ബോസിൽ ജോസഫ്, മിന്നൽ മുരളിയായി ടൊവിനോ | ഫോട്ടോ: മാതൃഭൂമി
ദേശത്ത് സൽസയെ തിരിച്ചെത്തിച്ചശേഷം ബേസിൽ ജോസഫ് നേരെ പോയത് മനയത്ത് വയലിലെ ഗോദയിലേക്കാണ്. പ്രേക്ഷകപ്രീതിനേടിയ കുഞ്ഞിരാമായണത്തിന്റെയും ഗോദയുടെയും സംവിധായകൻ ബേസിൽ ജോസഫ് ക്യാമറയ്ക്കുമുന്നിലും പിന്നിലും ഒരുപോലെ കൈയടിനേടുന്നു. മായാനദിമുതൽ പതിനഞ്ചോളം സിനിമകളിൽ വേഷമിട്ട ബേസിൽ അഭിനയത്തിന് ഇടവേളനൽകി കുറുക്കൻമൂലയിലേക്ക് ബസ് കയറുമ്പോൾ മനസ്സിൽ മിന്നൽ മുരളിയെന്ന നാടൻ സൂപ്പർ ഹീറോയായിരുന്നു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന സിനിമയുടെ ടീസർ ട്രെൻഡിങ് ലിസ്റ്റിൽ മിന്നൽപോലെ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയുടെ വിശേഷങ്ങളിലേക്ക്...
ആരാണ് മിന്നൽ മുരളി
ടീസറിൽ കണ്ടപോലെ താഴേക്കുവീഴുന്ന കഞ്ഞിപ്പാത്രം കാലുകൊണ്ട് തട്ടി അതേ സ്ഥാനത്തേക്ക് തെറിപ്പിക്കുന്ന സൂപ്പർ ഹീറോ, അതാണ് ഒറ്റവാക്കിൽ മിന്നൽ മുരളി. മാർവെലേ അവഞ്ചേഴ്സോ പോലുള്ള സൂപ്പർ ഹീറോ ചിത്രമല്ല ഇത്. അതൊക്കെ വലിയ ബജറ്റിൽ ഒട്ടേറെ ഗ്രാഫിക്സും മറ്റും ഉപയോഗിച്ച് നിർമിക്കുന്നതാണ്. എന്നാൽ, മിന്നൽ മുരളി നാടൻ സൂപ്പർ ഹീറോ ആണ്. നിങ്ങളുടെ കൂട്ടത്തിൽ നടക്കുന്ന ഒരാൾക്ക് സൂപ്പർ പവർ കിട്ടിയാൽ എങ്ങനെയുണ്ടാകും! അതിന്റെ ഉത്തരമാണ് ഈ സിനിമ. സ്വന്തമായി സൂപ്പർ ഹീറോ ഇല്ലാത്തവരാണ് മലയാളികൾ, ഇന്നും നമ്മുടെ കുട്ടികൾ ആരാധിക്കുന്നത് ഇന്ത്യൻ മിത്തുകളിലെയും ഹോളിവുഡിലെയും അമാനുഷിക കഥാപാത്രങ്ങളെയാണ്. മിന്നൽ മുരളി മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയായിരിക്കും.
അഭിനയവും സംവിധാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ രസതന്ത്രമെന്താണ്
സംവിധാനം ചെയ്യുമ്പോഴുള്ള ടെൻഷൻ അഭിനയിക്കുമ്പോൾ ഇല്ലെന്ന് തോന്നിയിട്ടുണ്ട്. കാരണം സിനിമയുടെ എല്ലാ ഉത്തരവാദിത്വവും സംവിധായകനിലാണ്. എന്നാൽ, അഭിനേതാവിന് അത്തരമൊരു ടെൻഷനില്ല. 2018 അവസാനമാണ് മിന്നൽ മുരളിയുടെ സ്ക്രിപ്റ്റ് വർക്കുകൾ തുടങ്ങുന്നത്. ആ സമയത്ത് ഞാൻ തുടർച്ചയായി സിനിമകൾ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. സെറ്റിൽ എനിക്ക് ഷൂട്ട് ഇല്ലാത്ത സമയം ഉപയോഗപ്പെടുത്തിയത് സ്ക്രിപ്റ്റ് വർക്കുകൾക്കായിരുന്നു. തിരക്കഥാകൃത്തുകളായ ജസ്റ്റിനും അരുണും എന്റെകൂടെ ഓരോ സെറ്റിലും വന്ന് താമസിച്ചു. ഒരുവർഷംകൊണ്ട് തിരക്കഥ പൂർത്തിയാക്കി. ഷൂട്ട് തുടങ്ങുന്നതിന് നാലുമാസംമുമ്പ് ഞാൻ അഭിനയത്തിൽനിന്ന് ഇടവേളയെടുത്തു.
ബേസിലിലെ സിനിമാ അഭിനേതാവിനെ തിരിച്ചറിഞ്ഞത് ആരാണ്
അതൊരു ഫ്ളോയിൽ അങ്ങനെ സംഭവിച്ചതാണ്. സിനിമ സംവിധാനം ചെയ്യുക എന്നത് മാത്രമായിരുന്നു സ്വപ്നം. കുഞ്ഞിരാമായണവും ഗോദയും കഴിഞ്ഞിരിക്കുമ്പോഴാണ് ശ്യാമേട്ടന്റെ (ശ്യാം പുഷ്കരൻ) വിളി വരുന്നത്. മായാനദിയിൽ ഒരു റോളുണ്ട്, ബേസിൽ ചെയ്താൽ നന്നായിരിക്കും എന്നദ്ദേഹം പറഞ്ഞപ്പോൾ പിന്നൊന്നും നോക്കിയില്ല. കുഞ്ഞിരാമായണത്തിൽ ചെറിയൊരു റോൾ ചെയ്തിരുന്നു, രാഷ്ട്രീയക്കാരനായി. അതുകണ്ടാണ് വിളിച്ചതെന്ന് പിന്നീട് ശ്യാമേട്ടൻ പറഞ്ഞു. 'മലയാള സിനിമ നശിച്ചുപോകട്ടെ' എന്ന് പറയുന്ന മായാനദിയിലെ സംവിധായകന്റെ റോൾ ക്ലിക്കായി. പിന്നാലെ ഒരുപിടി സിനിമകൾ വന്നു. അഭിനയവും ഞാൻ നന്നായി ആസ്വദിക്കുന്നതിനാൽ അതിനോടൊന്നും നോ പറഞ്ഞില്ല. കെട്ട്യോളാണ് എന്റെ മാലാഖ, മനോഹരം, പടയോട്ടം, ഗൗതമന്റെ രഥം എന്നിവയിലെല്ലാം നല്ല കഥാപാത്രങ്ങൾ ചെയ്യാനായി.
ഹോളിവുഡ് സൂപ്പർ ഹീറോ സിനിമകളടക്കം കണ്ട പ്രേക്ഷകരിലേക്കാണ് മിന്നൽ മുരളി എത്തുന്നത്. എന്തൊക്കെയായിരുന്നു തുടക്കംമുതലുള്ള വെല്ലുവിളികൾ.
2018-ൽ തിരക്കഥാകൃത്തായ അരുൺ മിന്നൽ മുരളിയുടെ ആശയവുമായി ആദ്യം എന്നെ സമീപിച്ചു. സംഗതി ഇഷ്ടപ്പെട്ടെങ്കിലും വലിയ സിനിമയായതിനാൽ കുറച്ചുവർഷം കഴിഞ്ഞ് ചെയ്യാം എന്ന് വിചാരിച്ചു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിനുവേണ്ടി മറ്റൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു ഞാൻ. എന്നാൽ, മിന്നൽ മുരളിയുടെ കഥ കേട്ടപ്പോൾ നിർമാതാവ് സോഫിയ പോളിന് ഇഷ്ടമായി. നമുക്ക് അടുത്ത പ്രോജക്ടായി ഇത് ചെയ്യാം എന്ന് അവർ ആവേശത്തോടെ പറഞ്ഞു. അങ്ങനെയാണ് പ്രോജക്ടിന്റെ തുടക്കം. അതുപോലെ സഹരചയിതാവായ ജസ്റ്റിൻ എന്നോട് ഒരുപാട് കഥകൾ പറഞ്ഞിട്ടുണ്ട്. അതൊന്നും സിനിമയായില്ലെങ്കിലും അവനും കഴിവുണ്ടെന്ന് മനസ്സിലാക്കി കൂടെക്കൂട്ടി. ഇങ്ങനെയൊരു സൂപ്പർ ഹീറോ ഫാന്റസി ജോണറൊക്കെ മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന പേടി ആദ്യംമുതലുണ്ടായിരുന്നു.
മലയാളത്തിന്റെ സിനിമാ കൾച്ചറൊക്കെ മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത് എത്രമാത്രം ആൾക്കാർക്ക് ദഹിക്കുമെന്നും ചിന്തിച്ചു. കാരണം പ്രേക്ഷകൻ നമ്മളെക്കാളും ഒരുപാട് മുമ്പിൽ സഞ്ചരിക്കുന്നവനാണ്. അവരെ ഒരിക്കലും ചെറുതായി കാണരുത്. എന്തെങ്കിലും ഗ്രാഫിക്സോ ഗിമ്മിക്സോ കാണിച്ച് അവരെ പറ്റിക്കാനാവില്ല. അതുകൊണ്ടുതന്നെ പതിയെ കഥയുടെ മുകളിൽ ഒരുപാട് പണിയെടുത്ത് എല്ലാവർക്കും റിലേറ്റ് ചെയ്യാൻപറ്റുന്ന രീതിയിലേക്ക് കൊണ്ടുവന്നു. ഇവിടത്തേതായ മനുഷ്യരുടെ പശ്ചാത്തലമുള്ള സൂപ്പർ ഹീറോയെ സൃഷ്ടിച്ചു. സൂപ്പർ ഹീറോ സിനിമ എന്നതിലുപരി പ്രേക്ഷകർക്ക് എന്നും ഇഷ്ടപ്പെടുന്ന മികച്ചൊരു വർക്ക് ആയി മിന്നൽ മുരളിയെ മാറ്റാനാണ് ശ്രമിക്കുന്നത്.
ബേസിലിന്റെ ചിത്രങ്ങളിൽ ഗ്രാമീണത പ്രധാന ഘടകമാണ്. ഒരു ഗ്രാമീണൻ ബേസിലിന്റെ മനസ്സിൽ എപ്പോഴുമുണ്ടോ
ഗ്രാമത്തിലേക്ക് കഥയെ പ്ലേസ് ചെയ്യണം എന്നൊരു ചിന്തയിൽ സിനിമ ചെയ്യാറില്ല. മറിച്ച് പല കഥകളും ചിന്തിച്ച് വിപുലപ്പെടുത്തിവരുമ്പോൾ പശ്ചാത്തലം ഗ്രാമമായി മാറുന്നതാണ്. വയനാട്ടിൽ ജനിച്ചുവളർന്നതുകൊണ്ട് എന്റെ ഉള്ളിലൊരു ഗ്രാമീണനുണ്ട്. അത്തരത്തിലുള്ള കഥ കേൾക്കുമ്പോൾ അതുകൊണ്ട് പെട്ടെന്ന് എക്സൈറ്റ് ആകാറുണ്ട്. വയനാട്ടിലാണ് മിന്നൽ മുരളിയുടെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. കുറുക്കൻമൂല വയനാട്ടിലുള്ള സ്ഥലമാണ്. കുഞ്ഞിരാമായണം ഞാൻ വയനാട്ടിൽ ചിത്രീകരിക്കണം എന്ന് ആഗ്രഹിച്ച സിനിമയായിരുന്നു. എന്നാൽ, ആദ്യസിനിമ വയനാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ വരുന്ന പണച്ചെലവും മറ്റും കാരണം പാലക്കാട്ടേക്ക് മാറ്റുകയായിരുന്നു. അതുപോലെ സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും സിനിമകൾ കണ്ട് വളർന്ന ഒരാളാണ് ഞാൻ. ആ സിനിമകളിലെ ഗ്രാമവും ഗ്രാമീണതയും എന്റെ ഉള്ളിൽ കിടക്കുന്നുണ്ട്. ഈക്കാരണങ്ങളെല്ലാംകൊണ്ടാകാം ഗ്രാമീണ പശ്ചാത്തലം ഇഷ്ടപ്പെടുന്നത്. പക്ഷേ, എന്നും ഗ്രാമസിനിമ മാത്രം ചെയ്യുക എന്ന തീരുമാനമൊന്നുമില്ല.
ബിഗ്സ്ക്രീനിന് അകത്തും പുറത്തും കഥ പറയുമ്പോൾ ഒരു ബേസിൽ സ്റ്റൈൽ ഉണ്ടെന്നുകേൾക്കുന്നു
എന്റെ സിനിമാ ചിന്തകളിൽ പശ്ചാത്തലസംഗീതം പ്രധാന ഘടകമാണ്. വെള്ളിത്തിരയിൽ പ്രേക്ഷകൻ സിനിമ കാണുമ്പോൾ മാത്രമല്ല തിരക്കഥ എഴുതുമ്പോഴും കഥ ചർച്ചചെയ്യുമ്പോഴും സംഗീതംവെച്ചാണ് സംസാരിക്കുക. ബ്ലൂ ടൂത്ത് സ്പീക്കറും കൊണ്ടാണ് ഞാൻ എപ്പോഴും കഥ പറയാൻ പോകുക. കഥ പറയുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴുമെല്ലാം പശ്ചാത്തലസംഗീതവും ഉണ്ടാകും. അങ്ങനെ ചെയ്യുമ്പോൾ ആൾക്കാർക്ക് ആ സീനിന്റെ മൂഡും ഇമോഷനും കുറേക്കൂടി നന്നായി റിലേറ്റ് ചെയ്യാൻ പറ്റും. സിനിമ എന്താണെന്നും കഥാപാത്രമെന്താണെന്നും അഭിനേതാക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും. സംഗീതത്തിന് ഭയങ്കര മാജിക് ഉണ്ട്. അത് സംവിധായകനെന്നനിലയിൽ ഗുണകരമായി ഉപയോഗിക്കുന്നു എന്നുമാത്രം.
മിന്നൽ മുരളിയെ കാണാൻ ഇനി എത്രനാൾ കാത്തിരിക്കണം
ബഹുഭാഷാ ചിത്രമെന്ന രീതിയിലാണ് മിന്നൽ മുരളി ആരംഭിച്ചത്. അതിനുവേണ്ട ഒരുക്കങ്ങൾ ഷൂട്ടിന് മുന്നോടിയായി നടത്തിയിരുന്നു. സീനുകളിൽ ബോർഡുകളും മറ്റ് എഴുത്തുകളുമൊക്കെ മലയാളത്തിനൊപ്പംതന്നെ ഇംഗ്ലീഷിലും ആക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ടീസറും വിവിധ ഭാഷകളിൽ ഒന്നിച്ചാണ് പുറത്തിറക്കിയത്. ഡബ്ബിങ്ങാണെങ്കിൽപ്പോലും അന്യഭാഷക്കാർക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാൻപറ്റുന്ന രീതിയിലാണ് സിനിമ ഒരുക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം. ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫറായ വൽദ് റിംബർഗാണ് സംഘട്ടനം. സംഗീതം ഷാൻ റഹ്മാനാണ്. ആദ്യ ഷെഡ്യൂൾ വയനാട്ടിലായിരുന്നു. തിരുനെല്ലിയായിരുന്നു പ്രധാന ലൊക്കേഷൻ. രണ്ടാം ഷെഡ്യൂൾ കൊച്ചിയിൽ തുടങ്ങാനിരിേക്കയാണ് കോവിഡ് പ്രതിസന്ധി വരുന്നത്. അതോടെ ഷൂട്ട് നിർത്തിവെക്കേണ്ടിവന്നു. എറണാകുളം, കൂത്താട്ടുകുളം, വാഗമൺ എന്നിവിടങ്ങളിലായിരുന്നു തുടർന്നുള്ള ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്. ഇനി നിയന്ത്രണങ്ങൾ ഇല്ലാതായാൽ മാത്രമേ ഷൂട്ട് തുടങ്ങാനാകൂ. 40 ദിവസത്തിലധികം ഷൂട്ട് ഇനിയും ബാക്കിയുണ്ട്. പുതിയ ലൊക്കേഷനുകളും ഷെഡ്യൂളുമടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.
Content Highlights : Basil Joseph Interview Minnal Murali Tovino Thomas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..