ബെള്ളി, ദ എലിഫന്റ് വിസ്പറേഴ്സ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി, twitter.com/NetflixIndia
‘അച്ഛനും അമ്മയും മക്കളും പോലെയാണ് ഞങ്ങൾ ജീവിച്ചത്. ഒരുപാട് സ്നേഹമുള്ള നാലുപേരടങ്ങുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്’ -ഒറ്റവാചകത്തിൽ ബെള്ളി അവർ നാലുപേരുടെയും ജീവിതം പറഞ്ഞു.
ഇനിമുതൽ ഓസ്‌കർ പുരസ്കാരത്തിെന്റകൂടി തിളക്കമുണ്ട് മുതുമലയിലെ ഈ ദമ്പതിമാർക്കും അവർ വളർത്തിയ രണ്ട് ആനകൾക്കും. മുതുമല തെപ്പക്കാട് ആനസങ്കേതത്തിലെ രഘു, ബൊമ്മി എന്നീ കുട്ടിയാനകളെ കഴിഞ്ഞ അഞ്ചുവർഷമായി പരിപാലിച്ചുവന്നത് ദമ്പതിമാരായ ബൊമ്മനും ബെള്ളിയുമാണ്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാർത്തികി ഗോൺസൽവസും ഗുനീത് മോംഗയും ചേർന്ന് ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’ എന്ന ഹ്രസ്വചിത്രമൊരുക്കിയത്. മികച്ച ഡോക്യുമെന്ററി- ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്‌കർ പുരസ്‌കാരം ഇക്കുറി ഈ ഹ്രസ്വചിത്രത്തിനാണ്.
‘ഓസ്‌കർ കിട്ടിയതൊക്കെ സന്തോഷംതന്നെ. പക്ഷേ, മനസ്സിൽനിറയെ സങ്കടമാണ്. സ്വന്തം മക്കളെപ്പോലെ വളർത്തിയിട്ടും വനംവകുപ്പ് അധികൃതർ ആനക്കുട്ടികളെ മാറ്റിനിർത്തി. രണ്ടുമാസമായി ഇപ്പോൾ അവരുടെ അടുത്തുപോകാൻപോലും അനുവാദമില്ല’ -ഈറൻ കണ്ണുകളോടെ ബെള്ളി മാതൃഭൂമിയോട് പറഞ്ഞു. കുട്ടിയാനകൾ വലുതായി. ബെള്ളിക്ക് പ്രായമായതിനാൽ വലിയ ആനകളെ പരിപാലിക്കാൻ പ്രാപ്തയല്ലെന്നും അതുകൊണ്ടാണ് മാറ്റിനിർത്തിയതെന്നും മുതുമല തെപ്പക്കാട് ആനസങ്കേതത്തിലെ അധികൃതർ വിശദീകരിച്ചു.
ബൊമ്മൻ ആനപരിപാലനത്തിനായി ധർമപുരിയിലാണ്. ഓസ്‌കർ പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബൊമ്മൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞു. ധർമപുരിയിൽ വനംവകുപ്പധികൃതർ ബൊമ്മനെ ആദരിച്ചു. ആനകളായ ബൊമ്മിയും രഘുവും തെപ്പക്കാട്ടിലെ പരിപാലനകേന്ദ്രത്തിൽ പരിശീലനത്തിലായിരുന്നു.
ഇപ്പോൾ രഘുവിനെ കാളൻ എന്ന പാപ്പാനും ബൊമ്മിയെ രവിയെന്ന പാപ്പാനുമാണ് പരിപാലിക്കുന്നത്. ഓസ്‌കർ ലഭിച്ചതിന്റെ ആഘോഷമൊന്നും തെപ്പക്കാട്ട് ആനസങ്കേതത്തിലുണ്ടായില്ല.
മികച്ച ഡോക്യുമെന്ററി- ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്‌കർ പുരസ്‌കാരം നേടിയത് ‘ദ എലിഫന്റ് വിസ്പറേഴ്സ് ’

ഇതാണ് അവരുടെ കഥ
ബൊമ്മന്റെയും ബെള്ളിയുടെയും അവരുടെ ‘മക്കളായ’ രഘുവിന്റെയും ബൊമ്മിയെന്നു വിളിപ്പേരുള്ള അമ്മുക്കുട്ടിയുടെയും ജീവിതമാണ് ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’. മുതുമല ദേശീയോദ്യാനത്തിലെ തെപ്പക്കാട് ആന ക്യാമ്പിലാണ് ഇവർ നാലുപേരും. ഇവർ മാത്രമല്ല, കാടിന്റെ മക്കളായ മനുഷ്യരും മറ്റുജീവികളുമുണ്ട് അവിടെ.
അമ്മയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതോടെ രഘു അനാഥനായി. അന്നവൻ രഘുവല്ല, ഒരു കുഞ്ഞൻ ആനക്കുട്ടി. വനപാലകർ കാണുമ്പോൾ അവനാകെ അവശനായിരുന്നു. കൊമ്പുമുളച്ചിട്ടില്ല. അവരവനെ തെപ്പക്കാട്ട് കൊണ്ടുവന്നു. നോക്കാൻ ബൊമ്മനെയും ബെള്ളിയെയും ഏൽപ്പിച്ചു. പുഴുവരിക്കുന്ന, വാലിലൊന്നും പൂടപോലുമില്ലാതിരുന്ന ആ കുട്ടിയാനയെ അവർ മകനെപ്പോലെ പോറ്റിവളർത്തി.
കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ബൊമ്മന്റെ കുടുംബം പണ്ടേ ആനനോട്ടക്കാരാണ്. ബെള്ളിയുടെ കാര്യം അങ്ങനെയല്ല. കാട്ടിലാണ് വാസമെങ്കിലും കാടിനെയും കാട്ടുജീവികളെയും അവർക്ക് പേടിയാണ്. ഭർത്താവിനെ പുലി കൊന്നതാണ്. പക്ഷേ, തെപ്പക്കാട്ടെ ഏക വനിതാ ആനപരിപാലകയായ അവരുടെ സ്വകാര്യവിഷമങ്ങളെല്ലാം രഘു നീക്കി. രഘുവിനെ നോക്കിനോക്കി ബൊമ്മനും ബെള്ളി ജീവിതത്തിലും ഒന്നായി.
രഘുവിനുപിന്നാലെ അവർക്ക് മറ്റൊരു കുട്ടിയാനയെയും പരിപാലിക്കാൻ കിട്ടി-അമ്മുക്കുട്ടി. കാട്ടുതീയാണ് അവളെ സ്വന്തം കൂട്ടത്തിൽനിന്ന് അകറ്റിക്കളഞ്ഞത്. അപ്പോഴേക്കും രഘുവിന് പോകാൻ കാലമായി. അവനെ മറ്റൊരു പരിപാലകനുകീഴിലാക്കാൻ വനപാലകർ തീരുമാനിച്ചു. രഘുവിന്റെ മാത്രമല്ല, ബൊമ്മന്റെയും ബെള്ളിയുടെയും അമ്മുക്കുട്ടിയുടെയും ഹൃദയം പിടഞ്ഞു. പക്ഷേ, രഘു പോയി. എങ്കിലും കാടിന്റെ ഏതുകോണിൽവെച്ചും ബൊമ്മന്റെ ഒച്ചകേട്ടാൽ, ‘വാ, വാ’ എന്ന വിളികേട്ടാൽ രഘു കുട്ടിക്കൊമ്പുകുലുക്കിയെത്തും.“ ആനകൾ എന്നും ഞങ്ങൾക്ക് മക്കളെപ്പോലെയാണ്. അമ്മയെ നഷ്ടപ്പെട്ട കുട്ടിയാനയെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് നോക്കിയത്” “കാട്ടിൽ അമ്മമാരെ നഷ്ടമായ ഒട്ടേറെ ആനക്കുട്ടികളെ പരിചരിച്ചിട്ടുണ്ട്. അവർക്ക് ഞാൻ വളർത്തമ്മയായിരുന്നു. ഞങ്ങളുടെ ചോരയിലുള്ളതാണിത്. അച്ഛനമ്മമാരും മുത്തശ്ശിയുമൊക്കെ ഇതേപോലെത്തന്നെയായിരുന്നു” ബെള്ളി പറയുന്നു.
രണ്ട് ആനപരിപാലകരുടെ കഥമാത്രമല്ല, കാടും കാട്ടുജനതയുടെ ജീവിതവും കാട്ടിലെ മറ്റുജീവികളുമായുള്ള സഹവർത്തിത്വവുമാണ് ‘എലിഫന്റ് വിസ്പറേഴ്‌സ്’ കാട്ടിത്തരുന്നത്. 2022 ഡിസംബറിൽ ഈ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.
പാലക്കാടിനും അഭിമാനം
ഓസ്‌കർ പുരസ്‌കാരം നേടിയ ഹ്രസ്വചിത്രമായ ‘ദി എലിഫന്റ് വിസ്പറേഴ്‌സ്’ന്റെ നേട്ടത്തിൽ പാലക്കാടിനും അഭിമാനിക്കാം. പ്രധാന കഥാപാത്രമായ ബെള്ളിയുടെ വേരുകൾ പാലക്കാട്ടാണ്.
ബെള്ളിയുടെ അച്ഛൻ വേലായുധൻനായർ പാലക്കാട് സ്വദേശിയാണ്. വർഷങ്ങൾക്കുമുമ്പ് കരസേനയിലെ സൈനികർക്ക് ഭക്ഷണം പാചകംചെയ്തുകൊടുക്കാനാണ് വേലായുധൻ നായർ ഊട്ടിയിലെത്തിയത്. മുതുമല വനത്തിൽ തേനുംമറ്റും ശേഖരിക്കാനും പോകുമായിരുന്നു. അങ്ങനെയാണ് മാരി എന്ന കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട യുവതിയെ കണ്ടുമുട്ടിയത്. മാരിയും വേലായുധനും പ്രണയിച്ച് വിവാഹിതാരായി ഊട്ടിയിൽ താമസമാക്കി. ഇവരുടെ ആറാമത്തെ മകളാണ് ബെള്ളി (52).
ബെള്ളിയടക്കം 10 മക്കളാണ് മാരിക്കും വേലായുധൻ നായർക്കും. എഴ് പെണ്ണും മൂന്നാണും. അച്ഛൻ തങ്ങളെ പൊന്നുപോലെയാണ് വളർത്തിയെന്ന് ബെള്ളി പറഞ്ഞു. കൊടുങ്ങലൂർ ഭഗവതിയുടെ ഭക്തനായിരുന്നു വേലായുധൻനായർ. കുടുംബവും ഭഗവതിയുടെ ഭക്തരായി. ഇപ്പോൾ കൊടുങ്ങല്ലൂർ ഭരണിക്ക് വ്രതം നോറ്റിരിക്കുകയാണ് ഈ കുടുംബം. ബെള്ളിക്ക് മറ്റൊരുകഥകൂടിയുണ്ട്. ബെള്ളിയെ ആദ്യം വിവാഹംചെയ്തത് കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട ചിന്നനാണ്. 20 വർഷംമുമ്പ് വനത്തിൽ വിറകുശേഖരിക്കാൻ പോയപ്പോൾ ചിന്നനെ പുലിപിടിച്ചു. ബൊമ്മന് ആദ്യവിവാഹത്തിൽ ആറുമക്കളുണ്ട്. ബൊമ്മന്റെ ആദ്യഭാര്യ അവരെ വിട്ടുപിരിഞ്ഞു. ബൊമ്മനെ പരിചയപ്പെട്ടതോടെ ഇരുവരും ഒരുമിച്ചുജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
Content Highlights: belli in the elephant whisperers, oscars 2023, 95th oscars, best documentary short
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..