ക്ക് തീര്‍ച്ചയായും തങ്ങളുടേതായ ഭാഷയുണ്ടാകാം. ആ ഭാഷ പുരുഷന്റെ ഭാഷയായി മസിലും നിവര്‍ത്തി നില്ക്കുമ്പോള്‍ തങ്ങളുടെ അധികാരം മറ്റ് പിന്‍തള്ളപ്പെട്ടവരുടെ മേലെയാണ് മീശ പിരിക്കുന്നതെന്ന് ഓര്‍ക്കാതിരിക്കുന്നത് ശരിയല്ല. ആ ഓര്‍മ്മപ്പെടുത്തലിവിടെ നഷ്ടമാകുന്നുണ്ട്.

വില്യം ഷേക്‌സ്പിയറുടെ 'ടൈറ്റസ് ആന്‍ഡ്രോനിക്കസ് ' എന്ന നാടകത്തില്‍ ആരോണ്‍ എന്ന കഥാപാത്രം അമ്മയെ അപമാനിക്കുന്നതു പോലെ ഇതിലെ കര്‍തൃത്വ ഭാഷ ചെന്നു പതിക്കുന്നത് സ്ത്രീകളുടെയും നിസഹായരാവരുടേയും മേലെയാണ്. ജെല്ലിക്കെട്ടില്‍ വേട്ട എന്നാല്‍ മനുഷ്യനുള്ളിലുള്ളതാണെന്നു പറഞ്ഞ് പഴയ ഗുഹാജീവിതത്തിലേക്കു പോകുന്ന ഫാന്റസിയുടെ ചുണ്ടത്ത്  കിളിര്‍ത്തതാണോ ഈ ഭാഷ എന്നു ചോദിച്ചാല്‍ അതിനുത്തരം പഴയ ഗുഹകളില്‍ നിന്നുണ്ടാകില്ല. അത് പുതിയ കാലത്തിന്റെ നഗര ഗുഹകളില്‍ നിന്നുണ്ടായ ലവറ്റോറിയല്‍ ലാംഗ്വേജാണെന്ന് പറയേണ്ടിവരും. ചന്തകളിലും നിഗൂഢസംഘങ്ങളിലും ചില പ്രത്യേക വിനിമയങ്ങള്‍ നടത്താന്‍ ലവറ്റോറിയല്‍ ലാംഗ്വേജ് ഉപയോഗിക്കാറുണ്ട്. അത് അവര്‍ക്കു വേണ്ടി മാത്രമാണ്. എന്നാലിവിടെ ആ ഭാഷ ചുരുളിയിലെ പൊതു സമൂഹത്തിന്റെ ഭാഷയാണ്. അതിലൂടെ അവരുടെ വ്യവഹാരം ലവറ്റോറിയല്‍ മാത്രമായി മാറുന്നു.

കച്ചവടത്തിനു സംസാരത്തിനും എന്നു വേണ്ട പൊതുവിലുള്ളതിനെന്തിനും ഈ ഭാഷ എന്നു വരുമ്പോള്‍ അത് ചെറുത്തുനില്പിന്റെ ഭാഷയായിട്ടല്ല മാറുന്നത്. കൊളോണിയലിസ്റ്റുകള്‍ തങ്ങളുടെ ഭാഷയും സംസ്‌കാരവും കുലീനമെന്നു വരുത്തിയായിരുന്നു അധിനിവേശം നടത്തിയത്. ആ നിലയ്ക്കു ചിന്തിച്ചാല്‍ ഇവിടെ രണ്ടു പേര്‍ പട്ടണത്തില്‍ നിന്നെത്തുന്നതോടു കൂടിയാണ് ചുരുളിയിലെ ഭാഷ പുറത്തെത്തുന്നത്. അത് കൊളോണിയലിസ്റ്റുകളുടെ ഭാവന പോലെയല്ലേ? രണ്ടു പേരെത്തുന്നതും അവരുടെ അധികാരം സ്ഥാപിക്കാനാണ്. ഇവിടെ അത് കൊടും ക്രിമിലിനെ കീഴടക്കാനാണെന്നു മാത്രം.

അതു കൊണ്ടു ആ പ്രദേശം നിഗൂഢമാക്കണം. ഭാഷ നിഗൂഢമാക്കണം. പ്രവൃത്തികള്‍ നിഗൂഢമാക്കണം.ആ നിഗൂഢത യഥാര്‍ത്ഥത്തില്‍ അര്‍ബനിസ്റ്റുകളായ ആന്റണിയുടേയും ഷാജിയുടേയും ഫാന്റസിയാണ്. - അവര്‍ ചുരുളിയിലെത്തി വളരെ കഴിഞ്ഞാണ് അവിടത്തെ ഭാഷ പോലും ഉപയോഗിക്കുന്നത്- ഇവര്‍ നഗരവല്‍കൃതരായ ഇന്‍ഹ്യൂമനുകളാണ് . അവര്‍ ഒളിപ്പിച്ചു വച്ച തോക്ക് അവരുടെ മനുഷ്യത്വ വിരുദ്ധതയ്ക്കും അര്‍ബന്‍ കൊളോണിയലിസത്തിനും ഉദാഹരണമാണ്. ഇവരാണ് അവര്‍ക്കു വേണ്ടി അവയവ ഭാഷ നിര്‍മിക്കുന്നത്.

churuli
Photo: facebook.com/vinayforrt

( രണ്ട് ) - അദൃശ്യമാക്കപ്പെട്ടവരുടെ (പ്രത്യേകിച്ച് ആണുങ്ങളുടെ ) കഥ

ജോയിയെ അന്വേഷിച്ചുള്ള യാത്രയാണെങ്കിലും സിനിമയില്‍ തങ്കനാണ് വില്ലനെന്നും ജോയിയെന്നും തോന്നുക. ജോയി നിരവധി കൊലപാതകങ്ങളുടേയും ബാലപീഡനത്തിന്റെയും മൃഗവേട്ടകളുടെയും ആള്‍രൂപമാണ്. എന്നാല്‍, തങ്കന്‍ ഈ കഥയില്‍ വേണമെങ്കില്‍ ദൃക്‌സാക്ഷിയാണ്. സാക്ഷിയുടെ കൂറുമാറ്റമാണ് ജോയിലെത്തുന്നത്. തങ്കന്‍ അദൃശ്യമായി ഇരിക്കുകയാണെങ്കില്‍ ജോയിയില്‍ ആന്റണിക്കും ഷാജിവനും എത്താന്‍ കഴിയില്ല. കറിയ (ഫിലിപ്പാണോ എന്ന സംശയം കൂടി നല്‍കുന്നുണ്ട് ) എന്ന ഷാപ്പുകാരനു പോലും ജോയിയെ അറിയില്ല.

കറിയ ആ പ്രദേശത്തെ നന്നായി അറിയുന്നവനാണ്. എന്നിട്ടും എന്തുകൊണ്ട് ജോയിയെ അറിയുന്നില്ല? എന്നാല്‍ തങ്കനെ പരിചയവുമുണ്ട്. തങ്കനാണെങ്കില്‍ പറമ്പില്‍ റബ്ബര്‍ വെക്കേണ്ട ആവശ്യവുമില്ല. അങ്ങനെ ഇവിടെ നിര്‍മിച്ചെടുക്കുന്ന കഥ അദൃശ്യമായ ആളു ( ളുകളുടെ) ടേതാണ്. ഇതിന്റെ നിര്‍മാതാക്കാള്‍ അര്‍ബന്‍ കൊളോണിയലിസ്റ്റുകളാണ്. ലോകവ്യാപകമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തിലെ മടുപ്പു തീര്‍ക്കാന്‍ ജനവാസം കുറഞ്ഞ ഇടങ്ങളിലേക്ക് വ്യാപിക്കുന്ന രീതി. ഇതാണ് കൊലപാതകി -പിടികിട്ടാപ്പുള്ളി -യുടെ അന്വേഷണത്തിലൂടെ നടക്കുന്നത്.

വ്യക്തമായി പറഞ്ഞാല്‍ ഈ അന്വേഷകരില്‍ ഒരാള്‍ അവിവാഹിതനും മറ്റൊരാള്‍ വിവാഹിതനുമാണ്. ഒരാള്‍ക്ക് അവിടെ ആസ്വാദ്യകരമായി ജീവിക്കണമെന്നും വിവാഹിതന് തന്റെ ദൗത്യം തീര്‍ത്ത് നേരത്തെ മടങ്ങണമെന്നുമാണുള്ളത്. രണ്ടു പേര്‍ക്കും രണ്ടു രീതിയില്‍ ആ പ്രദേശം ആവശ്യമാണ് . അര്‍ബനിസ്റ്റുകളുടെ ആവശ്യബോധമാണ് ഇവിടേയും പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ആവശ്യം കഴിയുമ്പോള്‍ അവിടം വിടണം. അതിന് ആണുങ്ങളായ അവര്‍ നിര്‍മിച്ചെടുക്കുന്ന കഥ കൂടിയാണിത്.

ഒരു തോക്കിനും ചലച്ചിത്രാന്ത്യത്തിലെ ജീപ്പിനും അപ്പുറം ഇവര്‍ ആരെന്ന് അടയാളപ്പെടുത്തുന്ന വ്യക്തമായ ഒരു രേഖയും ഇല്ല. എങ്കിലും കുറ്റാന്വേഷകരായി - അവരുടെ സംസാരത്തില്‍ നിന്ന് - കണക്കാക്കാം. ആ സങ്കല്പത്തിലാണ് അദൃശ്യമാക്കപ്പെട്ടവരുടെ ആണ്‍ കഥകളുണ്ടാകുന്നത്. കുറ്റാന്വേഷകരുടെ ദൃശ്യപ്പെടല്‍ ഇവിടെ അദൃശ്യമാക്കപ്പെട്ട ആണുങ്ങളുടെ കഥകളിലേക്കുള്ള പ്രവേശമാണ്. ഈ പ്രവേശം നിയമ വ്യവസ്ഥയ്ക്കുളളതാണെങ്കിലും അവിടെയുള്ളവര്‍ നിയമത്തിനു പുറത്തുള്ളവരും സാഹോദര്യം ഇല്ലാത്തവരുമാണെന്നു വരുന്നു. നിയമം ഉള്ളതുകൊണ്ടു മാത്രമാണ് മനുഷ്യര്‍ സ്വാഭാവികമായ ജീവിതം നയിക്കുന്നവരാകുന്നുള്ളൂ. അല്ലെങ്കില്‍ ക്രൂരമാം വിധം ജീവിക്കുന്നവരായിത്തീരും. ഇതാണ് ജെല്ലിക്കെട്ടില്‍പ്പറയുന്നത്. അതിന്റെ തുടര്‍ച്ചയായി ചുരുളിയും കാണാം.

എല്ലാ വേട്ടയും സ്വന്തം നിലനില്പിന്റെ വേട്ടയായി ഗുഹാജീവിതത്തിലേക്കു നയിക്കുന്നതാണെന്ന് ജെല്ലിക്കെട്ടു പറഞ്ഞു വയ്ക്കുകയും ചുരുളി അതിനുള്ള ഭാഷ കണ്ടെത്തുകയുമാണ്. ആണുങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഈ ഭാഷ വിനിമയങ്ങളില്ലാത്ത സ്വകാര്യതയിലേക്കാണ് എത്തിക്കുന്നത്. വിനിമയങ്ങളും സാഹോദര്യവുമാണ് മനുഷ്യസമൂഹത്തെ നില നിര്‍ത്തിയതെങ്കില്‍ അതിന് ഘടകവിരുദ്ധമായിട്ടാണ് സിനിമ പ്രവര്‍ത്തിക്കുന്നത്. വേട്ടയാണ് മനുഷ്യരുടെ ആകത്തുകയെന്നും അതിന്റെ ഭാഷയായ ഭയത്തിന്റെ ഭാഷയാണ് വേണ്ടതെന്നും സിനിമ പറയുന്നുണ്ട്. അവിടെ ആഘോഷങ്ങളില്‍പ്പോലും മര്‍ദ്ദനം ഒരു ഭാഗമായി മാറുന്നു. ആഘോഷങ്ങളിലുണ്ടാകുന്ന സാഹോദര്യവും വിനിമയങ്ങളും വേട്ട എന്ന പഴയ ബോധത്തിലേക്ക് തിരിച്ചുവിടുന്നു. മനുഷ്യന്‍ ഇതുവരെ നേടിയ വിനിമയങ്ങളും സാഹോദര്യവും ആവശ്യമില്ലെന്നും വരുന്നു. അങ്ങനെ അദൃശ്യമാക്കപ്പെട്ടവരുടെ കഥകളിലെ ആണുങ്ങളുടെ വേട്ടയാടല്‍ ആഘോഷമായി മാറുന്നു.

churuli
Photo: facebook.com/vinayforrt

(മൂന്ന്) അധികാരം തിരിച്ചുപിടിക്കല്‍

ഫാന്റസികളും അദൃശ്യമാക്കപ്പെട്ട ആണുങ്ങളുടെ കഥകളും ചേര്‍ന്ന വ്യത്യസ്തമായ ഇടത്ത് അവര്‍ നടപ്പാക്കുന്ന അധികാരത്തിന്റെ ആവഷ്‌കാരമാണ് ചുരുളി. അതിനപ്പുറം വ്യവസ്ഥാപിതമായ അധികാരത്തെ അവര്‍ ഉള്‍ക്കൊള്ളുന്നില്ല. മരപ്പാലത്തിനപ്പുറവും ഇപ്പുറവും രണ്ടാണ്. പാലം കടന്നതിനു ശേഷമുള്ള ഭാഷ മാറലും ആക്രോശവും കാണിക്കുന്നത് അതാണ്. ചുരുളിക്കാര്‍ ഭാഷയിലും പ്രവര്‍ത്തനത്തിലും വ്യത്യസ്തരാണ്. അവര്‍ വ്യവസ്ഥാപിത ഘടനയെ മാനിക്കുന്നില്ല.

വേട്ടയും കൊലപാതകവും ചേര്‍ന്ന ഒരു ടെറിറ്ററിയാണ് അവര്‍ക്കുള്ളത്. ചിത്രകാരനായ ഫ്രാന്‍സീസ് ബേക്കണ്‍ പറയുന്ന പോലുള്ള മാംസത്തിന്റെയും ശരീരാവയവങ്ങളുടെയും ഗോദയാണ് അവരുടെ ടെറിറ്ററി. അവരുടെ സെന്‍സെഷന്‍ അവയവങ്ങളും മാംസവും ചേര്‍ന്നതാണ്. അവര്‍ ഭാഷ കൊണ്ട് മൃഗങ്ങളായിത്തീരുന്നവരാണ്. അവയവങ്ങളില്‍നിന്നും മാംസത്തില്‍നിന്നും മോചനമില്ലാത്തവരാണ്. അവരെ അധികാരം ഉപയോഗിച്ച് സാമൂഹിക ഘടനയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന അര്‍ബന്‍ കൊളോണിയലിസ്റ്റുകളാണ് ആന്റണിയും ഷാജിവനും. അവര്‍ അവിടെയുള്ളവരെ പൊതുബോധത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അവരിലുണ്ടാകുന്ന ഭയമാണ് അവരുടെ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടുന്നത്.

ക്രൂരപീഡകനായ ജോയിയെപ്പോലെ അര്‍ബന്‍ കൊളോണിയലിസ്റ്റുകളും ബാലപീഡനവും സ്ത്രീപീഡനവും അവിടെ നടത്തുന്നുണ്ട്. പക്ഷെ, അവര്‍ നീതികരിക്കപ്പെടുകയും ജോയി കുറ്റവാളിയായി മാറുകയും ചെയ്യുന്നു. നീതി എന്നത് പരിഷ്‌കൃതവും അനീതി എന്നത് അപരിഷ്‌കൃതവുമായി മാറുന്ന ഒരു ഗെയിം ഇവിടെ കാണാം. അതു കൊണ്ടു തന്നെ അപരിഷ്‌കൃതനെ പരിഷ്‌കൃതമാക്കേണ്ടതുണ്ടെന്ന ബാധ്യത അവരുടേതാണെന്നു വരുത്തിത്തീര്‍ക്കുന്നു. തങ്ങളുടെ കുറ്റകൃത്യങ്ങള്‍ മറക്കാന്‍ തങ്ങള്‍ പരിഷ്‌കൃതരാണെന്ന ബോധമുള്ളതുകൊണ്ടുമാണ് അപരിഷ്‌കൃതരെ വേട്ടയാടുന്നത്. ഇത് കാലങ്ങളിലൂടെ സ്ഥാപിതമായ ബോധമാണ്. ഈ ബോധം നിലനിര്‍ത്തുന്നവരാണ് പൊതുമണ്ഡലത്തിലുള്ളവര്‍. അവര്‍ക്കേ മറ്റുള്ളവരെ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്ന ധാരണ ചുരുളിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍, അധികാരം സ്ഥാപിക്കുന്നവരില്‍ ഒരാള്‍ നമ്പൂതിരിയും മറ്റൊരാള്‍ മാടനുമായാലോ? ഫാന്റസികളുടെ കെട്ടുകള്‍ പരസ്പരം കെട്ടിമറിയും. അത്തരം കെട്ടിമറിയല്‍ ഇവിടേയുമുണ്ട്. നമ്പൂതിരിയും മാടനും കളി, കളിയില്‍ ഏര്‍പ്പെടുന്നവര്‍ അധികാരമുള്ളവരായാലോ? അവരിലേക്കു തന്നെ അധികാരം വരും. കൊലപാതകിയും മൃഗവേട്ടക്കാരനും ബാലപീഡകനും അധികാരമുള്ള ആളാകുമ്പോള്‍ അയാളിടുന്ന കെട്ടില്‍ മൈലാടും ജോയി കുറ്റക്കാരനുമാകും. അങ്ങനെ അന്യഗ്രഹ ജീവികള്‍ സമ്മാനിച്ച ചുരുളി കുറ്റാരോപിതരുടെ പ്രദേശമായി തീരും. ആ പ്രദേശം നമ്പൂതിരിയുടെ തലച്ചുവടാകും. മാടന്‍ നമ്പൂതിരിയുടെ കൊട്ടയില്‍ തന്നെ ഇരിക്കും.

അധികാരത്തെ ചുറ്റി നില്ക്കുന്നവര്‍ ചെയ്യുന്ന തെറ്റുകള്‍ തെറ്റായി കണക്കാക്കപ്പെടില്ല. അത് കെട്ടുകളായി  കഥകളില്‍നിന്ന് കഥകളായി തുടര്‍ന്നുകൊണ്ടിരിക്കും. അതൊരു അഴിയാച്ചരടാണ്. അത് ആര്‍ക്കും അഴിക്കാന്‍ പറ്റാതെ കിടക്കും. അതിന്റെ ഒരു തല വലിച്ചാല്‍ വലിക്കുന്ന ആളുടെ കയ്യിലേക്കു തന്നെ തിരിച്ചു വരും. ചുരുളിയിലെ അധികാരഘടന അതാണ്. അതുകൊണ്ടാണ് നമ്പൂതിരിക്കഥ ആന്റണിയിലും ഷാജിവനിലും ചേരുന്നത്. സിനിമയുടെ അന്ത്യത്തില്‍ ഒരു തിരിഞ്ഞുമറിഞ്ഞു കളിയുണ്ട്. ആ കളി പരിശോധിച്ചാല്‍ അധികാരവും ക്രൂരതയും ഒന്നായിച്ചേരുന്നതു കാണാം. ആന്റണിയും ഷാജിവനും ഇരുന്ന ജീപ്പിലെ സീറ്റില്‍ നിന്ന് ഷാജിവന്‍ മാറി മൈലാടും ജോയി വരുന്നു. അധികാരവും ക്രൂരതയും പരസ്പരം പങ്കു ചേരുന്നതിന്റെ സൂചന കൂടി ഇതു തരുന്നുണ്ട്. ഈ വേഷപ്രച്ഛന്നതയിലാണ് അധികാരം തിരിച്ചു വരുന്നതെന്നും സിനിമ വെളിപ്പെടുത്തുന്നു. നമ്പൂതിരിയുടേയും മാടന്റെയും ജാതി ഘടന തുടരുകയും ചെയ്യുന്നു.

Churuli
Photo: facebook.com/vinayforrt

(നാല്) കേട്ട തെറികളുടെ പ്രതികരണമില്ലാത്ത തെറികളാണ്

ചുരുളി തെറികളുടെ സിനിമയാണെന്നാണ് പൊതുവെ പറയുന്നത്. നമ്മള്‍ കേട്ട തെറികള്‍ക്കപ്പുറം വേറെ തെറികള്‍ സിനിമയിലില്ല. തെറികളെടുത്താല്‍ ആവര്‍ത്തിക്കുന്ന സ്ത്രീവിരുദ്ധമായ തെറികളാണ്.ഈ സിനിമയിലെ സ്ത്രീകള്‍ തെറികള്‍ പറയുന്നുണ്ടെങ്കിലും അത് പുരുഷന്‍മാരുടെ ഓരം ചേര്‍ന്ന തെറികള്‍ മാത്രമാണ്. എന്നാലത് ചുരുളിയിലെ പ്രാദേശിക ഭാഷയായി കണക്കാക്കിയാലോ? അപ്പോള്‍ അവര്‍ക്ക് സംസാരിച്ചേ തീരൂ. അത് അവരുടെ സംസാരഭാഷയായി കണ്ടാല്‍ മതി. എന്നാല്‍ ഇങ്ങനെ സംസാരിക്കുമോ എന്ന ചോദ്യമുണ്ടാകും. ഒരിടത്ത് അങ്ങനെ ഒരു ഭാഷ ഉണ്ടായാല്‍ അത് പറഞ്ഞല്ലേ ഒക്കൂ.

അവരുടെ ഉള്‍പ്രസരണങ്ങള്‍ക്കായി വാക്കുകള്‍ വിനിയോഗിക്കുമ്പോള്‍ അര്‍ബന്‍ ഭാഷയില്‍ അത് തെറ്റും തെറിയുമാകാം .എന്നാല്‍ അത് നമ്മെ സംബന്ധിച്ചു മാത്രമെ തെറിയാകുന്നുള്ളൂ. അവര്‍ക്കത് അവരുടെ വിനിമയോപാധിയാണ്. അതില്‍ മായം കലര്‍ത്തുമ്പോളാണ് അവര്‍ അവരല്ലാതാകുന്നത്. അവര്‍ക്കായി അവര്‍ നിര്‍മിച്ച ഭാഷ അവരാണ് വിനിമയം ചെയ്യുന്നത്. അവരോട് അര്‍ബന്‍ ബോധത്തോടെ സംസാരിക്കാനും വിനിമയം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്നില്ല. അവരെ പ്രകോപിക്കുന്നത് അര്‍ബന്‍ ബോധത്തോടു കൂടിയ മനസാണ്. അങ്ങനെയാണ് പാലം കടക്കുന്നതോടെ അവര്‍ അവരുടെ ഭാഷയുടെ പാലത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്നത് .

പാലങ്ങള്‍ സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവോ ആന്‍ഡ്രിച്ചിന്റെ ഡ്രിന നദിയിലെ പാലവും (എമിര്‍ കുസ്തുരിക്കയുടെ സിനിമയും ഓര്‍ക്കുക) ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലവും ഇവ ഓര്‍മപ്പെടുത്തുന്നുണ്ട്. വാന്‍ ഗോഘിന്റെ ബ്രോക്കണ്‍ ബ്രിഡ്ജ് തന്റെ രഹസ്യഭാഷയാക്കി മാറ്റുന്നതും തന്നില്‍ എന്തു സംഭവിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ പാലങ്ങളുണ്ടാക്കിയ വൈവിധ്യങ്ങളില്‍ ഒന്നാണ് ഈ സിനിമയിലും പാലം. സിനിമയില്‍ ഭാഷ മരത്തടിപ്പാലമാണ് നിശ്ചയിക്കുന്നത്. അതോടെ അതൊരു 'സ്‌ക്വിഡ് ഗെയി' മായി മാറുന്നു. സ്ഥലകാലങ്ങളില്ലാതെയാകുന്നു. ഭാഷയുടെ അബ്‌സേഡിറ്റി ബോധ്യമാകുന്നു. അങ്ങനെ കേട്ട തെറികള്‍ പ്രതികരണമില്ലാത്ത തെറികളായി മാറുന്നു.

കണ്‍സെര്‍വേറ്റീവ് ലാംഗ്വേജിന്റെ പുറത്തുള്ള നമ്മുടെ വ്യവഹാരങ്ങളാണ് പലപ്പോഴും അശ്ലീലങ്ങളും തെറികളുമായി കാണുന്നത്. എന്നാല്‍ കണ്‍സ്ട്രക്റ്റീവ് വര്‍ക്കേഴ്‌സിന്റെ ഭാഷയില്‍ ചിന്തിച്ചാലോ? നമ്മുടെ ഭാഷ അബ്‌സേഡായി തീരില്ലേ. അപ്പോള്‍ ഭാഷ എന്നത് എന്താണ്? നമ്മള്‍ സങ്കല്പിക്കുന്നതിനപ്പുറം ഭാഷക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടോ? കാലവും സ്ഥലവുമില്ലാതെ ആനന്ദത്തിനായി ഒരിടത്തു പ്രവേശിക്കുന്നവര്‍ക്ക് എന്താണ് ഭാഷ ? ഈ ചോദ്യങ്ങള്‍ ചുരുളി സിനിമക്ക് അകത്തും പുറത്തും ചോദിക്കുന്നുണ്ട്. അതുകൊണ്ടാണ് അകത്തുള്ളവരുടെ ഭാഷ പുറത്തുള്ളവര്‍ക്ക് അശ്ലീലമാകുന്നത്.

ഈ രീതിയില്‍ കാണാവുന്ന സിനിമയാണെന്നു ഒരു പ്രേക്ഷകനെന്ന നിലയ്ക്ക് പറയാമെങ്കിലും വിവിധ തരത്തില്‍ ഈ സിനിമ കാണാവുന്നതാണ്. ഓരോ കാഴ്ചയ്ക്കും ഓരോ കഥയുണ്ട്. അങ്ങനെ കഥയുടെ കഥയുളള  കൗതുകങ്ങളുടെ സമാഹാരമാണ് ചുരുളി. അതിലെ അന്യഗ്രഹ ജീവികളെക്കുറിച്ച് ആലോചിച്ച് സയന്‍സ് ഫിക്ഷനായി കാണാം. ബൈബിളിന്റെ ഗൃഹപാഠമുപയോഗിച്ച് സന്മാർഗ ധ്വംസനവുമായും കാണാം. അങ്ങനെ നിരനിരയായി ഈ സിനിമയെ കഥകളിലേക്ക് ആനയിക്കാം. പക്ഷേ സിനിമ എന്ന നിലയില്‍ മലയാളത്തില്‍ ഇനി ഉണ്ടാകാന്‍ പോകുന്ന ജനിതക കലര്‍പ്പുള്ള ഹൈപ്പര്‍ ലിങ്ക് സിനിമകളുടെ ആദ്യരൂപമായിരിക്കും ചുരുളി.

മറ്റ് സിനിമകള്‍ കാണുമ്പോള്‍ ആ സിനിമകള്‍ അതിലേ വിഷയത്തിലേക്കായിരിക്കും കടന്നു ചെല്ലുക. എന്നാല്‍ ചുരുളി കാണുമ്പോള്‍ കൊറിയന്‍ വെബ് സിരീസായ സക്വിഡ് ഗെയിം,  ഹെന്റി - ജോര്‍ജ് ക്ലൗസോ (ഫ്രഞ്ച്) ,  സിറോ ഗുവേര (സ് പെയ്ന്‍ ),  എരി ഫോള്‍മാന്‍ (ഇസ്രയേല്‍ ) അപിചാറ്റ്‌പോംഗ് വീരസെതാകുല്‍ ( തായ്), ജിം ജര്‍മുഷ് (അമേരിക്ക),  ലാര്‍സ് വോണ്‍ ട്രിയര്‍ ( ഡാനീഷ്) എന്നിങ്ങനെ പല സംവിധായകരുടെയും സിനിമകളുടെ ലിങ്കുകളിലേക്ക് പോകുന്നു. അന്തരങ്ങ(differences)ളുടെ ഒരു കൂട്ടം അങ്ങനെ ചുരുളി എന്ന സിനിമയിലുണ്ടാകുന്നു. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത അന്തരങ്ങളുടെ ടെറേറിയം ( terrarium of differences.)  വിഭിന്നതകളുടെ ഹൈപ്പര്‍ ലിങ്കുകള്‍ എന്നു വേണമെങ്കില്‍ പറയാം.  ഈ ഹൈപ്പര്‍ ലിങ്കുകളുടെ ജനിതകപരിശോധയാണ് ചുരുളിയില്‍ നടക്കേണ്ടത്. പല്‍ച്ചക്രങ്ങള്‍ കറങ്ങി നമ്പൂതിരിയും മാടനും ആന്റണിയും ഷാജിവനും ജോയിയും പരസ്പരം മാറിയും മറിഞ്ഞും ഭാഷയെ പരിശോധിച്ചാലും സിനിമയിലേക്ക് നടന്നെത്തില്ല. അതിന് സിനിമയുടെ വികാസചരിത്രം തന്നെയാണ് പരിശോധിക്കേണ്ടത്. അതു 'പല്‍ച്ചക്ര' ങ്ങളുടെ മാത്രം കറക്കമല്ല .

അവസാന ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന വിദേശ സംവിധായകരുടെ സിനിമകള്‍ കാണാന്‍ സഹായിച്ചത് വിപുല സിനിമാ ശേഖരമുള്ള സുഹൃത്ത് അജയന്‍ അങ്കമാലിയാണ്. അജയന് പ്രത്യേകം നന്ദി.

Content HIghlights: Churuli, hyperlinks in Churuli movie, Lijo Jose Pellissery