അപകടത്തിൽപ്പെട്ട ബാലഭാസ്കറിന്റെ കാർ, ബാലഭാസ്കർ | Photo: Mathrubhumi Archives
വായിച്ചു തീരാത്ത സംഗീതം ബാക്കി വച്ചാണ് ഏവര്‍ക്കും പ്രിയപ്പെട്ട ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്. ഒപ്പം അദ്ദേഹത്തിന്റെ ജീവനായ മകള്‍ ജാനി എന്ന തേജസ്വിനിയും. ഈ വിയോഗങ്ങളില്‍ പിടയാത്ത മലയാളി മനസ്സുകളുണ്ടാവില്ല. കേരളത്തെ ഞെട്ടിച്ച ആ വാഹനാപകടത്തിന് ഇന്ന് രണ്ടു വയസ്സ് തികഞ്ഞിരിക്കുന്നു. സാധാരണ ഒരു വാഹനാപകടം എന്നതിനപ്പുറം ബാലഭാസ്കറിന്റെ മരണത്തിൽ ദൂരൂഹതകളുണ്ടോ? ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണോ അന്വേഷണ ഉദ്യോഗസ്ഥർ?
2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
ഒരാഴ്ച്ചയോളം വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബര്‍ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. ലക്ഷ്മി പിൻസീറ്റിലും. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. കാര്‍ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷര്‍ട്ടും ബര്‍മുഡയുമാണെന്ന് അജി പറയുന്നു. എന്നാല്‍, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അര്‍ജുനായിരുന്നു. ബാലഭാസ്‌കര്‍ കുര്‍ത്തയാണ് ധരിച്ചിരുന്നത്. ഇതോടൊപ്പം എടുത്ത മറ്റു സാക്ഷിമൊഴികളിലെ വൈരുധ്യവും കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി. അതിനിടയില്‍ ബാലഭാസ്‌കറിനെതിരെ നടന്നത് കൊലപാതകശ്രമമാണെന്ന സംശയങ്ങളും കേസിനെ പല വഴികളിലേക്ക് തിരിച്ചുവിട്ടു.
എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. കൊല്ലം വരെ താനാണ് വണ്ടിയോടിച്ചിരുന്നതെന്നും അത് കഴിഞ്ഞ് അടുത്തുള്ള ഒരു കടയില്‍ കയറി രണ്ടുപേരും ഷെയ്ക്ക് കുടിച്ചുവെന്നും കാറിനു പിന്‍സീറ്റില്‍ കിടന്നുറങ്ങിപ്പോയെന്നും പിന്നീട് യാത്ര തുടര്‍ന്നപ്പോള്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്നുമാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. അപകടശേഷം ബോധം വരുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നും ലക്ഷ്മിയുടെ മൊഴിയാണ് പോലീസിനെ ആശയകുഴപ്പത്തിലാക്കിയതെന്നും അര്‍ജുന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞിരുന്നു. ബാലഭാസ്‌കര്‍ കാര്‍ എടുത്ത സമയത്ത് ലക്ഷ്മി ഉറക്കത്തിലായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.
അതിനിടയില്‍ തിരുവനന്തപുരത്തു വച്ചു നടന്ന ഒരു സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍ ബാലഭാസ്‌ക്കറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതും കേസ് ശക്തമാക്കി. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതി പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കിയത്. പോലീസിനു ലഭിച്ച പ്രധാന മൊഴികളിലെ അവ്യക്തത മൂലം ഒടുവില്‍ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും അപകടദിവസം വാഹനമോടിച്ചതാരെന്ന ചോദ്യം ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം വീണ്ടും ഫോറന്‍സിക് സംഘം ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം പ്രകാരം അപകടസമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന നിഗമനത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്തിറക്കി.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തിനു പിന്നില്‍ ബാഹ്യ ഇടപെടലുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അപകടത്തില്‍ അസ്വാഭാവികത കാണേണ്ടെന്ന തരത്തിലുള്ള അന്തിമ റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തു വന്നത്. കാറിന്റെ സ്റ്റിയറിങ്ങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്. അര്‍ജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകള്‍ സൂചിപ്പിക്കുന്നത് അപകടസമയത്ത് അര്‍ജുന്‍ ഡ്രൈവിങ് സീറ്റിലായിരുന്നുവെന്നാണ്. വാഹനം ഓടിച്ചതാരെന്ന് കണ്ടെത്തിയതോടെ അര്‍ജുനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നും അറിയിച്ചിരുന്നു.
അതിനിടെ കലാഭവൻ സോബി നടത്തിയ വെളിപ്പെടുത്തലുകൾ കേസിന്റെ ദുരൂഹത വർധിപ്പിച്ചു. ബാലഭാസ്കറിനെ അപായപ്പെടുത്തിയതാണെന്നാണ് അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സോബി പറഞ്ഞത്. ബാലഭാസ്കറിന്റെ കാർ ആക്രമിക്കാൻ ചിലർ ശ്രമിച്ചതായും ഇദ്ദേഹം അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. കേസ് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയും ബന്ധുക്കളും രംഗത്തെത്തി. പിന്നീട് കേസ് സിബിഐയ്ക്ക് കൈമാറി. എന്നാൽ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്ന സംശയങ്ങള്‍ സാധൂകരിക്കാന്‍ പോന്ന നിർണായകമായ തെളിവുകൾ ഇതുവരെ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, കലാഭവന്‍ സോബിയും ഉള്‍പ്പെടെയുളളവരുടെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനാ ഫലം പുറത്ത് വരുമ്പോൾ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്കെങ്കിലും ഉത്തരം ലഭിക്കുമോ? കാത്തിരിക്കാം...
Content Highlights: BalabhaskarViolinist second death anniversary, CBI Investigation, controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..