പ്രിയദർശനോട് കഥപറയാൻ പോയി പാട്ടെഴുത്തുകാരനായി; വരികളിൽ പ്രസാദമുള്ള കുട്ടനാടിന്റെ ബീയാർ


ജോസഫ് മാത്യു

മലയാളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായിട്ടും കുട്ടനാടിന്റെ പരാധീനതകൾവിട്ട് നഗരത്തിലേക്കു ചേക്കേറാത്തയാളാണ് പ്രസാദ്. കായലും വയലേലകളും തെങ്ങിൻതോപ്പുകളും അതിരിടുന്ന കുട്ടനാടിനെ അത്രമേൽ സ്നേഹിച്ചയാൾ.

ബീയാർ പ്രസാദ് | ഫോട്ടോ: സി. ബിജു | മാതൃഭൂമി

പാട്ടെഴുതാൻവന്ന പുതിയ ചെറുപ്പക്കാരന് ചെറിയ സംശയത്തോടെയാണ് വിദ്യാസാഗർ ഈണമിട്ടു നൽകിയത്. കുറച്ചു പ്രയാസമുള്ള ഈണം. സന്ദർഭം പറഞ്ഞതനുസരിച്ച് ബീയാർ പ്രസാദ് വരികൾ ആലോചിച്ചു. തേനിന്റെ മധുരമുള്ള കിളിച്ചുണ്ടൻ മാമ്പഴം പോലൊരു പെൺകുട്ടി. അതാദ്യം കൊതിച്ച ആൺകിളിയായി അവൻ. മാമ്പഴം കൊതിച്ച മറ്റു കിളികൾ തമ്മിൽ കൊത്തുകൂടിയതല്ലാതെ കിളികൊത്താ തേൻപഴമായി അവൾ തുടർന്നു. ‘ഒന്നാംകിളി പൊന്നാൺകിളി...’ എന്ന പാട്ടിന്റെ ആശയം അതായിരുന്നു. പാട്ടു ഹിറ്റായി, പ്രസാദും.

പ്രിയദർശനോടു കഥ പറയാൻ പോയ പ്രസാദ്, അവിചാരിതമായാണ് കിളിച്ചുണ്ടൻ മാമ്പഴത്തിൽ പാട്ടെഴുത്തുകാരനായത്. മുസ്‍ലിം പശ്ചാത്തലമുള്ള കഥയായതിനാൽ കിട്ടാവുന്ന മുസ്‍ലിം ഗ്രന്ഥങ്ങളെല്ലാം വായിച്ചാണ് പ്രസാദ് ചെന്നത്. ട്യൂണില്ലാതെ ഒരു പാട്ടെഴുതിക്കുകയായിരുന്നു ആദ്യം. വരികളിൽ അറബിവാക്കുകളുടെ പ്രളയംകണ്ട് പ്രിയദർശൻ പറഞ്ഞു: 'ഇത്രയൊന്നും അറബിസാഹിത്യം വേണ്ടാ. ആർക്കും പാടാവുന്നതാകണം.' തുടർന്ന് ഈണം നൽകി. അങ്ങനെയാണ് ഒന്നാംകിളി പിറന്നത്.

ടൈറ്റിൽ സോങ്ങിന് ഈണമിടാൻ വിദ്യാസാഗറിനു സമയം കിട്ടാതെ വന്നപ്പോഴാണ് വരികൾ എഴുതിനൽകിയത്. 'കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്... പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തീ...' എന്ന ഗാനം പിറന്നത് അങ്ങനെ.

മലയാളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായിട്ടും കുട്ടനാടിന്റെ പരാധീനതകൾവിട്ട് നഗരത്തിലേക്കു ചേക്കേറാത്തയാളാണ് പ്രസാദ്. കായലും വയലേലകളും തെങ്ങിൻതോപ്പുകളും അതിരിടുന്ന കുട്ടനാടിനെ അത്രമേൽ സ്നേഹിച്ചയാൾ. ബി.ആർ. എന്ന ഇനിഷ്യൽ ബീയാർ എന്നു മാറിയതു മാത്രമാണ് ഏക മാറ്റം.

കുട്ടനാടിനോടുള്ള പ്രസാദിന്റെ പ്രേമം 'കേരനിരകളാടും' എന്ന ഗാനത്തിൽ അനുഭവിച്ചറിയാനാകും. ആലപ്പുഴക്കാരനായ സിബി മലയിലാണ് ‘ജലോത്സവം’ എന്ന സിനിമയ്ക്കുവേണ്ടി കുട്ടനാടിനെക്കുറിച്ച് ഒരു ടൈറ്റിൽ സോങ് ആവശ്യപ്പെട്ടത്. ഇഷ്ടംപോലെ സമയവും കൊടുത്തു.

’കേരനിരകളാടും ഒരു ഹരിതചാരു തീരം പുഴയോരം കളമേളം കവിതപാടും തീരം...’ എന്നു തുടങ്ങുന്ന ഗാനം കുട്ടനാടിന്റെ ഈണം പാടാമെന്ന് ഊറ്റം കൊള്ളുന്നുണ്ട്. സംഗീതത്തെക്കുറിച്ച് ആഴത്തിലുള്ള അറിവായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. മലയാളസിനിമ അതു വേണ്ടവിധം പ്രയോജനപ്പെടുത്തിയോയെന്നു സംശയം.

സിനിമാഗാനരചന ഒരു സാഹിത്യശാഖയായി വളരണമെന്ന് ആഗ്രഹിച്ചയാളാണ് പ്രസാദ്. വാദ്യകലാകാരനായിരുന്ന അച്ഛൻ ബാലകൃഷ്ണപ്പണിക്കരാണ് സംഗീതലോകത്തേക്ക് അടുപ്പിച്ചത്. മലയാളം വിദ്വാൻ പഠിക്കാൻ അമ്മ പോയപ്പോൾ മൂന്നരവയസ്സുള്ള മകൻ പ്രസാദിനെയും ഒപ്പം കൂട്ടുമായിരുന്നു. മലയാള സാഹിത്യവുമായി അടുക്കാൻ അതു കാരണമായി. എല്ലാ മതഗന്ഥ്രങ്ങളും വായിച്ചു. മികച്ച ബൈബിൾ നാടകരചനയ്ക്ക് കെ.സി.ബി.സി.യുടെ പുരസ്കാരം കിട്ടിയിട്ടുണ്ട്.

ആലപ്പുഴ എസ്.ഡി. കോളേജിൽ പഠനം പൂർത്തിയായപ്പോൾ സർക്കാർ ജോലിക്കൊന്നും പോകില്ലെന്നു പ്രസാദ് വീട്ടിൽ പ്രഖ്യാപിച്ചു. പക്ഷേ, അച്ഛന്റെ നിർബന്ധത്തിൽ ദേവസ്വംബോർഡിൽ ഒരു അഭിമുഖത്തിനുപോയി ജോലി ഉറപ്പാക്കിയെങ്കിലും അതിനും പ്രസാദ് പോയില്ല.

കിളിച്ചുണ്ടൻ മാമ്പഴം സിനിമയുടെ പൂജാവേളയിൽ എം.ജി. ശ്രീകുമാർ, മോഹൻലാൽ, പ്രിയദർശൻ എന്നിവർക്കൊപ്പം ബീയാർ പ്രസാദ് (ഫയൽച്ചിത്രം)

അധ്യാപനം, നാടകം, ആട്ടക്കഥ

പാരലൽ കോളേജ് അധ്യാപകനായാണ് നാട്ടുകാർ പിന്നീട് പ്രസാദിനെ കണ്ടത്. 12 വർഷത്തോളംനീണ്ട അക്കാലത്താണ് നാടകം കൂടുതൽ ഗൗരവമായെടുത്തത്. കാവാലം നാരായണപ്പണിക്കർ കുട്ടനാട്ടുകാരനാണെങ്കിലും അദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു. 'മാതൃഭൂമി'യിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കരിങ്കുട്ടി’ എന്ന നാടകം കാവാലത്തിന്റെ അനുവാദം ചോദിക്കാതെ സംവിധാനംചെയ്ത് അവതരിപ്പിച്ചു. പിൽക്കാലത്ത് പ്രസാദുതന്നെ പറഞ്ഞാണ് കാവാലം അതറിഞ്ഞത്.

സംഗീതത്തോടുള്ള അഭിനിവേശം മൂത്തപ്പോൾ 72 മേളകർത്താരാഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന വെങ്കടമഖിയുടെ ചതുർദണ്ഡീപ്രകാശിക എന്ന ഗ്രന്ഥം കാണാതെ പഠിച്ചു. നൂറിലേറെ രാഗങ്ങൾ തിരിച്ചറിയാനും അവയുടെ സ്വരസ്ഥാനങ്ങൾ വ്യാഖ്യാനിക്കാനും പ്രസാദിനു കഴിയുമായിരുന്നു. കഥകളി, ആട്ടക്കഥ തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം ആഴത്തിലുള്ള അറിവുനേടി.

21-ാം വയസ്സിൽ ഒരു ആട്ടക്കഥയെഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഷട്കാല ഗോവിന്ദമാരാരെക്കുറിച്ചെഴുതിയ നാടകം സിനിമയാക്കാൻ കഴിയാഞ്ഞത് അദ്ദേഹത്തിനു വിഷമമായി അവശേഷിച്ചു. അരമണിക്കൂർ നാടകം പിന്നീട്‌ രണ്ടുമണിക്കൂറാക്കി സ്വാതിതിരുനാൾ സംഗീതസഭയുടെ മത്സരത്തിൽ അവതരിപ്പിച്ചു സമ്മാനം നേടി. അതുകണ്ടിഷ്ടപ്പെട്ട ശിവൻ എം.ടി.യെക്കൊണ്ട് തിരക്കഥയെഴുതിച്ചു സിനിമയാക്കാമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, പ്രസാദ് തന്നെ എഴുതിയാൽ മതിയെന്നും പോരായ്മയുണ്ടെങ്കിൽ തിരുത്തിക്കൊടുക്കാമെന്നും എം.ടി. പറഞ്ഞു. തിരക്കഥ പൂർത്തിയാക്കിയെങ്കിലും സിനിമയായില്ല.

പിൽക്കാലത്ത് മണിപ്രവാള കാലഘട്ടംവെച്ച് ചന്ദ്രോത്സവം എന്ന തിരക്കഥ തയ്യാറാക്കി. അതറിഞ്ഞ ഗുഡ്‌നൈറ്റ് മോഹൻ സിനിമയാക്കാൻ പ്രിയദർശനെ കാണാൻ നിർദേശിച്ചു. ഇംഗ്ലീഷിൽ ചെയ്യാനായി തിരക്കഥ തർജമ ചെയ്തെങ്കിലും അതും നടക്കാതെപോയി. എന്നാൽ, പ്രിയദർശനുമായുള്ള ആ കൂടിക്കാഴ്ചയാണ് ബീയാർ പ്രസാദ് എന്ന ഗാനരചയിതാവിന്റെ പിറവിക്കു കാരണം.

ബീയാർ പ്രസാദ് | ഫോട്ടോ: മാതൃഭൂമി

രാഗങ്ങളുടെ ഭാവം

ഓരോ രാഗത്തിന്റെയും വിവിധ ഭാവങ്ങളെക്കുറിച്ച് വലിയ ഗവേഷണം വേണമെന്നായിരുന്നു പ്രസാദിന്റെ അഭിപ്രായം. വയലാറിന്റെ ഗാനങ്ങളെക്കുറിച്ച് ഗഹനമായി പഠിച്ചയാളാണ് പ്രസാദ്. ശാസ്ത്രത്തെ പാട്ടുകളിലേക്കു കൊണ്ടുവന്ന അപൂർവം എഴുത്തുകാരിലൊരാളായിരുന്നു വയലാറെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആകാശത്തു കാണുന്ന ചന്ദ്രിക ഏകാന്ത ശൂന്യതയാണെന്ന് വയലാർ എഴുതിയിട്ടുണ്ട്. ആ വരികൾ സിനിമയിലെ ഗായകൻ പാടുന്നതല്ല, മറിച്ച് കവിയുടെ നിലപാടാണെന്നാണ് പ്രസാദ് പറഞ്ഞിട്ടുള്ളത്.

ഏതാനുംമാസം മുമ്പ് ഏറ്റവുമിഷ്ടപ്പെട്ട അഞ്ചു പ്രണയഗാനങ്ങൾ പറയാമോ എന്നു ചോദിച്ചപ്പോൾ ഒരുനിമിഷത്തെ ആലോചനയ്ക്കുശേഷം അദ്ദേഹം പറഞ്ഞവയിൽ രണ്ടെണ്ണം വയലാറിന്റേതായിരുന്നു. ചക്രവർത്തിനീ നിനക്കു ഞാനെന്റെ, തങ്കത്തളികയിൽ പൊങ്കലുമായി വന്ന എന്നീ ഗാനങ്ങളായിരുന്നു അവ. കൈകളിൽ കുസുമതാലമേന്തി നിൽക്കുന്ന സാലഭഞ്ജികകളെക്കുറിച്ചും കൺകളിൽ പ്രണയദാഹമോടെ ദേവസുന്ദരികൾ നടനമാടുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ എന്നു ചോദിച്ച വയലാറിനെക്കുറിച്ച് വാചാലനായി.

‘മഴത്തുള്ളികൾ പൊഴിഞ്ഞിടുന്ന നാടൻ വഴിയിൽ നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ’ എന്നെഴുതിയ കവിക്ക് അത്രയേറെ പ്രണയമായിരുന്നു പ്രണയഗാനങ്ങളോട്. ആ പാട്ടിൽ പ്രസാദ് ഇങ്ങനെകൂടി എഴുതി. ‘കുടത്തുമ്പിലൂറും നീർപോൽ കണ്ണീരുമായ് വിടചൊല്ലി മൂകം നീയും മാഞ്ഞീടവേ...’.

Content Highlights: beeyar prasad passed away, beeyar prasad's starting as lyricist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented