ബൃന്ദ മാസ്റ്റർ, ഹേ സിനാമികയിൽ ദുൽഖറും അതിഥിയും
പഴയ മദിരാശിയില്‍ കലയുടെ ലോകത്താണ് ബൃന്ദ ജനിച്ചു വളര്‍ന്നത്. സഹോദരങ്ങളെല്ലാം നൃത്തത്തിന്റെയും അഭിനയത്തിന്റെയും വഴി തിരഞ്ഞെടുത്തപ്പോള്‍ ബൃന്ദയുടെയും തീരുമാനം മറ്റൊന്നായിരുന്നില്ല. അങ്ങനെ ബൃന്ദയും ചിലങ്കയുടെ താളം ഹൃദയത്തിലേറ്റി, 13-ാമത്തെ വയസില്‍ പിന്നണിയില്‍ നൃത്തം ചെയ്തുകൊണ്ട് സിനിമയിലെത്തിയ ബൃന്ദയ്ക്ക് ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നൃത്ത സംവിധായകരുടെ പട്ടികയിലാണ് സ്ഥാനം. ഒരു ദേശീയ പുരസ്കാരം, രണ്ട് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍, നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍..ബൃന്ദയുടെ നൃത്ത മികവിനെ തേടിയെത്തിയ അംഗീകാരങ്ങളേറെ.
നൃത്തത്തെ മാത്രം ഉപാസിച്ച മൂന്ന് ദശാബ്ദങ്ങള്‍ക്കിപ്പുറം സിനിമാ സംവിധായിക എന്ന കുപ്പായം അണിയാനൊരുങ്ങുകയാണ് ബൃന്ദ. ദുല്‍ഖര്‍ സല്മാന്, അതിഥി റാവു ഹൈദരി, കാജള്‍ അഗര്‍വാള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബൃന്ദ സംവിധാനം ചെയ്ത 'ഹേ സിനാമിക' മാര്‍ച്ച് മൂന്നിന് തീയേറ്ററിലെത്തുകയാണ്. ഈയവസരത്തില്‍ സിനിമാ-നൃത്ത വിശേഷങ്ങളുമായി ബൃന്ദ മാതൃഭൂമി ഡോട് കോമിനോടൊപ്പം ചേരുന്നു.
ഹേ സിനാമിക
ഒരു റൊമാന്റിക് ചിത്രമാണ് 'ഹേ സിനാമിക' പ്രത്യേകിച്ചും വിവാഹ ശേഷമുള്ള പ്രണയം പറയുന്ന ചിത്രം. പ്രണയം മാത്രമല്ല ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള കലഹം, കോമഡി, ഇമോഷന്‍സ് എല്ലാം ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. ചിത്രത്തിന്റെ രചയിതാവായ മദന്‍ കര്‍ക്കിയാണ് ഹേ സിനാമിക എന്ന പേര് സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നത്. മണിരത്നം സാറിന്റെ 'ഓകെ കണ്മണി' എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആദ്യ വരികളാണ് 'ഏയ് സിനാമിക'. എന്റെ ഗുരുവാണ് മണി സര്. കൂടാതെ എ.ആര് റഹ്മാന് സാറിന്റെ കമ്പോസിഷനില്‍ പുറത്തിറങ്ങിയ മനോഹര മെലഡിയും. ഞാനായിരുന്നു ആ ചിത്രത്തിന്റെ നൃത്തസംവിധാനം. എന്റെ ആദ്യ സിനിമയ്ക്ക് ആ പേരിടാനുള്ള ഒരു കാരണം അതാണ്. മാത്രമല്ല സിനം എന്നാല്‍ കോപം, ദേഷ്യം എന്നൊക്കെയാണ് അര്‍ഥം. അതുകൊണ്ട് തന്നെ എന്റെ ചിത്രത്തിന്റെ കഥയ്ക്ക് ഈ ടൈറ്റിലാണ് ഏറെ ചേരുക എന്നതാണ് മറ്റൊരു കാരണം. സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയെന്ന് ഞാന്‍ കരുതുന്നില്ല. കോറിയോഗ്രാഫിയുമായും കുടുംബവുമായും തിരക്കിട്ട ജീവിതമായിരുന്നു ഇതുവരേയും. ഇപ്പോള്‍ എല്ലാം ഒത്തു വന്നപ്പോള്‍ സിനിമ ചെയ്യുന്നു എന്നേയുള്ളൂ.
യാഴനായി കണ്ണില്‍ തെളിഞ്ഞത് ദുല്‍ഖര്‍ മാത്രം
മദന്‍ കര്‍ക്കി ഈ ചിത്രത്തിന്റെ കഥ പറഞ്ഞു കഴിഞ്ഞയുടനേ എന്റെ കണ്ണിന് മുന്നില്‍ യാഴന്‍ എന്ന കഥാപാത്രമായി തെളിഞ്ഞത് ദുല്‍ഖറിന്റെ മുഖമാണ്. ദുല്‍ഖറിനോട് തന്നെയാണ് ആദ്യം കഥ പറയുന്നതും. ദുല്‍ഖര്‍ ചിത്രത്തിന് ഓകെ പറഞ്ഞതോടെ ഞാന്‍ നിലത്തൊന്നുമല്ലായിരുന്നു. കാരണം, എനിക്കേറ്റവും ഇഷ്ടമുള്ള നടനാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ഈസ് എ ഗ്രേറ്റ് റിയല്‍ ആക്ടര്‍. അദ്ദേഹത്തിന്റെ അഭിനയശൈലി അനായാസമാണ്. വളരെ നാച്ചുറലാണ്. വളരെ മികച്ച ഒരു മനുഷ്യനുമാണ് ദുല്‍ഖര്‍. നൃത്തസംവിധായികയായി ഞാന്‍ നിറയെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനെ പോലെ മികച്ച നടന് നായകനാവുന്നത് ഏറെ സന്തോഷിപ്പിക്കുന്നു. അതിഥി റാവുവിനെയും അതുപോലെ ആദ്യമേ തന്നെ മൗന എന്ന കഥാപാത്രമായി മുന്നില്‍ കണ്ടതാണ്. അതുപോലെ കാജള്‍, സീനിയറായ താരമാണ് നിറയെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മികച്ച നടിയാണ്. കുറച്ച് ടഫ് ആയ കഥാപാത്രമാണ് കാജളിന്റെ മലര്‍വിഴി, അവര്‍ അത് വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

തൈക്കൂടത്തിന്റെ ഫിഷ് റോക്ക്
ഗോവിന്ദ് വസന്തയുടെയും 96ലെ ഗാനങ്ങളുടെയും തൈക്കൂടം ബ്രിഡ്ജിന്റെയുമെല്ലാം വലിയ ആരാധികയാണ് ഞാന്‍. തൈക്കൂടം ബ്രിഡ്ജിന്റെ ഹിറ്റ് ഗാനമായ 'ഫിഷ് റോക്ക്' ഈ ചിത്രത്തില്‍ ഉപയോഗിക്കണമെന്ന് സത്യത്തില്‍ ഞാന്‍ ഗോവിന്ദ് വസന്തയോട് കെഞ്ചുകയായിരുന്നു. അത്രയ്ക്കും മനോഹരമായ കമ്പോസിഷന്‍ ആണത്. ശരിക്കും അത് വേണോ എന്നാണ് ഗോവിന്ദ് ചോദിച്ചത്. തീര്‍ച്ചയായും വേണമെന്ന് ഞാന്‍ പറഞ്ഞു. അത്രയ്ക്ക് എനിക്കിഷ്ടമുള്ള ഗാനമാണത്. അങ്ങനെയാണ് ചിത്രത്തിലെ 'മേഘം' എന്ന ഗാനം ഒരുങ്ങുന്നത്. ഇതുള്‍പ്പടെ ആറ് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. എല്ലാം വ്യത്യസ്ത ജോണറിലുള്ള ഗാനങ്ങള്‍. ദുല്‍ഖര്‍ ഒരു റാപ് ആലപിച്ചിട്ടുണ്ട്. ഭയങ്കര ബുദ്ധിമുട്ടുള്ള ഗാനമാണ്. കാരണം മദന്‍ കര്‍ക്കിയുടെ വരികള്‍ അങ്ങനെയുള്ളതാണ്. പക്ഷേ ദുല്‍ഖര്‍ സ്റ്റുഡിയോയില്‍ വന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ഈസിയായി പാട്ട് പാടി പോയി. അദ്ദേഹത്തിന് ഇത്ര നന്നായി പാടാനുള്ള കഴിവുമുണ്ടെന്നുള്ളത് ശരിക്കും എന്നെ ഞെട്ടിച്ചു.
അച്ഛന്-മകന് ചിത്രങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍
മാര്‍ച്ച് 3 എനിക്കേറെ സ്പെഷ്യലായ ദിവസമാണ് എന്റെ ആദ്യ ചിത്രം തീയേറ്ററുകളിലെത്തുന്നു. പക്ഷേ അന്ന് മറ്റൊരു യാദൃശ്ചികത കൂടിയുണ്ട്. അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒന്നിച്ച് റിലീസിനെത്തുകയാണ്. അങ്ങനെയൊക്കെ ശരിക്കും നടക്കുമോ എന്നത് തന്നെ അത്ഭുതമാണ്. ഇതെല്ലാം വലിയ അനുഗ്രഹമാണ്. മമ്മൂട്ടി സാറിന്റെ ഭീഷ്മ പര്‍വവും അതേ ദിവസം തന്നെയാണ് റിലീസിനെത്തുന്നത്. ഞാനൊരു ചിത്രം ചെയ്യുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് മമ്മൂക്കയോടാണ്. അദ്ദേഹമാണ് എന്നെ ആദ്യം അനുഗ്രഹിക്കുന്നത്. അതെല്ലാം വലിയ ഭാഗ്യമല്ലേ. കേരളത്തിലെ പ്രേക്ഷകര്‍ ഈ അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ആസ്വദിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. ലോക്ഡൗണിന്റെ ബുദ്ധിമുട്ടുകളൊക്കെ നേരിട്ട ചിത്രമാണ് ഹേ സിനാമിക. ഇത് വരെ നമ്മള് നേരിട്ടിട്ടില്ലാത്ത പല കാര്യങ്ങളുമാണ് ഈ കോവിഡ് കാലത്ത് മുന്നില്‍ വന്നത്. ആ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി വച്ച് തീയേറ്ററില്‍ വന്ന് ആസ്വദിക്കാവുന്ന ചിത്രമാകും ഹേ സിനാമിക.
മരക്കാറിലൂടെ നാലാമത്തെ കേരള സംസ്ഥാന പുരസ്കാരം
പ്രിയന് സര് എന്റെ കുടുംബാംഗത്തെ പോലെയാണ്. ഒരുപാട് സിനിമകള്‍ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ മോഹന്‍ലാല്‍ സാറിനൊപ്പവും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മരക്കാറിലെ ഏറ്റവും വലിയ സന്തോഷം എന്തെന്നാല്‍ ഇരുവരുടെയും മക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായി എന്നതാണ്. കല്യാണിയും പ്രണവും .രണ്ട് പേരെയും കുഞ്ഞുനാള് മുതലേ കാണുന്നതാണ്. അതുകൊണ്ട് തന്നെ കുട്ടികളെ പഠിപ്പിക്കുന്ന അനുഭവമായിരുന്നു അത്, ഇരുവരും നന്നായി തന്നെ അത് അവതരിപ്പിച്ചു. ഒരുപാട് റിഹേഴ്സലുകള്‍ ചെയ്തു. ഹൈദരാബാദിലെ ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിങ്ങ്. അതിമനോഹരമായിരുന്നു നൃത്തരംഗത്തെ കോസ്റ്റ്യൂമുകള്‍. അതുപോലെ തന്നെ സാബു സാറിന്റെ ആര്‍ട് ഡയറക്ഷന്‍ എടുത്തു പറയണം.ഒരു പിരിയഡ് സിനിമയ്ക്കായി സെറ്റൊരുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മനോഹരമായ കലാസൃഷ്ടിയാണ് അദ്ദേഹം മരക്കാറിനായി ഒരുക്കിയിരിക്കുന്നത്.. പിന്നെ തിരുവിന്റെ ഛായാഗ്രാഹണ മികവ്, ഗംഭീര ലൈറ്റ്, ഷോട്ടുകള്‍. അതെല്ലാം ആ ഗാനത്തിന് മികവേകി. തന്റെ സിനിമകളിലെ ഗാനരംഗങ്ങള്‍ ഏറ്റവും മികച്ചതാക്കാറുണ്ട് പ്രിയന് സര്. അത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത ചിത്രമാണ് മരക്കാര്‍. ലാല്‍ സര് ഒരു മികച്ച നടനാണ് . അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാന്‍. ഇത്ര വലിയ നടനാണെന്ന ഒരു ഭാവവും അദ്ദേഹത്തിലില്ല. ഇന്നും ഒരു പുതുമുഖത്തെ പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഷോട്ട് ആയാല്‍ ഒരു അസിസ്റ്റന്റിനെ പോലെയാണ് വന്ന് നില്ക്കുക. ഇതിഹാസമാണ് അദ്ദേഹം. ഇരുവറടക്കം നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യം കണ്ട ലാല്‍ സര് എങ്ങനെയായിരുന്നോ അതേ മനുഷ്യന് തന്നെയാണ് ഇന്നും അദ്ദേഹം.

ഇത് നാലാം തവണയാണ് കേരള സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിക്കുന്നത്. കേരള സര്‍ക്കാര്‍ നല്കുന്ന ഈ പുരസ്കാരം എനിക്കേറെ ഇഷ്ടമാണ്. കാരണം ഇവിടുത്തെ ജൂറി കഴിവിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഡ്യൂയറ്റ് ഡാന്‍സ് നമ്പറുകള്‍ പോലും പുരസ്കാരത്തിനര്ഹമാവുന്നു. അതുപോലെ തന്നെ ഇന്ന ആള്‍ക്ക് നേരത്തെ പുരസ്കാരം ലഭിച്ചതല്ലേ ഇനി ഇപ്പോള്‍ കൊടുക്കണ്ട നിലപാടല്ല ഇവിടെ സ്വീകരിക്കുന്നത്. കഴിവിനെ തന്നെയാണ് മതിക്കുന്നത്.
മണിരത്നം സാര്‍- റിസ്ക് എടുക്കുന്ന സംവിധായകന്
പ്രേക്ഷകര്‍ ഡാന്‍സ് നമ്പറുകളില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്ക് കാലാന്തരങ്ങളില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ദാസി മനോഭാവമായിരുന്നു നൃത്തത്തില്‍ ഏറെയും ഇന്നത് മാറിയിട്ടുണ്ട്. ടെക്നിക്കല്‍ ആയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞാനിപ്പോള്‍ ശ്രമിക്കാറുണ്ട്. ഡാന്‍സ് നമ്പറുകളിലും, ഡ്യൂയറ്റ് ഗാനരംഗങ്ങളിലും പല ടെക്നിക്കുകളും കൊണ്ടു വരാന്‍ ശ്രമിക്കാറുണ്ട്. ചില നടീ നടന്മാര് മികച്ച നര്‍ത്തകരാണ്. എന്നാല്‍ ചിലരങ്ങനെയല്ല. അവരുടെ നൃത്തരംഗം മികച്ചതാക്കി കാണിക്കുക എന്നുള്ളിടത്താണ് ഒരു നൃത്തസംവിധായകന്റെ വെല്ലുവിളിയിരിക്കുന്നത്.
മണിരത്നം സാറിന്റെ കടല്‍ എന്ന ചിത്രത്തിലെ അടിയേ, ഗുരുവിലെ മയ്യാ മയ്യാ, കാട്ര് വെളിയിടേയിലെ അഴകിയേ, രാവണിലെ കോടു പോട്ട എന്നിവയൊക്കെ ഞാന്‍ വ്യത്യസ്തത കൊണ്ടു വരാന്‍ ശ്രമിച്ച നൃത്തരംഗങ്ങളാണ്. മയ്യാ മയ്യായില് ബെല്ലി ഡാന്‍സും ഫ്യൂഷനുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അഴകിയേ എന്ന ഗാനരംഗം സ്ഥിരം ഡാന്‍സ് നമ്പറുകളുടെ പാറ്റേണിലല്ല ഒരുക്കിയിരിക്കുന്നത്, ഒരു നേര്‍വരയില്‍ നിന്ന് കൊണ്ടല്ല അതിലെ നര്‍ത്തകര്‍ നൃത്തം ചെയ്യുന്നത്. റിസ്ക് എടുക്കുന്ന സംവിധായകനാണ് മണി സര്. ചില നൃത്തരംഗം ഇങ്ങനെ ചെയ്താല്‍ നന്നാകുമെന്ന് നമ്മുടെ ഉളളില്‍ ആഗ്രഹമുണ്ടാകും അത് മണി സാറിന്റെ സിനിമകളിലാണ് നമുക്ക് പരീക്ഷിക്കാനാവുക. ചെയ്ത നൃത്തരംഗങ്ങളില്‍ ഇഷ്ടപ്പെട്ടവ ഏറെയുണ്ട്. എങ്കിലും കടലിലെ അടിയേ ഹൃദയത്തോട് ഏറെ ചേര്‍ന്ന് നില്ക്കുന്ന ഒന്നാണ്.

വിജയ്, ഹൃത്വിക്, ദുൽഖർ
തമിഴില്‍ വിജയ് ആണ് ഞാന്‍ കണ്ടതില്‍ വച്ചേറ്റവും മികച്ച ഡാന്‍സര്‍, ഹിന്ദിയില്‍ ഹൃത്വിക് റോഷന്, മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സ്റ്റൈല്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. വളരെ ക്ലാസിയാണ്. അതുപോലെ തന്നെയാണ് പൃഥ്വിരാജും.
ഓരോ അഭിനേതാവിന് വേണ്ടി നൃത്തരംഗം ഒരുക്കുമ്പോഴും അവര്‍ക്ക് ചേരുന്നത് എന്തെന്ന് നമ്മള് മനസിലാക്കണം. ചിലര്‍ക്ക് ഡാന്‍സ് നമ്പറാകും ചേരുക, ചിലര്‍ക്ക് എക്സ്പ്രഷന്‍സും. അത് നോക്കിയാണ് ഞാന്‍ ഗാനരംഗം ഒരുക്കാറുള്ളത്. രജനി സാറിന് സ്റ്റൈല്‍ ആണ് ചേരുക. കമല്‍ സാര്‍ ഓള് ഇന്‍ ഓള് ആണ്. ഡാന്‍സ്,അഭിനയം അങ്ങനെ എല്ലാത്തിലും പ്രഗത്ഭനാണ്. അതുകൂടാതെ സിനിമകളുടെ കഥ കേട്ട ശേഷമാണ് നൃത്തരംഗങ്ങള്‍ ഒരുക്കാറുള്ളത്. എങ്കിലേ ആ സിനിമയ്ക്ക്, അതിലെ കഥാപാത്രങ്ങള്‍ക്ക് ചേരുന്ന ഗാനരംഗങ്ങള്‍ നല്‍കാനാവൂ. ഇപ്പോള്‍ സിനിമാ സംവിധാനത്തിലേക്കെത്തി എന്നുണ്ടെങ്കിലും നൃത്ത സംവിധാനത്തിനാണ് എന്നും ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഞാനെന്റെ ജോലിയെ സ്നേഹിക്കുന്നു. ഭ്രാന്തമായി സ്നേഹിക്കുന്നു. സ്വന്തം തൊഴിലിനെ ആത്മാര്‍ഥമായി സ്നേഹിക്കണം.അതിനോട് ആത്മസമര്‍പ്പണം ഉണ്ടാവണം. അല്ലെങ്കില്‍ ആ ജോലി ഏറെ നാള് ചെയ്യാനാവില്ല. സിനിമയ്ക്കൊപ്പം ജീവിക്കാനാണ് എനിക്കിഷ്ടം. സിനിമയെ ഞാനേറെ സ്നേഹിക്കുന്നു...
Content Highlights: Dulquer Hey Sinamika, Brinda Master, Kajal aggarwal, Aditi Rao Hydari
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..