സി. രാജഗോപാലപിള്ള.
മലയാള സിനിമയുടെ വെള്ളിത്തിര സ്വപ്നം കണ്ട്, മോഹിച്ച് അതിന്റെ അഗാധതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങി, അനുഭവങ്ങളുടെ നീണ്ട തിരമാലകളില്‍ വിജയം കണ്ട നിരവധിപേരെ നമ്മള്‍ ചരിത്രമായും സ്മരണകളുമായും അവാര്‍ഡുകളുമായും ഓര്‍ക്കാറുണ്ട്. എന്നാല്‍ സിനിമയെയും കലയെയും നാടക-സാഹിത്യത്തിനെയും ഒരുപോലെ സ്നേഹിച്ച്, കഠിനമേറിയ അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകി ജീവിതത്തില്‍ എങ്ങുമെങ്ങും അറിയപ്പെടാത്തവരായി, ഒരുകാലത്ത് സിനിമയുടെ, നാടകത്തിന്റെ കലയുടെ എല്ലാമെല്ലാമായി ജീവിച്ച് കാലാന്തരം ഒന്നുമല്ലാതെ മണ്‍മറഞ്ഞ നിരവധി പേരുണ്ട്. അത്തരത്തില്‍ സിനിമയെയും കലയെയും ആത്മാര്‍ത്ഥമായി സ്നേഹിച്ചുപോയെന്ന ഒറ്റ കാരണത്താല്‍ ഒരു ആയുഷ്‌കാലം സിനിമയ്ക്ക് വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ട ഒരാളായിരുന്നു'തഴവ രാജന്‍' എന്നറിയപ്പെട്ടിരുന്ന നടനും കലാകാരനും സാഹിത്യകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന സി. രാജഗോപാലപിള്ള.
ഫെബ്രുവരി ഇരുപത്തിഎട്ടാം തീയതി ചൊവ്വാഴ്ച പുലര്‍ച്ചയോടെ അദ്ദേഹം തന്റെ കലാജീവിതത്തിനും ഇഹജീവിതത്തിനും വിരാമമിട്ട് ഓര്‍മ്മയുടെ കൂടാരത്തിലേക്ക് ചേക്കേറി. കൊല്ലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പഴയകാല നടനും ചലച്ചിത്രനിര്‍മ്മാതാവും നടനുമായ സി. രാജഗോപാലപിള്ള യാത്രയായത്. മരണാന്തരം തികച്ചും ഒരു സാധാരണകാരനെപ്പേലെ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. ഒരു സാധാരണക്കാരനെപ്പോലെ മരണത്തിനൊപ്പം നടക്കേണ്ടവനായിരുന്നില്ല അദ്ദേഹം. മരണാന്തരചടങ്ങുകള്‍ കഴിഞ്ഞ് ജനങ്ങള്‍ ഒന്നൊന്നായി പിരിഞ്ഞുപോയി. വിവരമറിഞ്ഞ് ഞാനും സംഗീത സംവിധായകന്‍ സതീഷ് രാമചന്ദ്രന്‍ സാറും വീട്ടിലെത്തിയപ്പോഴേക്കും പിള്ളസാറ് ഓര്‍മ്മകള്‍ മാത്രമായി അവശേഷിച്ചിരുന്നു. ഉമ്മറത്തെ വരാന്തയിലെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നിരുന്ന എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന ആ പ്രതിഭയില്ലാത്ത ചാരുകസേര ദുഖത്തിന്റെ മൗനവും പേറി ആ വരാന്തയില്‍ ഏകനായി കിടന്നു.
ജീവിതത്തില്‍ ഒരുപാട് ആകസ്മികങ്ങള്‍ സംഭവിച്ച ഒരു വ്യക്തിയാണ് ഞാന്‍. അതുപോലെ വളരെ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കയറിവന്ന ഒരു വ്യക്തിയായിരുന്നു പിള്ളസാര്‍. സാറിനെക്കുറിച്ച് പലപ്പോഴും സതീഷ്ജി എന്നോട് സിനിമയെ പ്രണയിച്ച്, തന്റെ മക്കളെപ്പോലെ സിനിമയെ മാത്രം സ്നേഹിച്ച പിള്ള സാറിറെക്കുറിച്ച് സംസാരിക്കുമായിരുന്നു. സതീഷ്ജിയുടെ സംഗീത പരിജ്ഞാനം തിരിച്ചറിഞ്ഞ്, കഴിവിനെ തൊട്ടറിഞ്ഞ രാജഗോപാലപിള്ള മലയാളത്തിലെ അറിയപ്പെടുന്ന സംഗീതസംവിധായകനായി താന്‍ ഉയരുമെന്ന് പ്രത്യാശിച്ച് ആദ്യമായി ഒരു സിനിമാക്കാരനെ സതീഷ്ജിക്ക് പരിചയപ്പെടുത്തിയ ഒരു വലീയ മനുഷ്യനെക്കുറിച്ച് അദ്ദേഹം എപ്പോഴും വികാരം കൊള്ളാറുണ്ട്. എപ്പോഴോ അദ്ദേഹത്തെ നേരില്‍ കാണുവാനും അനുഗ്രഹം വാങ്ങിക്കുവാനും ഞാന്‍ ആഗ്രഹിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മൂത്തമകളായ രാജിരത്നയുമായി കുടുംബപരമായി അടുത്ത ബന്ധമുണ്ടാവുകയും അത് പിള്ളസാറിനെ സന്ധിക്കുവാനുള്ള കാരണവുമായി തീര്‍ന്നു. അങ്ങിനെ ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് ഞാനുംസതീഷ് രാമചന്ദ്രനും ചേര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു.
അത് ഒരു അസാധാരണമായ സന്ധിക്കലായിരുന്നു. നിയോഗം പോലെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ മൂവരും ചേര്‍ന്നപ്പോള്‍ ഒരുപാട് അനുഭവങ്ങള്‍ പിള്ളസാറില്‍ നിന്നും കുത്തിയൊലിച്ചു. സിനിമയെ ആത്മാര്‍ത്ഥമായി സ്നേഹിച്ചതിന്റെ പേരില്‍ ചതിക്കപ്പെട്ട കഥകളും, മനുഷ്യസ്നേഹിയാണെന്ന് അറിഞ്ഞ്, അദ്ദേഹത്തിന്റെ ദീനാനുകമ്പത്തെ ചൂഷണം ചെയ്ത നിരവധി കഥകള്‍ അദ്ദേഹം ഹൃദയത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ അറിയാതെ എപ്പോഴൊക്കയോ കണ്ണു നിറഞ്ഞുപോയി. കലയെയും സിനിമയെയും മാത്രം സ്നേഹിച്ച 'തഴവ രാജന്‍' എന്നറിയപ്പെടുന്ന, ഒരുകാലത്തെ നാടക വേദികളിലെ ഏറ്റവും തിരക്കും നിറസാന്നിധ്യവുമായിരുന്ന നടനായ പിള്ളസാര്‍ ഇന്ന് ആരോരുമറിയാതെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോവുമ്പോള്‍, തന്നോടൊപ്പം നാടകം കളിച്ച് വളര്‍ന്ന തിലകനും, നെടുമുടിവേണുവും ആലംമൂടനും രവി ആലംമൂടനും കാലം വളര്‍ത്തിയ വടവൃക്ഷങ്ങളായപ്പോള്‍, അന്ന് അവരോടൊപ്പം ചിലപ്പോള്‍ അവരെക്കാള്‍ ഒരുപിടി മുന്‍പില്‍ തന്നെ നിന്നിരുന്ന പ്രവാസി നടനായ 'തഴവ രാജന്‍' വീടിന്റെ വരാന്തയിലെ നീണ്ട ചാരുകസേരയിലിരുന്ന് തന്റെ അനുഭവത്തിന്റെ ഏടുകള്‍ ഒന്നൊന്നായി ഞങ്ങള്‍ക്ക് മുന്‍പില്‍ തുറന്നിട്ടപ്പോള്‍, ആ കണ്ണുകളില്‍ വിസ്മയവും, സന്തോഷവും, അഭിമാനവും ഒരുമിച്ച് മിന്നിമറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളി കരാലില്‍ ചെല്ലപ്പന്‍ പിള്ളയുടെയും ജാനമ്മപിള്ളയുടെയും നാലുമക്കളില്‍ മൂത്തവനായ രാജഗോപാല പിള്ളയ്ക്ക് പ്രസന്നകുമാര്‍, മോഹന്‍കുമാര്‍, ശരത്ചന്ദ്രകുമാര്‍ എന്നീ മൂന്ന് സഹോദരങ്ങളും ഉണ്ട്. കരുനാഗപ്പള്ളി എന്‍.എസ്.എസ്.യു.പി.എസ് സ്‌കൂള്‍, തഴവ ആദിത്യവിലാസം ഹൈസ്‌കൂള്‍ എന്നിവടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജഗോപാലപിള്ള തന്റെ പിന്നീടുള്ള ഉപരിപഠനത്തിനായി തിരഞ്ഞെടുത്ത് മുംബൈ ആയിരുന്നു. അവിടെ നിന്നും ബി.ബി.എയും പിന്നീട് എം.ബി.എയും പൂര്‍ത്തിയാക്കിയ രാജഗോപാലപിള്ള അക്കാലത്ത് ഉന്നതവിദ്യാഭ്യാസം നേടിയ നാട്ടിലെ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു.
തുടര്‍ന്ന് ഗള്‍ഫിലേക്ക് തന്റെ ജീവിതം പറിച്ചുനട്ട രാജഗോപാലപിള്ള യു.എ.ഇ യിലെ അറിയപ്പെടുന്ന നാടക നടനായി. 1978 ല്‍ ഒക്ടോബര്‍ 21 ല്‍ ആദ്യമായി കപ്പല്‍ കയറിയാണ് ഗള്‍ഫിലേക്ക് നടനെന്ന രീതിയില്‍ രാജഗോപാലപിള്ള എത്തുന്നത്. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ തൊട്ടുതാഴെയുള്ള സഹോദരനായ പ്രസന്നകുമാറും ഉണ്ടായിരുന്നു. വെറും ഇരുപത്തിമൂന്നു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന രാജഗോപാലപിള്ള അന്ന് ഏറെ പ്രസിദ്ധനായ 'തഴവ രാജന്‍ ' എന്നറിയപ്പെടുന്ന നാടക നടനായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോഴും അന്നത്തെ അനുഭവത്തെക്കുറിച്ച് സഹോദരന്‍ പ്രസന്നകുമാര്‍ ഓര്‍ത്തെടുക്കുന്ന പല സംഭവങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും സഹോദരനായിട്ടും 'തഴവ രാജന്‍' എന്ന പ്രസിദ്ധനായ തന്റെ സഹോദരനായ നടനെ കാണാന്‍ നാടക സമിതിയുടെ ഓഫീസില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് എടുക്കേണ്ടുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മകളില്‍ നിന്നും എടുത്ത് പുറത്തിട്ടു.
ഗള്‍ഫിലെ അല്‍മറായി കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മുതലാളിയായിരുന്നു ഷൈലേഷിന്റെ മാനേജരായിട്ടും രാജഗോപാലപിള്ള ജോലി ചെയ്യുന്നുണ്ടായിരുന്നു. അന്ന് ആ കമ്പനിയുടെ ഷെയര്‍ ഉള്ള ഷെയ്ഖിനോടൊപ്പം ചേര്‍ന്ന് ഷൈലേഷും രാജഗോപാലപിള്ളയും കലാസാംസ്‌കാരിക കൂട്ടായമകള്‍ക്ക് നേതൃത്വം നല്‍കുന്ന കാലത്ത്, ഗായകന്‍ യേശുദാസ് ഗള്‍ഫിലേക്ക് വരികയും അദ്ദേഹത്തിന് രാജഗോപാലപിള്ളയുടെ നേതൃത്വത്തില്‍ ഒരു വിരുന്നൊരുക്കുകയും ചെയ്തു. പ്രസ്തുത കൂട്ടായ്മയില്‍ യേശുദാസ് അടക്കം മുന്‍കൈ എടുത്താണ് '' ഫാല്‍ക്കണ്‍സ് മൂവീസ് '' എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്. യേശുദാസാണ് പ്രസ്തുത പേര് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് ഫാല്‍ക്കണ്‍ മൂവിസിന്റെ ബാനറില്‍ '' മോഹം എന്ന പക്ഷി '' എന്ന ചലച്ചിത്രത്തിന് രൂപം നല്‍കുന്നത്.
അന്ന് മുറാദ് എന്റെര്‍പ്രൈസസില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തിരുന്ന ഡി.ഫിലിപ്പിനെ കൂടെ കൂട്ടിയാല്‍ സിനിമയുടെ നിര്‍മ്മാണത്തിന് ഉപകാരപ്പെടുന്നതിനാല്‍ അദ്ദേഹത്തിനെയും അവര്‍ ഒപ്പം ചേര്‍ത്തു. ഈ ഫിലിപ്പ് അക്കാലത്ത് കുറെ ഉദയായുടെ സിനിമകളില്‍ ചെറിയ ഭാഗങ്ങള്‍ അഭിനയിച്ചു വരികയായിരുന്നു. ഫിലിപ്പിന്റെ അത്തരം ബന്ധങ്ങള്‍ തങ്ങളുടെ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് അവര്‍ പ്രത്യാശിച്ചു. എന്നാല്‍ ഒരു നിര്‍മ്മാണ കമ്പനിയുടെ ഭാഗമാവാന്‍ ഫിലിപ്പിന് മൂലധനം ഇല്ലായിരുന്നു. നിത്യവൃത്തിക്കു തന്നെ ബുദ്ധിമുട്ടി കഴിയുന്ന ഫിലിപ്പിനെ കൂടെ കൂട്ടാന്‍ മാര്‍ഗ്ഗമില്ലാതായപ്പോള്‍ അന്നത്തെ പതിനയ്യായിരം ദിര്‍ഹം രാജഗോപാലപിള്ള ഫിലിപ്പിന്റെ കയ്യില്‍ കൊടുക്കുകയും ആ രൂപ സിനിമയുടെ നിര്‍മ്മാണത്തില്‍ ഫിലിപ്പിന്റെ മൂലധനമാക്കി ചേര്‍ത്ത്, സിനിമയോടൊപ്പം നിര്‍ത്താന്‍ പിള്ള തീരുമാനിച്ചു.
അങ്ങിനെ കെ.ജി.ജോര്‍ജ്ജ് സംവിധായകനായി മധു, ജയഭാരതി, ടി.പി.മാധവന്‍ തുടങ്ങിയ താരനിരകളോടെ 'മോഹം എന്ന പക്ഷി ' സിനിമ ചെയ്യാന്‍ തീരുമാനമായി. ചിത്രത്തിന്റെ റിക്കോര്‍ഡിങ് ആരംഭിച്ചു. യേശുദാസിനും, സുശീലയ്ക്കും ഒപ്പം കെ.ജി.ജോര്‍ജ്ജിന്റെ ഭാര്യയായ സെല്‍മയും അതില്‍ ഒന്നു രണ്ട് ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. ചിത്രീകരണം പൂര്‍ത്തിയാവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പൊടുന്നനെ ഒരു ദിവസം ജയന്‍ നായകനായ '' സായൂജ്യം '' എന്ന സിനിമ റിലീസ് ആയി. രാജഗോപാലപിള്ളയടക്കമുള്ള ചിത്രം കണ്ട് ഞെട്ടിത്തരിച്ചു. മോഹം എന്ന പക്ഷി എന്ന തന്റെ മുക്കാല്‍ഭാഗം പൂര്‍ത്തിയായ സിനിമയുടെ അതേ കഥയിലാണ് സായൂജ്യം പുറത്തിറങ്ങിയിരിക്കുന്നത്. അത് എല്ലാവരിലും ഒരു കനത്ത ആഘാതമായിരുന്നു വരുത്തിയിരുന്നത്. തുടര്‍ന്ന് അവര്‍ക്ക് തങ്ങളുടെ ആദ്യ സിനിമ എന്നന്നേക്കുമായി നിര്‍ത്തിവയ്ക്കേണ്ടി വന്നു. രാജഗോപാലപിള്ളയ്ക്ക് കനത്ത നഷ്ടം സംഭവിച്ചു. മധു അടക്കമുള്ള ചുരുക്കം ചിലര്‍ വാങ്ങിച്ച അഡ്വാന്‍സ് തുകകള്‍ തിരിച്ചു നല്‍കിയപ്പോള്‍ മിക്കവരും പണം നല്‍കിയില്ല. ആദ്യ സിനിമയുടെ കനത്ത പ്രഹരവും ഏറ്റുവാങ്ങിയാണ് രാജഗോപാലപിള്ള വീണ്ടും നാട്ടിലേക്ക് തിരിച്ചു വരുന്നത്.
എന്നിരുന്നാലും അദ്ദേഹത്തിനുള്ളിലെ കലാകാരന് അടങ്ങിയിരിക്കാന്‍ സാധിച്ചില്ല. കരുനാഗപ്പള്ളിയിലെ പ്രസിദ്ധമായ '' ദര്‍ശന തീയറ്റേഴ്സ് '' എന്ന നാടക സമിതി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി. നിരവധി സ്റ്റേജുകള്‍ കയ്യടികളോടെ നടകങ്ങളുമായി ദര്‍ശന തീയറ്റേഴ്സ് കേരളത്തിലെ അറിയപ്പെടുന്ന നാടക സമിതിയായി മാറി. അന്നത്തെ പ്രസിദ്ധ നാടക സംവിധായകനായിരുന്ന കലാരവിയായിരുന്നു സമിതിയുടെ നാടക സംവിധായകന്‍. അതിലെ മുഖ്യ കഥാപാത്രമായി അരങ്ങ് വാണതാകട്ടെ 'തഴവ രാജനും.
അക്കാലത്തെ പ്രസിദ്ധ നാടകനടിയായ രതിയെ പിന്നീട് അദ്ദേഹം വിവാഹം ചെയ്തു. രത്ന, സരോജ് എന്നീ രണ്ട് പെണ്‍മക്കള്‍ ജനിക്കുകയും ചെയ്തു. ഇന്ന് രത്ന തഴവ ഗ്രാമപ്പഞ്ചായത്ത് സ്റ്റാഫ് ആയും, സരോജ് ഫിജികാര്‍ട്ടിലെ മാര്‍ക്കറ്റിംഗ് മാനേജരായും ജോലി ചെയ്തു വരുന്നു.സിനിമ ബന്ധങ്ങള്‍ ഉപയോഗിച്ച് പലരും രാജഗോപാലപിള്ളയെന്ന നല്ല മനുഷ്യനെ പലവട്ടം ചൂഷണം ചെയ്തു.
'' ഒരു നല്ല മനുഷ്യനായാല്‍ സിനിമയില്‍ നിലനിലക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ് '' എന്ന് സങ്കടത്തോടെ പറയുമ്പോള്‍ ആ കണ്ണുകളില്‍ ഇനിയും പറയാന്‍ ഏറെ കഥകള്‍ ബാക്കിയുള്ളതുപോലെ എനിക്ക് തോന്നി. അപൂര്‍ണ്ണമായ മോഹം എന്ന പക്ഷി എന്ന സിനിമയ്ക്ക് ശേഷം കോലങ്ങള്‍, ശേഷക്രിയ എന്നീ രണ്ട് ചലച്ചിത്രങ്ങള്‍ കൂടെ രാജഗോപാലപിള്ള ഫാല്‍ക്കണ്‍ മൂവിസിന്റെ ബാനറില്‍ നിര്‍മ്മിച്ചു. . ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ഫഹദ്ഫാസില്‍ ചിത്രത്തില്‍ ഇഷ തല്‍വാറിന്റെ അച്ഛനായാണ് രാജഗോപാലപിള്ള അവസാനമായി അഭിനയിച്ചത്. അവസാനകാലത്തെങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ അഭിനയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വലീയ ആഗ്രഹം എന്ന് സതീഷ് രാമചന്ദ്രന്‍ സാര്‍ എന്നോട് പലവട്ടം പറഞ്ഞു. എന്റെ അടുത്ത സിനിമയുടെ കാസ്റ്റിങ് തുടങ്ങാനിരിക്കേ, തന്റെ കലാജീവിതം ലോകത്തിന് തന്നെ സമ്മാനിച്ച് ആ വലീയ കലാകാരന്‍ കാലയവനികയ്ക്ക് ഉള്ളിലേക്ക് മറഞ്ഞു.
Content Highlights: c raja gopala pilla producer, Thazahva rajan, actor producer, memories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..