ശ്രീയുടെ ഒരു ചെറിയ മോഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്- ബിജു നാരായണൻ


സിറാജ് കാസിം

കലയുടെ സത്യം എല്ലാത്തിനും മീതെയാണെന്ന വിശ്വാസക്കാരനാണ് ബിജു

ബിജു നാരായണന്റെ വിവാഹ ചിത്രം, ബിജു നാരായണൻ

1992-ൽ വെങ്കലം എന്ന സിനിമയിൽ 'പത്തുവെളുപ്പിന്' എന്ന ഗാനം പാടി സിനിമയിലെത്തിയ ബിജു നാരായണന്റെ സിനിമാ സംഗീത ജീവിതം 30 വർഷത്തിലെത്തുന്നു

കൊച്ചി: “ശനിയാഴ്ച എന്റെ ശ്രീയുടെ ഓർമദിനമാണ്. മഹാരാജാസ് കോളേജിലാണ് ഞങ്ങളുടെ പ്രണയത്തിന്റെ വസന്തകാലം വിടരുന്നത്. അവൾ കടന്നുപോയിട്ട്‌ മൂന്നു വർഷമാകുന്നു. എന്റെ സിനിമാസംഗീത ജീവിതം മുപ്പതു വർഷത്തിലേക്കുമെത്തുന്നു” - കൊഴിഞ്ഞുവീണ ഇലകളെ സ്പർശിച്ച് മഹാരാജാസ് കോളേജിലെ പിരിയൻ ഗോവണിയിലേക്കു കയറുന്നതുപോലെയാണ് ഗായകൻ ബിജു നാരായണൻ പ്രിയപ്പെട്ടവളുടെ ഓർമകളിലൂടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയത്.

യേശുദാസ് പറഞ്ഞ തോക്ക്

ഇത്രയുംകാലം ഈ രംഗത്ത്‌ സജീവമായി പിടിച്ചു നിൽക്കാൻ കഴിഞ്ഞത്‌ എങ്ങനെയാണെന്നു ചോദിച്ചാൽ ബിജുവിന്റെ ആദ്യ മറുപടി ഒരു പുഞ്ചിരിയായിരിക്കും. “ഇത്രയുംകാലം പിടിച്ചു നിൽക്കാൻ കഴിഞ്ഞുവെന്നത് ഒരുപാട് സന്തോഷവും അഭിമാനവുമാണ്. മുപ്പതു വർഷം മുമ്പ് ആദ്യ പാട്ട് പാടിയപ്പോഴും ഇപ്പോഴും ഒരുപോലെ ഞാൻ കൂടെക്കൂട്ടുന്നത് പ്രാക്ടീസാണ്. നമുക്ക് പാട്ടുപാടാൻ അവസരമുണ്ടായാലും ഇല്ലെങ്കിലും പ്രാക്ടീസ് മുടക്കരുത്. പാടിത്തുടങ്ങുന്ന കാലത്ത് ഒരു ദിവസം തോപ്പുംപടിയിലെ സാന്റാ സിസിലിയ റെക്കോഡിങ് സ്റ്റുഡിയോയിൽ പോയപ്പോൾ അവിടെ യേശുദാസ് വരുന്നുണ്ടെന്നറിഞ്ഞു. എന്റെ റെക്കോഡിങ് കഴിഞ്ഞിട്ടും പോകാതെ ഞാൻ കുറെ നേരം അദ്ദേഹത്തെ കാത്തുനിന്നു. റെക്കോഡിങ് കഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ ദാസേട്ടനോടു സംസാരിക്കാൻ എനിക്ക് അവസരം കിട്ടി. അന്നു ദാസേട്ടൻ എനിക്കു തന്ന ഉപദേശം ഒരു വാചകമായിരുന്നു, ‘പാട്ടുകാരന്റെ തൊണ്ട വേട്ടക്കാരന്റെ തോക്ക് പോലെയാണ്.’ പെട്ടെന്നു കേട്ടപ്പോൾ മനസ്സിലായില്ലെങ്കിലും പിന്നെ അതിന്റെ അർഥം എനിക്കു മനസ്സിലായി.

വേട്ടക്കാരന്റെ മുന്നിൽ എപ്പോഴും വെടിവെക്കാൻ ഇരകൾ വരണമെന്നില്ല. പക്ഷേ അപ്പോഴും ഒരു ദിവസം പോലും മുടങ്ങാതെ വേട്ടക്കാരൻ തോക്ക് തേച്ചു മിനുക്കിക്കൊണ്ടിരിക്കണം. എന്നാലേ ഇര വരുന്ന നേരത്തു കൃത്യമായി വെടിവെക്കാൻ സാധിക്കൂ” - യേശുദാസിന്റെ ഉപദേശത്തെക്കുറിച്ച് പറയുമ്പോൾ ബിജുവിന്റെ മുഖത്ത് നിറഞ്ഞ ചിരി.

എടുക്കാതെ പോയ ഫോട്ടോ

ഭാര്യ ശ്രീലതയുടെ വിയോഗത്തിനു മൂന്നു വർഷം തികയുമ്പോൾ ഒാർമകളുടെ കടൽ ബിജുവിന്റെ മനസ്സിൽ ഇരമ്പുന്നുണ്ട്. ഓർമദിനത്തിൽ ശ്രീലതയ്ക്കായി ‘ഓർമകൾ മാത്രം’ എന്ന പേരിൽ ഒരു സംഗീത ആൽബവും ബിജു സമർപ്പിക്കുന്നു. “ശ്രീ ഫെയ്‌സ്ബുക്ക് അക്കൗണ്ടോ ഇ-മെയിലോ ഒന്നുമില്ലാതിരുന്ന ഒരാളാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. ഞാനും മക്കളും കുടുംബവും മാത്രമായിരുന്നു എന്നും അവളുടെ മനസ്സിൽ.

വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ലാതിരുന്ന ശ്രീ എന്നോട്‌ ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്. കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിൽ ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടിയിരുന്നപ്പോഴാണ് സംഭവം. അവിടെയെത്തിയ എല്ലാ ഗായകരുടെയും കൂടെ നിന്നു തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്നാണ് ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞെങ്കിലും അന്ന് ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഫോട്ടോയുടെ കാര്യം മറന്നുപോയി.

എല്ലാവരും പോയ ശേഷമാണ് അതു ഞാൻ ഓർക്കുന്നത്. അടുത്ത തവണ നമുക്ക് ഉറപ്പായി ഫോട്ടോ എടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. എന്നാൽ, അതിനു കാത്തുനിൽക്കാതെ അർബുദ രോഗം അവളെ...” സങ്കടത്താൽ ബിജുവിന്റെ വാക്കുകൾ മുറിഞ്ഞു.

ദേവദൂതരും റോഡിലെ കുഴിയും

‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ ‘ദേവദൂതർ പാടി’ എന്ന വൈറൽ പാട്ടും പരസ്യത്തിലെ കുഴി വിവാദവുമൊക്കെ പടരുമ്പോഴും ബിജു കലയുടെ സത്യം എല്ലാത്തിനും മീതെയാണെന്ന വിശ്വാസക്കാരനാണ്. “സിനിമയുടെ പരസ്യത്തിന്റെ പേരിൽ ഉണ്ടായ കോലാഹലങ്ങൾ കാണുമ്പോൾ സങ്കടമുണ്ട്. സിനിമയുടെ ആദ്യ ഷോ തുടങ്ങിയത് കഴിഞ്ഞ ദിവസം രാവിലെയാണ്.

എന്നാൽ അതിനും മുമ്പേ പരസ്യത്തിന്റെ പേരിലുള്ള വിവാദം തുടങ്ങിയിരുന്നു. കേവലം ഒരു കുഴിയുടെ പേരിൽ വിവാദമുണ്ടാക്കാതെ സിനിമ നല്ലതാണെങ്കിൽ അതിന്റെ കൂടെ നിൽക്കണം. ഇനി അഥവാ മോശമാണെങ്കിൽ അതും പറയാം. അല്ലാതെ സിനിമയുടെ അപ്പുറത്തുള്ള കാര്യങ്ങൾ പറഞ്ഞ്‌ അതു വേറെ തലത്തിലെത്തിക്കുന്നത് ശരിയല്ല” - ബിജു നാരായണൻ പറഞ്ഞു.


Content Highlights: Biju Narayanan Interview, Wife Sree, devadoothar paadi, nna than case kodu, kunchako Boban, Venkalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented