വൻരാജ് ഭാട്യ. Photo: twitter
ഭാട്യ സന്ദര്‍ശകന്റെ മുഖത്തേയ്ക്ക് രൂക്ഷമായി ഒന്ന് നോക്കി.
'നിങ്ങളാരാണ്? എന്തിന് ഇവിടെവന്നു. എന്നെ കാണാന്‍ ആരും വരാറില്ല. അല്ലെങ്കിലും അവരെന്തിന് വരണം. എന്നെ കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം.'
'നിങ്ങളാരാണ്? എന്തിന് ഇവിടെവന്നു. എന്നെ കാണാന്‍ ആരും വരാറില്ല. അല്ലെങ്കിലും അവരെന്തിന് വരണം. എന്നെ കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം.'
അഭിമുഖത്തിനെത്തിയ മാധ്യമപ്രവര്ത്തകന് എന്ത് മറുപടി പറയണമെന്നറിയാതെ അന്തംവിട്ടു. എന്നിട്ടും നിര്‍ത്താന്‍ ഒരുക്കമായിരുന്നില്ല ഭാട്യ.
'എന്റെ കൈയില്‍ പണമൊന്നുമില്ല. ബാങ്ക് അക്കൗണ്ടില്‍ ഒരു ചില്ലിക്കാശ് ബാക്കിയില്ല. എന്നെ വെറുതെ വിടൂ, എനിക്ക് പോയി ഉറങ്ങണം.'
'എന്റെ കൈയില്‍ പണമൊന്നുമില്ല. ബാങ്ക് അക്കൗണ്ടില്‍ ഒരു ചില്ലിക്കാശ് ബാക്കിയില്ല. എന്നെ വെറുതെ വിടൂ, എനിക്ക് പോയി ഉറങ്ങണം.'
ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ, രാജ്യം പത്മശ്രീ നല്കി ആദരിച്ച, ശ്യാംബെനഗലിന്റെ സന്തതസഹചാരിയായിരുന്ന, അമ്പതോളം ചിത്രങ്ങള്‍ക്കും ഏഴായിരത്തോളം പരസ്യ ജിംഗിളുകള്‍ക്കും ഈണം പകര്‍ന്ന വൻരാജ് ഭാട്യ എന്ന സംഗീത സംവിധായകന്റെ മുംബൈ നേപ്പിയന്‍ സീറോഡിലെ പൊടിപിടിച്ച അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ആ മാധ്യമപ്രവര്ത്തകന് സങ്കടത്തോടെ പടിയിറങ്ങിപ്പോന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഈ കദനകഥ നാട്ടിൽ പാട്ടായി. സംഗീതസംവിധായകന് എഹ്സാന്‍ നൂറാനി ഫെയ്സ്ബുക്കിൽ സഹായാഭ്യര്‍ഥന നടത്തി. ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി ഒരു തുക കൈമാറി. നടന് ദലിപ് താഹില്‍ ആത്മകഥ പുറത്തിറക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കി.
ഓര്മ നശിച്ചുതുടങ്ങിയ ഭാട്യ ഇക്കഥ പലതും അറിഞ്ഞില്ല. കൈയില്‍ കാശൊന്നും കാര്യമായി വന്നതുമില്ല. നിത്യച്ചെലവ് നടത്താന്‍ കിട്ടിയ വിലപ്പെട്ട സമ്മാനങ്ങളും വീട്ടുപകരണങ്ങള്‍ വരെയും വില്പനയ്ക്ക് വയ്ക്കേണ്ട അസ്ഥയിലായി ഇക്കാലം കൊണ്ട്. രണ്ട് വര്‍ഷത്തിനുശേഷം തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ തീര്‍ത്തും അവശനായി മരണത്തിന് കീഴടങ്ങുമ്പോഴും ഭാട്യയുടെ കൈയിലും അക്കൗണ്ടിലും കാശൊന്നും കാര്യമായയി ഉണ്ടായിരുന്നില്ല. പണമില്ലാത്തതിനാല്‍ കോവിഡ് പരിശോധന പോലും നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ചലച്ചിത്രസംഗീതരംഗത്ത് പുതിയ പാത വെട്ടിത്തെളിയിച്ച ഭാട്യ തൊണ്ണൂറാം വയസ് വരെ സംഗീതരംഗത്ത് സജീവമായി നിന്നിട്ടും എല്ലാ അര്‍ഥത്തിലും നിസ്വനായാണ് മരണത്തിന് കീഴടങ്ങിയത്.
അങ്കുര്‍, നിശാന്ത്, 36 ചൗരംഗിലെയ്ന്, ഹിപ് ഹിപ് ഹുറെ, തരംഗ്, ഖാമോഷ്, സര്‍ദാര്‍, ബംഗര്‍വാഡി, ചായാഗംഗ, സമര്... അങ്ങനെ നിരവധി ചിത്രങ്ങള്‍ക്കും തമസ്, വാഗ്ളെ കി ദുനിയ, ഭാരത് ഏക് ഖോജ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ക്കും സംഗീതം നല്കിയ പേരെടുത്ത സംഗീതസംവിധായകനാണ് ജീവിതം അവസാനകാലത്ത് ഇത്തരമൊരു ദുര്യോഗം കാത്തുവച്ചത്.
പിയാനോ പഠിക്കാന്‍ വിദേശത്ത് പോയി തിരിച്ചുവന്നാല്‍ കടപ്പുറത്ത് കടല വില്‍ക്കാം എന്ന് പണ്ടൊരു ബന്ധു പരിഹസിച്ചിരുന്നു. പരമ്പരാഗതമായ തുണിവിറ്റ് ഉപജീവനം കഴിക്കുന്ന ഭാട്യമാര്ക്ക് അതിലൊരുത്തന് സംഗീതത്തില്‍ ഭ്രമം കയറുന്നത് സഹിക്കാവുന്നതായിരുന്നില്ല. മകന്റെ പിയാനൊ കത്തിച്ചുകളയുകയാണ് വേണ്ടെന്ന് അച്ഛനെ ഉപദേശിച്ചവര്‍ വരെയുണ്ട്. എന്നിട്ടും അച്ഛന് വൻരാജിനെ വിദേശത്തേയ്ക്ക് അയച്ചു. ഒരു നിബന്ധന മാത്രം. ആറു മാസം നിന്റെ ചെലവുകള്‍ ഞാന്‍ വഹിക്കും. അതുകഴിഞ്ഞാല്‍ പഠിക്കാനും ജീവിക്കാനുമുള്ള വഴി നീ തന്നെ കണ്ടെത്തണം.
വൻരാജ് അച്ഛനെ നിരാശപ്പെടുത്തിയില്ല. വൈകാതെ തന്നെ റോക്ക്ഫെര് ഫെലോഷിപ്പ് അടക്കം നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചു. ലണ്ടന്‍ റോയല്‍ അക്കാദമയിലും പാരിസിലും പോയി പഠിച്ചു. പ്രശസ്തമായ പല കണ്‍സേര്‍ട്ടുകളും പങ്കാളിയായി. പക്ഷേ, മുംബൈയില്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുവിന്റെ പ്രാക്ക് ഏറ്റതുപോലെയായിരുന്നു കാര്യങ്ങള്‍. ജീവിക്കാന്‍ കടല വില്‍ക്കേണ്ട ഗതി. കൈയില്‍ കാല്‍ക്കാശില്ല. അക്കാലത്താണ് റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന് ഡല്‍ഹി സര്‍വകലാശാലയില്‍ പാശ്ചാത്യ സംഗീതത്തില്‍ ഒരു ചെയര്‍ ആരംഭിക്കുന്നത്. മനസില്ലാ മനസോടെയാണെങ്കിലും വൻരാജ് അവിടെ അധ്യാപകനായി. ഏറ്റവും മോശമായ ഒരു സംഗീതഞ്ജന്‍ ചേരുന്ന പണി എന്നാണ് പില്ക്കാലത്ത് വൻരാജ് ഈ ജോലിയെ വിശേഷിപ്പിച്ചത്.
അന്ന് പാശ്ചാത്യ സംഗീതം പഠിക്കാന്‍ കുട്ടികള്‍ ആരും തന്നെയുണ്ടായില്ല. അഞ്ചു വര്‍ഷം ഭാട്യ അങ്ങനെ അവിടുത്തെ വിരസജീവിതം തള്ളിനീക്കി ഒത്തുവന്ന വിദേശയാത്രകള്‍ മാത്രമായിരുന്നു ആശ്വാസം. ഇടയ്ക്കൊരു ദിവസം കോളേജ് ഡീന്‍ വിളിപ്പിച്ച് പറഞ്ഞു. നിങ്ങള്‍ ഒരു ബുദ്ധിമാനാണെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ, സത്യത്തില്‍ നിങ്ങളൊരു വിഡ്ഡിയാണ്. എന്റെ കോളേജില്‍ പാശ്ചാത്യസംഗീതം പഠിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ലായിരുന്നു. വൻരാജിനെ പറഞ്ഞുവിടാന്‍ അവര്‍ തിടുക്കം കൂട്ടുന്നതുപോലെയായിരുന്നു.
അങ്ങനെ അമ്പതുകളുടെ മധ്യത്തില്‍ വൻരാജ് വെറുംകൈയുമായി മുംബൈയില്‍. ജീവിതം വീണ്ടും പ്രതിസന്ധിയിലാവുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. പരസ്യജിംഗിളുകള്‍ അന്ന് ഇന്ത്യയില്‍ കേട്ടുപരചയമുള്ള ഒന്നായിരുന്നില്ല. ശക്തി സില്‍ക്സ് മില്ലിന്റെ പരസ്യത്തിനുവേണ്ടിയാരുന്നു പരീക്ഷണം. ആദ്യത്തെ ഉദ്യമം എന്തായാലും ഏറ്റു. കണ്ടുമടുത്ത പരസ്യങ്ങള്‍ക്ക് പാട്ടും സംഗീതവും പുതിയ ജീവന് പകര്‍ന്നു. പിന്നെ ലിറില്‍ സോപ്പുകാര് സമീപിച്ചു. ഗാര്ഡന് വെറേലി, ഡ്യൂലക്സ്.... അങ്ങനെ നീളുന്നു അക്കാലത്ത് സിനിമാഗാനങ്ങളേക്കാള്‍ കൂടുതല്‍ അരുമയോടെ ഇന്ത്യക്കാരുടെ ചുണ്ടില്‍ ഒട്ടിനിന്ന പരസ്യജിംഗിളുകള്‍.
ചലച്ചിത്രഗാനങ്ങള്‍ പോലെ ഹിന്ദുസ്ഥാനി പാശ്ചാത്ത്യ ഈണങ്ങള്‍ മേളിച്ച ജിംഗിളുകളും വമ്പന്‍ ഹിറ്റ്. കമ്പനികള്‍ ഒന്നൊന്നായി ഭാട്യയ്ക്ക് മുന്നില്‍ വരിയായിനിന്നു. പരസ്യങ്ങള്‍ ഹിറ്റായെങ്കിലും അതിന് കാര്യമായ പ്രതിഫലം നല്‍കാനും കമ്പനികളില്‍ പലരും തയ്യാറായിരുന്നില്ല. എങ്കിലും ഹിറ്റായ ഈ ജിംഗിളുകളാണ് ഭാട്യയെ ശ്യാം ബെനഗലില് എത്തിക്കുന്നത്. മനുഷ്യമനസിന്റെ സങ്കീര്‍ണമായ സഞ്ചാരപഥത്തിന്റെ കഥ പറയുന്ന തന്റെ പുതിയ ചിത്രം അങ്കുറിന് പശ്ചാത്തല സംഗീതമൊരുക്കുകയായിരുന്നു ആവശ്യം. അനന്ത് നാഗും ശബാന ആസ്മിയും അരങ്ങേറ്റം കുറിച്ച അങ്കുര്‍ ഭാട്യയ്ക്കും നല്ല രാശിയാണ് സമ്മാനിച്ചത്. അന്ന് മുതല്‍ ശ്യാം ബെനഗലുമായുള്ള കൂട്ടും ഉറച്ചു. ശ്യാമിന്റെ പില്ക്കാല ചിത്രങ്ങളായ മന്ഥന്, ഭൂധിക, ജുനൂന്, മണ്ഡി, ത്രികാല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സംഗീതം ഭാട്യയായിരുന്നു.
ശ്യാം ബെനഗലുമായുള്ള കൂട്ട് ഒരുപോലെ ഗുണവും ദോഷവുമായിരുന്നു ഭാട്യയ്ക്ക്. കിഴക്കിനെയും പടിഞ്ഞാറിനെയും സന്നിവേശിപ്പിക്കുന്ന ഭാട്യയുടെ ശൈലി സമാന്തരസിനികളുടെയും തമസും ഭാരത് ഏക് ഖോജും ഉള്‍പ്പടെയുള്ള ടെലിവിഷന്‍ ഷോകളുടെയുമെല്ലാം അനിവാര്യതായെങ്കിലും മുഖ്യധാരാ സിനിമകള്‍ പൂര്‍ണമായും മുഖംതിരിച്ചു. തലയെടുപ്പുള്ള ബോളിവുഡ് വിഗ്രഹങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഭാട്യയും ഒരുക്കമായിരുന്നില്ല. വരികളുടെ നിലവാരത്തെ ചൊല്ലി കലഹിച്ച് ഒരിക്കല്‍ ആശാ ഭോസ്ലേ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയ ചരിത്രമുണ്ട്. ഒരിക്കല്‍ ഗുല്‍സാര്‍ ഭാട്യയെ വീട്ടിലേയ്ക്ക് വിളിപ്പിച്ചു.
'ഈണമെവിടെ ഞാന്‍ പാട്ടെഴുതട്ടെ'
എന്നു തിരക്കു കൂട്ടിയ ഗുല്‍സാറിന്റെ മുഖത്ത് നോക്കി ഇല്ലാത്ത വരികള്‍ക്ക് ഈണമിടുന്ന രീതി എനിക്കില്ലെന്ന് തന്റേടത്തോടെ പറയാന്‍ ഒട്ടും മടിച്ചില്ല ഭാട്യ.
പ്രധാന സംവിധായകരും ഗായകരുമെല്ലാം ഒരുപോലെ തഴഞ്ഞ ഭാട്യയുടെ സംഗീതജീവിതം ഏറെയും സമാന്തരക്കാര്ക്കൊപ്പമായിരുന്നു. ബെനഗലിന് പുറമെ ഗോവിന്ദ് നിഹലാനി, കുന്ദന്‍ ഷാ, അപര്‍ണ സെന്‍, സയ്യിദ് മിര്‍സ, കുമാര്‍ സാഹ്നി, വിധു വിനോദ് ചോപ്ര, വിജയ് മേത്ത, പ്രകാശ് ജാ എന്നിവരുടെ ചിത്രങ്ങളായിരുന്നു ഭാട്യയ്ക്ക് ആശ്രയം. ഇതില്‍ തമസിന്റെ സംഗീതത്തിനാണ് 1988ല്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. കുന്ദന്‍ലാൽ സൈഗളിന്റെുയം പങ്കജ് മല്ലിക്കിന്റെയും റായി ചന്ദ് ബോറലിന്റെയുമെല്ലാം സ്കൂളിനോടായിരുന്നു പണ്ട് മുതലേ ഭാട്യയ്ക്കും ചായ്വ്. സമാന്തര സിനിമാക്കാരുമായുള്ള ചാര്‍ച്ചയ്ക്ക് ഇതും ഒരു കാരണമായിട്ടുണ്ടാകാം.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെല്ലാം പഠിച്ചിറങ്ങുന്നവര്‍ പലപ്പോഴും എന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. ഞാന്‍ ചുരുങ്ങിയ ചെലവില്‍ സംഗീതം ചെയ്തുകൊടുക്കും എന്നതായിരുന്നു അവരുടെ ആകര്‍ഷണം. വളര്‍ന്നു വലുതാകുമ്പോള്‍ കാശു തരാം എന്നതായിരുന്നു വാഗ്ദാനം. പക്ഷേ, അവരതൊക്കെ മറന്നു. എനിക്ക് പണമൊന്നും പിന്നെ കിട്ടിയില്ല-ഒരു അഭിമുഖത്തില്‍ ഭാട്യ പറഞ്ഞു.
ലതാ മങ്കേഷ്കറും ആശാ ഭോസ്ലേയുമെല്ലാം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും ഇവര്‍ അടക്കമുള്ള മുന്‍നിര ഗായകര്‍ പലപ്പോഴു മുഖംതിരിച്ച ഭാട്യ ഒരുപാട് പുതുമുഖ ഗായകര്‍ക്ക് തുണയായി. ശ്യാം ബെനഗലിന്റെ ഭൂമികയിലെ 'തുമാരെ ബിന്‍ റീ നാ ലഗെ ഗര്‍ മേയ്ന്' എന്ന ഗാനത്തിന്റെ റെക്കോഡിങ് നടക്കുകയാണ്. റെക്കോഡിങ്ങിനിടെ റെക്കോഡിസ്റ്റ് നിലവിട്ട് ക്ഷോഭിക്കുന്നു. നിങ്ങളെന്താണ് കുട്ടിക്കളി കളിക്കുകയാണ്. ഇങ്ങനെത്തെ പറക്കമുറ്റാത്ത കുട്ടികളെകൊണ്ടാണ് സിനിമാ പാട്ടൊക്കെ പാടിക്കുന്നത്' എന്നായിരുന്നു ചോദ്യം. ഒട്ടും അക്ഷോഭ്യനാവാതെ ഭാട്യ പറഞ്ഞു:
'നിങ്ങള്‍ പാട്ട് റെക്കോഡ് ചെയ്യൂ. എനിക്കൊരു ക്ലീന്‍ വോയ്സാണ് വേണ്ടത്.'
റെക്കോഡിങ് സാധാരണ മട്ടില്‍ പൂര്‍ത്തിയായി. സ്മിതാ പാട്ടിലും അനന്ത് നാഗും സ്ക്രീനിലെത്തിയ ഗാനം ശ്രദ്ധിക്കപ്പെട്ടതു തന്നെ ആലാപനത്തിലെ വേറിട്ട ശൈലി കൊണ്ടുകൂടിയായിരുന്നു. പതിനാല് വയസു മാത്രം പ്രായമുള്ള അന്നത്തെ ആ ഗായികയാണ് പ്രീതി സാഗര്‍. പ്രീതി സാഗര്‍ മാത്രമല്ല, ഉദിത്ത് നാരായണ്‍, വിനോദ് റാത്തോഡ്, കവിത കൃഷ്ണമൂര്‍ത്തി, സുനില്‍ റാവു, ഉഷ ഉതുപ്പ, ഷാരണ്‍ പ്രഭാകര്‍, അലിഷ ചിനായ്, സുഷമ ശ്രേഷ്ഠ, സുക്ഷണ പണ്ഡിറ്റ് തുടങ്ങിയ ഗായകര്‍ക്കും കരിയറിന്റെ തുടക്കകാലത്ത് കുടയായി നിന്നത് ഭാട്യയായിരുന്നു.
വെസ്റ്റേണ്‍ ഈണങ്ങളുടെ പാതയിലായിരുന്നു ഭാട്യയുടെ ഈണങ്ങളത്രയും എന്നൊരു പഴി അന്നേ ഉണ്ടായിരുന്നു. എന്നാല്‍, ഇതേ വിമര്‍ശകരെ ഹാര്‍മോണിയവും സാരംഗയും തബലയും തമ്പുരുവും മാത്രം വച്ച് ഈണം സൃഷ്ടിച്ച് അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഭട്യം. പോരാത്തിന് ഇന്ത്യന്‍ മെഡിറ്റേഷന്‍ മ്യൂസിക്, ഭഗവദ്ഗീത, ദി സ്പിരിറ്റ് ഓഫ് ഉപനിഷത്ത് എന്നിവയ്ക്കും തീര്‍ത്തും സംസ്കൃതമന്ത്രങ്ങളില് അധിഷ്ഠിതമായ ഭാരത് ഏക് ഖോജിന്റെ ടൈറ്റില്‍ മ്യൂസിക്ക് കൊണ്ടും ഈ വിമര്‍ശകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു പണ്ട് വിന്നയില്‍ റിച്ചാര്‍ഡ് സ്ട്രോസിന്റെ ഡെര്‍ റൊന്കാവലിയറും യൂജിന്‍ ഒനജിനും പോലുളള ഓപ്പറകള്‍ പലയാവര്‍ത്തി കണ്ടുനടന്ന ചരിത്രമുള്ള ഭാട്യ. എന്റെ നാടായ കച്ചിലെ കത്യാവാഡയിലെ തണുപ്പാണ് ഞാന്‍ സംഗീതത്തിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി ഞാന്‍ എല്ലാ ദിവസവും ഓരോ പുതിയ ഈണങ്ങള്‍ സൃഷ്ടിക്കുന്നു-ഒരിക്കല്‍ ഭാട്യ പറഞ്ഞു.
പുതിയ ഈണങ്ങള്‍ പിറന്ന ആ മനസിലേയ്ക്ക് പക്ഷേ, കൂട്ടുകൂടാന്‍ പുതിയ ആള്‍ക്കാരൊന്നും വന്നില്ല. ശ്യാം ബെനഗല്‍ പറഞ്ഞതുപോലെ ഭാട്യ സ്വയം ഉള്‍വലിയുകയായിരുന്നു. തന്റെ ആശയവിനിമയം നടത്താന്‍ ബൗദ്ധികനിലവാരത്തിനൊത്ത ആളുകളെ അദ്ദേഹത്തിന് കിട്ടാതായി. ഒറ്റയ്ക്കിരുന്ന് പിന്നെ ക്രമേണ മനസിലെ ഈണങ്ങളും അനാഥമായി പടിയിറങ്ങി. ഭാട്യയും പ്രാരാബ്ധങ്ങളും മാത്രമായി നാലുപാടും കൊട്ടിയടച്ച ഫ്ളാറ്റില്‍. ഒരു സഹായിയും പപ്സൂ എന്ന വിളിപ്പേരുള്ള ഒരു പൂച്ചയുമായിരന്നു കൂട്ട്. പപ്സു ഒരു അപകടത്തില്‍ പോയതോടെ ഭാട്യ കൂടുതല്‍ വലിയ വിഷാദത്തിലേയ്ക്ക് ഉള്‍വലിഞ്ഞു. മിണ്ടാതെയായി. ചുറ്റും നടുക്കുന്ന പലതും അറിയാതെയുമായി. പാടാതെ പോയ ഈണങ്ങള്‍ വലയംചെയ്ത ഇവിടേയ്ക്കാണ് കഴിഞ്ഞ ദിവസം കാലൊച്ചയില്ലാതെ മരണവും കയറിവന്നത്.
Content Highlights: Bollywood Film music composer Vanraj Bhatia Shyam Benegal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..