രാജ്യം നിര്‍ണായകമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. ഭരണത്തുടര്‍ച്ചയ്ക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. കോപ്പുകൂട്ടുമ്പോള്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ഭരണത്തിലേക്ക് തിരിച്ചുകയറാം എന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. രാജ്യത്തെ തിരഞ്ഞെടുപ്പ് ചൂട് സിനിമയിലേക്കും പടരുമ്പോള്‍ ജനവിധിക്ക് മുന്നോടിയായി തിയേറ്ററുകളിലെത്താന്‍ പോകുന്നത് ആറ് ബയോപിക്കുകള്‍.
അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ബാല്‍ താക്കറെ, വൈ.എസ്. രാജശേഖര റെഡ്ഡി, എന്‍.ടി. രാമറാവു എന്നിവരുടെയെല്ലാം ജീവിതങ്ങള്‍ വന്‍ബജറ്റില്‍ സിനിമകളായി മാറുന്നു. ആര്.എസ്.എസിന്റെ ചരിത്രം പറയുന്ന ബിഗ്ബജറ്റ് സിനിമയുടെ ചര്‍ച്ചകളും അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തുമെന്നാണ് ധാരണ. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിത്യാമേനോനടക്കം നായികയാകുന്ന രണ്ട്സിനിമകള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മലയാളത്തില്‍ ഹരീഷ് പേരടി നായകനായ ജനാധിപനും വരച്ചുവെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തന്നെ.
ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമമായി സിനിമ വളര്‍ന്നുകഴിഞ്ഞു എന്ന ചിന്ത തന്നെയാണ് ഇത്തരത്തില്ബയോപിക്കുകളുടെ കുത്തൊഴുക്കിനുള്ള കാരണമാവുന്നത്. പോയ വര്‍ഷം ബോളിവുഡിലെ ഏറ്റവും വലിയഹിറ്റ് സഞ്ജയ് ദത്തിന്റെ ബയോപിക്കായ സഞ്ജു ആയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയനേതാക്കളുടെ ബയോപിക്ക് ചിത്രങ്ങള്‍ക്ക് കൈനിറയെ സഹായവുമായി രാഷ്ട്രീയപാര്‍ട്ടികളും മുന്നിട്ടിറങ്ങുന്നു.
ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നവാഗതനായ വിജയ് ഗട്ടെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. അനുപം ഖേറാണ് മന്മോഹന് സിങ്ങിനെ അവതരിപ്പിക്കുന്നത്. 2004-08 കാലത്ത് മന്മോഹന് സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ അധികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, ദ മേക്കിങ് ആന്‍ഡ് അണ് മേക്കിങ് ഓഫ് മന്മോഹന് സിങ് എന്നാണ് പുസ്തകത്തിന്റെ പേര്.
ചിത്രത്തില്‍ മന്മോഹന് സിങ്ങിന് പുറമേ മറ്റൊരു പ്രധാന കഥാപാത്രമായ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മന്‍ നടി സൂസന് ബെര്‍നാടാണ്. ചിത്രത്തില്‍ ഗാന്ധി കുടുംബത്തെ താറടിച്ച് കാണിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ഇതിനകം രംഗത്തെത്തി കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ വ്യാജപ്രചാരണത്തിന്റെ ഭാഗമാണ് സിനിമയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഒരു കുടുംബം 10 വര്‍ഷം രാജ്യത്തെ ബന്ദിയാക്കിയതിന്റെ കഥ പറയുന്ന ചിത്രമാണെന്നാണ് ബി.ജെ.പി. നേതാക്കള്‍ മറുപടിയായി ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
താക്കറെ
ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് താക്കറെ. നവാസുദ്ദീന്‍ സിദ്ദിഖി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം അഭിജിത്ത് പാന്‍സെയാണ് സംവിധാനം ചെയ്യുന്നത്. ശിവസേന എം.പി.യും പത്രപ്രവര്‍ത്തകനുമായ സഞ്ജയ് റാട്ടാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും. മറാഠി ഭാഷയില്‍ പ്രാവീണ്യം നേടിയ ശേഷമാണ് നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തില്‍ അഭിനയിച്ചത്. അമൃതാ റാവു, അബ്ദുള്‍ ഖാദര്‍ അമിന്‍, അനുഷ്കാ ജാദവ്, ലക്ഷ്മണ് സിങ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ഹിന്ദിയിലും മറാഠിയിലുമായി ഒരുക്കുന്ന ചിത്രം ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടത്തും. താക്കറെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നില്ലെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് ചിത്രമെന്ന വിമര്‍ശനവുമായി തമിഴ് നടന് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയും ശിവസേനയും പരസ്പരം പോരടിക്കുന്ന മഹാരാഷ്ട്ര രാഷ്ട്രീയ ഭൂപടത്തില്‍ ചിത്രം നിര്‍ണായക സ്വാധീനമാവുമെന്ന് വിലയിരുത്തപ്പെടുന്നു.
എന്‍.ടി.ആര്.
നടനായും നിര്‍മാതാവായും പിന്നീട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായും വളര്‍ന്ന എന്‍.ടി. രാമറാവുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് എന്‍.ടി. ആര്. എന്‍.ടി. രാമറാവുവിന്റെ മകന് നന്ദമൂരി ബാലകൃഷ്ണ തന്നെയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. അച്ഛനുമായുള്ള അദ്ഭുതപ്പെടുത്തുന്ന സാദൃശ്യം തന്നെയാണ് നന്ദമൂരി ബാലകൃഷ്ണക്ക് എന്‍.ടി.ആര്. സിനിമയിലേക്കുള്ള വഴിതുറന്നത്. എന്‍.ടി.ആറിന്റെ ഭാര്യാവേഷത്തില്‍ വിദ്യാബാലനും ചിത്രത്തിലുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ റാണാ ദഗുബട്ടി അവതരിപ്പിക്കുന്നു. എന്‍.ടി.ആറിന്റെ മകളുടെ ഭര്‍ത്താവാണ് ചന്ദ്രബാബു നായിഡു. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ നേരില്‍ കണ്ടിരുന്നു റാണ. ക്രിഷ് ജഗര്‍ലമുഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. എന്‍.ടി.ആര്. കഥാനായകഡു എന്ന ആദ്യഭാഗം പുറത്തിറങ്ങികഴിഞ്ഞു. രണ്ടാം ഭാഗത്തിന്റെ പേര് എന്‍.ടി.ആര്. മഹാനായകഡു എന്നാണ്.
യാത്ര
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് 'യാത്ര'. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ.എസ്.ആര്. നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് യാത്ര പറയുന്നത്. കര്‍ഷക ആത്മഹത്യകള്‍ പൊള്ളിച്ച ആന്ധ്രയുടെ ഭൂതകാലം ചിത്രത്തില്‍ കാണാം. 1453 കിലോ മീറ്റര്‍ നീണ്ട വൈ.എസ്.ആറിന്റെ പദയാത്രയാണ് സിനിമയുടെ പ്രധാന പ്രമേയം.
കോണ്‍ഗ്രസുമായുള്ള വൈ.എസ്.ആറിന്റെ അടുപ്പവും അകല്‍ച്ചയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ ചിത്രത്തിന്റെ രാഷ്ട്രീയ പ്രസക്തിയും ഏറെയാണ്. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടുകളും ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രം തെലുഗിന് പുറമേ തമിഴിലും മലയാളത്തിലും പ്രദര്‍ശനത്തിനെത്തും. മഹി വി രാഘവ് ആണ് സിനിമയുടെ സംവിധാനം. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണിരത്നം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷണ കുമാറാണ് (കെ) സംഗീതം. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.
പി.എം. നരേന്ദ്രമോദി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം പറയുന്ന സിനിമയാണ് ഈ കൂട്ടത്തില്‍ അവസാനമായി പ്രഖ്യാപിച്ച ബയോപിക്. പി.എം. നരേന്ദ്രമോദി എന്നാണ് ചിത്രത്തിന്റെ പേര്. വിവേക് ഒബ്റോയ് ആണ് നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുന്നത്. ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ പുറത്തുവിട്ടു കഴിഞ്ഞു.
മേരി കോം, സര്‍ബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഓമുങ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. സന്ദീപ് സിങ്ങാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പക്ഷേ, ആദ്യമായിട്ടാവാം ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കേ അദ്ദേഹത്തിന്റെ ജീവിത കഥ സിനിമയാവുന്നത്. മോദി സ്വയം മഹത്വവത്കരിക്കാനുള്ള ശ്രമമമാണ് സിനിമ എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇതിനകം രംഗത്തെത്തി കഴിഞ്ഞു.
തഷ്കന്റ് ഫയല്‍സ്
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ മരണത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ബോളിവുഡ് ത്രില്ലര്‍ ചിത്രമാണ് തഷ്കന്റ് ഫയല്‍സ്. വിവേക് അഗ്നിഹോത്രിയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. നസറുദ്ദീന്‍ ഷാ, മിഥുന് ചക്രവര്‍ത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ ബഹാദുര്‍ ശാസ്ത്രി 1966ജനുവരി 10-ന് റഷ്യയിലെ തഷ്കന്റില്‍ വെച്ചാണ് മരണപ്പെട്ടത്.
മരണത്തിലെ അസ്വഭാവികതയാണ് ചിത്രത്തിനാസ്പദമെന്ന് വിവേക് അഗ്നിഹോത്രി പറയുന്നു. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പിന്നാലെയെത്തുന്ന തഷ്കന്റ് ഫയല്‍സും വിവാദങ്ങള്‍ക്ക് മരുന്നിടാന്‍ സാധ്യതയുണ്ട്.
Content Highlights : Biopics Of Political Leaders, Yatra Mammootty YSR, NTR, Thackarey, Accidental Prime Minister, PM NarendraModi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..