കൂടുന്ന ഇൻവെസ്റ്റിഗേഷൻ, കുറയുന്ന ട്വിസ്റ്റുകൾ; പാപ്പന്മാർ പിന്നെങ്ങനെ എഴുന്നള്ളി വരും?


അഞ്ജയ് ദാസ് എൻ.ടി.മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ നല്ലൊരു കുറ്റാന്വേഷണ സിനിമാ പാരമ്പര്യം അവകാശപ്പെടാം മലയാളത്തിന്. 

In Depth

യവനികയിൽ ഭരത് ​ഗോപിയും ജലജയും, സേതുരാമയ്യരായി മമ്മൂട്ടി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

രുനാട് അതിന്റെ പുലരിയിലേക്ക് കണ്ണുതുറക്കുന്നത് നടുക്കുന്ന ഒരു മരണവാര്‍ത്ത കേട്ടുകൊണ്ട്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ മരണം സ്വാഭാവികമല്ല, അസ്വാഭാവികം തന്നെയെന്ന് വിലയിരുത്തലുണ്ടാവുന്നു. ദൗര്‍ഭാഗ്യമെന്നു പറയട്ടേ കൊലപാതകം ആരാണ് നടത്തിയതെന്ന് യാതൊരു തെളിവും കിട്ടുന്നില്ല. ലോക്കല്‍ പോലീസില്‍ നിന്ന് അന്വേഷണം കുറച്ചുകൂടി ഉയര്‍ന്ന ഏജന്‍സിക്ക് ലഭിക്കുന്നു. കേസ് പിന്നെ ആ വഴിക്കാണ്. പലവഴി ചുറ്റി ഒടുക്കം പിടിയിലാവുന്നത് അതുവരെ ചിത്രത്തിലുണ്ടായിരുന്നതും എന്നാല്‍ അധികമാരും ശ്രദ്ധിക്കാതിരുന്നതുമായ ഒരാള്‍. നമ്മുടെ കുറ്റാന്വേഷണ സിനിമാ ചരിത്രമെടുത്താല്‍ ഒരുവിധം സിനിമകളുടെയെല്ലാം അടിത്തറ ഇങ്ങനെയായിരിക്കും. മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ നല്ലൊരു കുറ്റാന്വേഷണ സിനിമാ പാരമ്പര്യം അവകാശപ്പെടാം മലയാളത്തിന്.

ഡാര്‍ക്കാകുന്ന പുത്തന്‍ തലമുറ അപസര്‍പ്പകം

എന്തിനേയും ആഗിരണം ചെയ്യുന്ന നിറമാണ് കറുപ്പ്. അതുകൊണ്ടുതന്നെ കറുപ്പിന് നിഗൂഢമായൊരു സൗന്ദര്യമുണ്ട്. പുത്തന്‍ തലമുറക്കാര്‍ കുറ്റാന്വേഷണ ചിത്രങ്ങളുമായി മുന്നോട്ടുവന്നപ്പോള്‍ അവയ്‌ക്കൊരു ഇരട്ടപ്പേര് നല്‍കി. ഡാര്‍ക്ക് ചിത്രങ്ങള്‍. പശ്ചാത്തലസംഗീതത്തിലും എടുത്തുവെച്ചിരിക്കുന്ന ഓരോ ഫ്രെയിമിലും വരെ ഈ നിറം അവര്‍ നല്‍കി. മിസ്റ്ററി എന്ന വാക്കിന് കറുപ്പ് എന്നൊരര്‍ത്ഥംകൂടി ചാര്‍ത്തപ്പെട്ടു. റിയലിസ്റ്റിക് ചിത്രങ്ങളുടെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഇടക്കാലത്ത് മലയാളത്തില്‍ നല്ല കുറ്റാന്വേഷണചിത്രങ്ങള്‍ ഒരുഘട്ടത്തില്‍ വരാതായി. ഇതിനിടയില്‍ക്കൂടി തമിഴില്‍ നിന്ന് നല്ല ലക്ഷണമൊത്ത ചിത്രങ്ങള്‍ മലയാളികള്‍ക്ക് മുന്നിലെത്തി. എട്ട് തോട്ടൈകള്‍, തീരന്‍ അധികാരം ഒന്‍ട്ര്, കുട്രം 23, തുപ്പറിവാളന്‍ തുടങ്ങിയ ചിത്രങ്ങള്‍ അതിന് ചില ഉദാഹരണങ്ങള്‍ മാത്രം. ഇതില്‍ തീരനും തുപ്പറിവാളനും കേരളത്തിലും സൂപ്പര്‍ഹിറ്റുകളായി.

2018-ല്‍ രാക്ഷസന്‍ ഇറങ്ങിയതോടെ ഇന്ത്യന്‍ സിനിമയുടെ തന്നെ കുറ്റാന്വേഷണ ചിത്രങ്ങള്‍ രാക്ഷസന് മുമ്പും പിന്‍പും എന്നുപറയേണ്ട അവസ്ഥയായി. അന്നുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാത്തരം കുറ്റാന്വേഷണ ചിത്രങ്ങളേയും തകര്‍ത്തെറിഞ്ഞ് കേരളത്തിലും ചിത്രം വന്‍കുതിപ്പ് നടത്തി. വിഷ്ണു വിശാലിന്റെ താരമൂല്യം ഉയര്‍ന്നു. ഓ.ടി.ടിയിലും രാക്ഷസന്‍ പടയോട്ടം നടത്തി. തെലുങ്കിലേക്ക് പിന്നീട് റീമേക്ക് ചെയ്യപ്പെട്ടു. അപ്പോഴും മലയാളത്തില്‍ ഇനിയെന്ന് ഇങ്ങനെയൊരു ചിത്രം എന്ന ചോദ്യം ഉയര്‍ന്നു. അതിനിടയില്‍ പക്ഷേ വേനലില്‍ പെയ്ത മഴ പോലെ മലയാളത്തില്‍ ഒരു ചിത്രം സംഭവിച്ചു. വലിയ ബഹളങ്ങളില്ലാതെ വന്ന് മൗത്ത് പബ്ലിസിറ്റിയില്‍ ഒരു കൊച്ചുചിത്രം ബോക്‌സോഫീസില്‍ ചലനങ്ങളുണ്ടാക്കി. ആ ചിത്രമാണ് ഷാഹി കബീര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ തിരക്കഥയില്‍ എം. പദ്മകുമാര്‍ ജോജു ജോര്‍ജിനെ നായകനാക്കി സംവിധാനം ചെയ്ത ജോസഫ്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതവും കുറ്റാന്വേഷണവുമൊക്കെയായി ചിത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം പൂര്‍ണ കുറ്റാന്വേഷണ ചിത്രമല്ലാതെ, ആക്ഷനും കോമഡിയും ഒപ്പംചേര്‍ത്ത ബി. ഉണ്ണിക്കൃഷ്ണന്‍ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലും തിയേറ്ററുകളിലെത്തി.

അഞ്ചാം പാതിര എന്ന പാത

മലയാളത്തിലെ ലക്ഷണമൊത്ത ന്യൂജെന്‍ കുറ്റാന്വേഷണചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അതാണ് 2020 ജനുവരി 10-ന് പുറത്തിറങ്ങിയ അഞ്ചാംപാതിര. രാക്ഷസന്‍, രാക്ഷസന്‍ എന്ന് അലമുറയിട്ടിരുന്ന ചലച്ചിത്രപ്രേമികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ വിരുന്നായി മാറി ഈ മിഥുന്‍ മാനുവല്‍ ചിത്രം. കുഞ്ചാക്കോ ബോബന്റെയും ഷറഫുദ്ദീന്റെയും ഉണ്ണിമായയുടേയും വേറിട്ട വേഷങ്ങളും കൃത്യമായ ഇടവേളകളില്‍ വന്ന സര്‍പ്രൈസുകളുടേയും ട്വിസ്റ്റുകളുടേയും അകമ്പടിയോടെ വന്‍വിജയത്തിലേക്ക് അഞ്ചാംപാതിര അനായാസം നടന്നുകയറി. മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലും ചിത്രം വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. അതുവരെ തമാശപ്പടങ്ങള്‍ മാത്രം ചെയ്തുവന്നിരുന്ന മിഥുന്‍ തനിക്ക് ഏത് ജോണറും വഴങ്ങുമെന്ന് കൂടി അഞ്ചാംപാതിരയിലൂടെ തെളിയിച്ചു. തമിഴിലെ രാക്ഷസന് ഒപ്പം വെയ്ക്കാവുന്ന ചിത്രമായി അഞ്ചാംപാതിര. ഒപ്പം മലയാളത്തില്‍ കൂടുതല്‍ കുറ്റാന്വേഷണചിത്രങ്ങള്‍ക്ക് വരാന്‍ വഴിയൊരുക്കുക കൂടി ചെയ്തു ഈ ചിത്രം.

അഞ്ചാം പാതിരയ്ക്ക് ശേഷം മൂന്ന് ചിത്രങ്ങള്‍ കൂടി ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മേഖലയില്‍ ഇതേ വര്‍ഷമിറങ്ങി. ജയസൂര്യ നായകനായ പ്രശോഭ് വിജയന്‍ ചിത്രം അന്വേഷണം, അഖില്‍ പോള്‍-അസ് ഖാന്‍ കൂട്ടുകെട്ടിലിറങ്ങിയ ടോവിനോ ചിത്രമായ ഫോറന്‍സിക്, ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ടീമിന്റെ സീ യു സൂണ്‍ എന്നിവയായിരുന്നു അത്. ഇതില്‍ ഫോറന്‍സിക് തിയേറ്ററുകളില്‍ റീലീസായി മികച്ച പ്രതികരണം നടത്തിവരവേയാണ് കോവിഡ് വ്യാപനം കാരണം തീയേറ്ററുകള്‍ അടയ്‌ക്കേണ്ടിവന്നത്. സിനിമാലോകത്തിന്റെ പ്രത്യേകിച്ച് താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ മലയാളത്തിന്റെ ഭാവിതന്നെ അടയുമോ എന്ന് സാഹചര്യത്തിലാണ് സീ യൂ സൂണ്‍ എന്ന പേരില്‍ ഫഹദ് ഫാസിലും മഹേഷ് നാരായണനും റോഷനുമെല്ലാം ചേര്‍ന്ന് ഒരു വിപ്ലവത്തിന് തുടക്കമിട്ടത്. മലയാള സിനിമ അന്നേവരെ കാണാത്ത മേക്കിങ് സ്റ്റൈല്‍, അഭിനേതാക്കളുടെ പ്രകടനം എന്നിവകൊണ്ട് മലയാളത്തിലെ ആദ്യ ഓ.ടി.ടി ഹിറ്റായി സീ യൂ സൂണ്‍. തിയേറ്ററുകള്‍ക്കുവേണ്ടി മാത്രമല്ല, മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കണ്ടാസ്വദിക്കാവുന്ന സിനിമകളും നമുക്ക് സാധ്യമാണെന്ന് അവര്‍ കാട്ടിത്തന്നു. ഇതൊരു പാഠപുസ്തകമാണെന്ന് ബോളിവുഡിലെ വമ്പന്‍മാര്‍ വരെ വാഴ്ത്തിപ്പാടി.

കുറ്റാന്വേഷണ ചിത്രങ്ങളുടെ ചാകര

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റാന്വേഷണചിത്രങ്ങള്‍ വന്ന വര്‍ഷമായിരുന്നു 2021. ഓ.ടി.ടി.യിലും തീയേറ്ററുകളിലും ശ്രദ്ധേയമായ ചിത്രങ്ങള്‍ ഇതേ വര്‍ഷമിറങ്ങി. ഓ.ടി.ടി റിലീസായെത്തിയ 'ഗാര്‍ഡിയന്‍' ജനുവരി ഒന്നിനാണെത്തിയത്. ആവറേജ് റിസള്‍ട്ടാണ് സൈജു കുറുപ്പ് ചിത്രം സ്വന്തമാക്കിയത്. കുറ്റകൃത്യങ്ങളെന്നാല്‍ രക്തം മണക്കുന്നവ മാത്രമല്ല എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരു ചിത്രം വിജയത്തേരിലേറിയത് ഫെബ്രുവരിയിലായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയായിരുന്നു ആ ചിത്രം. വലിയ താരങ്ങളില്ലാതെ തിരക്കഥയുടേയും അവതരണമികവിന്റേയും ബലത്തില്‍ വന്‍വിജയം നേടാന്‍ ചിത്രത്തിനായി. മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വ്യാജകോപ്പി പ്രചരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈ പുതുതലമുറ കേസന്വേഷണം.

കൃത്യം ഒരാഴ്ച പിന്നിട്ടപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം റിലീസായി. തീയേറ്ററിലല്ല, ഓ.ടി.ടിയില്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച ജോഡികളെന്ന് ഇതിനോടകം പ്രേക്ഷകര്‍ വിധിയെഴുതിയ ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ രണ്ടാം ചിത്രം ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെയെത്തിയത്. വന്‍ തീയേറ്റര്‍ നഷ്ടമെന്നായിരുന്നു പ്രേക്ഷകരുടെ വിധിയെഴുത്ത്. ഒരുപക്ഷേ ഓ.ടി.ടിയില്‍ റിലീസായി മെഗാഹിറ്റ് സ്റ്റാറ്റസ് നേടുന്ന ആദ്യചിത്രമായിരിക്കും ദൃശ്യം 2. തീയേറ്ററിലല്ലെങ്കിലും വീട്ടിലിരുന്ന് പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിക്കാനും ആവേശംകൊള്ളിക്കാനും ജോര്‍ജ്കുട്ടിക്കും ടീമിനുമായി. ആദ്യഭാഗം പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ചിത്രത്തിനായി.

തീയേറ്ററില്‍ പിന്നെയൊരു കുറ്റാന്വേഷണചിത്രം വന്നത് ഏപ്രില്‍ മാസത്തിലായിരുന്നു. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍-നയന്‍താര ചിത്രം നിഴല്‍ ആയിരുന്നു അത്. തീയേറ്ററില്‍ പക്ഷേ വിജയം നേടാന്‍ നിഴലിനായില്ല. ഓ.ടി.ടിയിലാണെങ്കിലും ഏറെ പ്രതീക്ഷയോടെയെത്തിയ തനു ബാലക് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ശരാശരിയില്‍ ഒതുങ്ങുകയായിരുന്നു. കോവിഡിന്റെ ഭീതി പതുക്കെ ഒഴിഞ്ഞ സമയമായിരുന്നു നവംബര്‍. മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായി കുറുപ്പ് തീയേറ്ററുകളിലെത്തിയത് നവംബര്‍ 12-നായിരുന്നു. കേരളാ പോലീസിന് ഇന്നും നാണക്കേടായി അവശേഷിക്കുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം പറഞ്ഞുകൊണ്ട് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദുല്‍ഖര്‍ നായകനായ ചിത്രം. കുറുപ്പിന്റെ ഒളിച്ചോട്ടങ്ങളിലൂടെ സഞ്ചരിച്ച ചിത്രത്തില്‍ കുറ്റാന്വേഷണം കഥാഗതിയിലുണ്ടായിരുന്നെങ്കിലും പൂര്‍ണമായി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് 'കുറുപ്പെ'ന്ന് പറയാനാവില്ല.

കുറ്റാന്വേഷണങ്ങളുടെ കുത്തൊഴുക്ക്

2022 പിറന്നിട്ട് ഏഴുമാസം പൂര്‍ത്തിയായിട്ടില്ല. ആദ്യ ആറുമാസത്തില്‍ മലയാളത്തില്‍ പിറന്നത് ഒന്നും രണ്ടുമല്ല, പന്ത്രണ്ട് കുറ്റാന്വേഷണ ചിത്രങ്ങളാണ്. അതും പലവിധത്തിലുള്ളത്. അതില്‍ തിയേറ്ററും ഓ.ടി.ടിയുമെല്ലാം പെടും. പക്ഷേ കുറ്റാന്വേഷണകഥകള്‍ വന്നാല്‍ സ്വീകരിക്കപ്പെടും എന്ന ചിന്തയെ പാടേ തകിടംമറിക്കുന്ന കാഴ്ചകളാണ് പിന്നീട് കാണാനായത്. തീയേറ്ററില്‍ റിലീസായവയില്‍ ട്വന്റിവണ്‍ ഗ്രാംസ്, സി.ബി.ഐ 5, ജന ഗണ മന എന്നിവ മാത്രമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇതില്‍ ജന ഗണ മന മാത്രമാണ് പൂര്‍ണമായും കുറ്റാന്വേഷണ ചിത്രമല്ലാതിരുന്നത്. ഏറെ പ്രതീക്ഷയോടെ വന്ന സി.ബി.ഐ 5 തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും നിര്‍മാതാവിന് നേട്ടം സമ്മാനിച്ചു. ഫിലിം ചേംബറിന്റെ ലിസ്റ്റ് പ്രകാരം ഈ വര്‍ഷം പകുതിയായപ്പോള്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ആറു ചിത്രങ്ങളില്‍ ഒന്നുകൂടിയായി സി.ബി.ഐ 5. പക്ഷേ ഈ ലിസ്റ്റില്‍ 21 ഗ്രാംസ് ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് രസകരമായ കാര്യം.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ലേബലില്‍ വന്ന സത്യം മാത്രമേ ബോധിപ്പിക്കൂ, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്നീ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാനും സാധിച്ചില്ല. ആദ്യ ദിനങ്ങളില്‍ താരതമ്യേന നല്ല അഭിപ്രായം നേടിയിട്ടും ജയസൂര്യ നായകനായ ജോണ്‍ ലൂഥര്‍, സുരാജ് വെഞ്ഞാറമൂട് ചിത്രങ്ങളായ പത്താം വളവ്, ഹെവന്‍, രാജീവ് രവി ചിത്രമായ കുറ്റവും ശിക്ഷയും, കീടം എന്നിവയും പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നവയില്‍ പരാജയപ്പെട്ടു. ഇതിനിടയില്‍ മൂന്ന് ചിത്രങ്ങള്‍ ഓ.ടി.ടിയിലുമെത്തി. മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ 12ത് മാന്‍, സൈജു കുറുപ്പ് നായകനായ അന്താക്ഷരി, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്നിവയായിരുന്നു അത്. ഇതില്‍ മികച്ച പ്രതികരണത്തോടെ മുന്നിട്ടുനിന്നത് 12ത് മാന്‍ ആയിരുന്നു. മറ്റ് രണ്ട് ചിത്രങ്ങള്‍ക്കും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

അല്പം ഫ്‌ളാഷ് ബാക്കിലേക്ക്

കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് എന്താണിത്ര ആരാധകര്‍ എന്ന് ചോദ്യത്തിന് ഉത്തരം മുമ്പ് വന്നുപോയത് അത്തരത്തിലുള്ള ചിത്രങ്ങളാണ് എന്നത് തന്നെയാണ്. ക്ലാസിക് എന്നുവിളിക്കാവുന്ന കുറ്റാന്വേഷണസിനിമകള്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. കുറ്റാന്വേഷണ ചിത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ താത്പര്യമുള്ളവര്‍ പാഠപുസ്തകം കണക്കേ ഉറ്റുനോക്കുന്ന കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത യവനിക, ഈ കണ്ണികൂടി, മോഹന്‍ സംവിധാനം ചെയ്ത മുഖം, സേതുരാമയ്യര്‍ സീരീസുകള്‍, പദ്മരാജന്റെ കരിയിലക്കാറ്റുപോലെ, പദ്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ഈ തണുത്ത വെളുപ്പാന്‍കാലത്ത് , ആഗസ്റ്റ് ഒന്ന്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, സിസ്റ്റര്‍ അഭയ കേസ് മാതൃകയാക്കി വന്ന ക്രൈം ഫയല്‍, ദ ട്രൂത്ത്, മെമ്മറീസ്, മുംബൈ പോലീസ് തുടങ്ങി വ്യത്യസ്തതയാര്‍ന്ന ഒരുപിടി ചിത്രങ്ങളാണ് ഇപ്പോഴത്തെ ഈ ന്യൂജെന്‍ സിനിമകള്‍ക്ക് മുമ്പേ വന്നുപോയത്. പക്ഷേ ഇതിനെല്ലാം മുന്നേ തന്നെ ഇതേ ശ്രേണിയില്‍പ്പെടുത്താവുന്ന മറ്റൊരുവിഭാഗം സിനിമകള്‍ മലയാളികള്‍ക്കിടയിലേക്കെത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ അവയെ സി.ഐ.ഡി സിനിമകള്‍ എന്നുവിളിച്ചു.

സി.ഐ.ഡി നസീറിൽ പ്രേം നസീർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

സി.ഐ.ഡിയായി പ്രേം നസീര്‍. സഹായത്തിന് അടൂര്‍ ഭാസി. കുറ്റം അന്വേഷിക്കുന്നതിനൊപ്പം പ്രണയവും മനോഹരഗാനങ്ങളും നാടകീയമായ പശ്ചാത്തലസംഗീതവും മുഹൂര്‍ത്തവും. മേമ്പൊടിക്ക് സ്റ്റണ്ടും. ഇതായിരുന്നു അന്നത്തെ സി.ഐ.ഡി സിനിമകളുടെ അടിസ്ഥാനം. മിക്കവാറും കഥകള്‍ കള്ളക്കടത്തോ കൊലപാതകമോ ആയിരിക്കും. അല്ലെങ്കില്‍ ഇത് രണ്ടുംകൂടിച്ചേര്‍ന്നത്. കൊള്ളക്കാരുടെ സങ്കേതത്തില്‍ വെച്ചുള്ള പാട്ടും സംഘട്ടനവുമെല്ലാം സിനിമയുടെ ഭാഗമായുണ്ടാവും. ഭൂരിഭാഗം സിനിമകളിലും പ്രേം നസീറായിരുന്നു സി.ഐ.ഡി. കൊച്ചിന്‍ എക്‌സ്പ്രസ്, കണ്ണൂര്‍ ഡീലക്‌സ്, ലങ്കാ ദഹനം, മറവില്‍ തിരിവ് സൂക്ഷിക്കുക, ഡേഞ്ചര്‍ ബിസ്‌കറ്റ്, പഞ്ചവടി, കറുത്ത കൈ, പോസ്റ്റ്മാനെ കാണാനില്ല, എഴുതാത്ത കഥ, അജ്ഞാതവാസം തുടങ്ങിയവയെല്ലാം അതില്‍ ചിലതുമാത്രം. ഇതില്‍ എഴുതാത്ത കഥ അല്പം വ്യത്യസ്തമായ ഒരു കുറ്റാന്വേഷണചിത്രമായിരുന്നു. പ്രേം നസീറും അടൂര്‍ ഭാസിയും മുതുകുളം രാഘവന്‍പിള്ളയുമെല്ലാമുണ്ടായിരുന്നെങ്കിലും നെടുംതൂണ്‍ ഷീല അവതരിപ്പിച്ച കായംകുളം കമലമ്മയായിരുന്നു. അതുവരെ മലയാളത്തിലിറങ്ങിയ സി.ഐ.ഡി- കുറ്റാന്വേഷണചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി അല്പം റിയലിസ്റ്റിക്കായി എത്തിയ ചിത്രമായിരുന്നു ഇത്. ഇപ്പറഞ്ഞ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് അടൂര്‍ ഭാസിയുടെ 'അസിസ്റ്റന്‍സ്' ഇല്ലാതെ ഒരു പ്രേംനസീര്‍ കുറ്റാന്വേഷണചിത്രവുമെത്തി. 1981-ല്‍ പുറത്തിറങ്ങിയ കാട്ടുകള്ളനായിരുന്നു ആ ചിത്രം. ആധുനികകാല സിനിമകളില്‍ സി.ഐ.ഡി ഉണ്ണിക്കൃഷ്ണന്‍ ബി.എ. ബിഎഡും സി.ഐ.ഡി മൂസയുമാണ് പ്രേക്ഷകരെ രസിപ്പിച്ച ഈ ശ്രേണിയില്‍പ്പെട്ട രണ്ട് ചിത്രങ്ങള്‍. അതിനുശേഷം ഈ വിഭാഗത്തില്‍പ്പെടുത്താവുന്ന ശ്രദ്ധേയമായ ചിത്രങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം.

റിയലിസ്റ്റിക് കുറ്റാന്വേഷണ ചിത്രങ്ങള്‍

എഴുതാത്ത കഥയ്ക്ക് ശേഷം ഒരു ലെവല്‍കൂടി ഉയര്‍ന്ന തരത്തിലുള്ള റിയലിസ്റ്റിക് കുറ്റാന്വേഷണചിത്രങ്ങള്‍ക്ക് മലയാള സിനിമ വേദിയായി. അവിടെയാണ് കെ.ജി. ജോര്‍ജ് എന്ന സംവിധായകനും അദ്ദേഹത്തിന്റെ യവനിക എന്ന ചിത്രവും അടയാളപ്പെടുത്തുന്നത്. മലയാളസിനിമ അന്നുവരെ കണ്ടതില്‍വെച്ചേറ്റവും വ്യത്യസ്തമായ ആഖ്യാനശൈലിയായിരുന്നു യവനികയുടേത്. കൊടിയേറ്റം ഗോപിയുടെ തബലിസ്റ്റ് അയ്യപ്പനെ വെല്ലാന്‍ ഇന്നോളം ഒരു പ്രതിനായകനും സാധിച്ചിട്ടില്ല. മമ്മൂട്ടിയും നെടുമുടി വേണുവും അശോകനും ജഗതി ശ്രീകുമാറും വേണു നാഗവള്ളിയും ജലജയുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ കഥാപാത്രങ്ങളായി മാറി. കുറ്റാന്വേഷണ സിനിമകളെടുക്കുന്നവര്‍ക്ക് ഇന്നും ഒരു പാഠപുസ്തമാണ് യവനിക.

ഓടുന്ന സിനിമയും അവാര്‍ഡ് എന്ന് വിളിക്കുന്ന സിനിമയും ഒന്നാണെന്ന് പറയുന്ന സംഭവത്തിന്റെ വക്താവാണ് അച്ഛന്‍ -എസ്.എല്‍.പുരം ജയസൂര്യ

മലയാളത്തിലെ ക്ലാസിക് കുറ്റാന്വേഷണചിത്രം എന്ന് വിശേഷണമുള്ള യവനികയുടെ തിരക്കഥാകൃത്ത് എസ്.എല്‍.പുരം സദാനന്ദന്റെ മകനും സംവിധായകനുമായ എസ്.എല്‍.പുരം ജയസൂര്യ സംസാരിക്കുന്നു.

എസ്.എൽ പുരം ജയസൂര്യ | ഫോട്ടോ: www.facebook.com/iamjayasurya/photos

അച്ഛന്‍ കഥ, തിരക്കഥ, സംഭാഷണം എഴുതിയ ചിത്രമാണ് അഗ്‌നിപുത്രി. അതച്ഛന് വളരെയധികം പ്രിയപ്പെട്ട സിനിമയായിരുന്നു. കാരണം ഇന്ത്യയിലാദ്യം നാഷണല്‍ അവാര്‍ഡ് കിട്ടിയ സിനിമയായിരുന്നു അത്. അച്ഛന് പ്രിയപ്പെട്ട സിനിമകള്‍ എന്നുപറയാന്‍ ഒരുപാടെണ്ണം കാണും. അച്ഛന്‍ ഇടയ്ക്കിടെ പറയാറുള്ള സിനിമകളില്‍ ചെമ്മീന്‍ ഉണ്ട്, ഭൂമി ദേവി പുഷ്പിണിയുണ്ട്, ഒരു പെണ്ണിന്റെ കഥയുണ്ടാവും. പക്ഷേ എഴുതിയ കുറ്റാന്വേഷണ സിനിമകള്‍ എന്നുള്ള രീതിയില്‍ യവനിക അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ഇറങ്ങി ഇത്രവര്‍ഷമായിട്ടും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് യവനിക.

അച്ഛന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുമ്പോള്‍ എഴുതിയ ചിത്രമാണ് യവനിക. അച്ഛന് വളരെ എളുപ്പത്തില്‍ എഴുതാന്‍ പറ്റുന്ന സിനിമയായിരുന്നു അത്. അച്ഛന്‍ ജനിച്ച് വളര്‍ന്ന തട്ടകമാണത്. അച്ഛന്‍ എപ്പോഴും പറയും നാടകമാണെന്റെ തറവാട്, സിനിമ സത്രമാണെന്ന്. അന്നും വളരെ സ്വാഭാവികമായ സിനിമകളുടെ കൂട്ടത്തില്‍പ്പെട്ട സിനിമയായിരുന്നു അത്. ന്യൂജെന്‍ സിനിമകളുടെ കുത്തൊഴുക്കിലും യവനികയെ ആരും മറക്കുന്നില്ല.

എസ്.എൽ പുരം സദാനന്ദൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഇപ്പോഴത്തെ ചെറുപ്പക്കാരോട് കണ്ട് പത്ത് സിനിമയെടുക്കാന്‍ പറഞ്ഞാല്‍ അവര്‍ പറയുന്നത് മിക്കവാറും എണ്‍പതുകളിലെ സിനിമയാണ്. യവനികയ്ക്ക് ഒരുപാട് തലങ്ങളുണ്ട് എന്നതാണ് ഇപ്പോഴത്തെ കുറ്റാന്വേഷണസിനിമകളില്‍ നിന്ന് യവനികയെ വ്യത്യസ്തമാക്കുന്നത്. ഒരുപാട് ലേയറുകളുണ്ടെങ്കിലും എല്ലാം സത്യസന്ധമാണ്. തിരക്കഥയ്ക്കുവേണ്ടി ഒരു കള്ളത്തരം അതിലില്ല. നാടകത്തേക്കുറിച്ചുള്ള നല്ല അറിവാണ് അച്ഛന് സിനിമയിലേക്ക് അത് ഇണക്കിച്ചേര്‍ക്കാന്‍ സാധിച്ചതിന് കാരണം. ഓരോ കഥാപാത്രത്തിനും ജീവിതമുണ്ട്, അത് നമുക്ക് കിട്ടുന്നുമുണ്ട്.

പുതിയ സിനിമകളെടുത്താല്‍ പ്രത്യേക പോയിന്റില്‍ ഫോക്കസ് ചെയ്തായിരിക്കും സിനിമ പോകുന്നത്. പക്ഷേ യവനികയില്‍ എല്ലാവരിലൂടെയുമാണ് കഥ പോകുന്നത്. തിയേറ്ററില്‍ ഓടുന്ന സിനിമ എഴുതുന്നയാള്‍ എന്നായിരുന്നു അച്ഛന്‍ അറിയപ്പെട്ടിരുന്നത്. ഓടുന്ന സിനിമയും അവാര്‍ഡ് എന്ന് വിളിക്കുന്ന സിനിമയും ഒന്നാണെന്ന് പറയുന്ന സംഭവത്തിന്റെ വക്താവാണ് അച്ഛന്‍ എന്ന് തോന്നിയിട്ടുണ്ട്. ആള്‍ക്കാര്‍ കാണുകയും ചെയ്യും അവാര്‍ഡ് കിട്ടുകയും ചെയ്യും. സാധാരണ അങ്ങനയല്ലല്ലോ. ഓടുന്ന സിനിമയ്ക്ക് ജനപ്രിയ ചിത്രം എന്ന പുരസ്‌കാരമാണല്ലോ കൊടുക്കാറ്.

1982-ല്‍ പുറത്തിറങ്ങിയ യവനികയ്ക്ക് പിന്നാലെ തൊട്ടടുത്ത വര്‍ഷം കെ.ജി. ജോര്‍ജിന്റേതായി മറ്റൊരു അന്വേഷണാത്മകചിത്രം കൂടിയെത്തി. നടി ശോഭയുടെ മരണത്തെ അടിസ്ഥാനമാക്കിയുള്ള ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് ആയിരുന്നു ആ ചിത്രം. നടന്‍ ഇന്നസെന്റ് നിര്‍മിച്ച ആദ്യകാല ചിത്രമായിരുന്നു ഇത്. കൂടാതെ സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമായി വന്ന ആദ്യകാല മലയാള ചിത്രമായിരുന്നു ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്. ചിത്രമിറങ്ങിയപ്പോള്‍ ശോഭയുടെ കഥയാണിതെന്ന പേരില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചകള്‍ ഉയരുകയും ചെയ്തിരുന്നു. ശോഭയുടെ ജീവിതം തന്നെയാണ് താന്‍ സിനിമയാക്കിയതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ തന്നെ വെളിപ്പെടുത്തി. നളിനിയായിരുന്നു ലേഖ എന്ന ടൈറ്റില്‍ റോളിലെത്തിയത്. ഭരത് ഗോപിയും മമ്മൂട്ടിയും നെടുമുടി വേണുവുമെല്ലാം സിനിമയുടെ ഭാഗമായി. ഈ ചിത്രത്തില്‍ സൂപ്പര്‍താരമായ അഭിനയിച്ച മമ്മൂട്ടി പിന്നീട് സൂപ്പര്‍താരമായതും ചരിത്രത്തിന്റെ ഭാഗം. കുറ്റാന്വേഷണസിനിമകളേക്കുറിച്ച് പറയുമ്പോള്‍ അധികമാരും പരാമര്‍ശിക്കാത്ത ഒരു ചിത്രമുണ്ട് കെ.ജി. ജോര്‍ജിന്റെ ക്രെഡിറ്റില്‍. 1990-ല്‍ പുറത്തിറങ്ങിയ ഈ കണ്ണി കൂടിയാണ് ആ ചിത്രം. സായി കുമാറായിരുന്നു കുറ്റാന്വേഷകന്റെ വേഷത്തില്‍. അശ്വിനിയായിരുന്നു നായികയായെത്തിയത്. രസകരമായ ഒരു കാര്യമെന്താണെന്നുവെച്ചാല്‍ യൂട്യൂബില്‍ വന്നപ്പോഴാണ് കെ.ജി.ജോര്‍ജ് ഇങ്ങനെയൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെന്ന് തന്നെ പലരും അറിയുന്നത്. ഇതുപോലൊരു ചിത്രം കാണാന്‍ വൈകി എന്നൊക്കെയാണ് ഇപ്പോള്‍ സിനിമയ്ക്ക് ചുവട്ടില്‍ കാണാവുന്ന കമന്റുകള്‍.

കെ.ജി. ജോർജ്ജ് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി

സേതുരാമയ്യരും സി.ബി.ഐ സീരീസും

കുറ്റാന്വേഷണ ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ സി.ബി.ഐ സീരീസില്ലാതെ എന്ത് ചര്‍ച്ച. നായകന്റെ ബുദ്ധിപരമായ ചിന്തകളിലൂടെയും നീക്കങ്ങളിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രങ്ങളായിരുന്നു കെ.മധു-എസ്.എന്‍. സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടിലെ സേതുരാമയ്യര്‍ സിനിമാ പരമ്പര. ഒരേ കഥാപാത്രത്തെ വെച്ച് ഇത്രയും സിനിമകള്‍ മലയാളത്തിലെന്നല്ല മറ്റ് ഇന്ത്യന്‍ ഭാഷകളില്‍പ്പോലുമുണ്ടായിട്ടില്ല. ജെയിംസ് ബോണ്ട് സിനിമകളില്‍പ്പോലും നായകകഥാപാത്രത്തെ അവതരിപ്പിച്ച നടന്മാര്‍ മാറി മാറി വന്നു. പക്ഷേ അയ്യരെന്ന ബുദ്ധിരാക്ഷസനെ മമ്മൂട്ടി എന്ന നടനിലല്ലാതെ മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. പിന്നില്‍ കൈ കെട്ടി നടക്കുന്ന കുറ്റാന്വേഷകന്‍ പതിയെ മലയാളസിനിമയുടെ ബ്രാന്‍ഡ് ആയി മാറി. ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതം ഒരിക്കല്‍പ്പോലും മൂളാത്ത മലയാളികളില്ല. ചാക്കോയും വിക്രമും ഹാരിയുമെല്ലാം പ്രേക്ഷകമനസുകളില്‍ ഇടംപിടിച്ചു. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ, സി.ബി.ഐ 5- ദ ബ്രെയിന്‍ എന്നിവയാണ് ഇതുവരെയിറങ്ങിയ സേതുരാമയ്യര്‍ ചിത്രങ്ങള്‍. ഡമ്മി പരീക്ഷണം മുതല്‍ ബാസ്‌കറ്റ് കില്ലിങ് വരെ അവതരിപ്പിച്ചു ഈ സിനിമകള്‍. എല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു എന്നത് സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ അത്രത്തോളം നെഞ്ചേറ്റിയിരുന്നു എന്നതിന് തെളിവാണ്.

ജാ​ഗ്രത സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഒരുതരത്തില്‍പ്പറഞ്ഞാല്‍ ഹോളിവുഡില്‍ ജെയിംസ് ബോണ്ട് സീരീസെല്ലാം വരുന്നതിന് മുന്നേ തന്നെ ഇങ്ങിവിടെ കേരളത്തില്‍ നല്ല എണ്ണംപറഞ്ഞ കുറ്റാന്വേഷണചിത്രങ്ങള്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ ഇറക്കിയിരുന്നു. വ്യത്യസ്തതയാര്‍ന്ന ചിത്രങ്ങള്‍ ഇനിയും മലയാളത്തിലുണ്ടാവും. അതില്‍ ഒരുപങ്ക് തീര്‍ച്ചയായും കുറ്റാന്വേഷണചിത്രങ്ങളുടേതാകും. കാത്തിരിക്കാം ലക്ഷണമൊത്ത കൂടുതല്‍ കുറ്റാന്വേഷണചിത്രങ്ങള്‍ക്കായി.

Content Highlights: best investigation movies in malayalam, indepth story, history of malayalam investigation movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented