ബ്രെൻഡൻ ഫ്രേസർ ഓസ്കാർ പുരസ്കാരം സ്വീകരിച്ച ശേഷം | ഫോട്ടോ: എ.പി.
തികച്ചും അപ്രതീക്ഷിതമായിരുന്നു ഐതിഹാസികമായ ആ തിരിച്ചുവരവ്. താരസിംഹാസനത്തില്‍നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയി കാലങ്ങള്‍ക്കുശേഷം ഞെട്ടിക്കുന്ന മടങ്ങിവരവ്. ലോസ് അഞ്ജലിസിലെ ഡോള്‍ബി തിയേറ്ററില്‍ കഴിഞ്ഞദിവസം ബ്രെന്‍ഡന്‍ ഫ്രേസര്‍ മികച്ച നടനുള്ള ഓസ്‌കാര്‍ ഏറ്റുവാങ്ങിയപ്പോള്‍ ചരിത്രം അതിനെ ഐതിഹാസിക നിമിഷം എന്ന് രേഖപ്പെടുത്തി. അതങ്ങനെയാണ്, ജീവിതം അതിന്റെ അപ്രവചനീയതകൊണ്ട് മനുഷ്യന്റെ മുന്‍വിധികളെ തകര്‍ത്തുകൊണ്ടിരിക്കും, പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ടിരിക്കും.
ദി വെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ ബ്രെന്‍ഡന്‍ ഫ്രേസറിന് സമ്മാനിക്കപ്പെട്ടപ്പോള്‍ ഡോള്‍ബി തിയേറ്ററില്‍ ഉയര്‍ന്ന കരഘോഷത്തിന് വലിയ മുഴക്കമുണ്ടായിരുന്നു. 54 വയസ്സിനിടയില്‍ അദ്ദേഹം കടന്നുപോയ ഉയര്‍ച്ചതാഴ്ചകളുടെ, നേരിടേണ്ടിവന്ന പരിഹാസങ്ങളുടെ, രോഗാതുരതയുടെ, മനംമടുപ്പിച്ച ജീവിതനൈരാശ്യങ്ങളുടെ കനത്ത പൊള്ളലുകളെ ആ ശബ്ദാരവങ്ങള്‍ സൗഖ്യപ്പെടുത്തിയിരിക്കണം. വിതുമ്പുന്ന ചുണ്ടുകളോടെ നന്ദിപറയുമ്പോള്‍ അതുതന്നെയാണ് ലോകം ഫ്രേസറുടെ ഈറനണിഞ്ഞ കണ്ണുകളിൽ കണ്ടത്.
മമ്മി സിനിമാ പരമ്പരയിലൂടെ ലോകമെമ്പാടും സുപരിചിതനായ ബ്രെന്‍ഡന്‍ ഫ്രേസറുടെ ആദ്യകാല സിനിമകള്‍ ഹാസ്യവും ആക്ഷനും ചേര്‍ന്നതായിരുന്നു. ജോര്‍ജ് ഓഫ് ദ ജംഗിള്‍, സ്‌കൂള്‍ ടൈസ് തുടങ്ങിയ ദ മമ്മി സിനിമാ പരമ്പരയും ജേര്‍ണി ടു ദി സെന്റര്‍ ഓഫ് എര്‍ത്തുമൊക്കെ ചേര്‍ന്ന് അദ്ദേഹത്തെ ലോകമെമ്പാടും സൂപ്പര്‍ താരമാക്കി. തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലും സാമ്പത്തികമായി വമ്പന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ ബ്രെന്‍ഡന്‍ ഫ്രേസറുടേതായി സംഭവിച്ചു. എന്നാല്‍ പൊടുന്നനെ, ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് അദ്ദേഹം അപ്രത്യക്ഷനായി. ജീവിതത്തിലെ അപ്രതീക്ഷിതത്വങ്ങളില്‍ ഹോളിവുഡിന്റെ താരപരിഗണനകളില്‍നിന്ന് അദ്ദേഹം തിരസ്‌കൃതനായി. പിന്നെ ഏകദേശം രണ്ടു പതിറ്റാണ്ടിന് ശേഷം ഓസ്‌കാര്‍ പുരസ്‌കാരവേദിയില്‍ അദ്ദേഹം തിരിച്ചെത്തി. അങ്ങനെയാണ് ആ വരവ് ഐതിഹാസിക തിരിച്ചുവരവായത്.

ബ്രെന്‍ഡന്റെ സിനിമകള്‍ നമ്മെ ഒരുപാട് ചിരിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തിട്ടുണ്ടാകാം. എന്നാല്‍ സിനിമയല്ല, ആ ജീവിതമാണ്, പടുകുഴിയില്‍നിന്നുള്ള തിരിച്ചുവരവാണ് ഇപ്പോള്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍, നേരിട്ട ദുരനുഭവങ്ങള്‍, പ്രിയപ്പെട്ടവരുടെ വിയോഗങ്ങള്‍, മാനസിക രോഗം എന്നിങ്ങനെ ബ്രെന്‍ഡന്റെ അപ്രത്യക്ഷമാകലിന് നിരവധി കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തിരിച്ചുവരവിന് ഒരു കാരണമേയുള്ളൂ, അത് അദ്ദേഹത്തിന്റെ അവിശ്വസനീയമായ നിശ്ചയദാര്‍ഢ്യമാണ്. '(ബ്രെന്‍ഡനേപ്പോലെ) പ്രശസ്തനായ ഓരാള്‍ക്ക് ഇത്തരത്തിലുള്ള തിരിച്ചുവരവ് സാധ്യമാകുന്നത് കാണുമ്പോള്‍, നമ്മളേക്കുറിച്ചും മറ്റുള്ളവരേക്കുറിച്ചുമുള്ള നമ്മുടെ മുന്‍വിധികളെ മറികടക്കാനും നമ്മെ തളച്ചിടുന്ന ചില വിശ്വാസങ്ങളേക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും നമ്മുടെ ജീവിതത്തിലുടനീളമുള്ള പ്രയാസങ്ങളെ മറികടക്കാനുള്ള ക്രിയാത്മക വഴികളേക്കുറിച്ച് ഉള്‍ക്കാഴ്ച നേടാനുമുള്ള അവസരമാണ് ലഭിക്കുന്നത്', പ്രശസ്ത അമേരിക്കന്‍ മനോരോഗ കൗണ്‍സിലറായ അമന്‍ഡ ഗാര്‍സിയ ടോറസ് ഇങ്ങനെ പറയുമ്പോള്‍ ആ തിരിച്ചുവരവിന്റെ വ്യാപ്തിയാണ് വെളിവാകുന്നത്.
നിഷ്‌കളങ്കനായ സാഹസികൻ, ഹോളിവുഡിന്‍റെ സൂപ്പർ താരം
ഇന്‍ഡ്യാനയിലെ ഇന്‍ഡ്യാനപോളിസില്‍ കനേഡിയന്‍ മാതാപിതാക്കളുടെ മകനായി 1968-ലാണ് ഫ്രേസര്‍ ജനിച്ചത്. ലണ്ടനില്‍ നാടകരംഗത്ത് കൗമാരകാലത്തുതന്നെ പ്രവര്‍ത്തിച്ചുതുടങ്ങി. സിയാറ്റിലില്‍ കോളേജ് വിദ്യാഭ്യാസ കാലത്താണ് ആദ്യ സിനിമയായ ഡോഗ് ഫൈറ്റില്‍ അഭിനയിക്കുന്നത്. 1991-ല്‍ പുറത്തുവന്ന ഈ ചിത്രത്തിനു പിന്നാലെ എന്‍സിനോ മാന്‍, സ്‌കൂള്‍ ടൈസ് എന്നീ കോമഡി ചിത്രങ്ങളില്‍ നായകനായി. ഇവ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വളരെപ്പെട്ടെന്നുതന്നെ ബ്രെന്‍ഡന്‍ ഫ്രേസറുടെ ചിത്രങ്ങള്‍ ഹോളിവുഡിന്റെ വിജയ ഫോര്‍മുലയുടെ ഭാഗമായി.
1997-ല്‍ പുറത്തിറങ്ങിയ ജോര്‍ജ് ഓഫ് ദ ജംഗിള്‍ വലിയ സാമ്പത്തിക വിജയമായി. അന്ന് 180 ദശലക്ഷം ഡോളറായിരുന്നു ആ ചിത്രം നേടിയത്. കാര്‍ട്ടൂണ്‍ പരമ്പരയെ അടിസ്ഥാമാക്കി നിര്‍മിച്ച ഈ ചിത്രത്തില്‍, കുട്ടികളുടെ പ്രിയതാരമായ ടാര്‍സന്‍ എന്ന ധീരകഥാപാത്രത്തിന്റെ സ്പൂഫ് ആയ ജോര്‍ജിനെയായിരുന്നു ബ്രെന്‍ഡന്‍ അവതരിപ്പിച്ചത്. 1998-ല്‍ പുറത്തിറങ്ങിയ ഗോഡ്സ് ആന്‍ഡ് മോണ്‍സ്റ്റേഴ്സ് എന്ന ചിത്രത്തിലെ കഥാപാത്രം ഫ്രേസറിന് നടന്‍ എന്ന നിലയില്‍ പ്രശംസ നേടിക്കൊടുത്തിരുന്നു.

സ്റ്റീഫന്‍ സമ്മേഴ്സ് സംവിധാനം ചെയ്ത 'ദ മമ്മി'യുടെ മൂന്നു സീരീസുകളില്‍ ആദ്യത്തേത് പുറത്തുവരുന്നത് 1999-ല്‍ ആണ്. ആക്ഷന്‍-അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ റിക് ഒ കോണല്‍ എന്ന കഥാപാത്രത്തെയാണ് ഫ്രേസര്‍ അവതരിപ്പിച്ചത്. ഈ ചിത്രം ലോകമെമ്പാടുമുണ്ടാക്കിയ ചലനം അഭൂതപൂര്‍വമായിരുന്നു. 416.4 ദശലക്ഷം ഡോളറാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍നിന്ന് ദ മമ്മി വാരിക്കൂട്ടിയത്. പിന്നീട് 2001, 2008 എന്നീ വര്‍ഷങ്ങളില്‍ ഈ പരമ്പരയിലെ മറ്റു രണ്ടു ചിത്രങ്ങളും പുറത്തുവന്നു. അവയിലും ഫ്രേസര്‍ തന്നെയായിരുന്നു റിക് ഒ കോണല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
മമ്മിയുടെ വിജയമുണ്ടാക്കിയ താരത്തിളക്കത്തില്‍ രണ്ടായിരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഒരുപിടി ചിത്രങ്ങളില്‍ ഫ്രേസര്‍ നായകനായി. ബെഡാസില്‍ഡ്, ലൂണി ട്യൂണ്‍സ്- ബാക് ഇന്‍ ആക്ഷന്‍, ക്രാഷ് തുടങ്ങിയവ അതില്‍ ചിലതാണ്. 2006-ല്‍ കാനഡയുടെ വാക്ക് ഓഫ് ഫെയിം പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ അമേരിക്കക്കാരനായ നടനുമായി അദ്ദേഹം.
ഡ്യൂപ്പില്ലാത്ത സാഹസങ്ങള്‍, തകര്‍ന്നുപോയ കരിയർ
ആക്ഷനും ഹാസ്യവുമായിരുന്നു ബ്രെന്‍ഡന്‍ ഫ്രേസര്‍ ചിത്രങ്ങളുടെ മുഖമുദ്ര. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. അതിനുള്ള ശാരീരികമായ കരുത്തും മെയ്വഴക്കവും അദ്ദേഹത്തിന് ഉണ്ടായിരുന്നു താനും. അഭിനയിച്ച മിക്കവാറും എല്ലാ ചിത്രങ്ങളും ആക്ഷന്‍ ചിത്രങ്ങളായതുകൊണ്ടുതന്നെ ചിത്രീകരണത്തിനിടയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ പതിവായിരുന്നു. 2008-ല്‍ എത്തിയപ്പോഴേക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ തന്നെ രൂക്ഷമായി ബാധിച്ചുതുടങ്ങിയെന്ന് ഫാഷന്‍ മാഗസിന്‍ ജി.ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രേസര്‍ പറഞ്ഞിട്ടുണ്ട്.
സാധാരണഗതിയില്‍ ജീവനിൽ കൊതിയുള്ളവർ ചെയ്യാൻ മടിക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ ഒരു മടിയും കൂടാതെ ഫ്രേസർ അഭിനയിച്ചു. മമ്മി സിനിമാ പരമ്പരയുടെ ചിത്രീകരണ സമയത്താണ് ഏറ്റവുമധികം പരിക്കുകള്‍ ഫ്രേസര്‍ക്ക് ഏറ്റത്. 1999 ല്‍
മമ്മി പരമ്പരയിലെ ആദ്യചിത്രത്തിന്റെ ചിത്രീകരണ സമയത്ത് മരണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തൂക്കിക്കൊല്ലുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ കൈപ്പിഴവ്. ഏതാനും സമയത്തേക്ക് അദ്ദേഹത്തിന്റെ ശ്വാസംതന്നെ നിലച്ചുപോയി. 18 സെക്കന്റ് നേരം മരണമെന്താണെന്ന് കാണിച്ചുതന്ന സംഭവം എന്നാണ് ഫ്രേസർ ഇതിനേക്കുറിച്ച് പറഞ്ഞത്. ഇത്തരം അപകടങ്ങളുടെ ഒരു ഉദാഹരണം മാത്രമായിരുന്നു അത്.
ശാരീരിക പ്രശ്നങ്ങള്‍ തുടര്‍ച്ചയായ ശസ്ത്രക്രിയകളും ചികിത്സകളും ആശുപത്രിവാസവും അനിവാര്യമാക്കി. ലമിനെക്ടമി (laminectomy), കാല്‍മുട്ട് മാറ്റിവെക്കല്‍, നട്ടെല്ല്, വോക്കല്‍ കോഡ് തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകള്‍ എന്നിങ്ങനെ ആശുപത്രിവാസത്തിന്റെ ഏഴുവര്‍ഷമായിരുന്നു പിന്നീട്. ഹോളിവുഡില്‍ തിളങ്ങിനില്‍ക്കുന്നതിനിടെയാണ് ഫ്രസറുടെ ജീവിതത്തില്‍നിന്ന് ഏഴുവര്‍ഷം ഇങ്ങനെ നഷ്ടമായത്. അതിനു പുറമേയാണ് വ്യക്തിപരമായ ചില ദുരനുഭവങ്ങളേക്കൂടി നേരിടേണ്ടിവന്നത്.

2007-ല്‍ നടിയും ഫ്രേസറിന്റെ ഭാര്യയുമായ ആഫ്റ്റണ്‍ സ്മിത്ത് ഒന്‍പത് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ആരോഗ്യപരമായ കടുത്ത ബുദ്ധിമുട്ടുകള്‍, നിരന്തരമുള്ള വീടുമാറ്റങ്ങള്‍, വിവാഹമോചനം, ചെറിയ പ്രായത്തിലുള്ള മക്കള്‍.... ഒരിക്കലും പ്രതീക്ഷിക്കാതെ, ഒട്ടും തയ്യാറെടുക്കാതെ ചില ജീവിതാവസ്ഥകളിലൂടെയാണ് ഇക്കാലത്ത് താന്‍ കടന്നുപോയതെന്നും ആ അനുഭവങ്ങള്‍ തന്നെ രൂപപ്പെടുത്തുകയായിരുന്നെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. ഇക്കാലമായപ്പോഴേക്കും സിനിമയില്‍നിന്നും ടെലിവിഷനില്‍നിന്നും പതിയെ പിന്തിരിഞ്ഞുതുടങ്ങിയിരുന്നു, ഫ്രേസര്‍. 2010 ആയപ്പോഴേക്കും ആ തിരിഞ്ഞുനടത്തം പൂര്‍ണമായിക്കഴിഞ്ഞിരുന്നു. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലേക്കായിരുന്നു ആ തിരിഞ്ഞുനടത്തം. 2016-ല്‍ അമ്മയുടെ മരണവും അദ്ദേഹത്തെ തീവ്രമായി ബാധിച്ചു. 'ഞാന്‍ അമ്മയെ സംസ്‌കരിച്ചു. ഞാന്‍ ദു:ഖത്തിലായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, കരയുകയെന്നാല്‍ എന്താണ് അര്‍ഥമെന്നുപോലും എനിക്കറിയില്ലായിരുന്നു', ഡിപ്രഷന്റെ തീവ്രാവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെ അമ്മയുടെ മരണമുണ്ടാക്കിയ മനോവ്യഥയേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
2018-ലെ ജി.ക്യൂ അഭിമുഖത്തില്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഫ്രേസറുടെ ഹോളിവുഡ് കരിയറിനെ മാത്രമല്ല, വ്യക്തിജീവിതത്തെത്തന്നെ തകര്‍ത്തുകളയുന്ന വിധത്തില്‍ സ്ഫോടനാത്മകമായിരുന്നു. അമേരിക്കയില്‍ താരപ്രഭാവമുള്ള മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ ഫിലിപ് ബെര്‍ക്കിനേക്കുറിച്ച് ഫ്രേസര്‍ നടത്തിയ 'മി ടൂ' ആരോപണമായിരുന്നു അത്. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ (ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്നത് ഈ സംഘടനയുടെ നേതൃത്വത്തിലാണ്) പ്രസിഡന്റായിരുന്നു അന്ന് ഫിലിപ് ബെര്‍ക്ക്. ബെവെര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ച് 2003-ല്‍ ബെര്‍ക്ക് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നായിരുന്നു ആ വെളിപ്പെടുത്തല്‍.

'എനിക്കത് അസുഖകരമായിരുന്നു. എനിക്കൊരു കൊച്ചുകുട്ടിയേപ്പോലെ തോന്നി. എന്റെ തൊണ്ടയില്‍ ഒരു പന്ത് കുടുങ്ങിയിരിക്കുന്നതുപോലെ. കരഞ്ഞേക്കുമെന്ന് എനിക്കുതോന്നി. ആരോ അദൃശ്യമായ ചായം എന്റെമേല്‍ ഒഴിച്ചതുപോലെ', ആ സംഭവത്തേക്കുറിച്ച് ഫ്രേസര്‍ പറഞ്ഞു. എന്നാല്‍ സംഭവിച്ചത് ലോകത്തോട് തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കരിയര്‍ അതോടെ അവസാനിച്ചേക്കും എന്ന ഭയമായിരുന്നു കാരണം. ഈ സംഘർഷങ്ങള്‍ തന്നെ ഡിപ്രഷനിലേക്ക് കൊണ്ടുപോയതായി ഫ്രേസര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഫ്രേസറുടെ ആരോപണങ്ങളെല്ലാം ബെര്‍ക്ക് നിഷേധിച്ചു. എന്നാൽ പ്രത്യാഘാതം രൂക്ഷമായിരുന്നു. ഫ്രേസര്‍ ഭയന്നതുപോലെതന്നെ സംഭവിച്ചു. കരിയറിനെ ഈ സംഭവം കാര്യമായി ബാധിച്ചു. ഹോളിവുഡില്‍ നിര്‍ണായക സ്വാധീനമുള്ള ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ തന്നെ അപ്രഖ്യാപിത കരിമ്പട്ടികയില്‍ പെടുത്തുകയായിരുന്നെന്ന് ഫ്രേസര്‍ പറയുന്നു. 2003-ന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനോ പുരസ്‌കാരദാന ചടങ്ങിനോ ഫ്രേസര്‍ ക്ഷണിക്കപ്പെട്ടില്ല. ഈ സംഭവവും മുന്‍പ് പറഞ്ഞ ആരോഗ്യപ്രശ്‌നങ്ങളും ദാമ്പത്യ തകര്‍ച്ചയും സിനിമയില്‍നിന്നുള്ള വിടുതലമെല്ലാം ചേര്‍ന്ന് ഫ്രേസറെ വിഷാദരോഗത്തിന്‍റെ ചുഴിയിലേക്ക് വലിച്ചിട്ടു.
മടങ്ങിവരവ്, സിനിമയിലേക്കും ചരിത്രത്തിലേക്കും
ഇടക്കാലത്ത് ചില ടെലിവിഷന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നെങ്കിലും ഒരു തിരിച്ചുവരവ് 2021 ജനുവരി വരെ ഫ്രേസറിന് അപ്രാപ്യമായി തുടര്‍ന്നു. അന്നാണ് ഡാരന്‍ അറോണോവ്സ്‌കി സംവിധാനം ചെയ്യുന്ന ദ വെയ്ല്‍ എന്ന സിനിമയുടെ പ്രഖ്യാപനമുണ്ടായത്. 2013-ന് ശേഷം ഫ്രേസര്‍ക്ക് ലഭിച്ച ആദ്യമായി നായക വേഷം. 'മറ്റുള്ളവരാല്‍ തിരസ്‌കരിക്കപ്പെടുന്ന ഒരാളെ അവതരിപ്പിക്കാന്‍ ഫ്രേസറിന് കഴിയുമെന്ന് അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ എനിക്ക് ബോധ്യപ്പെട്ടു', അമിത വണ്ണമുള്ള, വിഷാദവും നിഷ്‌കളങ്കതയും പേറുന്ന കണ്ണുകളുള്ള, അഭിനയ ശേഷിയുള്ള ഒരാളെ തേടിനടന്ന താന്‍ ഫ്രേസറിലേക്കെത്തിയതിനേക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെയാണ്.

സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ദ വെയ്ല്‍. കടുത്ത വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്ന, അമിതവണ്ണത്തിന്റെ പേരില്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാന്‍ പോലും മടിക്കുന്ന ചാര്‍ലി എന്ന ഇംഗ്ലീഷ് അധ്യാപകനായിരുന്നു വെയ്ലിലെ ഫ്രേസറുടെ കഥാപാത്രം. കഥാപാത്രത്തിനായി തന്റെ ശരീരഭാരം 136 കിലോഗ്രാം ആയി വര്‍ധിപ്പിക്കുകയായിരുന്നു ഫ്രേസര്‍. അതിഗംഭീരമായ പ്രകടനംകൊണ്ട് ചാര്‍ലിയെ അവിസ്മരണീയമാക്കി, അദ്ദേഹം. ഒരുപക്ഷേ, ഏതോ തരത്തില്‍ ഫ്രേസറുമായി താദാത്മ്യപ്പെടുന്നതായിരുന്നിരിക്കണം ചാര്‍ലി എന്ന കഥാപാത്രം.
ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഫ്രേസർ പറഞ്ഞു, 'ഓഹ്, എനിക്കീ അനുഭവം പുതിയതാണ്. സാധാരണ ഞാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ സമ്മാനിക്കാനെത്തുന്ന ആളാണ്. എനിക്കുതോന്നുന്നത്, ഒരു സമ്മാനത്തിനായി എന്റെ പേരു വിളിക്കുന്നത് കേള്‍ക്കാന്‍ ഞാന്‍ അവസാനമായി കാത്തുനിന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്'. എന്നാല്‍ പിന്നീട് ഫ്രേസറുടെ പേര് നിരവധി തവണ വിളിക്കപ്പെട്ടു- ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍, ഗോള്‍ഡന്‍ ഗ്ലോബ്, പിന്നെയിതാ ഒടുവില്‍ ഓസ്‌കറും.
ഓസ്‌കാര്‍ പ്രഖ്യാപനത്തിന്റെ നിമിഷത്തില്‍ സദസ്സിലിരുന്നുകൊണ്ട് താന്‍ അനുഭവിച്ചതിനേക്കുറിച്ച് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഫ്രേസര്‍ ഇങ്ങനെ പറഞ്ഞു- 'ആദ്യം എന്റെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ ഞാന്‍ കരുതി തെറ്റിവിളിച്ചതായിരിക്കുമെന്ന്. എന്നാല്‍, അത് ശരിയായിരുന്നു. ഞാന്‍ എണീറ്റ് ചെല്ലേണ്ടതുണ്ടെന്നും എന്തെങ്കിലും ചുരുങ്ങിയ വാക്കുകളില്‍ പറയേണ്ടതുണ്ടെന്നും അപ്പോളാണ് ഞാന്‍ മനസ്സിലാക്കിയത്... ഇപ്പോള്‍ കടലിനടിയില്‍ ഒരു നീന്തല്‍ പര്യവേഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളേപ്പോലെ എനിക്ക് തോന്നുന്നു', വൈകാരികമായ ശബ്ദത്തില്‍, നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ ബ്രെന്‍ഡന്‍ ഫ്രേസര്‍ പറഞ്ഞു.
Content Highlights: Brendan Fraser wins best actor Oscar for The Whale
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..