ഭാസിയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുത്, ഇതൊരു കൂട്ടായ പ്രയത്നം-  അഭിലാഷ് എസ്.കുമാര്‍ 


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുക എന്നതാണ്. ഈ സിനിമയുടെ ഭാഗമായവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായിരുന്നു.

'ചട്ടമ്പി' സിനിമയിലെ രംഗം, അഭിലാഷ് എസ്.കുമാർ

ഷിഖ് അബുവിന്റെ അസോസിയേറ്റ് ഡയറക്ടറായും അദ്ദേഹത്തിന്റെ സിനിമകളില്‍ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ച അഭിലാഷ് എസ്.കുമാറിന്റെ ആദ്യ സംവിധാന സംരംഭം. ശ്രീനാഥ് ഭാസി എന്ന നടന്റെ സിനിമാജീവിതത്തിലെ ഏറ്റവും വ്യത്യസ്ത കഥാപാത്രം. ഇത്രയേറെ പ്രത്യേകതകളുമായി തിയേറ്ററിലെത്തിയ ചിത്രമാണ് 'ചട്ടമ്പി' എന്ന ചിത്രം. എന്നാല്‍ റിലീസിന് തൊട്ടുതലേ ദിവസം ശ്രീനാഥ് ഭാസിയുടെ അഭിമുഖവും അതുമായി ബന്ധപ്പെട്ട പോലീസ് കേസും പ്രതികൂലമായി ബാധിച്ചത് ഒരുകൂട്ടം കലാകാരന്‍മാരുടെ കൂട്ടായ പ്രവര്‍ത്തനത്തെയാണ്. സിനിമ എത്ര നല്ലതാണെങ്കിലും നെഗറ്റീവ് കാമ്പയിനുകള്‍ നടക്കുന്ന ഈ കാലത്ത് തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നത് ഒരു ഭഗീരഥ പ്രയത്നമാണ്. പ്രത്യേകിച്ച് കോവിഡ് കാലത്തിന് ശേഷം. ഒരാളോടുള്ള ദേഷ്യം മൊത്തം സിനിമയോട് തീര്‍ക്കരുതെന്നാണ് സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ്.കുമാറിന് പറയാനുള്ളത്. ഒരുപാട് പേര്‍ ഇഷ്ടപ്പെടുന്ന നടനായതുകൊണ്ടായിരിക്കാം ഭാസിയില്‍ നിന്നുണ്ടായ ആ പെരുമാറ്റം ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാതെ പോയതെന്നും അദ്ദേഹം പറയുന്നു. യാതൊരു തരത്തിലും ഭാസിയെ ന്യായീകരിക്കുന്നില്ല, അദ്ദേഹം അതിനുള്ള ശിക്ഷ വാങ്ങാന്‍ സന്നദ്ധനാണ്. പക്ഷേ ഈ സിനിമ ഞങ്ങള്‍ ഒരുപാട് പേരുടെ പ്രയത്നഫലമാണ്- സംവിധായകന്‍ പറയുന്നു.

വിവാദങ്ങള്‍ക്ക പിന്നാലെ വമ്പന്‍ അന്യഭാഷ റിലീസുകള്‍ വരുന്നു? എങ്ങിനെയാണ് ഈ പ്രതിസന്ധിയെ നോക്കി കാണുന്നത്?വിവാദങ്ങള്‍ സിനിമയെ ബാധിച്ചുവെന്നത് ശരിയാണ്. പക്ഷേ ഇത് ഭാസിയുടെ മാത്രം സിനിമയല്ല. നൂറ്റമ്പതോളം വരുന്ന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഈ സിനിമയ്ക്ക് പിറകിലുണ്ട്. അവരുടെയെല്ലാം കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. ഒരുപാട് ആളുകള്‍ ഇഷ്ടപ്പെടുന്ന നടനാണ് ഭാസി. ഭാസിയില്‍ നിന്ന് അങ്ങനെയൊരു പെരുമാറ്റം ആരും പ്രതീക്ഷിച്ചു കാണില്ല. അതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല. പക്ഷേ ഭാസിയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കുന്നതില്‍ നിരാശയുണ്ട്. അങ്ങനെ ചെയ്യരുതെന്നാണ് പറയാനുള്ളത്. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒരു സിനിമയാണിതെന്നൊന്നും അവകാശപ്പെടുന്നില്ല. പത്ത് പേര്‍ കണ്ടതില്‍ ആറ് പേര്‍ക്കെങ്കിലും ഇഷ്ടമായി എന്നാണ് അറിയാന്‍ സാധിച്ചത്. ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി വമ്പന്‍ റിലീസുകള്‍ വരുന്നു എന്നതാണ്. വലിയ താരങ്ങളുടെ സിനിമകള്‍ വരുമ്പോള്‍ ചെറിയ സിനിമകള്‍ പ്രതിസന്ധി അനുഭവിക്കും.

മികച്ച അഭിനേതാക്കളാണ് ഈ സിനിമയുടെ ഭാഗമായത്, അവര്‍ക്കൊപ്പമുള്ള അനുഭവം?

ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുക എന്നതാണ്. ഈ സിനിമയുടെ ഭാഗമായവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായിരുന്നു. അതുകൊണ്ടു തന്നെ അവരെ അഭിനയിപ്പിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നില്ല. അഭിനയിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക എന്നതായിരുന്നു എന്റെ ദൗത്യം. 'കപ്പേള'യിലും 'രമേഷ് സുമേഷി'ലും ശ്രീനാഥ് ഭാസി നാടന്‍വേഷങ്ങളാണ് ചെയ്തത്. എന്നിരുന്നാലും 'ചട്ടമ്പി'യിലേത് വളരെ വ്യത്യസ്തമാണ്. പഴയകാലഘട്ടത്തിലെ കഥയാണ്. മുണ്ടുടുത്ത് പരിചയമുള്ള ആളല്ല ഭാസി. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ശ്രീനാഥ് ഭാസി ഇടുക്കിയിലേക്ക് കൊണ്ടുപോവുകയും നാട്ടുകാരുമായി ഇടപഴകുകയും ചെയ്തു. അവരുടെ സംസാരശൈലിയും മാനറിസവുമൊക്കെ ഭാസി മനസ്സിലാക്കി വച്ചു. അങ്ങനെയാണ് ഭാസി കഥാപാത്രമായി തീര്‍ന്നത്.

തിരക്കഥാകൃത്തില്‍ നിന്ന് സംവിധായകനിലേക്കുള്ള യാത്രയെ എങ്ങിനെ നോക്കി കാണുന്നു?

ആഷിക് ഏട്ടന്‍ (സംവിധായകന്‍ ആഷിക് അബു) ഗോളില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലം മുതല്‍ തന്നെ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. 'സോള്‍ട്ട് ആന്റ് പെപ്പറി'ല്‍ ഞാന്‍ ആഷിക് ഏട്ടന്റെ അസിസ്റ്റന്റായി. '22 ഫീമെയില്‍ കോട്ടയം' ചെയ്യാന്‍ തീരുമാനിച്ച സമയത്താണ്, അദ്ദേഹം എന്നോട് എഴുതുമോ എന്ന് ചോദിക്കുന്നത്. പിന്നീട് എഴുത്തു തന്നെയായി. ഞാനും പപ്പായ മീഡിയയുടെ ഭാഗമാണ്. അവിടെ പരസ്യവും ചെറിയ ഡോക്യുമെന്ററികളും മറ്റും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഴുത്തിനേക്കാളും എനിക്ക് സംവിധാനം വഴങ്ങുമെന്ന തോന്നലുണ്ടായത്. 'ഗാങ്സ്റ്ററി'ന് ശേഷം എഴുത്തില്‍ നിന്ന് ഒരു ഇടവേളയെടുത്തു. അതിന് ശേഷം ഒരു സിനിമ ചെയ്യാന്‍ ദുബായിലേക്ക് പോയി. തുടര്‍ന്നാണ് സുഹൃത്തുക്കളായ അലക്സ് ജോസഫ്, നിര്‍മാതാവ് ആസിഫ് യോഗി എന്നിവര്‍ക്കൊപ്പം ബ്രേക്ക് ജേണി എന്ന ഹ്രസ്വചിത്രം ചെയ്യുന്നത്. അലക്സ് ജോസഫ് 'ചട്ടമ്പി'യുടെ ഛായാഗ്രാഹകനും തിരക്കഥാകൃത്തും ആസിഫ് യോഗി നിര്‍മാതാവുമാണ്. ബ്രേക്ക് ജേണി ശ്രദ്ധനേടി. അങ്ങനെയാണ് സംവിധാനത്തിലേക്ക് എത്തിയത്. ആഷിക് ഏട്ടന്റെ കൂടെ ഒരു സിനിമ ചെയ്താല്‍ തന്നെ പലതും പഠിക്കും. ആ പാഠങ്ങള്‍ എനിക്ക് മുതല്‍ കൂട്ടായിട്ടുണ്ട്.

Content Highlights: Chattambi Film, Abhilash S Kumar interview, Sreenath Bhasi controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented