ചില താരങ്ങൾ പറയും, 'ഇവൻ വേണ്ട, കണ്ട് മടുത്തു'; അതോടെ സിനിമയിൽ നിന്ന് പുറത്ത്


അനുശ്രീ മാധവൻ (anusreemadhavan@mpp.co.in)

''മരിച്ചു കഴിഞ്ഞതിന് ശേഷം അം​ഗീകരിച്ചില്ല എന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല. ജീവിച്ചിരിക്കുമ്പോഴാണ് പരി​ഗണിക്കപ്പെടേണ്ടത്''.

-

സുശാന്ത് സിം​ങ് രജ്പുത്തിന്റെ മരണവും സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള ചർച്ചകളും സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയ സാഹചര്യത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. ബോളിവുഡിലെ മുൻനിര യുവതാരമായിരുന്നിട്ടു കൂടി സുശാന്ത് തന്റെ ജീവനെടുത്തത് എന്തുകൊണ്ടാണെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഇന്ത്യയൊട്ടാകെ പേരും പ്രശസ്തിയുമുള്ള ഒരു താരത്തിന്റെ ഗതി ഇങ്ങനെയാകുമ്പോൾ ചെറിയ വേഷങ്ങൾ ചെയ്യുന്ന അഭിനേതാക്കളുടെ അവസ്ഥ എന്തായിരിക്കും. കരൾരോ​ഗത്തെ തുടർന്ന് നടൻ അനിൽ മുരളിയുടെ അന്തരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയർന്നു വരുന്നത്. ഇരുനൂറോളം വേഷങ്ങൾ ചെയ്ത അനിൽ മുരളിയെ മലയാള സിനിമ വേണ്ടത്ര പരി​ഗണിച്ചില്ല എന്ന ആക്ഷേപം സിനിമാലോകത്ത് നിന്നു തന്നെ ഉയർന്നു വരികയാണ്. അതിനിടയിലാണ് നടൻ ബിജു പപ്പൻ ഫെയ്സ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റ് വലിയ ചർച്ചയാകുന്നതും. വർഷങ്ങൾക്ക് മുൻപ് സിനിമാ ചിത്രീകരണത്തിനായി കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ച അനുഭവമാണ് ബിജു പപ്പൻ കുറിച്ചത്. നടൻ സുബെെർ മരിച്ചപ്പോൾ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നവരിൽ ഒരാളായിരുന്നു അനിലെന്നും പറഞ്ഞാണ് ബിജുവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

അനിൽ മുരളിയെക്കുറിച്ചുള്ള ഈ കുറിപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണശേഷം ഉയർന്നുവരുന്ന ചർച്ചകളെക്കുറിച്ചും. ബിജുവിനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നു. ''മരിച്ചു കഴിഞ്ഞതിന് ശേഷം അം​ഗീകരിച്ചില്ല എന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല. ജീവിച്ചിരിക്കുമ്പോഴാണ് പരി​ഗണിക്കപ്പെടേണ്ടത്''. സിനിമയിൽ നിന്നു മാത്രം വരുമാനമുള്ള തങ്ങളെപ്പോലുള്ളവർകോവിഡ് കാലത്തെ പ്രതിസന്ധിയിൽ അതിജീവനത്തിനായി നെട്ടോട്ടമോടുകയാണെന്ന് പറയുകയാണ് ബിജു. ചില മുൻനിര അഭിനേതാക്കളുടെ 'നോ'യിൽ തീരാവുന്നതാണ് തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെന്ന് മാതൃഭൂമി ഡോട്ട്കോമിനോട് ബിജു പറയുന്നു.

''സിനിമയിലെ അതിജീവനം എളുപ്പമല്ല. ഞാനിപ്പോൾ അമ്മയിലെ അം​ഗമായി 18 വർഷങ്ങൾ കഴിഞ്ഞു. അമ്മയിലെ അം​ഗങ്ങളിൽ പത്ത് ശതമാനത്തോളം പേർക്ക് മാത്രമേ കാര്യമായ വരുമാനമുള്ളൂ. നായകനായി നായികയായി വരുന്നവർക്കും പ്രധാന താരങ്ങൾക്കും ഒഴികെ മറ്റുള്ളവർക്ക് കൃത്യമായി പെെസ ലഭിക്കുന്നുണ്ടോ എന്നൊന്നും ആരും അന്വേഷിക്കാറില്ല. പ്രധാനതാരങ്ങളുടെ പ്രതിഫലം കിട്ടിയില്ല എങ്കിൽ അവർ ഡബ്ബ് സമ്മതിക്കാത്തത് തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ എന്നെപ്പോലെയോ അനിൽ മുരളിയെപ്പോലെയുള്ളവർക്കൊപ്പം അങ്ങനെ ചെയ്യാൻ സാധിക്കില്ല.

ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം സിനിമയിലെ വലിയ വലിയ ആർട്ടസിറ്റുകൾക്ക് ഞങ്ങളെപ്പോലുള്ളവരെ എപ്പോൾ വേണമെങ്കിലും മാറ്റാനാകും. ''ഇവന്റെ മുഖം കണ്ടുമടുത്തു, ഇവൻ ആ വേഷം ചെയ്യേണ്ട'' എന്ന് പറഞ്ഞാൽ ഞങ്ങളുടെ കഥ തീർന്നു. അങ്ങനെ പറയുന്നവർ ആലോചിക്കുന്നില്ല, അവരുടെ 'നോ' യിൽ ഇല്ലാതാകുന്നത് ഞങ്ങളുടെ കുടുംബത്തിന് അഞ്ച് മാസത്തോളം ജീവിക്കാനുള്ള വരുമാനമാണ്. ഉദാഹരണത്തിന് ഞാൻ നായകനായി വരുകയാണെങ്കിൽ എനിക്ക് തീരുമാനിക്കാം, ഏതൊക്കെ അഭിനേതാക്കൾ വേണമെന്നും വേണ്ടായെന്നും. ഞങ്ങളിൽ പലരും സിനിമകൊണ്ട് മാത്രം ജീവിക്കുന്ന ആൾക്കാരാണ്. മറ്റൊരു വരുമാന മാർ​ഗ്​ഗവുമില്ല.

ചെറുപ്പം മുതൽ സിനിമയിൽ വന്നതാണ്. വലിയ വേഷങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞില്ല എങ്കിലും ഞങ്ങളുടെ അന്നമാണിത്. കുടുംബത്തിൽ കുട്ടികളുടെ പഠനത്തിന്റെ ചെലവ്, ഭക്ഷണം, ചികിത്സ ഇതെല്ലാം സിനിമയിൽ നിന്ന് മാത്രം കിട്ടുന്ന വരുമാനം കൊണ്ടാണ്. എന്നാൽ വേഷങ്ങൾ നിഷേധിക്കപ്പെടുമ്പോൾ കുടുംബം കൊണ്ടു നടക്കാൻ ഞങ്ങൾക്ക് ആകില്ല. ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുമ്പോൾ നാട്ടുകാർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്, 'ഇപ്പോൾ സിനിമയൊന്നും ഇല്ലാലേ?' ഇതു കേൾക്കുമ്പോൾ കടുത്ത നിരാശയിലേക്ക് കൂപ്പു കുത്തുകയും മദ്യം പോലുള്ള ലഹരികൾക്ക് അടിമയാവുകയും ചെയ്യും. വിട്ടിൽ ജോലിയില്ലാതെ ഇരിക്കുമ്പോൾ കുടുംബാം​ഗങ്ങളിൽ നിന്ന് നമുക്ക് സമ്മർദ്ദം ഉണ്ടാകും. നിങ്ങൾക്ക് വേറെ വല്ല ജോലിക്കും പോയിക്കൂടെ എന്ന് ഭാര്യയും മക്കളുമടക്കം ചോദിച്ചെന്ന് വരും.

ഞങ്ങളെപ്പോലുള്ളവരിൽ ചിലർ സംവിധായകനെയും തിരക്കഥാകൃത്തുക്കളെയും വിളിച്ച് വേഷം ചോദിക്കും. അവർ തരാമെന്ന് സമ്മതിക്കുകയും ചെയ്യും. എന്നാൽ അതൊന്നും നിർമാതാക്കൾ അറിഞ്ഞിട്ടുണ്ടാകില്ല. അഭിനയിക്കാൻ ചെല്ലുമ്പോൾ പ്രൊഡക്ഷന്റെ ഭാ​ഗത്ത് നിന്ന് പ്രശ്നങ്ങൾ ഉണ്ടാകും. 'അറിഞ്ഞില്ല, പറഞ്ഞില്ല' എന്നും പറഞ്ഞ്. അങ്ങനെ വേഷങ്ങൾ നഷ്ടമാകും. ഇനി വിളിച്ച് വേഷം ചോദിക്കാൻ മടിയുള്ള ആൾക്കാരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അവരുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാണ്.

അമ്മയിൽ നിന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ ഇൻഷൂറൻസ് ലഭിക്കും. മരിച്ചുപോയാൽ ഒരു തുക കുടുംബത്തിനും. എന്നാൽ ഇൻഷൂറൻസ് പരിധിയിൽ കവിഞ്ഞ ചികിത്സ വേണമെങ്കിലോ അസുഖമായി വിട്ടിൽ ഇരിക്കുകയാണെങ്കിലോ ഞങ്ങൾ പലരോടും വ്യക്തിപരമായി ഇരക്കേണ്ടി വരും. കോടിക്കണക്കിന് പ്രതിഫലം വാങ്ങിക്കുന്നവരൊന്നും ഇതൊന്നും അറിയുന്നില്ല. സിനിമയിൽ ഇന്ന് ധാരാളം ലൊബികളുണ്ട്. ഇവരുടെ ഇടയിൽ കിടന്നാണ് ഞങ്ങൾ നല്ല വേഷങ്ങൾ കിട്ടാൻ പോരടിക്കുന്നത്.

അനിൽ മുരളിയുടെ അവസ്ഥ തന്നെ നോക്കൂ. അദ്ദേഹം ആശുപത്രിയിലായത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളല്ലാതെ വേറെ ആരും അറിഞ്ഞില്ല. സുരേഷ് കൃഷ്ണയെ വിളിച്ചപ്പോൾ അദ്ദേഹമാണ് എന്നോട് ഈ വിവരം പറയുന്നത്. സന്തോഷ് ദാമോദരന്റെയും ദീപന്റെയും ജോഷി സാറിന്റെയും സിനിമകളിൽ അനിലിന് നല്ല വേഷങ്ങൾ കിട്ടിയിട്ടുണ്ട്. അതെല്ലാം വ്യക്തിപരമായ അടുപ്പം കാരണം മാത്രമായിരുന്നു. അനിൽ മുരളി എന്ന നടനെ മലയാള സിനിമ വേണ്ട വിധത്തിൽ അം​ഗീകരിച്ചില്ല എന്ന് ഇനി പറയുന്നതിൽ അർഥമുണ്ടോ?. ഒരാൾ മരിക്കുമ്പോൾ മാത്രം ഉണ്ടാകേണ്ട ഒരു തോന്നലല്ല അത്.''- ബിജു പപ്പൻ പറയുന്നു.

Content Highlights: Biju Pappan Actor Interview on struggle in Malayalam Industry, Anil Murali's demise

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented