ആമിർ പള്ളിക്കൽ, മഞ്ജു വാര്യർ | photo: special arrangements
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ നായികയായ 'ആയിഷ' തിയേറ്ററുകളിലെത്തുകയാണ്. ആറുഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകനായ ആമിര്‍ പള്ളിക്കല്‍.
ആയിഷയുടെ ഹൈലൈറ്റ്സ് എന്താണ് ?
ആയിഷയായി മഞ്ജു വാര്യര്‍ എത്തുന്നു എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. പിന്നെ സിനിമ കൂടുതലും ചിത്രീകരിച്ചിട്ടുള്ളത് ഗള്‍ഫ് നാടുകളിലാണ്. അഭിനേതാക്കളും പുറത്തുനിന്നുള്ളവരാണേറെയും. വിഷ്വലി ബോറടിപ്പിക്കാത്ത സിനിമയായിരിക്കും ആയിഷ.

എങ്ങനെയാണ് 'ആയിഷ' എന്ന ബിഗ് ബജറ്റ് സിനിമയിലേക്കെത്തുന്നത് ?
'ഹലാല്‍ ലവ് സ്റ്റോറി' എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് അതിന്റെ എഴുത്തുകാരിലൊരാളായ ആഷിഫ് കക്കോടി ഈ കഥ പറയുന്നത്. മലയാളത്തില്‍ ഇത്തരത്തിലൊരു സബ്ജക്റ്റ് ആദ്യമായാണ്. അതിനാല്‍ത്തന്നെ ആ പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയുമായിരുന്നു.
മഞ്ജുവാര്യര്‍ ഇതിന്റെ ഭാഗമായതിനെക്കുറിച്ച് ?
തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു സ്ത്രീപക്ഷ സിനിമയാണ് ആയിഷ. അത് കൃത്യമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റിയ നായിക എന്ന നിലക്കാണ് മഞ്ജു വാര്യര്‍ എന്ന ഓപ്ഷനിലേക്കെത്തിയത്. മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് മഞ്ജു ചേച്ചിയുമായി പരിചയമുണ്ടായിരുന്നു.

ഈ കഥകേട്ടപ്പോള്‍ അവര്‍ ഓകെ പറയുകയും ചെയ്തു. 42 ദിവസം ഗള്‍ഫ് നാടുകളില്‍ തുടര്‍ച്ചയായാണ് ഷൂട്ട് ഉണ്ടായിരുന്നത്. മഞ്ജു ചേച്ചി വളരെ സപ്പോര്‍ട്ടീവായിരുന്നു.
ആയിഷയെക്കുറിച്ച് ?
മലയാളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത സിനിമയാണ് 'ആയിഷ'. പരിചിതമല്ലാത്ത ലോകത്ത് എത്തിപ്പെടുന്ന മലയാളിയായ ഒരു സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

സ്ത്രീയുടെ അതിജീവന കഥ കൂടിയാണിത്. വളരെയധികം സെലിബ്രേറ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള കഥാപാത്രമാണ് മഞ്ജു വാര്യരുടേത്. ഒരു അഭിനേത്രിക്ക് പൂണ്ടുവിളയാടാന്‍ പറ്റിയ ഒന്ന്. അവരത് ചെയ്തിട്ടുമുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലും ആയിഷ റിലീസ് ചെയ്യുന്നുണ്ട്.
പ്രഭുദേവ -മഞ്ജു വാര്യര്‍ കോമ്പിനേഷന്‍
ഈ സിനിമയിലെ മറ്റൊരു ഹൈലൈറ്റ് ആണ് പ്രഭുദേവ-മഞ്ജു കോമ്പിനേഷന്‍. പ്രഭുദേവയുടെ കോറിയോഗ്രാഫിയില്‍ നൃത്തം ചെയ്യാന്‍ ഏറെക്കാലമായി മഞ്ജു ചേച്ചിയും ആഗ്രഹിച്ചിരുന്നു. മഞ്ജുചേച്ചിയുടെ കൂടി ശ്രമഫലമായാണ് പ്രഭുദേവ ആയിഷയുടെ ഭാഗമായത്.

നാലുദിവസമെടുത്താണ് ആ പാട്ട് ചിത്രീകരിച്ചത്. വളരെ ആക്ടീവായ ഡെഡിക്കേറ്റഡ് ആയ ഒരാളാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ കോറിയോഗ്രാഫിയില്‍ വിചാരിച്ചതിലും നന്നായിത്തന്നെ പാട്ട് ചിത്രീകരിക്കാനായി.
പാട്ടുകളെക്കുറിച്ച് ?
അഞ്ചു പാട്ടുകളാണ് ഉള്ളത്. എം. ജയചന്ദ്രന് മാജിക്കല്‍ സോങ്സ് ആണ് എല്ലാം. ബി.കെ. ഹരിനാരായണനും സുഹൈല്കോയയും ആണ് രചന. അറബിയിലുള്ള ഒരു പാട്ടുണ്ട്. അത് അറബ് ഗായകരാണ് പാടിയത്.
ചിത്രീകരണ വിശേഷങ്ങള്‍
ഗള്‍ഫ് നാടുകളായ റാസല്‍ഖൈമയിലും ഫുജൈറയിലും കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. അഭിനേതാക്കളേറെയും പുറത്തുനിന്നുള്ളവരായിരുന്നു. അവരില്‍ മോണ എന്ന ഒരു അഭിനേത്രിയെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. തന്റെ കഥാപാത്രത്തെ ഭാഷക്കതീതമായി ഉള്‍ക്കൊണ്ട് അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ മോണക്കായി. പിന്നെ 1950-60 കാലഘട്ടങ്ങള്‍ പുനരാവിഷ്കരിച്ചിട്ടുണ്ട് സിനിമയില്‍.
1990- കളില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. പല കാര്യങ്ങളും ആ കാലഘട്ടത്തിനോട് യോജിക്കുന്നതാവേണ്ടതുണ്ടായിരുന്നു. പഴയ കാലങ്ങള്‍ പുനരാവിഷ്കരിക്കാൻ ഒട്ടേറെ പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും കാണുന്നവര്‍ക്ക് നല്ലൊരു അനുഭവം ആയിരിക്കുമത്. മഞ്ജുവാര്യരെക്കൂടാതെ പുറത്തുനിന്നുള്ള ആഭിനേതാക്കളാണ് മിക്കവരും. ആഫ്രിക്കക്കാർ, അറബുകള്‍, ടുണീഷ്യയില്‍ നിന്നുള്ളവര്‍ ഇംഗ്ലീഷുകാര്‍, ശ്രീലങ്കന്‍, പാകിസ്താനി അങ്ങനെയങ്ങനെ പല ഭാഷകളില്‍ നിന്നുള്ളവര്‍. എല്ലാവരേയും കാസ്റ്റിങ് നടത്തി കണ്ടെത്തിയതാണ്. പക്ഷേ, ഭാഷക്കതീതമായി എല്ലാവരും നന്നായിത്തന്നെ സിനിമയില്‍ പെര്‍ഫോം ചെയ്തു.
സിനിമയ്ക്ക് മുമ്പേ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ ആയിഷയിലെ കോസ്റ്റ്യൂം ?
ആയിഷയുടെ പോസ്റ്റര്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ത്തന്നെ ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ച ഒന്നായിരുന്നു മഞ്ജു വാര്യരുടെ വസ്ത്രങ്ങൾ. സമീറ സനീഷ് ആണ് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിട്ടുള്ളത്. 90- കളിലെ വസ്ത്രധാരണവും പശ്ചാത്തലവുമാണ് പ്രധാനമായും സിനിമയ്ക്ക്. സമീറ അത് മനോഹരമായിത്തന്നെ ചെയ്തിട്ടുണ്ട്.
സിനിമയുടെ സ്ക്രിപ്റ്റിനെക്കുറിച്ച്
ഹലാല്‍ ലവ് സ്റ്റോറി, മോമോ ഇന്‍ ദുബായ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആഷിഫ് കക്കോടിയാണ് ആയിഷയുടെ കഥയും തിരക്കഥയും രചിച്ചിട്ടുള്ളത്. രണ്ടര വര്‍ഷത്തോളം ഇതിന്റെ പിന്നിലായിരുന്നു അദ്ദേഹം. ആഷിഫ് കക്കോടി എന്ന എഴുത്തുകാരന് ഇല്ലെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു. ബഹുഭാഷയായതിനാല് എല്ലാ ഭാഷയിലും സ്ക്രിപ്റ്റ് ആവശ്യമായിരുന്നു. വളരെ കെട്ടുറപ്പുള്ള സ്ക്രിപ്റ്റിന്റെ ബലത്തില്‍ത്തന്നെയാണ് പ്രശ്നങ്ങളില്ലാതെ സിനിമ ചിത്രീകരിക്കാനായത്. ആയിഷയുടെ കഥയും കാഴ്ചയും ആളുകള്‍ സ്വീകരിക്കും എന്നുതന്നെയാണ് പ്രതീക്ഷ.
Content Highlights: ayisha movie director amir pallikkal interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..