
-
1988-ല്‍ അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ച സലാം ബോബെയില്‍ തുടങ്ങി മുപ്പതു വര്‍ഷം നീണ്ട നിന്ന അതിസമ്പന്നമായ സിനിമാ ജീവിതത്തിനാണ് ഇന്ന് തിരശ്ശീല വീണത്. ഹിന്ദി സിനിമയില്‍ തുടങ്ങി തന്റെ സാന്നിധ്യം ബ്രിട്ടീഷ് സിനിമകളിലും ഹോളിവുഡിലും വരെ എത്തിക്കാന്‍ സാഹബ്സാദെ ഇര്ഫാന് അലി ഖാന് എന്ന ഇര്ഫാന് ഖാന് കഴിഞ്ഞു.
പിന്നീട് ചെയ്ത സിനിമകള്‍ തന്റെ സിനിമാ ജീവിതത്തില്‍ വലിയ തിളക്കങ്ങളൊന്നും ഇര്ഫാന് സമ്മാനിച്ചില്ല. എന്നാല്‍ തളരാന്‍ തയ്യാറല്ലാത്ത പോരാളിയായിരുന്നു അന്നും ഇന്നും ഇര്ഫാന്. 2003, 2004 വര്‍ഷങ്ങളിലായി ഇറങ്ങിയ ഹാസില്‍, മക്ക്ബൂല്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ഇതുകൂടാതെ ഹാസിലിലെ വേഷത്തിന് മികച്ച വില്ലന്‍ വേഷത്തിനുള്ള ഫിലിം ഫെയറിന്റെ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. അതോടെ ഇർഫാൻ എന്ന നടൻ ബോളിവുഡിലെ മികച്ച അഭിനേതാക്കളുടെ ഇടയിലേക്ക് നിശബ്ദനായി നടന്നു നീങ്ങി.
ഇര്‍ഫാന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത് ലൈഫ് ഇന്‍ എ മെട്രൊയിലെ മോണ്ടി എന്ന കഥാപാത്രമാണ്. 2007-ല്‍ ഇറങ്ങിയ സിനിമയിലെ അഭിനയത്തിന് സഹനടനുള്ള ഫിലിം ഫെയറിന്റെ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
2011-ല്‍ ഇറങ്ങിയ പാന്‍ സിങ് തോമറിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമയിലെ കഥാപാത്രം അദ്ദേഹത്തിനെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം, ഫിലിം ഫെയറിന്റെ നിരൂപക പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ക്കും അര്‍ഹനാക്കി. ബാഫ്ത അവാര്‍ഡില്‍ തിരഞ്ഞെടുത്ത 2013-ല്‍ ഇറങ്ങിയ ലഞ്ച് ബോക്സും ഇര്‍ഫാന്റെ ജീവിതത്തിലുണ്ടാക്കിയ ഓളം ചെറുതല്ല.
പിന്നീട് ഒരു തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യം ഇര്ഫാന് ഉണ്ടായില്ല. വാണിജ്യപരമായും പ്രേക്ഷകപ്രശംസയായും ഹിറ്റായ ഹൈദര്‍(2014), ഗുണ്ടെ(2014), പികു(2015), തല്‍വാര്‍(2015) എന്നീ സിനിമകളില്‍ എല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ അദ്ദേഹം തിളങ്ങി.
ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഇര്ഫാന് നേടിക്കൊടുത്ത സിനിമയാണ് 2017-ല്‍ ഇറങ്ങിയ ഹിന്ദി മീഡിയം. ഇന്ത്യയിലും ചൈനയിലുമുള്‍പ്പെടെ ലോകത്ത് പലയിടത്തും വലിയ സ്വീകാര്യത നേടിയ സിനിമ കൂടിയാണ് ഹിന്ദി മീഡിയം.
ഇന്ത്യയ്ക്ക് പുറമേ ഹോളിവുഡിലും തന്റേതായ സ്ഥാനമുണ്ടാക്കിയ നടനാണ് ഇര്ഫാന്. ദ് വാരിയര്‍, ദ് നേയിംസേയ്ക്ക്, ദ് ഡാര്‍ജിലിങ് ലിമിറ്റഡ്, അക്കാദമി അവാര്‍ഡിനര്‍ഹമായ സ്ലംഡോഗ് മില്ല്യണയര്‍, ന്യൂയോര്‍ക്ക്, ഐ ലവ് യൂ, ദ് അമേസിങ് സ്പൈഡര്മാന്, ലൈഫ് ഓഫ് പൈ, ജുറാസിക്ക് വേള്‍ഡ്, ഇന്‍ഫെര്‍ണോ എന്നിവയാണ് അദ്ദേഹത്തിന്റെ ആഗോളത്തലത്തില്‍ ചെയ്ത സിനിമകള്‍. അതിൽ സ്ലം ഡോഗ് മില്യണയറും ലെെഫ് ഓഫ് പെെയും ഓസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി.
2020 ആദ്യം ഇറങ്ങിയ അംഗ്രേസി മീഡിയമാണ് അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ സിനിമ. സിനിമകളെ കൂടാതെ നിരവധി ടി.വി. ഷോകളുടെയും ഭാഗമാകാന്‍ ഇര്ഫാന് കഴിഞ്ഞിട്ടുണ്ട്. ചാണക്യ, ചന്ദ്രകാന്ത, ദ് ഗ്രേറ്റ് മറാത്ത, എം. ടി.വി. റോഡീസ് തുടങ്ങി പത്തിലധികം ഷോകള്‍ അദ്ദേഹം ചെയ്തു.
Content Highlights: Bollywood actor Irfan Khan passes away, his filmography
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..