ഇളംചൂടുള്ള കോഴിമുട്ട കവിളത്തുവെക്കുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ, ആ രസം ഒന്നു വേറെയാണ് -ബേസിൽ


സിറാജ് കാസിം

പാൽതു ജാൻവർ എന്ന സിനിമയിലൂടെ ബേസിൽ ജോസഫ് എന്ന നടൻ മലയാളികൾക്കിടയിൽ ചർച്ചയാവുകയാണ്. പുതിയ സിനിമയുടെ പശ്ചാത്തലത്തിൽ ബേസിൽ സംസാരിക്കുന്നു

INTERVIEW

ബേസിൽ ജോസഫ് ‘പാൽതു ജാൻവർ’ എന്ന സിനിമയിൽ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

‘കോഴി മുട്ടയിടുന്നതും നോക്കി ഞാൻ ഒരുപാടു കാത്തിരുന്നിട്ടുണ്ട്. ഇളംചൂടുള്ള ആ മുട്ട കവിളത്തുവെക്കുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ. അതിന്റെ രസം ഒന്നു വേറെത്തന്നെയാണ്...’പാൽതു ജാൻവർ എന്ന സിനിമയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രസൂണായതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബേസിൽ ജോസഫ് യാത്രതുടങ്ങിയത് കുട്ടിക്കാലത്തേക്കാണ്. മൃഗങ്ങളും കൃഷിയുമൊക്കെ നിറഞ്ഞ സുൽത്താൻബത്തേരിയിലെ വീട്ടിലെ കുട്ടിക്ക്‌ അതൊക്കെ ഒരിക്കലും മറക്കാനുമാകില്ല. ജീവിതത്തിൽകണ്ട കാഴ്ചകളുടെയും അനുഭവിച്ച വികാരങ്ങളുടെയും ആവിഷ്‌കാരംതന്നെയായി ഒരു സിനിമ വരുമ്പോൾ ബേസിൽ നിറഞ്ഞ സന്തോഷത്തിലാണ്

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എന്ന കഥാപാത്രത്തിലേക്കു ബേസിൽ വരുന്നത് എങ്ങനെയാണ്?

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ചേർന്ന ഭാവന സ്റ്റുഡിയോസ് ആണ് പാൽതു ജാൻവർ നിർമിച്ചത്. ദിലീഷേട്ടനാണ് ഈ കഥാപാത്രം ചെയ്യണമെന്നു പറഞ്ഞ്‌ എന്നെ ആദ്യംവിളിക്കുന്നത്. സംവിധായകൻ സംഗീത് പി. രാജനും എഴുത്തുകാരായ വിനോയ് തോമസും അനീഷ് അഞ്ജലിയും ഈ സിനിമയുടെ ആലോചന തുടങ്ങിയപ്പോൾത്തന്നെ എന്നെയാണ് ആ കഥാപാത്രമായി കണ്ടതെന്നും പറഞ്ഞിരുന്നു. വയനാട്ടിലെ എന്റെ ജീവിതപശ്ചാത്തലം അറിയുന്നതുകൊണ്ടാകാം അവർ എന്നെ ഈ കഥാപാത്രത്തിലേക്കു തിരഞ്ഞെടുത്തത്.

ജാൻ എ മൻ എന്ന സിനിമയ്ക്കുശേഷം കോമഡിയുടെ ഫ്രെയിമിൽതന്നെയല്ലേ ഈ സിനിമയും വരുന്നത്

പാൽതു ജാൻവർ എന്ന സിനിമയിൽ ഒരുപാട് കോമഡിയുണ്ടെങ്കിലും ഇതിലെ കഥാപാത്രമായ പ്രസൂൺ ഒരു തമാശക്കാരനല്ല. അയാളുടെ സാഹചര്യങ്ങളാണ് തമാശകളും ചിരിയും സൃഷ്ടിക്കുന്നത്. നഗരത്തിൽനിന്നു നാട്ടിൻപുറത്തേക്കു പോകാൻ വിധിക്കപ്പെട്ടവനാണ് ഇതിലെ പ്രസൂൺ. വലിയ താത്പര്യമൊന്നുമില്ലാതെയാണ് അയാൾ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി നാട്ടിൻപുറത്ത് ജോലിക്കെത്തുന്നത്. മൃഗങ്ങളോടു വലിയ ഇഷ്ടമൊന്നുമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നതിന്റെ കോമഡികളും സിനിമയിലുണ്ട്.

ബേസിൽ ശരിക്കും ഒരു മൃഗസ്നേഹിയാ ണോ. അതോ അവയെ ഒരുപാട് പേടിക്കുന്ന ഒരാളാണോ?

കുട്ടിക്കാലംമുതലുള്ള എന്റെ ജീവിതപശ്ചാത്തലത്തിൽ ഒരുപാട് മൃഗങ്ങളുണ്ടായിരുന്നെങ്കിലും ഞാൻ അത്ര വലിയ മൃഗസ്നേഹിയൊന്നുമല്ല. മൃഗങ്ങളെ കണ്ടുകൊണ്ടിരിക്കാൻ എനിക്ക്‌ ഇഷ്ടമാണ്. പക്ഷേ, അവർ അടുത്തുവരുമ്പോൾ എനിക്ക് പേടിയാണ്. പട്ടിയും പൂച്ചയുമൊക്കെ പേടിയുള്ള ആൾക്കാരാണ്. കോഴിയും താറാവുമൊക്കെയാണെങ്കിൽ ഞാൻ ഒന്നു തലോടി വിടും. പണ്ടു വീട്ടിൽ ഒരു മുയലിനെ വളർത്തിയിട്ടുണ്ട്. മൃഗങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്.

പാൽതു ജാൻവറിൽ വന്നപ്പോൾ നേരിട്ട മൃഗാനുഭവങ്ങൾ എന്തൊക്കെയാണ്?

മൃഗങ്ങളോട് ഞാൻ ഇത്രയും ഇടപഴകിയത് പാൽതു ജാൻവറിന്റെ സെറ്റിലെത്തിയപ്പോഴാണ്. പ്രൊമോഷനും അങ്ങനെത്തന്നെയാണ്. തൊഴുത്തിലൊക്കെ ഷൂട്ടുചെയ്ത സിനിമ കാരണം ചില മൃഗങ്ങളോടുള്ള പേടിയൊക്കെ മാറിയിട്ടുണ്ട്. എന്നാൽ, ചിലതിനോടൊക്കെ ഇപ്പോഴും ഭയങ്കരപേടിയാണ്. ഈ സിനിമയിലെ ആദ്യ സീൻതന്നെ പോലീസ് നായയുമായിട്ടായിരുന്നു. ശരിക്കും പേടിച്ചാണ് പോലീസ് നായയുമായി ഞാൻ അഭിനയം തുടങ്ങിയത്. ജർമൻ ഷെപ്പേഡ് വിഭാഗത്തിൽപ്പെട്ട നായയുടെ ട്രെയിനർ എപ്പോഴും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചാണ് പോലീസ് നായയുമായുള്ള ഷോട്ടുകളൊക്കെ വലിയ കുഴപ്പമില്ലാതെ ഒരുവിധത്തിൽ എടുത്തുതീർത്തത്.

സംവിധായകനായും നടനായും ഒരുപോലെ തിളങ്ങുന്ന ഒരാളാണ് ബേസിൽ. ഇതിൽ ഏതു റോളാണ് കൂടുതൽ ഇഷ്ടം?

ജീവിതത്തിൽ ഏറ്റവും ഇഷ്ടത്തോടെ കടന്നുവന്നതും ഇനി തുടരാൻ ആഗ്രഹിക്കുന്നതും സംവിധായകൻ എന്ന റോൾതന്നെയാണ്. കുഞ്ഞിരാമായണം എന്ന ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്കു നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. പക്ഷേ, അതു വിജയിച്ചതോടെ പ്രേക്ഷകർ എന്നിൽനിന്നു കൂടുതൽ പ്രതീക്ഷിക്കാൻ തുടങ്ങി. അതോടെ സംവിധായകൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വവും ജോലിയോടുള്ള സമീപനവും മാറ്റേണ്ടതുണ്ടായിരുന്നു. അപ് ആൻഡ് ഡൗൺ എന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയജീവിതം കുഞ്ഞിരാമായണവും പടയോട്ടവും വൈറസുംജോജിയും ജാൻ എ മനുംഉല്ലാസവുമൊക്കെ പിന്നിട്ട് ഇപ്പോൾ പാൽതു ജാൻവറിലെത്തി നിൽക്കുന്നു. പുതിയ ഒന്നു രണ്ടു സിനിമകളിലും ഞാൻ അഭിനയിക്കുന്നുണ്ട്. പക്ഷേ, അപ്പോഴും സംവിധായകൻ എന്ന നിലയിലുള്ള മേൽവിലാസംതന്നെയാണ് ഞാൻ ഇതിനെക്കാളൊക്കെ മുകളിൽ ആഗ്രഹിക്കുന്നത്.

'മിന്നൽ മുരളി'യുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ. എന്തൊക്കെയാണ് പുതിയ സിനിമാ പദ്ധതികൾ

മിന്നൽ മുരളി എന്ന സിനിമയുടെ പേരിലാണ് ഞാൻ കൂടുതൽ അറിയപ്പെടുന്നത്. അത്തരമൊരു പ്രമേയത്തിലെ സിനിമയെടുക്കുമ്പോൾ ഒരുപാട് ആശങ്കകളും പ്രതിസന്ധികളുമുണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യുന്ന ഒരു സൂപ്പർ ഹീറോയാകണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാംഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. തീർച്ചയായും രണ്ടാംഭാഗം ഉണ്ടാകുമെങ്കിലും അത്‌ എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാനാകില്ല. അഭിനയത്തിന്റെ കാര്യം പറയുമ്പോൾ ഞാൻ ദർശന രാജേന്ദ്രനൊപ്പം ചെയ്ത 'ജയ ജയ ജയ ജയ ഹേ' എന്ന സിനിമയാണ് ഇനി വരാനുള്ളത്. ‘പൂക്കാലം’ എന്ന ഒരു സിനിമയും ഷൂട്ടിങ് കഴിഞ്ഞ് റീലീസ് ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്.

Content Highlights: basil joseph interview, palthu janwar malayalam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented