പലഹാരപ്പെരുമയിൽനിന്ന് സിനിമയിലേക്ക്; ഓസ്‌കർ നേടിയ 'ആനക്കഥ'യ്ക്കു പിന്നിൽ ഈ കോഴിക്കോട്ടുകാരിയുമുണ്ട്‌


ഭാഗ്യശ്രീ

സിനിമാ സാങ്കേതിക മേഖലയില്‍ മലയാളി സ്ത്രീ സാന്നിധ്യം അധികമില്ലാതിരുന്ന കാലത്താണ് അശ്വതി സിനിമാ മോഹങ്ങളുമായി കോഴിക്കോട്ടെ ഒരു സാധാരണ കുടുംബത്തില്‍ മുംബൈയിലെത്തുന്നത്.

Premium

അശ്വതി നടുത്തൊടിയും 'ദി എലഫന്റ് വിസ്പറേഴ്‌സ്'ന്റെ അണിയറ പ്രവർത്തകരും | Photo: Special Arrangement

എന്‍. വാസുദേവന്‍ ബനാന ചിപ്‌സ് എന്ന കടയും ഉടമ വാസുദേവനേയും അറിയാത്ത കോഴിക്കോട്ടുകാര്‍ കുറവായിരിക്കും. കോഴിക്കോടന്‍ ഹല്‍വയുടേയും കായ വറുത്തതിന്റെയും പെരുമ കടലു കടത്തിയതില്‍ പ്രധാനി. പലഹാരപ്പെരുമ നിറഞ്ഞ ആ വീട്ടകത്തെ ഇളംതലമുറക്കാരി സ്വപ്നം കണ്ടതത്രയും സിനിമയായിരുന്നു. രണ്ട് പുരസ്‌കാരങ്ങളുമായി ഓസ്‌കര്‍ വേദിയില്‍ ഇന്ത്യന്‍ സിനിമ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ പുരസ്‌കാരത്തിളക്കത്തിനു പിന്നിൽ ആ പെണ്‍കുട്ടി കൂടിയുണ്ട്. ഇത്തവണത്തെ മികച്ച ഡോക്യുമെന്ററി (ഹ്രസ്വചിത്ര വിഭാഗം) ചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ 'ദി എലഫന്റ് വിസപറേഴ്സ്' ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ അശ്വതി നടുത്തൊടി.

സുരറൈ പ്രോട്ര്, മിന്നല്‍ മുരളി, ഉയരെ... തുടങ്ങിയ സിനിമകളുമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഇന്ത്യന്‍ സിനിമാമേഖലയില്‍ അശ്വതിയുണ്ട്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി അസിസ്റ്റന്റ് ഡയറക്ടര്‍ മുതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ വരെയുള്ള റോള്‍. ഇരുപത്തഞ്ചോളം ചിത്രങ്ങള്‍. 2019-ല്‍ മുംബൈയില്‍ സ്വന്തമായി വി യു ടാക്കീസെന്ന പോസ്റ്റ് പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്‍സിയും അശ്വതി ആരംഭിച്ചു

അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം

സിനിമാ സാങ്കേതിക മേഖലയില്‍ മലയാളി സ്ത്രീ സാന്നിധ്യം അധികമില്ലാതിരുന്ന കാലത്താണ് അശ്വതി സിനിമാ മോഹങ്ങളുമായി കോഴിക്കോട്ടെ ഒരു സാധാരണ കുടുംബത്തില്‍നിന്ന്‌ മുംബൈയിലെത്തുന്നത്. ഇന്ന് ഓസ്‌കര്‍ പുരസ്‌കാരം നേടിയ ടീമിന്റെ ഭാഗമായി അശ്വതി നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ബലത്തിലാണ്. പരിഹാസങ്ങളും കളിയാക്കലും ചെവിക്കൊള്ളാതെ സ്വന്തം സ്വപ്നങ്ങളെ മുറുകെപ്പിടിച്ച ആ പെണ്‍കുട്ടിയും ഇന്ന് ലോകസിനിമയുടെ നെറുകയിലാണ്. ആ അഭിമാനത്തിന്റെ നിറവിലാണ് അശ്വതിയുടെ കോഴിക്കോട്ടെ വീടും വീട്ടുകാരും.

'ഒരു പടത്തിന്റെ ക്യാപ്റ്റന്‍ ഓഫ് ദ ഷിപ്പെന്ന് പറയുന്നത് ആ പടത്തിന്റെ ഡയറക്ടറും, പ്രൊഡ്യൂസറുമാണ്. അങ്ങനെ നോക്കുമ്പോള്‍ സംവിധായിക കാര്‍ത്തികിയും നിര്‍മ്മാതക്കളായ ഗുനീതും അച്ഛിനും ആ പടം വിതരണം ചെയ്ത നെറ്റ്ഫ്‌ളിക്‌സും കഴിഞ്ഞ് മാത്രമേ എനിക്ക് ക്രെഡിറ്റ് എടുക്കാനായി സാധിക്കുകയുള്ളു. അവര്‍ ഈ പ്രോജക്റ്റ് കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇങ്ങനെയാരു പടം എന്റെ ജീവിതത്തില്‍ വരില്ല.'- അശ്വതി പറയുന്നു

അശ്വതി നടുത്തൊടിയും(വലത്തേയറ്റം) 'ദി എലഫന്റ് വിസ്പറേഴ്‌സ്'ന്റെ അണിയറ പ്രവര്‍ത്തകരും | Photo: Special Arrangement

സിനിമയെന്ന സ്വപ്നത്തിന് പിറകേ

കോയമ്പത്തൂരിലെ പി.എസ്.ജി. കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സില്‍നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ അശ്വതി പ്രശസ്ത സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തുന്നത്. പിന്നീടങ്ങോട്ട് പോസ്റ്റ് പ്രൊഡ്യൂസര്‍, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍, വിഷ്വല്‍ ഇഫക്റ്റ് കോ-ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ തുടങ്ങി വിവിധ മേഖലകള്‍.

'അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. പിന്നീടുള്ള യാത്രയില്‍ ടെക്‌നോളിയും മാനേജ്‌മെന്റുമാണ് എനിക്ക് പറ്റിയ മേഖലയെന്ന് മനസിലാക്കുകയും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. ഇപ്പോള്‍ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനുമാണ് ശ്രദ്ധിക്കുന്നത്. ചില സിനിമകളില്‍ സൂപ്പർവൈസിങ് പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. സമ്മിശ്രമായ ഒരു അനുഭൂതിയാണ് ഇപ്പോഴുള്ളത്. സന്തോഷവും പ്രതീക്ഷയും യാഥാര്‍ത്ഥ്യവും എല്ലാം ചേര്‍ന്നൊരു അനുഭവം.'

ദി എലഫന്റ് വിസ്പറേഴ്സിലേക്ക്

'സുരറൈ പ്രോട്രി'ന്റെ പ്രൊഡക്ഷന്‍ ഹൗസായ സിക്കിയ എന്റര്‍ടെയിന്‍മെന്റസ് തന്നെയായിരുന്നു 'ദി എലഫന്റ് വിസപറേഴ്സി'ന്റേതും. അങ്ങനെയാണ് ഈ പ്രൊജക്ടിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷത്തോളമാണ് 'ദി എലഫന്റ് വിസപറേഴ്സ്' ടീമിനൊപ്പം പ്രവര്‍ത്തിച്ചത്. ഡോക്യുമെന്ററി ആയതിനാല്‍ തന്നെ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ അതിന്റേതായ സമയമെടുത്തു. ഏതാണ്ട് 250 മണിക്കൂറോളമുള്ള ഫൂട്ടേജുകളും ഇന്റര്‍വ്യൂകളുമായിരുന്നു ഡോക്യുമെന്ററിക്കായി ചിത്രീകരിച്ചത്. അതില്‍നിന്ന് 'റിഫൈന്‍ഡ്' ആയ ഒരു സ്റ്റോറിയുണ്ടാക്കിയെടുക്കുന്ന ആ യാത്ര മനോഹരമായിരുന്നു. മികച്ച ടീമായിരുന്നു ഒപ്പമുണ്ടായിരുന്നത് എന്നതുകൊണ്ട് തന്നെ അത്രയധികം കംഫര്‍ട്ടബിളായിട്ടിരുന്നു വര്‍ക്കും.

ഈ പുരസ്‌കാരം അച്ഛന്

ഈ നിമിഷത്തില്‍ ഞാനേറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് എന്നെ വിശ്വസിച്ച് എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ അനുവദിച്ച എന്റെ അച്ഛനെയാണ്. അദ്ദേഹത്തിന്റെ അനുഗ്രഹമാണ് ഇവിടെ വരെ എത്താനുള്ള എന്റെ ഊര്‍ജം. 'ദി എലഫന്റ് വിസപറേഴ്സ്' ന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഈ യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുകയാണ്.'

അച്ഛന്‍ വാസുദേവന്‍ മരിച്ചിട്ട് ആറ് വര്‍ഷമായി. അമ്മയും അഭിരാമിയുമാണ് ഇപ്പോള്‍ അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നത്. അമ്മ ഉദയശ്രീ വാസുദേവന്‍. അഭിരാമി ജിതേന്ദ്രയാണ് സഹോദരി.

'മകള്‍ സിനിമയാണ് കരിയര്‍ എന്ന് പണ്ടേ ഉറപ്പിച്ചിരുന്നു. അഭിനയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ നിനക്ക് വേറെ എന്തെങ്കിലും നോക്കിക്കൂടെ എന്ന് ചോദിച്ചിട്ടുണ്ട്. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അങ്ങനെ ആവട്ടെ എന് കരുതി. അവളുടെ ആഗ്രഹങ്ങള്‍ക്ക് വലിയ സപ്പോര്‍ട്ട് അച്ഛന്‍ ആയിരുന്നു. ഈ നേട്ടം കാണാന്‍ അദ്ദേഹം ഇല്ലാ എന്നത് വല്ലാത്ത ഒരു വിഷമമാണ്.' - അമ്മ ഉദയശ്രീ വാസുദേവന്‍ പറഞ്ഞു

'നമ്മളെ ഡൈവേര്‍ട്ട് ചെയ്യാന്‍ നിരുത്സാഹപ്പെടുത്താനും പലരും ഉണ്ടാവും . കഴിവില്‍ വിശ്വസിക്കുക, അതിനു വേണ്ടി പ്രയത്‌നിക്കുക. ഒരു ദിവസം ലക്ഷ്യത്തില്‍ എത്തിച്ചേരും എന്നതിന്റെ തെളിവാണ് എന്റെ സഹോദരി.' - അഭിരാമി പറയുന്നു.

Content Highlights: Aswathi Naduthodi, oscar 2023,95th Academy Awards,The Elephant Whisperers, best documentary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented