തിയേറ്ററില്‍ 'ചിറകൊടിഞ്ഞു'വെങ്കിലും ഉയര്‍ത്തെഴുന്നേറ്റ 'കിനാവുകള്‍'; ഓര്‍മകളുമായി സംവിധായകന്‍


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

സന്തോഷ് വിശ്വനാഥ്‌ എന്ന പുതുമുഖ സംവിധായകന്‍ അതിസാഹസികമായാണ് തന്റെ ഈ പരീക്ഷണ ചിത്രത്തെ തിയേറ്ററുകളിലെത്തിച്ചത്. വാണിജ്യവിജയം നേടാനായില്ലെങ്കിലും കാലാന്തരത്തില്‍ ഈ സിനിമയെ പ്രേക്ഷകര്‍ കൈയ്യും നീട്ടി സ്വകരിച്ചു. ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുതുതലമുറയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഒരു രണ്ടാംഭാഗത്തിന് വേണ്ടി തന്നെ ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പറയുകയാണ് സംവിധായകന്‍. 

സന്തോഷ് വിശ്വനാഥ്, 'ചിറകൊടിഞ്ഞ കിനാവുകളു'ടെ പോസ്റ്റർ

ലയാള സിനിമയിലെ ക്ലീഷേകളെ കണക്കറ്റ് പ്രഹരിക്കുന്ന പ്രമേയവുമായെത്തിയ ചിത്രമായിരുന്നു 2015 ല്‍ പുറത്തിറങ്ങിയ ചിറകൊടിഞ്ഞ കിനാവുകള്‍. ശ്രീനിവാസന്‍, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു നിര്‍മാതാവ്‌. കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണനിലെ തയ്യല്‍ക്കാരന്‍ അംബുജാക്ഷന്‍ എന്ന കഥാപാത്രത്തിന്റെ നോവലിന്റെ ആവിഷ്‌കാരവും അതേ സമയം അയാളുടെ സ്വപ്‌നത്തിലെ പ്രണയസാഫല്യവുമായിരുന്നു ഈ ചിത്രം. സന്തോഷ് വിശ്വനാഥ്‌ എന്ന പുതുമുഖ സംവിധായകന്‍ അതിസാഹസികമായാണ് തന്റെ ഈ പരീക്ഷണ ചിത്രത്തെ തിയേറ്ററുകളിലെത്തിച്ചത്. വാണിജ്യവിജയം നേടാനായില്ലെങ്കിലും കാലാന്തരത്തില്‍ ഈ സിനിമയെ പ്രേക്ഷകര്‍ കൈയ്യും നീട്ടി സ്വകരിച്ചു. ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുതുതലമുറയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഒരു രണ്ടാംഭാഗത്തിന് വേണ്ടി തന്നെ ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പറയുകയാണ് സംവിധായകന്‍.

എന്റെ ആദ്യസിനിമയായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. എന്തെങ്കിലും പ്രത്യേകതയുള്ള ചിത്രമായിരിക്കണമതെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു കച്ചവട സിനിമ മാത്രമായിരിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. തിരക്കഥാകൃത്ത് പ്രവീണാണ് ക്ലീഷേ ചിത്രമെന്ന ആശയം പറയുന്നത്. അതങ്ങനെ ചര്‍ച്ചകളിലൂടെ ചിറകൊടിഞ്ഞ കിനാവുകളിലെത്തി.

അംബുജാക്ഷന്റെ വരവ്

അംബുജാക്ഷന്‍ എന്ന കഥാപാത്രത്തെ തിരഞ്ഞെടുക്കാന്‍ കാരണമുണ്ടായിരുന്നു. അഴകിയ രാവണനിലെ അംബുജാക്ഷനും അയാളുടെ നോവലും പ്രശസ്തമാണ്. അംബുജാക്ഷന് പകരം ഞാന്‍ മറ്റൊരു കഥാപാത്രത്തെ സൃഷ്ടിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ അത് ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും. അംബുജാക്ഷന്റെ കഥ എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ അയാളിലൂടെ കഥ അവതരിപ്പിക്കുന്നത് കുറച്ച് കൂടി എളുപ്പമായിരുന്നു. അഴകിയ രാവണലിനെ അയാളുടെ കഥ എല്ലാവരെയും ചിരിപ്പിച്ചതായിരുന്നു.

ക്ലീഷേകളെ പരിഹസിക്കുമ്പോള്‍

ചിറകൊടിഞ്ഞ കിനാവുകളിലെ ഓരോ സീനും മറ്റൊരു സിനിമയുടെ റഫറന്‍സ് ആയിരുന്നു. അംബുജാക്ഷന്‍ പറയുന്നത് സുമതിയുടെയും തയ്യല്‍ക്കാരന്റെയും പ്രണയകഥയാണ്. വില്ലനായി സുമതിയുടെ അച്ഛന്‍ വിറക്‌വെട്ടുകാരനും. മക്കളുടെ പ്രണയത്തില്‍ അച്ഛന്‍ ഇടങ്കോലിടുന്നതും ഒടുവില്‍ സമ്മതിക്കുന്നതും പ്രമേയമാക്കി എത്ര എണ്ണമറ്റ സിനിമകളാണ് വന്നിട്ടുള്ളത്. നായകനും നായികയും കൂട്ടിമുട്ടുമ്പോള്‍ പ്രണയമുണ്ടാകുന്നതും പാസ്‌വേര്‍ഡ് ഊഹിച്ച് കണ്ടുപിടിക്കുന്നതും അങ്ങനെ ക്ലീഷേകളുടെ ആകെത്തുകയായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. പലരും എന്നോട് തമാശയായി പറയുകയുണ്ടായി 'സന്തോഷ് അടുത്ത സിനിമയുമായി വരൂ, ക്ലീഷേകള്‍ കണ്ടുപിടിക്കാന്‍ പറ്റുമോ എന്ന് ഞങ്ങള്‍ നോക്കട്ടേ'യെന്ന്. അങ്ങനെയുണ്ടാകില്ലെന്നൊന്നും എനിക്ക് വെല്ലുവിളിക്കാനാകില്ല. സിനിമ മാത്രമല്ല ജീവിതവും ക്ലീഷേകള്‍ നിറഞ്ഞതാണ്. അത് ഒഴിവാക്കി ഒരു സിനിമയെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം.

സിനിമ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ക്ലൈമാക്‌സ് ഊഹിക്കാന്‍ കഴിയുന്ന ഒട്ടറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതെല്ലാം എന്നിലെ പ്രേക്ഷകനിലും ആവര്‍ത്തന വിരസത ഉണ്ടാക്കിയിട്ടുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ഞാനും തിരക്കഥാകൃത്തും അതുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് സിനിമകള്‍ ഇരുന്നു കണ്ടു. അതിലെ രംഗങ്ങളെല്ലാം ചിറകൊടിഞ്ഞ കിനാവുകളിലേക്ക് പറിച്ച് നട്ടു. സിനിമ കാണുന്ന ഒരാള്‍ക്ക് ഇതെല്ലാം വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും വലിയ അധ്വാനം അതിന് പിറകിലുണ്ടായിരുന്നു. രണ്ട് സിനിമയുടെ ദൈര്‍ഖ്യമുള്ള ഒരു സ്‌ക്രിപ്റ്റാണ് ഞങ്ങള്‍ ഉണ്ടാക്കിയെടുത്തത്. എന്നാല്‍ അത്രയും വലിപ്പം ആവശ്യമില്ലെന്ന് തോന്നിയതിനാല്‍ കുറേയേറെ ഭാഗങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഒരു രണ്ടാംഭാഗം ചെയ്യാനുള്ള സാധ്യതകള്‍ തുറന്ന് വച്ചാണ് സിനിമ അവസാനിപ്പിച്ചത്.

പേരില്ലാത്ത തയ്യല്‍ക്കാരനും വിറക് വെട്ടുകാരനും

തയ്യല്‍ക്കാരനും വിറക് വെട്ടുകാരനും പേര് നല്‍കാതിരുന്നത് മനപൂര്‍വ്വമായിരുന്നു. അഴകിയ രാവണനില്‍ അംബുജാക്ഷന്‍ സുമതിയ്ക്ക് മാത്രമേ പേര് നല്‍കിയിട്ടുള്ളൂ. അത് അങ്ങനെ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ജോലി സംബന്ധമായ വിളിപ്പേരാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയത്. അംബുജാക്ഷന്‍ ഈ കഥയിലൂടെ പറയാന്‍ ശ്രമിക്കുന്നത് അയാളുടെ തന്നെ പ്രണയകഥയാണ്. അയാളില്‍ ഒരു നഷ്ടകാമുകനുണ്ട്. അയാളുടെ കാമുകിയെ ഒരു ഗള്‍ഫുകാരന്‍ കല്യാണം കഴിച്ചു കൊണ്ടുപോയി. കാമുകിയെ സ്വന്തമാക്കുന്ന കാമുകനായി അയാള്‍ കഥയിലൂടെയെങ്കിലും വിജയിയാകണമെന്ന് സ്വപ്‌നം കാണുന്ന ഒരാളാണ്. അംബുജാക്ഷന് സുമതിയെ മാത്രമേ ഇഷ്ടമുള്ളൂ. മറ്റുള്ള കഥാപാത്രങ്ങളെ ഇഷ്ടമല്ല. അതുകൊണ്ട് അവര്‍ക്ക് പേര് പോലും നല്‍കിയില്ല.

കഥാകൃത്തും കഥാപാത്രവും നേര്‍ക്ക് നേര്‍ വരുമ്പോള്‍

കഥാകൃത്തും കഥാപാത്രവും തമ്മില്‍ നേര്‍ക്ക് നേരെ ഇരുന്ന് സംസാരിക്കുന്ന ഒരു പരീക്ഷണവും ചിറകൊടിഞ്ഞ കിനാവുകളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. ഒരു സിനിമ പുരോഗമിക്കുമ്പോള്‍ കഥാകൃത്തും സംവിധായകനും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കഥാകൃത്തുമായി കഥാപാത്രം വഴക്കിടുന്നതും താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതുമെല്ലാം പുതുമയുള്ള പരീക്ഷണമായിരുന്നു.

റിമയും ശ്രീനിവാസനും ചാക്കോച്ചനും

ആദ്യമായി ഈ സിനിമ ചെയ്യുന്നതിന് ശ്രീനിവാസനെയാണ് സമീപിച്ചത്. അദ്ദേഹമാണല്ലോ അംബുജാക്ഷന്‍. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം പൂര്‍ണപിന്തുണ നല്‍കുകയും അംബുജാക്ഷനെ അവതരിപ്പിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പിന്നീട് തയ്യല്‍ക്കാരനുള്ള അന്വേഷണമായിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്നെയായിരുന്നു ആദ്യം മനസ്സിലേക്ക് വന്നത്. എന്നാല്‍ അദ്ദേഹം ഇങ്ങനത്തെ സിനിമകള്‍ ചെയ്യില്ലെന്ന് ആരൊക്കെയോ പറഞ്ഞു. പിന്നീട് പല യുവനടന്‍മാരോടും കഥ പറഞ്ഞുവെങ്കിലും അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ നേരിട്ട് സമീപിക്കുന്നത്. തിരക്കഥാകൃത്ത് പ്രവീണാണ് ചാക്കോച്ചനെ കഥ പറഞ്ഞു കേള്‍പ്പിക്കുന്നത്. യാതൊരു തരത്തിലുള്ള മോഡുലേഷനുമില്ലാതെ പ്രവീണ്‍ കഥ വായിക്കുന്നത് കേട്ടപ്പോള്‍ അതെന്തോ ചാക്കോച്ചന് ഇഷ്ടമായി. പുതിയ സംവിധായകനാണെന്ന ഘടകം അദ്ദേഹത്തെ പിറകോട്ട് വലിച്ചില്ല. അതു തന്നെ ഒരു പുതുമയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാക്കോച്ചന്‍ യെസ് പറഞ്ഞത് കൊണ്ടാണ് സിനിമ നടന്നത്. നായിക ആരാണെന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. ആരെങ്കിലും മനസ്സിലുണ്ടോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഒരു ചോദ്യത്തിന് മറുചോദ്യമല്ല ഉത്തരം എന്ന് ചാക്കോച്ചന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ കുറച്ച് നടിമാരുടെ പേര് പറഞ്ഞു. അങ്ങനെയാണ് റിമ സുമതിയാകുന്നത്. റിമയും ചാക്കോച്ചനും ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അത്.

ബോക്‌സ് ഓഫീസ് നല്‍കിയ നിരാശ

ബോക്‌സ് ഓഫീസില്‍ സിനിമ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാത്തതിനാല്‍ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചിന്തകള്‍ താല്‍ക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നു. നിര്‍മാതാവിന് ലാഭമില്ലെങ്കില്‍ ഒരു സിനിമ വിജയമെന്ന് പറയാനാകില്ലല്ലോ. എന്നിരുന്നാലും നിരൂപകരുടെ ഭാഗത്ത് നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഏതാനും പ്രേക്ഷകരും സിനിമ നന്നായെന്ന് പറഞ്ഞു. വര്‍ഷങ്ങള്‍ പോകെ പോകെ ടെലിവിഷന്‍ ചാനലുകളില്‍ സിനിമ വന്നപ്പോള്‍ പലര്‍ക്കും ഇഷ്ടമായി. തിയേറ്ററില്‍ നിരാശ തോന്നിയെങ്കിലും പിന്നീട് സിനിമ ഇഷ്ടമായെന്നും ഒരുപാട് പേര്‍ പറഞ്ഞു. കാലാനുസൃതമായി പ്രേക്ഷകരുടെ അഭിരുചി മാറിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് അന്ന് മോശം പറഞ്ഞവര്‍ക്ക് ഇന്ന് ഈ സിനിമ നന്നായെന്ന് തോന്നിയത്. ഇനിയൊരു രണ്ടാംഭാഗത്തിന് സാധ്യതയുണ്ട്.

മമ്മൂട്ടിയും സുരേഷ് ഗോപിയും പറഞ്ഞ വാക്കുകള്‍

തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് ഏറെ സംതൃപ്തി നല്‍കിയ ഒരു സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. മമ്മൂക്കയാണ് (മമ്മൂട്ടി) ഈ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം ഒരു പൊതുവേദിയില്‍ ആദ്യമായി പറഞ്ഞത്. 'ചിറകൊടിഞ്ഞ കിനാവുകള്‍ മലയാളത്തിലെ ലാന്‍ഡ്മാര്‍ക്ക് സിനിമയാണ്. ഞാന്‍ അഭിനയിച്ച പല സിനിമകളിലും ചിറകൊടിഞ്ഞ കിനാവുകളു'ണ്ടെന്ന് അദ്ദേഹം പറഞ്ഞത് വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു. സുരേഷേട്ടനും (സുരേഷ് ഗോപി) അതുപോലെ നല്ല വാക്കുകള്‍ പറഞ്ഞു. പുതുമയുള്ള സിനിമകളുമായി 'മലയാളത്തില്‍ ഇതുപോലുള്ള കുട്ടികളാണ് വരേണ്ട'തെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ കൂടാതെ സിനിമയിലെ ഒട്ടനവധി പ്രതിഭകള്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് മറ്റെന്താണ് വേണ്ടത്.


Content Highlights: Chirakodinja Kinavukal Film, Director Santhosh Viswanath, Ambujakshan, Sreenivasan, cliché Film

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section
Most Commented