ബപ്പി ലാഹിരി, യേശുദാസ്
ബാപ്പി ലാഹിരിയുമായി 1997 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും
രാജ്യത്തെ സിനിമകളുടെ ഏറ്റവും വലിയ ഉത്സവമായ ഐ.എഫ്.എഫ്.ഐ ഗോവയില്‍ സ്ഥിരം താവളമുറപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ തോറുമായിരുന്നു തമ്പടിച്ചിരുന്നത്.അന്ന് പേര് ഫിലിമോല്‍സവ്. 1997 ജനവരിയുടെ മധ്യം. ഫിലിമോല്‍സവ് തിരുവനന്തപുരത്ത് രണ്ടാം വട്ടം എത്തിയ കാലം.സിനിമകള്‍ക്കൊപ്പം, രാജ്യത്തിനകത്തും പുറത്തുമുള്ള അതിപ്രശസ്തരും പ്രശസ്തരുമായ ചലച്ചിത്ര പ്രതിഭകളും അന്ന് തിരുവനന്തപുരത്തെത്തി. കോവളത്തെ ഐ.ടി.ഡി.സി അശോകയിലായിരുന്നു പ്രമുഖരുടെ താമസം.
മാതൃഭൂമി ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ അന്ന് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു.ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരില്‍ ഒരാള്‍.രാവിലെ തന്നെ ഫോട്ടോ എഡിറ്റര്‍ രാജന്‍ പൊതുവാളിനൊപ്പം അശോകാ ഹോട്ടലിലെത്തും.പ്രമുഖരെ നേരില്‍ കാണുകയും അഭിമുഖം നടത്തുകയുമായിരുന്നു ദൗത്യം.ഹോട്ടലിന്റെ റിസപ്ഷനില്‍ നിന്ന് പ്രതിഭകള്‍ താമസിക്കുന്ന മുറികളുടെ വിവരം ശേഖരിക്കും.റിസപ്ഷനില്‍ നിന്ന് തന്നെ മുറികളിലേക്ക് ഇന്റര്‍കോമില്‍ വിളിക്കും.ഫോണിന്റെ അങ്ങേ തലയ്ക്കല്‍ അപൂര്‍വ പ്രതിഭകളുടെ സാന്നിധ്യം.അങ്ങനെ അഭിമുഖീകരിച്ചവരില്‍ ഇളയരാജ,ബാപ്പി ലാഹിരി ,ഇറാനിയന്‍ സംവിധായകന്‍ മഖ്മല്‍ബഫ്,ബുദ്ധദേവ് ദാസ് ഗുപ്ത തുടങ്ങിയവര്‍...
ചലച്ചിത്ര നിര്‍മാതാവ് എന്ന നിലയിലായിരുന്നു സംഗീത സംവിധായകന്‍ ബാപ്പി ലാഹിരി അന്ന് ഫിലിമോല്‍സവിനെത്തിയത്.കേരളത്തിലേക്കുള്ള രണ്ടാം വരവ്.തിരുവനന്തപുരത്തേക്കുള്ള ഒന്നാം വരവ്.മലയാളത്തില്‍ ഒരു സിനിമക്ക് അപ്പോഴേക്ക് അദ്ദേഹം ഈണമിട്ടിരുന്നു.ഇനിയും മലയാളത്തില്‍ സംഗീതമൊരുക്കാന്‍ ആഗ്രഹമുണ്ടെന്ന് ലാഹിരി പറഞ്ഞു.''മലയാളം എന്റെ സ്വപ്ന ഭാഷയാണ്.അറിയുമോ ഞാനും എന്റെ കുടുംബവും യേശുദാസിന്റെ ആരാധകനാണ്...''അന്ന് അശോകാ ഹോട്ടലിന്റെ പൂമുഖത്തിരുന്ന് ലാഹിരി പറഞ്ഞു.സ്വര്‍ണത്തില്‍ ഉടലാകെ നിറഞ്ഞ്, നിറമുള്ള വസ്ത്രങ്ങളണിഞ്ഞ്, മുടിനീട്ടി വളര്‍ത്തി,ഇടക്കിടെ പൊട്ടിച്ചിരിച്ച് ആ അഭിമുഖം അവിസ്മരണീയമായി.
1997 ജനവരി 18 ന് മാതൃഭുമി ദിനപത്രത്തിന്റെ ഒന്നാം പേജില്‍ അഭിമുഖം പ്രസിദ്ധീകരിച്ചു.( അഭിമുഖം ഇതോടൊപ്പം.അന്ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഭാഗവും ചേര്‍ക്കുന്നു).
ഈണങ്ങളുടെ രാജാവിന് ബിയാങ്ക നായിക
തിരുവനന്തപുരം: തടിച്ചു കുറിയ മനുഷ്യന്‍.തോളൊപ്പമുള്ള മുടി.കറുത്ത കണ്ണട.കഴുത്തു നിറയെ വിരല്‍ വണ്ണമുള്ള പലതരം സ്വര്‍ണത്തുടലുകള്‍.ഉടുപ്പിന്‍മേല്‍ ഉടുപ്പ്-ഐ.ടി.ഡി.സി ഹോട്ടലിന്റെ പൂമുഖത്തേയ്ക്ക് അസാധാരണ വേഷധാരിയായ മനുഷ്യന്‍ നടന്നെത്തിയപ്പോള്‍ ,ഇംഗ്ലണ്ടില്‍ നിന്നെത്തിയ ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍കം എഴുന്നേറ്റ് ചെന്ന് സ്വീകരിച്ചു.''അറിയില്ലേ,ഇതാണ് സംഗീത സംവിധായകന്‍ ബാപ്പി ലാഹിരി.''ഈണങ്ങള്‍ക്കും രാഗങ്ങള്‍ക്കും താല്‍ക്കാലിക ഇടവേളയുണ്ടാക്കി നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ബാപ്പി,താന്‍ പുതുതായി നിര്‍മിക്കുന്ന ഇംഗ്ലീഷ് ചിത്രത്തിന് നായികയെ തേടിയാണ് ചലച്ചിത്ര മേളക്കെത്തിയത്.ശനിയാഴ്ച ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന ബുദ്ധദേവ് ദാസ്ഗുപ്തയുടെ ലാല്‍ ദര്‍ജയുടെ നിര്‍മാതാവ് കൂടിയാണ് ബാപ്പി ലാഹിരി.

ബാപ്പി ഹോട്ടലിന്റെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ഇറോട്ടിക് ടെയില്‍സ് എന്ന ഹോളണ്ട് ചിത്രത്തിലെ നായിക ബിയാങ്ക കടന്നു വന്നു.ബിയാങ്കയെ പരിചയപ്പെട്ട അദ്ദേഹം പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചു. പിന്നെ ഒപ്പമുണ്ടായിരുന്ന ഭാര്യ ചിത്രാണി ലാഹിരിയോട് പറഞ്ഞു,''ഇവള്‍ തന്നെ നായിക.''
പക്ഷെ,ആറടിയിലേറെ ഉയരമുള്ള ബിയാങ്കയ്ക്ക് ആര് നായകനാകുമെന്നായി ബാപ്പിക്ക് അടുത്ത ചിന്ത.''അമിതാഭ് ബച്ചനാണ് ഈ പൊക്കത്തിനൊപ്പം പിടിച്ചു നില്‍ക്കുക.പക്ഷെ,ബച്ചന് ഇനി ആടിപ്പാടാന്‍ പറ്റില്ല.അതല്ലെങ്കില്‍ പുതിയ കുട്ടികളായ നാഗാര്‍ജുനയെയും ബാബു ആന്റണിയെയും വിളിക്കണം''-ബാപ്പു ലാഹിരി പറഞ്ഞു.
തിരുവനന്തപുരത്ത് ആദ്യമായി എത്തുന്ന ബാപ്പി ലാഹിരി പിന്നീട് കന്യാകുമാരി കാണാനുള്ള തിടുക്കത്തിലായിരുന്നു.എങ്കിലും അഭിമുഖത്തിന് സമീപിച്ചപ്പോള്‍ തിടുക്കം മറന്ന് ഒപ്പമിരുന്നു.
'' കേരളത്തില്‍ ഇതെന്റെ രണ്ടാം വരവാണ്.പണ്ട് ഒരു ഗാനമേളയില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ വന്നിട്ടുണ്ട്.തിരുവനന്തപുരത്ത് ഇതാദ്യം''-ബാപ്പി ലാഹിരി പറഞ്ഞു തുടങ്ങി.''പക്ഷെ,ഈ നാടെനിക്ക് ഇഷ്ടമാണ്.യേശുദാസിന്റെ നാടല്ലേ,അറിയുമോ ഞാന്‍ നിങ്ങളുടെ യേശുദാസിന്റെ ആരാധകനാണ്. ഞാന്‍ മാത്രമല്ല,എന്റെ കുടുംബം മുഴുവനും.''സംഗീതത്തെ തോളില്‍ തൊട്ട് കൊണ്ടു നടക്കുന്ന ബാപ്പി വിനയത്തോടെ പറയുന്നു. പിന്നെ അദ്ദേഹം ഈണമിട്ട് യേശുദാസ് അനശ്വരമാക്കിയ 'മാനാ കി തും' എന്ന ഹിറ്റ് ഗാനം പതുക്കെ പാടി-എഴുപതുകളെ കാല്‍പനികതയ്ക്ക് വേനല്‍ പകര്‍ന്ന ഗാനങ്ങളിലൊന്ന്.
'മേരെ മുന്ന മേരെ ചന്ദ'...'ഓ,മിലന്‍'...തുടങ്ങിയ മരിക്കാത്ത മെലഡികള്‍ ഒരുക്കി രംബ ഹോ..ഹോ..തുടങ്ങിയ തട്ടു പൊളിപ്പന്‍ പാട്ടുകളിലേക്ക് കൂടുമാറിയ ബാപ്പി വീണ്ടുമൊരു വേഷം മാറലിലാണ്.രാഗങ്ങളുടെ ചങ്ങാത്തത്തിന് അവധി പറഞ്ഞ് സിനിമാ നിര്‍മാണത്തിന്റെ പരുക്കന്‍ തലങ്ങളിലേക്ക് വന്നിരിക്കുന്നു.
-സംഗീതം വിട്ട് സിനിമാ നിര്‍മാണത്തിലേക്ക് കടന്നതെന്തിനാണ് ?
ഞാന്‍ സംഗീത സംവിധാനം തുടങ്ങിയിട്ട് 25 വര്‍ഷമായി.ഇതുവരെ നാനൂറിലേറെ ചിത്രങ്ങള്‍ക്ക് ഈണം നല്‍കി.ഇത്രയുമായപ്പോള്‍ എനിക്കു തന്നെ ഒരു മാറ്റം വേണമെന്ന് തോന്നി.അങ്ങനെ ഞാന്‍ ബോളിവുഡില്‍ നിന്ന് താല്‍ക്കാലികമായി മടങ്ങുകയായിരുന്നു.ഒരേ ജോലി തന്നെ ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പില്‍ നിന്ന് ചെറിയ മോചനം.
-സംഗീതം രംഗം തീരെ ഉപേക്ഷിച്ചോ ?
ഉപേക്ഷിക്കാനോ ?ഞാനിപ്പോഴും പാട്ടുകള്‍ക്ക് ഈണമിടുന്നുണ്ട്.ഹിന്ദി,ഇംഗ്ലീഷ്,തെലുങ്ക്,തമിഴ്,അങ്ങനെ ഏറെക്കുറ എല്ലാ ഭാഷകളിലും ഞാന്‍ സംഗീതം കൊടുത്തു കഴിഞ്ഞു.
-മലയാളത്തിലോ ?
മലയാളം എന്റെ സ്വപ്നഭാഷയാണ്.ഇതാ ഇപ്പോള്‍ മലയാളത്തിന് ഞാന്‍ ഈണമിട്ടു കഴിഞ്ഞു.അലി നിര്‍മിക്കുന്ന പേരിടാത്ത ചിത്രത്തിന്.ഞാന്‍ നന്നായി ചെയ്തിട്ടുണ്ട്.ഹിറ്റാകും എന്നാണെന്റെ വിശ്വാസം.മലയാളത്തില്‍ ഞാന്‍ വീണ്ടും ചെയ്യുന്നുണ്ട്.സംഗീതത്തിന് ഭാഷയില്ലല്ലോ.
-ലാല്‍ ദര്‍ജ എന്ന സിനിമയല്‍ തൃപ്തനാണോ ?
ഞാന്‍ വളരെ സന്തുഷ്ടനാണ്.സത്യജിത് റേ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ചച സംവിധായകനാണ് ബുദ്ധദേവ് ദാസ് ഗുപ്ത.മാനുഷികതയിലൂന്നി നില്‍ക്കുന്ന കലാകാരന്‍.ലാല്‍ ദര്‍ജ നിങ്ങള്‍ക്കും ഇഷ്ടപ്പെടും.
-എന്തു കൊണ്ടാണ് ബോളിവുഡില്‍ നിന്ന് ഒരു സംവിധായകനെ ക്ഷണിക്കാതിരുന്നത് ?
എന്റെ പ്രധാന പ്രവര്‍ത്തന രംഗം ബോളിവുഡാണ്. പക്ഷെ, ആദ്യമായി ഒരു സിനിമ നിര്‍മിക്കുമ്പോള്‍ മനസ്സില്‍ വന്നത് ബുദ്ധദേവാണ്. നോക്കു, ഞാന്‍ കൊല്‍ക്കത്തക്കാരനാണ്. സ്വാമി വിവേകാനന്ദന്റെയും സത്യജിത് റായിയുടെയും നാട്. റേ അതുല്യ പ്രതിഭാശാലിയായിരുന്നു. അതു കഴിഞ്ഞാല്‍ ബുദ്ധദേവും.
-ഇനിയും നിര്‍മാണ രംഗത്ത് തുടരുമോ ?
തീര്‍ച്ചയായും.ഞാന്‍ വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ നിര്‍മിക്കും. ഒരെണ്ണം ഇംഗ്ലീഷും. ഒരെണ്ണം ഹിന്ദിയും. ആദ്യത്തെ ഇംഗ്ലിഷ് ചിത്രം മാര്‍ച്ചില്‍ തീരും. സംവിധായകനെ തീരുമാനിച്ചിട്ടില്ല.
-ഏ.ആര്‍.റഹ്‌മാന്റെ സംഗീതത്തെക്കുറിച്ച് എന്താണ് അഭിപ്രായം ?
റഹ്‌മാന്‍ കഴിവുള്ള കുട്ടിയാണ്.പക്ഷെ,കുറെക്കൂടി തെളിയാനുണ്ട്.ശ്രമിക്കണം.കുറച്ചു കാലം കൂടി കഴിഞ്ഞാലേ റഹ്‌മാനെ വിലയിരുത്താനാവു.
Content Highlights: Bappi Lahiri passed away, Legendary Music Director Interview, Malayalam Cinema, Yesudas, AR Rahman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..