എത്രയെത്ര മനോഹര ഗാനങ്ങള്‍... മറക്കാനാകാത്ത തീക്ഷ്ണമായ, ഹൃദ്യമായ മുഹൂര്‍ത്തങ്ങള്‍... പ്രണയം, ദുര, വഞ്ചന, കൃതഘ്‌നത, നിസ്സഹായത തുടങ്ങി എന്തെല്ലാം ഭാവങ്ങള്‍... ഒടുവില്‍ മനസ്സിനെ ആഴത്തില്‍ മുറിപ്പെടുത്തുന്ന തീരാനൊമ്പരം... മലയാളികളുടെ മനസ്സില്‍ ചെമ്മീന്‍ നീന്തിത്തുടിക്കാന്‍ തുടങ്ങിയിട്ട് ഓഗസ്റ്റ് പത്തൊൻപതിന് 55 വര്‍ഷം പൂര്‍ത്തിയാകുന്നു.

ഇതു മാത്രമല്ല ചെമ്മീന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ആദ്യമായ ദേശീയ അവാര്‍ഡ് സ്വര്‍ണമെഡലായി കേരളത്തിലേക്ക് കൊണ്ടുവന്നത് ചെമ്മീനാണ്. വിശ്വസിനിമയില്‍ മലയാളത്തിനും ഒരിടമുണ്ടെന്ന് ആദ്യമായി തെളിവു നല്കിയതും രാമുകാര്യാട്ടിന്റെ ചെമ്മീനാണ്.

കഥ - തകഴി
ഗാനരചന - വയലാര്‍
സംഗീതം - സലില്‍ ചൗധരി
നിര്‍മാണം - ബാബു സേട്ട്
സംവിധാനം - രാമു കാര്യാട്ട്

തകഴിയുടെ കാലാതിവര്‍ത്തിയായ ചെമ്മീന്‍ എന്ന നോവലാണ് എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ ഈ ചിത്രത്തിനാധാരം.
ചെമ്മീനിന്റെ ആദ്യപ്രതി പുറത്തിറങ്ങിയപ്പോഴേ രാമു കാര്യാട്ട് അതു വായിച്ചു. മുടിയനായ പുത്രന്‍, നീലക്കുയില്‍ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായ രാമു കാര്യാട്ടിന്റെ മനസ്സില്‍ ചെമ്മീന്‍ ഒരു വിഷ്വലായി നിറഞ്ഞു.
അടുത്ത സുഹൃത്തായ വൈദ്യനാഥ അയ്യരോട് രാമു മനസ്സ് തുറന്നു. കഥകളെ സ്‌നേഹിക്കുന്ന അയ്യര്‍ പറഞ്ഞു: തകഴി സമ്മതിച്ചാല്‍ ഞാന്‍ ഈ പടം നിര്‍മിക്കാം.

അങ്ങനെ വൈദ്യനാഥയ്യരും രാമു കാര്യാട്ടും കൂടി തകഴിയെ കാണാന്‍ ആലപ്പുഴയില്‍ എത്തി. ചെമ്മീന്‍ സിനിമയാകുന്നത് തകഴിക്ക് സന്തോഷമായിരുന്നു. പക്ഷേ, ഒരു കരാര്‍: 'കഥയില്‍ ചെറിയ മാറ്റം പോലും പാടില്ല'. രാമു കാര്യാട്ടിന് അതില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നില്ല.
വൈദ്യനാഥയ്യരുടെ മകള്‍ കണ്‍മണിയുടെ പേരില്‍ ബാനര്‍ രജിസ്റ്റര്‍ ചെയ്തു. കരാറുകള്‍ എല്ലാം അംഗീകരിച്ച് കണ്‍മണി ഫിലിംസിന്റെ ബാനറില്‍ ചെമ്മീന്‍ സിനിമയാക്കാനുള്ള അവകാശം തകഴി എഴുതിക്കൊടുത്തു.
രാമു കാര്യാട്ടും എസ്. എല്‍പുരം സദാനന്ദനും ചേര്‍ന്ന് തിരക്കഥ എഴുതാനും നിശ്ചയിച്ചു.

ഒത്ത പൊക്കം, അതിനൊത്ത വണ്ണം. കള്ളിക്കൈലി, നിറമുള്ള ബ്ലൗസ്. കഴുത്തില്‍ ഭംഗിയുള്ള കാക്കപ്പുള്ളി. മനോഹരമായ കണ്ണുകള്‍ കരിമഷിയില്‍ കറുപ്പിച്ച് കഴുത്തില്‍ കറുത്ത ചരട് കെട്ടി അവള്‍ നടന്നു
ഈ സുന്ദരി കറുത്തമ്മ.


കറുത്തമ്മയുടെ മനസ്സില്‍ ഒരിഷ്ടമുണ്ട്: കൊച്ചുമുതലാളി. കടപ്പുറത്തുനിന്ന് മീനെടുത്ത് വില്ക്കുന്ന പരീക്കുട്ടിയെ എല്ലാവരും വിളിക്കുന്നതങ്ങനെയാണ്: കൊച്ചുമുതലാളി.
ചെമ്പന്‍കുഞ്ഞിന്റെ മകളാണ് കറുത്തമ്മ. പണം, അതാണ് ചെമ്പന്‍കുഞ്ഞിനെല്ലാം. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നാണ് പുള്ളിയുടെ ഉള്ളിലിരുപ്പ്.

കൊച്ചുമുതലാളിയില്‍നിന്ന് പണം കടം വാങ്ങി വള്ളം വാങ്ങിയ ചെമ്പന്‍കുഞ്ഞിന് ആദ്യയാത്രയില്‍ത്തന്നെ കൈനിറയെ മീന്‍ കിട്ടി. വള്ളത്തില്‍ മീന്‍ കുമിഞ്ഞുകൂടിയതോടെ അയാള്‍ സ്വയം മറന്നു.
'ഞാമ്മീന്തരാം... കാശോണ്ടോ രൊക്കം?... എനീക്കു കാശു വേണം,' കൊച്ചു മുതലാളിയോടു പോലും കണ്ണുരുട്ടി ചെമ്പന്‍ കുഞ്ഞ് കാറി.
ആര്‍ത്തിപിടിച്ച് കാറുന്ന ചെമ്പന്‍കുഞ്ഞിന്റെ മറക്കാനാകാത്ത ഭാവമാണിത്. ചെമ്മീനിലെ ഏറ്റവും ശക്തമായ അഭിനയമുഹൂര്‍ത്തങ്ങളിലൊന്ന്.

കറുത്തമ്മയുടെ പ്രാണനായിരുന്നു കൊച്ചുമുതലാളി. കൊച്ചുമുതലാളിക്കും കറുത്തമ്മയില്ലാതെ ജീവിക്കാന്‍ വയ്യാതായി. പരീക്കുട്ടിയും കറുത്തമ്മയുമായുള്ള ഇഷ്ടം കറുത്തമ്മയുടെ അമ്മ ചക്കി മരയ്ക്കാത്തിക്ക് അറിയാമായിരുന്നു. അന്യജാതിയില്‍പ്പെട്ട ഒരുത്തനുമായുള്ള ബന്ധം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അത് ഉപേക്ഷിക്കണമെന്നും ചക്കി മകളോട് പറഞ്ഞു. പക്ഷേ, അവളുടെ മനസ്സില്‍ പരീക്കുട്ടി മാത്രമായിരുന്നു.

ഇതിനിടയില്‍ ചെമ്പന്‍കുഞ്ഞ് കറുത്തമ്മയ്ക്ക് ഒരാളെ കണ്ടെത്തി. കടലില്‍നിന്ന് കിട്ടിയ ഒരു കരുത്തനെ. തന്റെ വള്ളത്തിനൊപ്പം തണ്ടുവലിച്ച് മുന്നേറിയ അവന്റെ പേര് പളനി. തൃക്കുന്നപ്പുഴക്കാരന്‍ വേലുവിന്റെ മകന്‍. അനാഥനായ അവന്റെ നേര്‍ക്ക് ചെമ്പന്‍കുഞ്ഞ് ഒരു വലയെറിഞ്ഞു. കറുത്തമ്മയുടെ കരളിലാണ് ചെമ്പന്‍കുഞ്ഞ് ആ വല വലിച്ചുകെട്ടിയത്.
കടപ്പുറത്തെ കുടിലില്‍ അവള്‍. ദൂരെ നിലാവിന്റെ ഓരം ചേര്‍ന്നിരുന്നു പാടുന്ന കൊച്ചുമുതലാളി... ആ പാട്ടു കേട്ട് അവള്‍ എഴുന്നേറ്റു. പിന്നെ മെല്ലെ കതുകു തുറന്നു. തെങ്ങോലകള്‍ക്കിടയിലൂടെ വീഴുന്ന നിലാവില്‍ കടപ്പുറത്തേക്ക് അവള്‍ നടന്നു. പിന്നെ പതുക്കെ ചോദിച്ചു:

'കറുത്തമ്മ പോവാണോ?'

'ഞാനെന്നും കൊച്ചുമുതലാളീനെ ഓര്‍ക്കും...,' അവള്‍ പറഞ്ഞു.
'ഞാനിവിടിരുന്ന് പാടും... ഒറച്ച് പാടും..,' കൊച്ചുമുതലാളി പറഞ്ഞു.
അതിലും പതുക്കെ അവള്‍ പറഞ്ഞു:
'അങ്ങ് തൃക്കുന്നപ്പുഴ കടപ്പുറത്തിരുന്ന് ഞാനീ പാട്ട് കേക്കും.'
'അങ്ങനെ പാടിപ്പാടി തൊ പൊട്ടി ഞാനങ്ങു ചാകും.'
'ആ പാട്ടു കേട്ട് നെഞ്ചുപൊട്ടി ഞാനും ചാകും.'
പിന്നെ രണ്ടുപേരും ഒന്നും പറഞ്ഞില്ല. ഈ വിടപറയല്‍ കണ്ട ് നിലാവ് പോലും കരഞ്ഞു. കറുത്തമ്മ തിരിച്ചുനടന്നു.
 

Hittukalude Kadha
ഹിറ്റുകളുടെ കഥ വാങ്ങാം

പിറ്റേന്ന് പളനിയുടെയും കറുത്തമ്മയുടെയും വിവാഹം നടന്നു. ചെമ്പന്‍കുഞ്ഞിനെ വകവെക്കാതെ അന്നുതന്നെ അവര്‍ തൃക്കുന്നപ്പുഴയ്ക്കു പോയി. കറുത്തമ്മ പോയതോടെ ചക്കിമരയ്ക്കാത്തി കിടപ്പിലായി. അധികം വൈകാതെ മരിച്ചു. മകളെ മരണമറിയിക്കാന്‍ ചെമ്പന്‍കുഞ്ഞ് ആരെയും വിട്ടില്ല. ഒടുവില്‍ പരീക്കുട്ടി പോയി കറുത്തമ്മയോട് വിവരം പറഞ്ഞു.

തൃക്കുന്നപ്പുഴ കടപ്പുറത്തും കറുത്തമ്മയുടെയും മേത്തച്ചെറുക്കന്റെയും കഥ പാട്ടായി. പളനിയെ കരക്കാര്‍ പരിഹസിച്ചു.
'ഈ പരന്നു കിടക്കണ കടലില് എല്ലാമൊണ്ട് മകളെ. എല്ലാം. അങ്ങോട്ടുപോകുന്ന ആണുങ്ങള് തിരിച്ചു വരണത് എന്താന്നാ നിരീച്ചത്. കരയ്ക്ക് കഴിയണ പെണ്ണുങ്ങള് നെറീം മൊറെമായിട്ടിരുന്നീട്ടാ, അല്ലേല് വള്ളത്തോടെ ചുഴിയങ്ങു പിടിച്ചു വിഴുങ്ങും. കടലി പോണോന്റെ ജീവന്‍ കരേലിരിക്കണ പെണ്ണിന്റെ കൈയിലാ...'

കടപ്പുറത്തെ അരയക്കുടിലുകളിലെ ആണും പെണ്ണും ഉറച്ചുവിശ്വസിക്കുന്നതാണിത്. കറുത്തമ്മയും അങ്ങനെത്തന്നെ വിശ്വസിക്കുന്നു. കറുത്തമ്മ നല്ല ഭാര്യയുമായിരുന്നു. എന്നിട്ടും കരക്കാര്‍ അവളെ വെറുതെ വിട്ടില്ല.

ചെമ്പന്‍കുഞ്ഞ് പുത്തന്‍ പണക്കാരനായി. രണ്ടാമതൊരു കല്യാണവും കഴിച്ചു. തുറയിലരയന്റെ വിധവ പപ്പിക്കുഞ്ഞ്. പപ്പിക്കുഞ്ഞിന്റെയും മകന്റേയും വരവ് കറുത്തമ്മയുടെ അനിയത്തി പഞ്ചമിയുടെ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തി. അവള്‍ കറുത്തമ്മയെ തേടി ചെന്നു.
കറുത്തമ്മയെപ്പറ്റിയുള്ള അപവാദം കാരണം പളനിയെ ആരും വള്ളത്തില്‍ കൊ ുപോകാതെയായി. കൊടുംങ്കാറ്റും പേമാരിയും ആഞ്ഞടിച്ച ആ രാത്രിയില്‍ വള്ളവുമായി ഒറ്റയ്ക്ക് പളനി കടലില്‍ പോയി. ആ രാത്രി പരീക്കുട്ടി തൃക്കുന്നപ്പുഴ കടപ്പുറത്തെത്തി. കറുത്തമ്മയെ പറിച്ചെടുക്കാനെന്നപോലെ അയാള്‍ പാടി. ഒരു വിരഹഗാനം. കരയില്‍ കയറ്റിവെച്ചിരിക്കുന്ന വള്ളപ്പടിയിലിരുന്നായിരുന്നു കൊച്ചുമുതലാളി പാടിയത്. കടലിലെ അടങ്ങാത്ത ഓളങ്ങളെയും കരളിലെ ഒടുങ്ങാത്ത മോഹങ്ങളെയും കുറിച്ച്... കരളോളം തുളഞ്ഞുകയറിയ ആ പാട്ടു കേട്ട്, കറുത്തമ്മ വാതില്‍ തുറന്നു. അവള്‍ പരീക്കുട്ടിയുടെ മാറില്‍ പതിച്ചനേരം പുറംകടലിലായിരുന്ന പളനിയും വഞ്ചിയും ചുഴിയില്‍പെട്ടു. ചുഴിയില്‍ അകപ്പെട്ട പളനി അലറിവിളിച്ചു: 'കറുത്തമ്മാ...'

ആ ചുഴി പളനിയെ കൊണ്ടുപോയി. അയാള്‍ അഗാധതയില്‍ മറഞ്ഞു. പരീക്കുട്ടിയെ പ്രാപിച്ച കറുത്തമ്മയെയും പിന്നെ ആരും കണ്ടില്ല. പിറ്റേന്നു രാവിലെ കറുത്തമ്മയുടെയും കൊച്ചുമുതലാളിയുടെയും കെട്ടിപ്പുണര്‍ന്ന ശരീരം കരയ്ക്കടിഞ്ഞു.
കറുത്തമ്മയുടെ കുഞ്ഞ് അനിയത്തി പഞ്ചമിയുടെ കൈയിലിരുന്നു കരഞ്ഞു.

സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ വൈദ്യനാഥയ്യര്‍ക്ക് സംശയം പടം വിജയിക്കുമോ?

വേണ്ട , റിസ്‌ക് എടുക്കാന്‍ വയ്യ. ഒടുവില്‍ അദ്ദേഹം ആ സംരംഭത്തില്‍നിന്ന് പിന്മാറി. പക്ഷേ, രാമു കാര്യാട്ടിന്റെ മനസ്സില്‍നിന്ന് ചെമ്മീന്‍ പോയില്ല. എങ്ങനെയും ചെമ്മീന്‍ സാക്ഷാത്ക്കരിക്കണം. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമാണത്. ഒടുവില്‍ സ്വന്തമായി ചെമ്മീന്‍ സിനിമയാക്കാന്‍ രാമു തീരുമാനിച്ചു. ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷനില്‍നിന്ന് ലോണെടുക്കാന്‍ അപേക്ഷ കൊടുത്തെങ്കിലും ചിത്രത്തിന്റെ ആദ്യഘട്ടം നിര്‍മാതാവ് ചെയ്യണം എന്നതായിരുന്നു കോര്‍പ്പറേഷന്റെ വ്യവസ്ഥ. അതിനു കൈയില്‍ പൈസയുണ്ടായാലേ പറ്റൂ. അതിനുള്ള തിരച്ചിലിനിടയില്‍ രാമു കാര്യാട്ടിനോട് സുഹൃത്ത് എഡ്ഡി, ബാബുസേട്ട് എന്ന ബിസിനസ്സുകാരനെക്കുറിച്ചു പറഞ്ഞു. പിന്നെ ബാബുവിനെ പരിചയപ്പെടുത്തി. എറണാകുളത്തുകാരനാണ് ബാബു. ദിവാന്‍സ് റോഡില്‍ താമസിക്കുന്ന വലിയൊരു ബിസിനസ് കുടുംബത്തിലെ അംഗം. ഇസ്മയില്‍ ഹാജി ഇസാസേട്ടിന്റെ മകന്‍. വയസ്സ്: പത്തൊന്‍പത്.

രാമു കാര്യാട്ട് തന്റെ സഫലമാകാത്ത സ്വപ്‌നത്തെക്കുറിച്ച് ബാബുവിനോട് പറഞ്ഞു. ആദ്യഘട്ട ജോലി പൂര്‍ത്തിയാക്കാന്‍ എണ്‍പതിനായിരം രൂപ വേണം. അതു കിട്ടിയാല്‍ ബാക്കി കോര്‍പ്പറേഷനില്‍നിന്നു വാങ്ങാം. അതു കേട്ടതും ബാബു പറഞ്ഞു. '80,000 രൂപ മതിയെങ്കില്‍ വിഷമിക്കേ . ഞാന്‍ തരാം. പക്ഷേ, അതില്‍ ഒരു അണാ പൈസ കൂടുതല്‍ തരില്ല.'


രാമുവിന് സന്തോഷമായി. സ്‌ക്രിപ്റ്റ് തിരുത്തിയെഴുതി ഫ്രഷ് ആക്കി. മറ്റു പേപ്പര്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കി. ലോണിന്റെ കാര്യത്തിനും മറ്റും പലവട്ടം ബോംബെയില്‍ പോയി വന്നു. കുറച്ചു പേര്‍ക്ക് അഡ്വാന്‍സ് കൊടുത്തു. അപ്പോഴേക്കും കൈയിലിരുന്ന പൈസ തീര്‍ന്നു.
പൈസ തീര്‍ന്നെങ്കിലും ഒരു ഗുണമുണ്ടായി. രാമുവും ബാബുവും അടുത്ത സുഹൃത്തുക്കളായി. സാഹിത്യവും സിനിമയുമായിരുന്നു അവരുടെ പ്രിയ വിഷയം. ഒരിക്കല്‍ രണ്ടുപേരും കൂടി മുംബെയില്‍ പോയി തിരിച്ചുവരുമ്പോള്‍ ലോണ്‍ ശരിയാകാത്ത വിഷമത്തിലിരുന്ന രാമുവിനോട് ബാബു ചോദിച്ചു:
'സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി ലോണെന്നും പറഞ്ഞ് ജീവിതം നശിപ്പിക്കുന്നതെന്തിനാ മാഷെ...' രാമു കാര്യാട്ട് ഒന്നും മിണ്ടിയില്ല. കൈയിലിരുന്ന ലോണ്‍ അപേക്ഷയുടെ ഫോട്ടോ കോപ്പിയും പേപ്പറുകളും മറിച്ചു നോക്കി വെറുതെ ഇരുന്നു. ബാബു ചിരിച്ചുകൊണ്ട് ചോദ്യം ആവര്‍ത്തിച്ചു: രാമുവിന്റെ മുഖത്ത് ദേഷ്യവും സങ്കടവും ഇരച്ചുകയറി:
'സിനിമയെടുക്കാന്‍ പൈസ വേണം. നീ തരുമോ എനിക്ക് പൈസാ...'

ചോദ്യം കേട്ട് ബാബു പിന്നെയും ചിരിച്ചു. എന്നിട്ട് രാമുവിന്റെ കൈയിലിരുന്ന പേപ്പറുകള്‍ വാങ്ങി കീറി ട്രെയിനിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു.
സ്തംഭിച്ചിരുന്ന രാമുവിന്റെ തോളില്‍ പിടിച്ചുകൊണ്ട് ബാബു സേട്ട് പറഞ്ഞു:
'പണം ഞാന്‍ തരാം. ഈ സിനിമ ഞാന്‍ നിര്‍മിക്കാം.'
രാമു കാര്യാട്ട് ബാബുവിന്റെ കൈപിടിച്ചു: 'വിശ്വസിച്ചോളൂ. ഈ ചിത്രം നമ്മള്‍തന്നെ ഒരുക്കുന്നു.'

അതോടെ സംഗതി ഉഷാറായി. പഴനിയായി സത്യനെയും കൊച്ചുമുതലാളിയായി മധുവിനെയും കറുത്തമ്മയുടെ അച്ഛനായി കൊട്ടാരക്കര ശ്രീധരന്‍ നായരെയും നിശ്ചയിച്ചു. മൂന്നുപേര്‍ക്കും അഡ്വാന്‍സും നല്കി.

കറുത്തമ്മയായി അംബികയെ ആണ് ആദ്യം നിശ്ചയിച്ചത്. പക്ഷേ, ഡേറ്റിന്റെ ചില പ്രശ്‌നങ്ങളാല്‍ അവസാന നിമിഷം അംബിക മാറി. പകരം ആദ്യം മനസ്സുകൊണ്ട് രാമു കാര്യാട്ട് നിശ്ചയിച്ചിരുന്ന ഷീലയെത്തന്നെ കൊണ്ടുവന്നു. ചക്കി മരയ്ക്കാത്തിയായി അടൂര്‍ ഭവാനിയെയും പപ്പിക്കുഞ്ഞായി രാജകുമാരിയെയും പഞ്ചമിയായി ലതാരാജുവിനെയും തീരുമാനിച്ചു.

ചെമ്മീനിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ എഴുതിയത് വയലാര്‍ രാമവര്‍മയായിരുന്നു സലില്‍ ചൗധരിയായിരുന്നു സംഗീതസംവിധായകന്‍.
സംഗീതസംവിധായകനായ സലില്‍ ചൗധരിയുടെ ആദ്യചിത്രം 1953-ല്‍ ഇറങ്ങിയ ദോ ബിഖാ സമീന്‍ ആയിരുന്നു. മലയാളത്തിലെ ആദ്യചിത്രം ചെമ്മീനും. രാമുവിന്റെ സുഹൃത്തായിരുന്നു സലില്‍ ചൗധരി. ഹിന്ദി ഗായകരായ ലതാ മങ്കേഷ്‌ക്കറിനെയും മന്നാഡെയെയും മലയാളത്തില്‍ പരീക്ഷിക്കാന്‍ സലില്‍ നിശ്ചയിച്ചു. യേശുദാസും പി.ലീലയും ശാന്താ.പി.നായരുമായിരുന്നു മറ്റുഗായകര്‍.

'കടലിനക്കരെ പോണോരെ' എന്ന ഗാനമായിരുന്നു ലതാ മങ്കേഷ്‌കറിനു വേണ്ടി നിശ്ചയിച്ചിരുന്നത്. മദ്രാസില്‍ റെക്കോഡിങ് തീരുമാനിച്ചു. പക്ഷേ, സമയത്ത് ലത വന്നില്ല. അന്വേഷിച്ചപ്പോള്‍ മലയാളത്തിലെ ഉച്ചാരണം ശരിയായില്ലെങ്കിലോ എന്ന സംശയത്തില്‍ പിന്മാറിയതാണ്. പിന്നീട് സലില്‍ ഈ ഗാനം യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചു. യേശുദാസും പി.ലീലയും പാടിയ 'പുത്തന്‍ വലക്കാരേ...', 'പെണ്ണാളെ പെണ്ണാളേ.. കരിമീന്‍ കണ്ണാളേ', മന്നാഡെ പാടിയ 'മാനസ മൈനേ വരൂ...' ഇവയായിരുന്നു ചെമ്മീനിലെ ഗാനങ്ങള്‍.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് സിനിമ കളറിലേക്കു മാറിയ സമയമായിരുന്നു അത്. ചെമ്മീന്‍ കളറില്‍ത്തന്നെ എടുത്താല്‍ മതിയെന്ന് രാമു കാര്യാട്ടും ബാബു സേട്ടും നിശ്ചയിച്ചു. പക്ഷേ, കളര്‍ ഫിലിം കിട്ടാന്‍ പ്രയാസമായിരുന്നു. ഒടുവില്‍ ചെമ്മീനിനു വേണ്ടി ഫിലിം വാങ്ങാന്‍ മദ്രാസിലെ ഒരു ബാങ്കില്‍ 50,000 രൂപയുടെ ബോണ്ട് എഴുതിക്കൊടുത്തു. അപ്പോഴാണ് ഫിലിം കമ്പനിക്കാര്‍ മുപ്പതു റോള്‍ നെഗറ്റീവും മുപ്പതു റോള്‍ പോസിറ്റീവും നല്കിയത്.

ഇതിനിടെ മാര്‍ക്കസ് ബര്‍ട്ട്‌ലിയെ ഛായാഗ്രാഹകനായി നിശ്ചയിച്ചു. കൊഡാക്ക് ഫിലിം കമ്പനിയിലെ ഈശ്വരനാണ് മാര്‍ക്കസ് ബര്‍ട്ട്‌ലിയുടെ കാര്യം രാമുവിനോട് പറഞ്ഞത്. ജെമിനി സ്റ്റുഡിയോയില്‍ ജോലിയായിരുന്നു അന്ന് ബര്‍ട്ട്‌ലിക്ക്. രാമു അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ സമ്മതം. ജെമിനി സ്റ്റുഡിയോയില്‍ പൈസ അടച്ച് ബര്‍ട്ട്‌ലിയെ ചെമ്മീന്‍ ചിത്രീകരിക്കാന്‍ കൊണ്ടുവന്നു.

1964 അവസാനം പുന്നപ്രയിലാണ് ഷൂട്ടിങ് തുടങ്ങിയത്. ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് നാട്ടുകാര്‍ കടല്‍ക്കരയില്‍ ഷൂട്ടിങ് കാണാന്‍ കൂടി. പക്ഷേ, അവിടെ ചിത്രീകരിക്കുന്നതിന് വാടക വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഷൂട്ടിങ് തുടരാനാകാത്ത അവസ്ഥയായി. ഒടുവില്‍ മറ്റൊരു ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ തീരുമാനമായി. കടപ്പുറമായ കടപ്പുറമെല്ലാം രാമു കാര്യാട്ടും ബാബു സേട്ടും അലഞ്ഞു. കൊടുങ്ങല്ലൂരിനടുത്തുള്ള അഴിക്കോട് കടപ്പുറം ഒടുവില്‍ ചിത്രീകരണത്തിന് തിരഞ്ഞെടുത്തു.

മലയാളത്തിലെ പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറും പില്ക്കാലത്ത് സംവിധായകനും നിര്‍മാതാവും ആയി മാറിയ ശിവന്‍ ആയിരുന്നു ചെമ്മിനിന്റെ നിശ്ചല ഛായാഗ്രാഹകന്‍. പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍, സംവിധായകന്‍ സംഗീത് ശിവന്‍, സഞ്ജയ് ശിവന്‍ എന്നിവരുടെ അച്ഛനാണ് ശിവന്‍.

അഴീക്കോട് കടപ്പുറത്ത് 41 ദിവസം ഷൂട്ടിങ്ങുണ്ടായിരുന്നു. ഭീകരതയുണര്‍ത്തുന്ന രണ്ടുരംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതിലൊന്ന് പളനി വള്ളവുമായി ചുഴിയില്‍ അകപ്പെടുന്നതാണ്. ഇത് കടലില്‍ ചിത്രീകരിക്കാനായില്ല. മദ്രാസില്‍ സെറ്റിട്ട് ചിത്രീകരിക്കാനായിരുന്നു തീരുമാനം. അതിന് മദ്രാസിലെ ഫ്ലൈയിങ് ക്ലബിനടുത്തുള്ള സ്വിമ്മിങ് പൂളാണ് തിരഞ്ഞെടുത്തത്. സ്വിമ്മിങ് പൂളില്‍ ഒരു ചെറിയ മോട്ടര്‍ വെച്ച് ഹൈസ്പീഡ് കാമറയുടെ സഹായത്താല്‍ ചിത്രീകരിക്കുക. അതായിരുന്നു തീരുമാനം.
പളനിയെ ആക്രമിക്കാന്‍ വരുന്ന ഭീമാകാരനായ മത്സ്യത്തിന്റേതായിരുന്നു മറ്റൊരു ദൃശ്യം. മേശപ്പുറത്ത് ഒരു ഫിഷ് ടാങ്ക് വെച്ച് സാധാരണ വലിപ്പമുള്ള ഒരു മത്സ്യത്തെ ഫിഷ് ടാങ്കിനുള്ളിലിട്ടാണ് ഈ രംഗം ചിത്രീകരിച്ചത്. ഹൈ സ്പീഡ് ക്യാമറയാണ് ഇതിനെ ഭീമാകാരനായ മത്സ്യമായി കാണിച്ചത്.

ഒന്‍പതു ലക്ഷത്തോളം രൂപയാണ് ചെമ്മീനിന്റെ മൊത്തം നിര്‍മാണച്ചെലവ്. ഒന്‍പതു തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഒരു വര്‍ഷം ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ മുപ്പതു ലക്ഷം രൂപ നിര്‍മാതാവിനു തിരികെ കിട്ടി. ചിത്രം ഹിന്ദിയിലേക്കു ഡബ്ബ് ചെയ്തു. ഇംഗ്ലീഷിലും സബ് ടൈറ്റിലില്‍ പ്രദര്‍ശിപ്പിച്ചു.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറി ചെമ്മീന്‍. വിദേശങ്ങളിലും ചെമ്മീന്‍ പ്രകീര്‍ത്തിക്കപ്പെട്ടു; പ്രത്യേകിച്ച്, സോവിയറ്റ് യൂണിയനില്‍. പ്രശസ്ത വിമര്‍ശകനായ ശാന്താ രാമ റാവു ചെമ്മീനിനെക്കുറിച്ചെഴുതിയ നല്ല വാക്കുകള്‍ വായിച്ച് മുപ്പതു ഭാഷകളിലേക്ക് തകഴിയുടെ ചെമ്മീന്‍ എന്ന പുസ്തകം മൊഴിമാറ്റി. സാങ്കേതികമായും കലാപരമായും വിജയിച്ച മികച്ച സിനിമ എന്ന് ലോകം മുഴുവന്‍ ചെമ്മീനിനെ വാഴ്ത്തി. ഒരു നോവലിനെ ആസ്പദമാക്കി ആദ്യമായി കളറില്‍ എടുത്ത ചിത്രവും ചെമ്മീനാണ്.

പില്ക്കാലത്ത് പ്രസിദ്ധ സംവിധായകന്‍ 'ഋഷിദാ'യായി മാറിയ ബംഗാളിയായ ബോളിവുഡ് ടെക്‌നീഷ്യന്‍ ഋഷികേശ് മുഖര്‍ജിയായിരുന്നു ചെമ്മീനിന്റെ എഡിറ്റര്‍.

2005-ല്‍ ചിത്രത്തിന്റെ നാല്പതാം വാര്‍ഷികം ആഘോഷിച്ചു. മധു, അടൂര്‍ പങ്കജം, ലതാ രാജു, ശിവന്‍, ഉദയഭാനു, കണ്‍മണി ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാട്ടിക കടപ്പുറത്തെ കടലില്‍ ചിത്രീകരണത്തിനിടയില്‍ ഒരു രംഗത്ത് അപകടത്തില്‍പ്പെട്ട സത്യനെ നാട്ടുകാര്‍ രക്ഷപെടുത്തിയ കഥ മധു ഈ ചടങ്ങില്‍ഓര്‍മിച്ചു. നാട്ടിക കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ അവരുടെ വീടുകളും മറ്റും ഷൂട്ടിങ്ങിനു വിട്ടുകൊടുത്തതും സ്‌നേഹപൂര്‍വമുള്ള അവരുടെ സഹകരണവും മധുവിന്റെ ഓര്‍മയില്‍ എത്തി. ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ 'മാനസമൈനേ വരൂ', 'പെണ്ണാളെ പെണ്ണാളെ' എന്നീ ഗാനങ്ങള്‍ ശ്രീനിവാസും ഉദയഭാനുവും അന്ന് ആലപിച്ചു.

കണ്‍മണി ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചെമ്മീനിന്റെ നിര്‍മാതാവ് ബാബു സേട്ട് പക്ഷേ, കണ്‍മണി എന്ന പെണ്‍കുട്ടിയെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല.