തിരുവങ്ങൂർ കേരള ഫീഡ്സിൽ കാലിത്തീറ്റ പാക്കുചെയ്യലും അടുക്കിവെക്കലുമാണ് അശ്വിൻപ്രകാശിന് ജോലി. കരാറുകാരനുകീഴിൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന അശ്വിൻ പ്രകാശിനെ അറിയുന്ന മിക്കവർക്കും അറിയാത്ത ഒന്നുണ്ട്, ഒരു കഥാകൃത്താണ് ഈ ജോലിചെയ്യുന്നതെന്ന്. സണ്ണി വെയ്ൻ നായകനാവുന്ന ‘അനുഗൃഹീതൻ ആന്റണി’ എന്ന സിനിമയുടെ കഥ അശ്വിനും സുഹൃത്ത് ജിഷ്ണു എസ്. രമേഷും ചേർന്നാണ് എഴുതിയത്.
ചിത്രത്തിലെ ‘മുല്ലെ മുല്ലെ...’ എന്നുതുടങ്ങുന്ന പാട്ട് യൂട്യൂബിൽ രണ്ടുകോടി 20 ലക്ഷം പേരാണ് ഇതിനകംകണ്ടത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം നടൻ മമ്മൂട്ടി പുറത്തിറക്കി. രണ്ടുദിവസത്തിൽ 10 ലക്ഷത്തോളംപേർ കണ്ടു. കോവിഡ് സിനിമാപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും അധികംവൈകാതെ ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.
സംവിധായകൻ സലാം ബാപ്പുവിന്റെ പുതിയ സിനിമയ്ക്കും അശ്വിന്റേതാണ് കഥ. തിരക്കഥയും അശ്വിൻ സ്വതന്ത്രമായാണ് ഒരുക്കുന്നത്. സ്കൂൾപഠനകാലത്ത് നാടകമെഴുത്തിലൂടെയാണ് കലാപ്രവർത്തനം തുടങ്ങിയത്. ഐ.ടി.ഐ. കഴിഞ്ഞ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായി ചെന്നൈയിലേക്കു വണ്ടികയറിയെങ്കിലും സാമ്പത്തികപ്രയാസം കാരണം തിരിച്ചുപോന്നു. പിന്നീടാണ് സിനിമാക്കഥയെഴുത്തിലേക്കു തിരിഞ്ഞത്.
ഗൾഫിലേക്കു പറഞ്ഞയക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സിനിമയിൽ പ്രതീക്ഷയർപ്പിച്ചാണ് ഇപ്പോൾ മുന്നോട്ടുനീങ്ങുന്നതെന്ന് അശ്വിൻ പറയുന്നു. തുവ്വക്കോട് തോരായിക്കടവ് സ്വദേശിയാണ് അശ്വിൻ. രണ്ട് ഹ്രസ്വചിത്രങ്ങൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്. ‘ഞാൻ സിനിമാമോഹി’ എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമായിരുന്നു. മിഥുൻ മാനുവൽ തോമസ്, ദീപു കരുണാകരൻ എന്നീ സംവിധായകരുടെ സഹായിയായി ജോലിചെയ്ത പരിചയവുമുണ്ട്.
Content Highlights: Life story of Aswin script writer, Anugraheethan Antony, sunny wayne movie