അയിഷ സുൽത്താന | ഫോട്ടോ: www.facebook.com/AishaOnAir/photos
ഒന്നരവർഷം മുമ്പ് ലക്ഷദ്വീപിൽ ഒരു പ്രതിഷേധമുയർന്നു. കേന്ദ്രസർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ നടന്ന പ്രക്ഷേഭത്തിന് പിന്തുണയുമായി കേരളവുമുണ്ടായിരുന്നു. അന്ന് മാധ്യമങ്ങളിൽ ലക്ഷദ്വീപിന്റെ നാവായി ശബ്ദമുയർത്തിയയാളാണ് സംവിധായിക അയിഷ സുൽത്താന. പ്രതിഷേധ നാളുകളിൽ ചിത്രീകരിച്ച തന്റെ രണ്ടാമത്തെ സിനിമയായ ഫ്ളഷുമായി കേരളത്തിലെത്തിയിരിക്കുകയാണ് അയിഷ. മാതൃഭൂമി ഡോട്ടോ കോമുമായി അയിഷ സുൽത്താന സംസാരിക്കുന്നു.
പേരും പ്രതിഷേധത്തിന്റെ ഭാഗം തന്നെ
സിനിമയുടെ പേരായ ഫ്ളഷ് എന്നതുപോലും പ്രതിഷേധത്തിന്റെ ഭാഗമാണ്. ഞാൻ മനസിൽ കണ്ടിരിക്കുന്നത് അങ്ങനെയാണ്.
യാദൃശ്ചികമായി കിട്ടിയ വിഷയം
ഈ തിരക്കഥയ്ക്ക് ഒരുപാട് കാലത്തെ പഴക്കമൊന്നുമില്ല. എന്റെ ഡ്രീം പ്രൊജക്റ്റ് വേറൊന്നാണ്. ആ സിനിമയുടെ തിരക്കഥയൊക്കെ പൂർത്തിയായി ലൊക്കേഷൻ നോക്കാൻ മിനിക്കോയ് ദ്വീപിലേക്ക് പോയതായിരുന്നു. അവിടെയെത്തിയപ്പോഴാണ് മനസിലായത് ലഗൂൺ വില്ല എന്നൊരു പദ്ധതി അവിടെ വരാൻ പോകുകയാണെന്ന്. ലഗൂൺ വില്ലകൾ വന്നാലുണ്ടാവുന്ന പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തണം എന്ന ചിന്ത വന്നു. അപ്പോൾ മനസിൽ വന്ന ആശയമാണ് ഫ്ളഷിന്റേത്. തിരിച്ചുവന്ന് ഞാൻ ആദ്യം ചെയ്തത് ചെയ്യാനിരുന്ന തിരക്കഥ മാറ്റിവെച്ച് ഫ്ളഷ് ആദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ലക്ഷദ്വീപിലെ പ്രതിഷേധങ്ങളും ചിത്രീകരണവും
ലോകത്തെല്ലായിടത്തും കോവിഡ് വന്നപ്പോൾ ലക്ഷദ്വീപിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തില്ല. ഞങ്ങൾ അത്രയും സംരക്ഷിച്ച് പിടിച്ചിരിക്കുകയായിരുന്നു ലക്ഷദ്വീപിനെ. പക്ഷേ പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി വന്നതിനുശേഷം പുതിയൊരു എസ്.ഓ.പി കൊണ്ടുവന്നു. ക്വാറന്റീനിലിരിക്കേണ്ട എന്നാണ് അതിൽ പറയുന്നത്. അതിനെതിരെ പ്രതിഷേധം തുടങ്ങിയ സമയത്താണ് ഞാനവിടെ ചിത്രീകരണത്തിനെത്തുന്നത്. അപ്പോൾ പ്രതിഷേധം പതിയെ വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത്തരം സംഭവവികാസങ്ങൾ ഷൂട്ടിനെ ബാധിച്ചു. കാരണം പല സ്ഥലങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. ജീവിതത്തിൽ ഒരു ഡയറക്ടറും നേരിടാത്ത തരം ബുദ്ധിമുട്ടുകൾ നേരിട്ടു.
പാതിയിൽ മുറിഞ്ഞുപോയ രംഗങ്ങൾ
തിരക്കഥയിലുള്ളതുപോലെയല്ല പോലെയല്ല സിനിമ കിടക്കുന്നത്. പല രംഗങ്ങളും മുഴുവനാക്കാനായില്ല. ചിത്രീകരണത്തിനിടയ്ക്ക് ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടി ഞങ്ങളോട് പറയാതെ സെറ്റിൽ നിന്ന് തിരിച്ചുപോയി. സിനിമയിൽ തുടർച്ചയായി ഉണ്ടാവേണ്ട ഒരു സ്ത്രീകഥാപാത്രമായിരുന്നു അത്. ഒന്ന് വാഷ്റൂമിൽ പോയിട്ട് വരാം എന്നുപറഞ്ഞ് ഒരുദിവസം പോയതാണ്. പിന്നെ കണ്ടിട്ടേയില്ല. അവർ കപ്പൽ കയറി തിരിച്ചുപോയി. നേരത്തേ ചിത്രീകരിച്ച സീനിന്റെ തുടർച്ച എടുക്കണമെങ്കിൽ ആ ചേച്ചി ഇല്ലാതെ പറ്റില്ല. പിന്നെ അത്രയും ഭാഗം കട്ട് ചെയ്ത് കളയുകയായിരുന്നു. പ്രേക്ഷകന് അത്രപെട്ടന്ന് മനസിലാവാത്ത രീതിയിൽ അത് ആക്കിയെടുത്തെങ്കിൽ എന്തോ ഒരു ഭാഗ്യമാണ്.
സിനിമയിലുള്ളതുപോലെയാണ് ലക്ഷദ്വീപിലെ ആശുപത്രി
സിനിമയിൽ ഒരു ആശുപത്രി കണ്ടില്ലേ? അങ്ങനെ തന്നെയാണ് എന്റെ നാട്ടിലെ ആശുപത്രികളും. ഇപ്പോഴും പഴയകാലത്തേതുപോലത്തെ ആശുപത്രിയാണ്. മൂന്ന് ബെഡ്ഡും ഒരു ഓക്സിജൻ സിലിണ്ടറുമൊക്കെയേയുള്ളൂ ഒരു വാർഡിൽ. 2022-ലും നമ്മൾ അനുഭവിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ്.
യാതൊരുമാറ്റവും ലക്ഷദ്വീപിലുണ്ടായിട്ടില്ല
ഒന്നരവർഷം മുമ്പെങ്ങനെയായിരുന്നോ അതിൽ നിന്ന് യാതൊരു മാറ്റവും ലക്ഷദ്വീപിലുണ്ടായിട്ടില്ല. ഞങ്ങൾ ഇത്രയും പേർ ഒരുമിച്ച് നിന്ന് പ്രതിഷേധിച്ചിട്ടും കേരളം മൊത്തം കൂടെ നിന്നിട്ടും ലക്ഷദ്വീപിൽ കാര്യങ്ങൾ താഴേക്ക് പോകുകയാണ് ചെയ്തത്. മുകളിലേക്ക് വരുന്നില്ല. സാമ്പത്തിക അടിത്തറ തകർന്ന് തരിപ്പണമായി. യാത്രാ സൗകര്യങ്ങൾ മുഴുവൻ നിലച്ചു. യാത്രാവശ്യത്തിനായി ഏഴ് കപ്പലുണ്ടായിരുന്നത് രണ്ടെണ്ണമായി. ഇവാക്വേഷൻ എന്നത് വലിയൊരു നടപടിയായി അവശേഷിക്കുകയാണ്. ലക്ഷദ്വീപിൽ നിന്നൊരു രോഗിയെ കരയിലെ ആശുപത്രിയിലെത്തിക്കുന്ന നടപടി ദുരന്തമായി മാറിയിരിക്കുകയാണ്. കൃത്യസമയത്ത് എയർ ആംബുലൻസ് പോലും കൊടുക്കുന്നില്ല. എയർ ആംബുലൻസ് ഇല്ലാതെ ഒരു രോഗിയെ എങ്ങനെ ആശുപത്രിയിലെത്തിക്കും? വയനാട്ടിൽ നിന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കാറോ ബസോ ഉപയോഗിച്ച് എത്തിക്കാം. പക്ഷേ ലക്ഷദ്വീപിൽ നിന്ന് ഒരു രോഗിയെ കപ്പലോ എയർ ആംബുലൻസോ മാത്രം ഉപയോഗിച്ചേ കരയിലെത്തിക്കാനാവൂ. ഇത് രണ്ടും കിട്ടിയില്ലെങ്കിൽ ആ രോഗിയെ പിന്നെ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എനിക്കുവേണ്ടത്.
ലക്ഷദ്വീപിനേക്കുറിച്ച് മുഴുവൻ പറഞ്ഞിട്ടില്ല
ലക്ഷദ്വീപിനേക്കുറിച്ച് ഈ സിനിമയിൽ ഞാൻ മുഴുവനായി പറഞ്ഞിട്ടില്ല. കാരണം എല്ലാം പറഞ്ഞാൽ എന്റെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് പോലും തരില്ല. നിങ്ങൾ ഇത്രയും ഭാഗം പോലും സിനിമയിൽ കാണില്ല. ക്രിയേറ്റീവാണെന്ന് പറഞ്ഞാൽപ്പോലും പ്രതിഷേധം പച്ചയ്ക്ക് കാണിക്കാൻ പറ്റില്ല. ഇപ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധമാണ് സിനിമ എടുത്തിരിക്കുന്നത്.

പുതിയ ചിത്രം
124 എ എന്ന പേരിൽ ഒരുചിത്രം മനസിലുണ്ട്. ഫ്ളഷ് എന്ന ചിത്രത്തിൽ പലർക്കും അറിയാത്ത ചെറിയ കാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ. പക്ഷേ 124 എയിൽ ഞാനെന്നുപറയുന്ന വ്യക്തിയോ അല്ലെങ്കിൽ എന്നെപ്പോലുള്ള ഒരു സാധാരണക്കാരോ അനുഭവിക്കുന്ന ഓരോ വികാരവും വ്യക്തമായിട്ടുണ്ടാവും. ഇപ്പോൾ പറഞ്ഞതിലധികം. 124 എ വെച്ചുനോക്കുകയാണെങ്കിൽ ഫ്ളഷ് ഒന്നുമല്ലാത്ത സിനിമയാണ്. ലക്ഷദ്വീപ് പശ്ചാത്തലം തന്നെയായിരിക്കും സിനിമ. പക്ഷേ ലക്ഷദ്വീപിലായിരിക്കില്ല ചിത്രീകരണം. ഫ്ളഷ് ചിത്രീകരണത്തിന്റെ സമയത്ത് നേരിട്ട പ്രതിസന്ധികളാണതിന് കാരണം.
ആക്ഷൻ സിനിമ ചെയ്യും
എല്ലാത്തരം സിനിമകളും ചെയ്യാൻ ഇഷ്ടമാണ്. കൂടുതലും ആക്ഷൻ സിനിമകൾ. എന്റെ ഡ്രീം പ്രോജക്റ്റ് എന്ന് പറഞ്ഞ് ചെയ്യാതെ മാറ്റിവച്ചിരിക്കുന്നത് ആക്ഷൻ സിനിമയാണ്. അതായിരിക്കും എന്റെ രണ്ടാമത്തെ സിനിമയെന്നായിരുന്നു വിചാരിച്ചിരുന്നത്. പക്ഷേ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടപ്പോൾ ആ വാശിയിലാണ് 124 എ പ്രഖ്യാപിച്ചത്. മൂന്നാമത്തെ ചിത്രമായി ഒരുക്കണമെന്ന് വിചാരിക്കുന്നു. ആക്ഷൻ രംഗങ്ങൾക്കൊപ്പം നല്ല സന്ദേശമുണ്ടായിരിക്കും. ഞാൻ ഒരുപാട് റിസർച്ച് ചെയ്ത വിഷയമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..