സുഭാഷ് ലളിത സുബ്രഹ്മണ്യൻ | ഫോട്ടോ: www.instagram.com/subhashlalithasubrahmanian/
ഒരു ഗണപതിക്കഥ! അങ്ങനെയാണ് സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ എന്ന യുവ സംവിധായകന്‍ തന്റെ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഉര്‍വശി, ബാലു വര്‍ഗീസ്, കലൈയരസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ഒരുക്കിയ ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പേരിലും അവതരണശൈലിയിലും കഥാപാത്രങ്ങളിലുമെല്ലാം സസ്‌പെന്‍സ് ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് ഈ യുവസംവിധായകന്‍. ആദ്യം ചെയ്യേണ്ടിയിരുന്ന ജുംബാലഹരി എന്ന ചിത്രം കോവിഡിനേ തുടര്‍ന്ന് മാറ്റിവെയ്ക്കുകയും രണ്ടാമത് ആലോചിച്ച കഥ സിനിമയാവുകയും ചെയ്ത അനുഭവമാണ് സുഭാഷിന് പറയാനുള്ളത്. വന്‍താരനിരയെ മുന്നില്‍ നിര്‍ത്തി ചാള്‍സ് എന്റര്‍പ്രൈസസ് എന്ന മലയാളചിത്രം ഒരുക്കിയ കഥ മാതൃഭൂമി ഡോട്ട് കോമിനോട് പറയുകയാണ് സുഭാഷ്.
ഒരു ഫോണ്‍ കോളില്‍ ലഭിച്ച ആശയം
ചാള്‍സ് എന്റര്‍പ്രൈസസ് ഒരു സറ്റയര്‍ ഡ്രാമാ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ജുംബാലഹരി എന്നൊരു സിനിമയായിരുന്നു ഞാന്‍ ശരിക്ക് ചെയ്യേണ്ടിയിരുന്നത്. ആ പ്രോജക്റ്റ് ലോക്ഡൗണ്‍ കാരണം മുടങ്ങിപ്പോവുകയായിരുന്നു. എന്റെ സ്വദേശം പൊന്നാനിയാണെങ്കിലും ലോക്ഡൗണ്‍ സമയത്ത് ഞാന്‍ കൊച്ചിയിലായിരുന്നു. പനമ്പിള്ളി നഗറിലെ എല്‍.ഐ.ജി കോളനിയ്ക്ക് അടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. അവിടെ കണ്ട കാഴ്ച എന്താണെന്നുവച്ചാല്‍ അടുത്തടുത്താണ് വീടുകള്‍. ഒരു വീട്ടില്‍ ഒരു കുഞ്ഞ് കരഞ്ഞാല്‍ അടുത്തവീട്ടുകാര്‍ക്ക് ഉറങ്ങാന്‍ പറ്റില്ല. ഞാനീ കാഴ്ചകളൊക്കെയാണ് കണ്ടുകൊണ്ടിരുന്നത്. സിനിമാ മേഖല എന്ന് പഴയപോലെയാവും എന്ന് അറിയാത്ത അവസ്ഥ. ആ സമയത്ത് എനിക്കുവന്ന ഫോണ്‍കോളില്‍നിന്നാണ് ചാള്‍സ് എന്റര്‍പ്രൈസസ് എന്ന സിനിമയുടെ കഥ വികസിക്കുന്നത്.
സിനിമയുടെ പേരില്‍ ഒരുകാര്യം ഒളിഞ്ഞിരിപ്പുണ്ട്
ചാള്‍സ് എന്റര്‍പ്രൈസസ് എന്ന പേരില്‍ സിനിമയുടെ കാതല്‍ കിടക്കുന്നുണ്ട്. അത് സിനിമ കണ്ടാല്‍ മനസിലാവും. അതൊരു സസ്‌പെന്‍സ് തന്നെയാണ്. കഥ കിട്ടിയെങ്കിലും പേരൊന്നും നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഈ കഥയിലേക്കെത്തുന്ന ഒരു പോയിന്റില്‍ ഇങ്ങനെയൊരു പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചാള്‍സ് എന്ന പേരിനെ രണ്ടര്‍ത്ഥത്തില്‍ കാണാം. ഇവിടെ ചാള്‍സ് ശോഭരാജുമുണ്ട്, ചാള്‍സ് രാജകുമാരനുമുണ്ട്. സിനിമ കണ്ടുകഴിയുമ്പോള്‍ എല്ലാം വ്യക്തമാകും.

ഉര്‍വശി ചേച്ചിയുടെ വാക്കുകള്‍ ഊര്‍ജമായി
ആദ്യ ലോക്ഡൗണിന്റെ സമയത്തുതന്നെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി തീര്‍ത്തിരുന്നു. ഈ സമയത്ത് ഉര്‍വശി ചേച്ചിയും ജയറാമേട്ടനും അഭിനയിച്ച പുത്തന്‍ പുതുക്കാലം എന്ന ആന്തോളജി സിനിമ ഓ.ടി.ടി റിലീസായിരുന്നു. എന്റെ കഥയില്‍ രസമുള്ള കഥാപാത്രമുണ്ടായിരുന്നു. പുത്തന്‍ പുതുക്കാലം കണ്ടശേഷം ഞാന്‍ ഉര്‍വശി ചേച്ചിയെ വിളിച്ചിരുന്നു. സിനിമ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാം നന്നാവട്ടെ എന്ന് ചേച്ചി പറഞ്ഞു. ഫോണ്‍ കട്ട് ചെയ്ത ഉടന്‍ ഞാന്‍ ചിന്തിച്ചു എന്റെ സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍ ഗോമതിയും മകന്‍ രവിയുമാണ്. എന്തുകൊണ്ട് ഉര്‍വശി ചേച്ചി ആയിക്കൂടാ എന്ന് തോന്നി. വിളിച്ചാല്‍ വന്ന് അഭിനയിക്കുമോ എന്ന് സംശയമായി. പിന്നെയും ചേച്ചിയെ വിളിച്ച് കഥ പറഞ്ഞു. കൊച്ചി ബേസ് ചെയ്ത് കുറേ പേര്‍ പടം ചെയ്തിട്ട് തന്നെ വിളിക്കാഞ്ഞിട്ടാണ് എന്ന് അവര്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഞാന്‍ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് അയച്ചുകൊടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയായപ്പോഴേക്കും ചേച്ചി വിളിക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു. വര്‍ക്ക് ചെയ്യൂ നാട്ടില്‍വരുമ്പോള്‍ നേരില്‍ക്കാണാം എന്നും കൂടി പറഞ്ഞപ്പോള്‍ നല്ല ഊര്‍ജം കിട്ടി. ചേച്ചി ഏകദേശം റെഡിയാണെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ നേരത്തേ കഥ പറഞ്ഞ പല നിര്‍മാതാക്കളും റെഡിയായി.

ഉര്‍വശി ചേച്ചി 'ഗോമതി'യായി കണ്‍മുന്നില്‍
സ്‌ക്രിപ്റ്റ് പോളിഷ് ചെയ്യലായിരുന്നു പിന്നത്തെ ജോലി. ഒരു സുപ്രഭാതത്തില്‍ ചേച്ചിയുടെ വിളിയെത്തി. കൊല്ലത്തെ വീട്ടിലുണ്ടെന്നും നേരില്‍ക്കാണാന്‍ വരണമെന്നുമായിരുന്നു പറഞ്ഞത്. ചേച്ചിയുടെ ഹസ്ബന്‍ഡിന്റെ വീട്ടില്‍ മുറ്റത്തൊരു പ്ലാവിന്റെ ചുവട്ടില്‍ കസേരയൊക്കെ ഇട്ടിരുന്നാണ് കഥ പറയുന്നത്. കഥ പറഞ്ഞുതുടങ്ങിയ നിമിഷം മുതല്‍ ചേച്ചി പിന്നെ ഗോമതിയായി. കഥയില്‍ ഞാന്‍ വിചാരിച്ചതിനേക്കാളും വലിയ ഷിഫ്റ്റായിരുന്നു അത്. സിനിമയുടെ മൊത്തത്തില്‍ ഒരു രൂപം ആക്കിയിട്ടാണ് ഞാനവിടെ നിന്ന് തിരിച്ചുപോന്നത്. പിന്നെ താരങ്ങളെ നേരെ നിശ്ചയിക്കുകയായിരുന്നു.
അജിത് ജോയ് എന്ന നിര്‍മാതാവ്
നല്ലൊരു നിര്‍മാതാവിനെത്തന്നെ തിരഞ്ഞെടുക്കണമായിരുന്നു. ഒന്നാമത്തേത് ഇടയ്ക്ക് വെച്ച് നിന്നുപോവരുത്. പിന്നെ കുറച്ച് ബഡ്ജറ്റ് ഈ പടത്തിനുണ്ട്. കൂടാതെ എല്ലാം തീര്‍ത്ത് തിയേറ്ററില്‍ സിനിമയെത്തിക്കാന്‍ പ്രാപ്തിയുള്ളയാളാവണം പ്രൊഡ്യൂസര്‍. അതിന് സാമ്പത്തികം മാത്രം പോര. ഒരു നിര്‍മാതാവ് ചെയ്യാമെന്ന് അറിയിച്ചിരുന്നതാണെങ്കിലും അവസാനനിമിഷം ശരിയാവാതെവന്നു. അങ്ങനെയെരിക്കുമ്പോഴാണ് അജിത് ജോയ് സാറിനെ കാണാന്‍ അവസരമുണ്ടായത്. കഥകേട്ടപാടെ അദ്ദേഹം എനിക്ക് കൈ തന്നു. ആ കൈ തന്നതില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരുംകൂടി ചെന്നൈയില്‍ ഉര്‍വശി ചേച്ചിയുടെ വീട്ടില്‍ച്ചെന്ന് അഡ്വാന്‍സ് കൊടുത്തു. വിചിത്രം, ചാള്‍സ് എന്റര്‍പ്രൈസസ് എന്നീ ചിത്രങ്ങള്‍ ഒരേസമയമാണ് ജോയ് സാര്‍ ചെയ്തത്. ചാള്‍സിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പുള്ളി മുകുന്ദനുണ്ണി അസോസിയേറ്റ്‌സും ഏറ്റെടുക്കുന്നത്. ഇതിന്റെ കൂടെ ആട്ടം എന്ന വിനയ്‌ഫോര്‍ട്ട് ചിത്രവും അജിത് സാര്‍ നിര്‍മിച്ചു. ഇത്രയും പ്രൊഡക്ഷനുകള്‍ ഒരുമിച്ച് നടന്നിട്ടും സെറ്റില്‍ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.
സൗഹൃദവുമുണ്ട് സൗഹൃദത്തിന്റെ രാഷ്ട്രീയവുമുണ്ട് സിനിമയില്‍
ബാലു വര്‍ഗീസ്, കലൈയരസന്‍, ഗുരു സോമസുന്ദരം, സുജിത് ശങ്കര്‍ തുടങ്ങി, മണികണ്ഠന്‍ ആചാരി തുടങ്ങി ഒരുപാട് അഭിനേതാക്കളുണ്ട്. മലയാളം, തമിഴ് ഭാഷകള്‍ സംസാരിക്കുന്ന ആളുകളാണ് ഈ സിനിമയിലുള്ളത്. കാരണം കൊച്ചിയാണ് കഥാപരിസരം. മാത്രമല്ല, കൊച്ചിയിലെ വാതുരുത്തി എന്ന സ്ഥലത്തെ കോളനിയില്‍ ഭൂരിഭാഗം പേരും തമിഴാണ് സംസാരിക്കുന്നത്. നിത്യവൃത്തിക്കായി കൂലിപ്പണിക്ക് പോകുന്നവരാണവര്‍. മലയാളികള്‍ താമസിക്കുന്ന എല്‍.ഐ.ജി കോളനി, തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന രണ്ടാമത്തെ കോളനി എന്നിങ്ങനെയാണ് സിനിമയിലുള്ളത്. രണ്ട് കോളനിയിലേയും ആളുകളാണ് കഥാപാത്രങ്ങള്‍. ബാലു എല്‍.ഐ.ജി കോളനിയേയും കലൈയരസന്‍ വാതുരുത്തി കോളനിയേയും പ്രതിനിധീകരിക്കുന്നു. രണ്ട് ഭാഷ സംസാരിക്കുന്ന ഈ കഥാപാത്രങ്ങളുടെ സൗഹൃദവുമുണ്ട് സിനിമയില്‍. സൗഹൃദത്തിന്റെ രാഷ്ട്രീയവുമുണ്ട് സിനിമയില്‍. പിന്നെ 24-ഓളം നാടകകലാകാരന്മാരാണ് ചാള്‍സിന്റെ ഭാഗമായത്.

സിനിമയുടെ മുപ്പത് ശതമാനവും തമിഴാണ്
കേരളത്തിലെ നടനേക്കൊണ്ട് തമിഴ് സംസാരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ ഒരു തമിഴ്‌നടന്‍ തന്നെ വരുന്നത്. എന്റെ മനസിലേക്ക് ആദ്യം വന്നത് കലൈയരസന്‍ തന്നെയാണ്. മദ്രാസ്, സാര്‍പ്പട്ട പരമ്പരൈ, നച്ചത്തിരം നഗര്‍ഗിറത് പോലെയുള്ള പടങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനാണ് കലൈ. അദ്ദേഹത്തിലേക്ക് എങ്ങനെ എത്തിപ്പെടും എന്നുമാത്രമേ അറിയാതിരുന്നുള്ളൂ. പക്ഷേ നമ്മുടെ പ്രൊഡക്ഷന്‍ ടീം അതിനുള്ള സൗകര്യം ചെയ്തുതന്നു. കഥ കേട്ടപ്പോള്‍ തന്നെ കലൈ ഹാപ്പിയായി, ചെയ്യാമെന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹം മലയാളത്തില്‍ തങ്കവും 2018-ഉം ചെയ്തു. പിന്നെ ഈ സിനിമയുടെ മുപ്പത് ശതമാനവും തമിഴാണ്. തമിഴ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് കാക്കമുട്ടൈ എന്ന പടത്തിന്റെ സംഭാഷണ രചയിതാവായ മുരുകാനന്ദ് കുമരേശനാണ്. അദ്ദേഹം എന്റെ സുഹൃത്താണ്, പ്രചോദിപ്പിക്കുന്ന എഴുത്തുകാരനാണ്. തിരക്കഥ എഴുതുമ്പോഴേ ഞാന്‍ആവശ്യപ്പെട്ടിരുന്നു തമിഴ് സംഭാഷണങ്ങള്‍ എഴുതിത്തരണമെന്ന്. ഒരുദിവസം അദ്ദേഹം ഇങ്ങോട്ടുവരികയും ഞങ്ങളൊരുമിച്ച് വാതുരുത്തി കോളനിയിലെല്ലാം സഞ്ചരിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുശേഷം ഒറ്റയിരുപ്പില്‍ സംഭാഷണം എഴുതി പൂര്‍ത്തിയാക്കുകയായിരുന്നു. സിനിമയിലെ ആറുപാട്ടുകളില്‍ രണ്ടെണ്ണം തമിഴിലാണ്. ചിത്രത്തിലെ ഈയിടെ റിലീസ് ചെയ്ത തങ്കമയിലേ എന്ന ഗാനം എഴുതിയത് പാ രഞ്ജിത്തിന്റെ അസിസ്റ്റന്റ് ആയ നാച്ചിയാണ്.
പഞ്ചതന്ത്രം കഥ പോലെ ഒരു ഗണപതിക്കഥ
ഇതൊരു ഗണപതിക്കഥയാണ്. യുക്തികൊണ്ടും ഭക്തികൊണ്ടും കാണാവുന്ന സിനിമയായിരിക്കും ചാള്‍സ് എന്റര്‍പ്രൈസസ്. പഞ്ചതന്ത്രം കഥപറയുന്ന പോലെയാണ് ചിത്രം ചെയ്തിരിക്കുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ വന്ന സിനിമകള്‍ പോലെയായിരിക്കില്ല ചാള്‍സ്. നഗരക്കാഴ്ചകളെ പഞ്ചതന്ത്രം കഥയുടെ മോഡിലേക്ക് കൊണ്ടുവരുമ്പോള്‍ പോസ്റ്റര്‍ ഡിസൈനും പ്രത്യേകതയുണ്ട്. ഇലസ്‌ട്രേഷന്‍ ചെയ്യുന്ന ഗോപീകൃഷ്ണനാണ് ഗണപതിയുടെ രൂപം വരച്ചുതന്നത്. നാഗരിക ഗണപതി എന്നതായിരുന്നു ആദ്യ കണ്‍സെപ്റ്റ്. പോസ്റ്റര്‍ കാണുന്നവര്‍ക്ക് ഒരുതരം മഞ്ഞളിപ്പ് തോന്നും. അത് കഥയെ ബന്ധിപ്പിക്കുന്ന ഒന്നാണ്. സിനിമ കണ്ടിറങ്ങുമ്പോഴും അതുണ്ടാവും.
Content Highlights: charles enterprises movie, director subhash lalitha subrahmanian interview, urvashi malayalam movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..