മയ്യഴിയിൽ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ


ഹരികുമാർ/സൂരജ് സുകുമാരൻ soorajt1993@gmail.com

സുരാജ് വെഞ്ഞാറമ്മൂടും ആൻ അഗസ്റ്റിനും കേന്ദ്രകഥാപാത്രങ്ങൾ, ഹരികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദൻ

ഹരികുമാർ, ഓട്ടോറിക്ഷ കാരന്റെ ഭാര്യ എന്ന സിനിമയുടെ പോസ്റ്റർ

ലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമ, ഹരികുമാറിന്റെ സംവിധാനം, ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്, താരഭാരങ്ങളില്ലാത്ത ഓട്ടോക്കാരന്റെ റോളിൽ സുരാജ്... അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പ്രദർശനത്തിനെത്തിയിരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകരൂപത്തിൽ പുറത്തിറങ്ങി വായനസമൂഹത്തിനിടയിൽ ജനപ്രിയമാകുകയും ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥ സിനിമയാകുമ്പോൾ കഥാപശ്ചാത്തലത്തിലും കഥാപാത്രങ്ങളിലും പുതിയ കൂട്ടിച്ചേർക്കലുകളുണ്ട്.

മീത്തലെപ്പുരയിൽ സജീവൻ എന്ന അലസനായ ഓട്ടോഡ്രൈവർ, അയാളുടെ ജീവിതത്തിലേക്ക് നെടുമ്പ്രയിൽ ബാലന്റെ മകളായ രാധിക എന്ന പെൺകുട്ടിയുടെ കടന്നുവരവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ. സജീവനായി സുരാജ് വെഞ്ഞാറമ്മൂടെത്തുമ്പോൾ രാധിക എന്ന ശക്തയായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച് ആൻ അഗസ്റ്റിൻ ചെറിയൊരു ഇടവേളയ്ക്കുശേഷം മലയാളസിനിമയിൽ സജീവമാകുകയാണ്. എം. മുകുന്ദൻ എഴുതിയ കഥയിൽ കഥ നടക്കുന്ന ദേശത്തെക്കുറിച്ച് പ്രത്യേക സൂചനകളൊന്നുമില്ല. എന്നാൽ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ അഭ്രപാളിയിലേക്ക് എത്തുമ്പോൾ കഥാപശ്ചാത്തലം മയ്യഴിയാണ്. അതിനെക്കുറിച്ച് സംവിധായകൻ ഹരികുമാർ പറയുന്നതിങ്ങനെ:‘‘എവിടെയും നടക്കാവുന്ന രീതിയിലുള്ള സാർവലൗകികമായ കഥയായാണ് മുകുന്ദേട്ടൻ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എഴുതിയിരിക്കുന്നത്. എന്നാൽ, സിനിമയിലേക്കെത്തുമ്പോൾ മാഹിയെ കഥാപശ്ചാത്തലമാക്കി അവിടത്തെ പ്രാദേശിക ഭാഷയെ ഉപയോഗിച്ചിട്ടുണ്ട്. എം. മുകുന്ദൻ കഥകൾ വായിച്ച് മലയാളിക്ക് മാഹി എന്ന മയ്യഴിയോട് ഒരു പ്രത്യേക സ്നേഹമുണ്ട്. എം. മുകുന്ദൻ എന്ന പേരിനൊപ്പം നിഴലായിനിൽക്കുന്ന പശ്ചാത്തലം തന്നെയാണ് മയ്യഴി. അതുകൊണ്ട് ആ കഥാപശ്ചാത്തലം സിനിമയിൽ ഉപയോഗപ്പെടുത്തിയാൽ നന്നാകും എന്ന എന്റെ അഭിപ്രായം മുകുന്ദേട്ടനും സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. തിരക്കഥ അദ്ദേഹംതന്നെ എഴുതണമെന്ന് പറഞ്ഞപ്പോൾ ആദ്യം ഒഴിഞ്ഞുമാറി. വേറെ ആരെയെങ്കിലുംകൊണ്ട് തിരക്കഥ എഴുതിച്ചാൽ മതിയെന്നും തനിക്ക് തിരക്കഥ എഴുതി പരിചയമില്ലെന്നുംപറഞ്ഞ് മുകുന്ദേട്ടൻ മാറിനിൽക്കാൻ ശ്രമിച്ചു. എന്നാൽ, എന്റെ സ്നേഹനിർബന്ധത്തിന് വഴങ്ങി അവസാനം സമ്മതിച്ചു.’’

2019-ലാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ സിനിമയാക്കാൻ തീരുമാനിച്ചത്. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ സജീവൻ എന്ന ഓട്ടോഡ്രൈവറുടെ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്നത്.

‘‘എന്റെ കൗമാരകാലത്ത് എം. മുകുന്ദൻ സാർ എഴുതിയ മയ്യഴിപ്പുഴയുടെ തീരങ്ങളൊക്കെ വായിച്ച് അദ്‌ഭുതപ്പെട്ട് ഇരുന്നിട്ടുണ്ട്. എന്നെങ്കിലും അദ്ദേഹത്തിന്റെ ഒരു കഥാപാത്രം അവതരിപ്പിക്കണം എന്നാഗ്രഹിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം അദ്ദേഹം എഴുതുന്ന ആദ്യ തിരക്കഥയിലേക്ക് നായകനായി അഭിനയിക്കാൻ വിളിച്ചപ്പോൾ എനിക്ക് അധികം ആലോചിക്കാൻ ഉണ്ടായിരുന്നില്ല. അതുപോലെ സുകൃതംപോലുള്ള മികച്ചസിനിമകൾ സമ്മാനിച്ച ഹരികുമാർ സാറാണ് സംവിധായകന്റെ റോളിൽ. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായാണ് ഇവരുടെ രണ്ടുപേരുടെയും കൂടെ ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിനെ കാണുന്നത്.’’ -സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു.

അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഔസേപ്പച്ചനാണ്. എൽസമ്മ എന്ന ആൺകുട്ടി, ആർട്ടിസ്റ്റ് തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങൾചെയ്ത ആൻ അഗസ്റ്റിൻ ചെറിയൊരു ഇടവേളയ്ക്കുശേഷം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. എം. മുകന്ദന്റെ അക്ഷരങ്ങളിൽ വിരിഞ്ഞ രാധിക പുതിയ കാലത്തെ പ്രതിനിധാനംചെയ്യുന്ന ശക്തയായ സ്ത്രീ കഥാപാത്രമാണ്. തിരിച്ചുവരവിനായി ഇത്തരമൊരു സിനിമ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആൻ അഗസ്റ്റിൻ പറയുന്നു.

‘‘ആദ്യ സിനിമയായ എൽസമ്മ മുതൽ ശക്തയായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചു എന്നത് എനിക്ക് ലഭിച്ച ഭാഗ്യമാണ്. നല്ലൊരു ടീമിന്റെകൂടെ ശക്തമായൊരു കഥാപാത്രംചെയ്ത് മലയാളത്തിലേക്ക് മടങ്ങിവരണം എന്നതായിരുന്നു എന്റെ ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലേക്കുള്ള വിളിവരുന്നത്. എം. മുകുന്ദൻ-ഹരികുമാർ-സുരാജ് വെഞ്ഞാറമ്മൂട് അടങ്ങുന്ന മികച്ചൊരു ടീം, അതുപോലെ രാധിക എന്ന ശക്തയായ കഥാപാത്രം. ഈ കാര്യങ്ങളാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലേക്ക് അഭിനേത്രി എന്ന നിലയിൽ എന്നെ ആകർഷിച്ചത്.

Content Highlights: auto rickshaw karante bharya ann augustine suraj venjaramoodu harikumar interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented