മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് മനസ്സുകൊണ്ടുറപ്പിച്ചിരുന്നു | ഭാവനയുമായി അഭിമുഖം


പി.പ്രജിത്ത്

ഭാവന| ഫോട്ടോ: ബിനുലാൽ

ലയാള സിനിമയിലേക്കൊരു തിരിച്ചുവരവില്ലെന്ന് മനസ്സുകൊണ്ടൊരിക്കല്‍ ഉറപ്പിച്ചിരുന്നു, ഇന്ന് ആ തീരുമാനം മാറി. ഒരുപാട് പേരുടെ സ്‌നേഹസമ്മര്‍ദ്ദങ്ങളും മാസങ്ങള്‍ നീണ്ട ആലോചനയുണ്ട് ആ മാറ്റത്തിനു പിന്നില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃഭൂമിക്കായി മുഖാമുഖം ഇരുന്നപ്പോള്‍ ഭാവന തുറന്നു സംസാരിച്ചു..,മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും പ്രതിസന്ധിഘട്ടങ്ങളില്‍ തോള്‍ ചേർന്നുനിന്ന സൗഹൃദങ്ങളെപ്പറ്റിയും അവര്‍ വിവരിച്ചു. കന്നഡയുടെ മരുമകളായി പോയതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ബെംഗളൂരു ഇഷ്ടനഗരമാണെന്നും അവിടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കൂടുതലാണെന്നും പറഞ്ഞത് വെറുമൊരു പറച്ചിലായി തോന്നിയില്ല. മറ്റെല്ലാ പ്രൊഫഷനിലുമെന്നപോലെ സിനിമയിലും നല്ലതും ചീത്തയുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. മനസ്സമാധാനത്തെക്കുറിച്ചും ദൈവവിശ്വാസത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ മുഖം തെളിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അക്രമങ്ങളിലേക്കും സൈബര്‍ ബുള്ളിയിങ്ങിലേക്കും കടന്നപ്പോള്‍ വാക്കുകള്‍ കനത്തു...

1? മലയാള സിനിമയിലേക്ക് ഭാവന തിരിച്ചുവരികയാണ്. ആറു വര്‍ഷത്തിനു ശേഷമാണ് നമ്മളിങ്ങനെ മുഖാമുഖമിരുന്ന് സംസാരിക്കുന്നത്...

=മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് മനസ്സുകൊണ്ടുറപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. മനസ്സമാധാനം തന്നെയായിരുന്നു എനിക്ക് മുഖ്യം. മലയാളത്തിലേക്കു വന്നാല്‍ എന്തുകൊണ്ടോ അത് നഷ്ടപ്പെടുമെന്ന് തോന്നി. മാറിനില്‍ക്കാന്‍ തീരുമാനിച്ച സമയത്തും നിരവധി ഓഫറുകള്‍ വന്നു. പ്രമുഖരായ നടന്‍മാരുടേയും സംവിധായകരുടേയും സിനിമകള്‍പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്തിനാണ് നീ മാറിനില്‍ക്കുന്നതെന്ന്, അന്ന് പലരും ചോദിച്ചു. ആ ചോദ്യത്തിന് നല്‍കാന്‍ വ്യക്തമായ മറുപടിയില്ലായിരുന്നു. പറഞ്ഞുവല്ലോ, മനസ്സമാധാനം തന്നെയായിരുന്നു പ്രധാനം.

2? ഒരുപാട് സിനിമകളോട് 'നോ' പറഞ്ഞ് മാറിനിന്ന ഭാവന, ഇന്ന് പുതിയ ടീമിനൊപ്പമാണ് തിരിച്ചെത്തുന്നത്...

=മാറിനിന്ന കാലത്ത് മലയാളത്തില്‍നിന്ന് കഥകളൊന്നും കേട്ടിരുന്നില്ല. കഥ കേട്ടുകഴിഞ്ഞാല്‍, കഥാപാത്രം ഇഷ്ടപ്പെട്ടാല്‍ 'നോ' പറയാന്‍ പ്രയാസമാകും. കാരണം, പതിനഞ്ചു വയസ്സ് മുതല്‍ അത്രയേറെ ഇഷ്ടത്തോടെ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ്. തിരിച്ചുവരവിനായി എന്തുകൊണ്ട് ഈ സിനിമ തിരഞ്ഞെടുത്തു എന്നുചോദിച്ചാലും എനിക്ക് വ്യക്തമായ ഉത്തരം നല്‍കാനില്ല. അവരെന്നെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു... മാസങ്ങളോളം എനിക്കായി കാത്തുനിന്നു. കഥ കേട്ടുകഴിഞ്ഞ ശേഷവും അഭിനയിക്കാമെന്ന് ഉറപ്പിച്ചിരുന്നില്ല. ഫെബ്രുവരിയിലാണ് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ഞാന്‍ മുമ്പ് നോ പറഞ്ഞവരെയെല്ലാം അപ്പോള്‍ത്തന്നെ വിളിച്ച് തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞു. സിനിമയിലെ സുഹൃത്തുക്കളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. 'നല്ലതാണെങ്കില്‍ അഭിനയിക്കൂ... മലയാളത്തില്‍ നീ സിനിമചെയ്യുന്നത് കണ്ടാല്‍ മതി' എന്നാണ് പലരും പറഞ്ഞത്.

3? മലയാളത്തില്‍നിന്ന് അകന്നുനിന്നപ്പോഴും അന്യഭാഷാസിനിമകളില്‍ സജീവമായിരുന്നു

=2018-ല്‍ വിവാഹം കഴിഞ്ഞ ശേഷം ഞാന്‍ ബെംഗളൂരുവിലായിരുന്നു. അവിടെ നല്ല ചില പ്രോജക്ടുകള്‍ വന്നപ്പോള്‍ അതിനൊപ്പം സഹകരിച്ചു. ആ സമയത്തും മലയാളത്തിലേക്ക് ഇനിയില്ല എന്ന ചിന്തയായിരുന്നു. ബജറംഗി 2, 99, ഇന്‍സ്‌പെക്ടര്‍ വിക്രം, ഗോവിന്ദ ഗോവിന്ദ... തുടങ്ങി ഇഷ്ടം തോന്നിയ സിനിമകളുടെ ഭാഗമായി. കന്നഡയില്‍ അഭിനയിക്കുമ്പോള്‍ മിക്കപ്പോഴും ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് ക്യാമറയ്ക്കു മുന്നില്‍ നിന്നത്. കന്നഡ സംസാരിക്കാന്‍ പറ്റുമെങ്കിലും ഒഴുക്കോടെ കൈകാര്യംചെയ്യാന്‍ പഠിച്ചുവരുന്നേയുള്ളൂ.

4?. കന്നഡയുടെ മരുമകളാണല്ലോ ഇപ്പോള്‍, കുടുംബജീവിതം

=നവീനെ 2011 മുതല്‍ അറിയാം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. കുടുംബവുമായും പരിചയമുണ്ടായിരുന്നു. അങ്ങനെ 2018-ല്‍ ഞങ്ങള്‍ വിവാഹിതരായി. നവീന്‍ ബെംഗളൂരുവിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും തെലുങ്കാണ് ബേസ്. പലതരം ആചാരങ്ങളും പൂജകളുമെല്ലാമുണ്ട് വീട്ടില്‍. ദീപാവലിയും പൊങ്കലുമെല്ലാം കാര്യമായി ആഘോഷിക്കും. നവീന്റെ അമ്മ ഇന്നില്ല. അച്ഛന്‍ റിട്ട. നേവി ഓഫീസറാണ്. അഞ്ചു വര്‍ഷത്തോളം അദ്ദേഹം കൊച്ചിയിലുണ്ടായിരുന്നു. അതുകൊണ്ട് മലയാളം കുറച്ചറിയാം. അന്നത്തെ കൊച്ചിവിശേഷങ്ങളും നേവിക്കഥകളുമെല്ലാം ഞാന്‍ കേട്ടിരിക്കും. നവീനും ഞാനും വീട്ടില്‍ ഇംഗ്ലീഷോ തമിഴോ ആണ് സംസാരിക്കാറ്. വീട്ടിലുള്ളവര്‍ തെലുങ്കിലും സഹായത്തിന് വരുന്നവര്‍ കന്നഡയിലുമാണ് കാര്യങ്ങള്‍ പറയുക. അതിനിടയില്‍ മലയാളവുമായി ഞാനും... വീടിനകം പല ഭാഷകള്‍കൊണ്ട് നിറയും!

5? ബെംഗളൂരുവിലെ തിരക്കുകളില്‍ നില്‍ക്കുമ്പോഴും പൂരവും പെരുന്നാളും പുലികളിയുമെല്ലാമായി നാട് തിരിച്ചുവിളിക്കാറില്ലേ?

=വിവാഹം കഴിഞ്ഞ് മാറിനില്‍ക്കുമ്പോള്‍ ആദ്യം വിഷമമായിരുന്നു. 2015-ലാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. ചേട്ടന്‍ ചെന്നൈയിലെല്ലാമായി തിരക്കിലാണ്. സഹായത്തിനാളുകളുണ്ടെങ്കിലും തൃശ്ശൂരിലെ വീട്ടില്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്നു ചിന്തിക്കുമ്പോള്‍ സങ്കടം വരും. രണ്ടു മാസമൊക്കെ തുടര്‍ച്ചയായി ബെംഗളൂരുവില്‍ നില്‍ക്കുമ്പോള്‍ ഹോം സിക്ക്‌നസ് തുടങ്ങും. വീഡിയോ കോളൊക്കെ ചെയ്ത് വിഷമിച്ചിരിക്കുമ്പോള്‍ നവീന് കാര്യം മനസ്സിലാകും. അമ്മയെക്കാണാന്‍ തോന്നുന്നുണ്ടോ, നാട്ടില്‍ പോയാലോ എന്നൊക്കെ ചോദിക്കും. തൃശ്ശൂരിലേക്ക് വരാന്‍ നവീനും ഇഷ്ടമാണ്. അമ്മയുമായി നവീന്‍ നല്ല കൂട്ടാണ്. നാട്ടില്‍ വന്ന് കുറച്ചുദിവസം കഴിഞ്ഞാല്‍ നവീന്‍ തിരിച്ചുപോകും. പിന്നെയും കുറച്ചുദിവസങ്ങള്‍കൂടി അമ്മയ്‌ക്കൊപ്പം കഴിഞ്ഞ് മടങ്ങുന്നതാണ് പതിവ്.

6? കേരളത്തിനുപുറത്തുള്ള ജീവിതശൈലിയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞോ?

=ബെംഗളൂരു എനിക്ക് ഇഷ്ടപ്പെട്ട നഗരമാണ്. അല്പം കൂടി സ്വാതന്ത്ര്യവും സുരക്ഷിതത്വവുമുണ്ട്. ഇന്നിവിടെ എനിക്കൊരുപാട് നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കളുണ്ട്. അവര്‍ക്കൊപ്പം മാളുകളിലൊക്കെ കറങ്ങിനടക്കും. കന്നഡ സിനിമയില്‍ അഭിനയിച്ചതിനാല്‍ ആളുകള്‍ തിരിച്ചറിയും. എങ്കിലും തൊപ്പിയെല്ലാംവെച്ച് വര്‍ക്കിങ് ഡേകളില്‍ ചുറ്റിത്തിരിയും. ചെറിയ പാര്‍ട്ടികള്‍ സംഘടിപ്പിക്കും. കോവിഡ് കാലത്തെ അടച്ചിരിപ്പിനെക്കുറിച്ച് ഇന്നും ഓര്‍ക്കാറുണ്ട്. നവീന് ബിസിനസ് തിരക്കുകളില്ല, എനിക്ക് ഷൂട്ടിങ്ങില്ല. ഒരുപാട് ഒഴിവുസമയങ്ങള്‍. സിനിമ കാണല്‍ തന്നെയായിരുന്നു പ്രധാനം. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് കുറേ വെബ് സീരീസുകള്‍ കണ്ടുതീര്‍ത്തു. കോവിഡിന്റെ രണ്ടാം വരവ് പ്രയാസങ്ങളുണ്ടാക്കി. നവീന്റെ വല്യമ്മ കോവിഡ് വന്ന് മരിച്ചു. ബിസിനസിലും പ്രശ്‌നങ്ങള്‍ തലപൊക്കി.

7? സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം തോള്‍ ചേര്‍ന്നുനില്‍ക്കുമ്പോഴും ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതായി കണ്ടിട്ടുണ്ട്. നല്ലതും മോശവുമായി വരുന്ന ഇത്തരം കമന്റുകള്‍ ശ്രദ്ധിക്കാറുണ്ടോ?

=ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് അക്കൗണ്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് നല്ലകാര്യങ്ങളുണ്ട്. എന്നാല്‍, മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം ചിലര്‍ പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ട്. എല്ലാവരും അങ്ങനെയാണന്നല്ല. നൂറാളെയെടുക്കുമ്പോള്‍ മൂന്നോ നാലോ പേരായിരിക്കും അത്തരത്തില്‍ മോശം കമന്റുകളുമായി അക്രമിക്കാന്‍ വരിക. എന്നെ ഒരു പരിചയവുമില്ലാത്ത ആളുകളാണ് എന്റെ ഫോട്ടോയുടെ താഴെ വന്ന് തെറിവിളിക്കുന്നത്. അവര്‍ക്ക് എന്നെക്കുറിച്ച് ഒന്നും അറിയില്ലല്ലോ, അതുകൊണ്ടുതന്നെ അവര്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ എന്ന് കരുതും. ചിലപ്പോഴൊക്കെ ചിന്ത മാറും. എന്നെ ഒരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നുതോന്നും. അതൊരു അമര്‍ഷമാണ്. ഞാനാരുടെയും വീട്ടില്‍പ്പോയി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല, അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് ഇങ്ങനെ വേട്ടയാടുന്നത്. എന്റെ സ്വഭാവം, കുടുംബം... ഒന്നുമറിയാത്തവരാണ് കമന്റുകളുമായി എത്തുന്നത്. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ പ്രതികരിച്ചു കഴിഞ്ഞാല്‍ അവര്‍ക്കൊക്കെ അര്‍ഹിക്കാത്ത അറ്റന്‍ഷന്‍ ലഭിക്കും.

8? ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ പ്രതികരിച്ചുപോകാറുണ്ട്

=ഗോള്‍ഡന്‍ വിസ വാങ്ങാന്‍ പോയപ്പോള്‍ ഞാന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് കാണുന്നവര്‍ക്കെല്ലാം മനസ്സിലാകും. എന്നിട്ടും കമന്റുകള്‍ പടച്ചുവിടുകയായിരുന്നു. കമന്റ് ബോക്‌സില്‍ വന്ന് ഒരുപാടു പേര്‍, ആ കുട്ടി ഉടുപ്പിട്ടിട്ടുണ്ടല്ലോ എന്ന് പറയുന്നുണ്ട്. അതു കാണാത്തതായി നടിച്ച് ചിലര്‍ പിന്നെയും മോശം കമന്റുകള്‍ എഴുതുന്നു. പലതരം ഫ്രസ്‌ട്രേഷനുകളാണ് അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ആ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ചു. എന്തിനാണ് വിഷയത്തില്‍ വിശദീകരണം നല്‍കി പോസ്റ്റിട്ടതെന്ന് പിന്നീട് പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരോട് സംസാരിക്കാന്‍ നില്‍ക്കരുതെന്ന് അവര്‍ പറഞ്ഞു. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകില്ലല്ലോ...

9? സോഷ്യല്‍ മീഡിയയിലൂടെ ഒരുസംഘം ബോധപൂര്‍വം ആക്രമിക്കുന്നു എന്നാണോ?

=ഇന്നെനിക്കറിയാം, 'സൈബര്‍ ബുള്ളീയിങ്' ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകളെ വാടകയ്‌ക്കെടുത്തോ കൂലികൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇങ്ങനെ ചില വിഷയങ്ങളില്‍, നിലപാടുകളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നെല്ലാം ചട്ടംകെട്ടി പണം നല്‍കി ആളുകളെ ഇറക്കിവിടുകയാണ്. മുന്നൊരുക്കങ്ങള്‍ നടത്തി ഇറങ്ങുന്ന ഇത്തരം സംഘങ്ങള്‍, വാങ്ങുന്ന കാശിനുള്ള ജോലിചെയ്യുന്നു. ഈ ജോലിയിലേര്‍പ്പെട്ട ഓരോരുത്തര്‍ക്കും പത്തിലധികം വ്യാജ അക്കൗണ്ടുകളുണ്ടാകും. ഈ ലോകത്ത് എനിക്കു മാത്രമാണ് ഇത്തരം കമന്റുകള്‍ നേരിടേണ്ടി വരുന്നതെങ്കില്‍ ഞാനിത് ശ്രദ്ധിക്കണം. പക്ഷേ, അങ്ങനെയല്ലല്ലോ... രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായ സച്ചിന്‍, ധോനി, അമിതാഭ് ബച്ചന്‍ എന്നിവരുടെ പോസ്റ്റിനു താഴെപ്പോലും മോശം കമന്റുകള്‍ വരുന്നുണ്ട്.

10? വ്യക്തിജീവിതത്തിലും നടിയെന്ന നിലയിലും നിരവധി പ്രതിസന്ധികള്‍ തരണംചെയ്തിട്ടുണ്ട്. ഈ കാലത്തെല്ലാം കരുത്തായി കൂടെയുണ്ടായിരുന്നത്

=എനിക്ക് കുറേ നല്ല സൗഹൃദങ്ങളുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അവര്‍ നല്‍കിയ കരുത്തും കരുതലും വലുതാണ്. എത്ര കാലം സിനിമയില്‍ നില്‍ക്കും, സിനിമകളുമായി ഏതു പ്രായം വരെ മുന്നോട്ടുപോകാന്‍ കഴിയും എന്നൊന്നും അറിയില്ല. എങ്കിലും സിനിമ സമ്മാനിച്ച സൗഹൃദങ്ങള്‍ വിലപ്പെട്ടതാണ്. ഞാനിവിടെനിന്ന് വിട്ടുനിന്നപ്പോഴും 'നീ എവിടെയാ...? നീ ഓക്കെയല്ലേ...?' എന്നൊക്കെ വിളിച്ചന്വേഷിച്ചവരും മുടങ്ങാതെ എല്ലാ വര്‍ഷവും പിറന്നാളാശംസകള്‍ അറിയിച്ചവരുമുണ്ട്. അതെല്ലാം സിനിമ നല്‍കിയ സ്‌നേഹമാണ്. ഞാന്‍ അഭിനയിക്കാനെത്തുംമുന്‍പേ സിനിമയിലുള്ളവരാണ് ചാക്കോച്ചനും ജയേട്ടനുമെല്ലാം. അവരോടൊക്കെ സ്‌നേഹം കലര്‍ന്നൊരു ബഹുമാനമാണ്. കേക്കെല്ലാം വാങ്ങിയാണ് ഒരിക്കല്‍ ജയേട്ടന്‍ വീട്ടില്‍ വന്നത്. ആസിഫുമായി എന്തും പറയാവുന്ന എടാ പോടാ ബന്ധമുണ്ട്. സുപ്രിയയും പൃഥ്വിയുമായി സൗഹൃദമാണ്. മഞ്ജുച്ചേച്ചി, സംയുക്തച്ചേച്ചി, ഗീതുച്ചേച്ചി, പാര്‍വതി, ശില്പ, മൃദുല, ഷഫ്‌ന, രമ്യ, സയനോര, നന്ദുച്ചേട്ടന്‍, ബാബുച്ചേട്ടന്‍, മിയ, കൃഷ്ണപ്രഭ... അങ്ങനെ അടുപ്പം സൂക്ഷിക്കുന്ന ഒരുപാടു പേരുണ്ട്.

11? സിനിമക്കാര്‍ പൊതുവെ ദൈവഭയവും വിശ്വാസവുമുള്ളവരാണ്. ഭാവന വിശ്വാസിയാണോ?

=വിശ്വാസിയാണ്. എന്നാല്‍ അന്ധവിശ്വാസങ്ങളില്ല. എല്ലാ ദിവസവും കുറേനേരം പ്രാര്‍ഥിക്കുക, അങ്ങനെയൊന്നുമില്ല. സൈക്കോളജിക്കലാകാം, അമ്പലത്തില്‍ പോകുമ്പോള്‍ മനസ്സ് ഓക്കെയാകാറുണ്ട്. കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചതിനാല്‍ പള്ളിയിലും പോകും. തൃശ്ശൂര്‍ പുത്തന്‍പള്ളിയിലെല്ലാം പ്രാര്‍ഥിക്കാറുണ്ട്‌.
ബെംഗളൂരുവിലെ വീട്ടില്‍ വലിയ പൂജാമുറിയുണ്ട്. കുറേനാള്‍ അമ്പലത്തിലൊക്കെ പോകാതിരുന്നാല്‍ നവീന്റെ അച്ഛന്‍ പറയും: 'അമ്പലത്തില്‍ പോയിട്ട് കുറെയായല്ലോ... ഒന്നുപോയിട്ടുവരൂ...' എന്ന്.

12? മലയാള സിനിമയില്‍നിന്ന് മാറിനിന്ന കാലത്തും ഭാവനയുടെ സിനിമകള്‍ ചാനലില്‍ നിരന്തരം വന്നുപോകുന്നു. പഴയ സിനിമകള്‍ വീണ്ടും കാണാനിഷ്ടമാണോ

=വീണ്ടും വീണ്ടും കാണാനിഷ്ടം പഴയ സിനിമകളും പാട്ടുകളും തന്നെയാണ്. നാടോടിക്കാറ്റ്, ഗോഡ് ഫാദര്‍, തേന്‍മാവിന്‍ കൊമ്പത്ത്, ദി കിങ് തുടങ്ങിയ സിനിമകളൊക്കെ ഇന്നും ഇഷ്ടമാണ്. മമ്മൂക്ക, ലാലേട്ടന്‍, ജയറാമേട്ടന്‍, ശ്രീനിയേട്ടന്‍ എന്നിവരുടെ 1980-90 കാലത്തെ സിനിമകളോടൊരു ഇഷ്ടക്കൂടുതലുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലഹേം പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിലുണ്ട്. ഞാനഭിനയിച്ച സീനുകള്‍ കാണുമ്പോള്‍ ഇന്നുമൊരു ചമ്മലാണ്. ചാനലുകളില്‍ എന്റെ സിനിമ വരുമ്പോള്‍ അമ്മ വിളിക്കും. എത്ര തവണ കണ്ടതാണമ്മേ എന്നുപറഞ്ഞ് ഞാന്‍ മാറിക്കളയും. നവീന് മലയാളമറിയാത്തതുകൊണ്ട് എന്റെ സിനിമകള്‍ കൂടുതലായി കാണാറില്ല. അഭിനയിച്ച കന്നഡ, തമിഴ് സിനിമകള്‍ കാണാറുണ്ട്. എന്റെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം നവീന് ധാരണയുണ്ട്.

13? പഴയകാലത്തെ അപേക്ഷിച്ച് മലയാളസിനിമയില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാതാകുന്നുവെന്ന് തോന്നുന്നുണ്ടോ

=മണിച്ചിത്രത്താഴ്, കിലുക്കം പോലുള്ള സിനിമകളിലെ പ്രകടനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. എന്നാല്‍, അതുപോലെയുള്ള കഥാപാത്രങ്ങള്‍തന്നെ ഇനിയുമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതില്‍ കാര്യമില്ല. വ്യത്യസ്തവും പുതിയ കാലത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമായ ശക്തമായ കഥാപാത്രങ്ങള്‍ ഇന്നും ജനിക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലും സൂപ്പര്‍ ശരണ്യയിലുമെല്ലാം അത്തരത്തില്‍ മനസ്സില്‍ നില്‍ക്കുന്ന വേഷങ്ങളുണ്ട്.

പാര്‍വതി അഭിനയിച്ച ഒരുപാട് സിനിമകള്‍ നായികാപ്രാധാന്യമുള്ളതാണ്. മലയാളസിനിമയില്‍ ഒരുകാലത്ത് ഹീറോക്ക് അമിതപ്രാധാന്യമുള്ള സിനിമകള്‍ മാത്രമായി ഇറങ്ങിയിരുന്നു. അന്നൊക്കെ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷ വേഷങ്ങളുടെ നിഴലായി മാത്രം നിലകൊണ്ടു. ഒന്നോ രണ്ടോ സീനുകളിലോ ഗാനരംഗത്തോ മാത്രമായിരുന്നു അന്ന് നായികമാര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കാര്യങ്ങള്‍ മാറിയിരിക്കുന്നു. സ്ത്രീയും പുരുഷനും പ്രധാന വേഷത്തിലെത്തുന്ന സിനിമകള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

14? അഭിനയരംഗത്തേക്ക് മാത്രമല്ല, സിനിമയുടെ മറ്റു മേഖലകളിലേക്കും സ്ത്രീകള്‍ കൂടുതലായി വന്നുതുടങ്ങിയിരിക്കുന്നു. സിനിമ ഗൗരവമായി തെരഞ്ഞെടുക്കുന്ന പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്

=ക്യാമറ, എഡിറ്റിങ്, സംവിധാനം, സഹസംവിധാനം...തുടങ്ങി സിനിമയുടെ വിവിധ മേഖലയിലേക്ക് സ്ത്രീകള്‍ കാര്യമായി കടന്നുവന്നു കൊണ്ടിരിക്കുന്നു. ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ത്തന്നെ അഭിമാനവും ആഹ്ലാദവും തോന്നും. എന്റെ പുതിയ ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയുടെ അണിയറയിലും സ്ത്രീകള്‍ ജോലി ചെയ്തിട്ടുണ്ട്. സിനിമ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വലിയൊരു തൊഴില്‍ മേഖലയായി മാറുകയാണ്. പുറംനാടുകളിലെല്ലാം സ്ത്രീ-പുരുഷവ്യത്യാസമില്ലാതെ രാത്രിയും പകലും സിനിമാജോലികള്‍ നടക്കുന്നത് കാണാം. എല്ലാ പ്രൊഫഷനിലുമുള്ളപോലെ സിനിമാമേഖലയിലും നല്ലതും ചീത്തയുമായ വശങ്ങളുണ്ടെന്ന് മാത്രം.

Content Highlights: Bhavana new film, ntikkakkakkoru premandaarnnu, come back in malayalam industry

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented