എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ലോകമാകെ അലയൊലികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ മലയാളികളില്‍ പലരും  ബാഹുബലിയെയും കട്ടപ്പയെയും കേട്ടത് ഇവരുടെ ശബ്ദത്തിലാണ്. പറവൂര്‍ സ്വദേശി അരുണും ചോറ്റാനിക്കര സ്വദേശി പ്രവീണ്‍ ഹരിശ്രീയുമാണ് പ്രഭാസിനും സത്യരാജിനും ശബ്ദം കൊടുത്തത്. 

വര്‍ഷങ്ങളായി ഡബ്ബിങ് രംഗത്ത് സജീവമായുള്ള ഇവര്‍ക്ക് കരിയറില്‍ വലിയൊരു ബ്രേക്ക് ലഭിച്ചത് ബാഹുബലിയിലൂടെയാണ്. പ്രഭാസിന്റെ മുന്‍ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തിയപ്പോഴെല്ലാം ശബ്ദം നല്‍കിയത് അരുണ്‍ തന്നെയാണ്. 

ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ബാഹുബലിയിലൂടെ ലഭിച്ചിരിക്കുന്നത് വലിയൊരു അംഗീകാരമാണ്. താരതമ്യേന ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആളുകളാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ എന്നത്. ബാഹുബലി എന്ന സിനിമ വിജയിച്ചത് കൊണ്ടാണ് ഇപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ പോലും സാധിക്കുന്നത്. സാധാരണ ഡബ്ബിങ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഈ സിനിമയ്ക്കായി സ്വീകരിച്ചിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് സിനിമയുടെ തിരക്കഥ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത്. രാജകീയ ഭാഷയാണ് ഉപയോഗിക്കുന്നതെങ്കിലും ആരും കളിയാക്കുന്ന തരത്തിലല്ല സിനിമ ഡബ്ബ് ചെയ്തിരിക്കുന്നത്'-അരുണ്‍ മാതൃഭൂമിയോട് പറഞ്ഞു. 

കട്ടപ്പയ്ക്ക് വേണ്ടി ശബ്ദം കൊടുത്ത പ്രവീണ്‍ ഹരിശ്രീ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനൊപ്പം ഒരു മിമിക്രി കലാകാരന്‍ കൂടിയാണ്.

'സമയം കൂടുതല്‍ എടുത്താലും കേട്ടാല്‍ പ്രൊഫഷണല്‍ എന്ന് തോന്നുന്ന തരത്തില്‍ ഡബ്ബ് ചെയ്യണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഹൈദരാബാദില്‍ ഡബ്ബിങ് നടന്നു കൊണ്ടിരിക്കുമ്പോള്‍ മറ്റ് എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനിന്നുകൊണ്ടായിരുന്നു ജോലി ചെയ്തിരുന്നത്. പഴയകാല ഡബ്ബിങ് രീതികളില്‍ നിന്ന് സംഭാഷണത്തിലും മോഡ്യുലേഷനിലുമൊക്കെ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അന്യഭാഷാ സിനിമകള്‍ എങ്ങനെയെങ്കിലും ഡബ്ബ് ചെയ്താല്‍ മതിയെന്ന തോന്നലുകള്‍ കൊണ്ടാണ് ചിലര്‍ ഡയലോഗ് പറയുമ്പോള്‍ സീരിയസ് സീനാണെങ്കില്‍ പോലും പ്രേക്ഷകര്‍ ചിരിച്ചുപോകുന്നത്. ബാഹുബലിയ്ക്കായി ഞങ്ങളുടെ ടീം ഒന്നായി പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ തിയേറ്ററില്‍ കയറുമ്പോള്‍ ധൈര്യമായി കൂവല്‍ കിട്ടില്ലെന്ന ഉറപ്പോടെ കയറാം. ആദ്യ ദിവസത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വലിയ സന്തോഷത്തിന് കാരണമായി'  പ്രവീണ്‍ ഹരിശ്രീ പറഞ്ഞു. 

ചിത്രത്തിന്റെ മൂന്നാം ദിവസം എത്തി നില്‍ക്കുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 300 കോടിയോട് അടുക്കുന്നതായാണ് വാര്‍ത്തകള്‍. എറണാകുളത്ത് ഇന്നലെ തന്നെ ഇന്നത്തേയ്ക്കും നാളത്തേയ്ക്കുമുള്ള ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. എറണാകുളത്തെ എല്ലാ തിയേറ്ററുകളിലും ഭൂരിഭാഗം ഷോയും ബാഹുബലിയ്ക്കായാണ് നടത്തുന്നത്.