ഫോട്ടോ: ആത്മി
അഭിനയത്തിന്റെ ഋതുഭേദങ്ങളുമായി മലയാളസിനിമയിലേക്ക് കയറിവന്ന നടന്‍. കഥാപാത്രങ്ങളുടെ ഉപ്പും മുളകും സമം ചേര്‍ത്തപ്പോള്‍ അവന്‍ സിനിമാലോകത്തെ തിളങ്ങുന്ന താരമായി. നല്ല സിനിമകളുടെ അനുരാഗകരിക്കിന്‍വെള്ളം ആസിഫലി മലയാളത്തിന് സമ്മാനിച്ചു. അഭിനയത്തില്‍ അഡ്വഞ്ചറായ പരീക്ഷണങ്ങളുമായി പത്തുവര്‍ഷം പൂര്‍ത്തിയാക്കി ഉയരെ പറക്കുകയാണ് ആസിഫ് അലി. പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന പത്ത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുകയാണ് സ്‌റ്റൈലിഷ് യൂത്ത് സ്റ്റാര്‍.
1. പത്ത് വര്‍ഷം പൂര്‍ത്തിയായി. എന്തൊക്കെ പഠിച്ചു?
ശരിക്കും പെട്ടെന്ന് കടന്നുപോയ പത്തുവര്‍ഷമാണ്. ഞാന്‍ പോലും ഇതുവരെ പത്തുവര്‍ഷമായി അഭിനയിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഓരോ പുതിയ സിനിമ ചെയ്യുമ്പോഴും അതിന്റെ ലൊക്കേഷനില്‍ ചെല്ലുമ്പോഴും ആദ്യമനുഭവിച്ച അതേ പേടിയും ടെന്‍ഷനും ഇപ്പോഴുമുണ്ട്. 2009-ല്‍ ഋതുവില്‍ അഭിനയിക്കുമ്പോള്‍ എടുത്ത അതേ മുന്നൊരുക്കങ്ങള്‍ ഇപ്പോഴും ചെയ്യാറുണ്ട്. അതിനാല്‍ തന്നെ പത്തുവര്‍ഷം കഴിഞ്ഞുപോയതിനെ പറ്റി വലിയ ഐഡിയ ഇല്ല. ആദ്യകാലത്ത് ബിഗിനേഴ്‌സ് ലക്ക് എന്നൊരു ഫാക്ടര്‍ ഉണ്ടായിരുന്നു. ചെയ്യുന്ന സിനിമകള്‍ വലിയ അധ്വാനമില്ലാതെ നല്ല അഭിപ്രായങ്ങള്‍ വന്നു. കാരണം അവയൊക്കെ മികച്ച സംവിധായകരുടെ സിനിമയായിരുന്നു. അതില്‍നിന്ന് മാറി ഇത്രയും വര്‍ഷം സിനിമയില്‍നിന്നതുകൊണ്ട് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി.
എങ്ങനെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യണം, ഒരു സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണം, എങ്ങനെ തിരക്കഥ സെലക്ട് ചെയ്യണം എന്നതിനെയൊക്കെ പറ്റി കുറേ തെറ്റിദ്ധാരണകള്‍ മാറികിട്ടി. അതൊന്നും മുഴുവനായി മനസ്സിലായി എന്ന് പറയുന്നില്ല. കുറച്ച് കരുതലോടുകൂടി സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള അനുഭവം കിട്ടി. അതാണ് പത്തുവര്‍ഷത്തെ ഏറ്റവും വലിയ എക്സ്പീരിയന്‍സ്.
പിന്നെ എപ്പോഴും നല്ല സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. നമ്മള്‍ എത്ര ശ്രദ്ധിച്ച് സെലക്ട് ചെയ്താലും തിയേറ്റര്‍ വിജയം കണ്ടിട്ടില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുന്ന സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുന്നുണ്ട്.
2. വിജയവും പരാജയവും ഏറ്റുവാങ്ങിയിട്ടുണ്ട്. പരാജയം വ്യക്തിപരമായി ബാധിക്കാറുണ്ടോ?
പരാജയം ഉണ്ടാകുമ്പോള്‍ സങ്കടം തോന്നാറുണ്ടോ എന്നോ! ചങ്ക് തകരില്ലേ ഭായ്. രണ്ട് കാര്യങ്ങളാണ്. ഒന്ന് സിനിമ നന്നാകുമ്പോള്‍ ഒരുപാട് ആഘോഷിക്കും. അതുപോലെ സിനിമ മോശമാകുമ്പോള്‍ ഒരുപാട് സങ്കടം വരും. മൂഡ് മാറും. ഞാന്‍ വല്ലാതെ അസ്വസ്ഥനാകും. ആളുകളോട് സംസാരിക്കാതിരിക്കാന്‍ ശ്രമിക്കും. അങ്ങനെ സിനിമയുടെ വിജയവും പരാജയവും എന്നെ പലരീതിയില്‍ മാറ്റികൊണ്ടിരിക്കും. പക്ഷേ ഒരുസിനിമ മോശമാണെന്ന് തിയേറ്ററില്‍ പോയി കണ്ട് മനസ്സിലായാല്‍ എനിക്ക് ആ സിനിമയെ മനസ്സുകൊണ്ട് പ്രമോട്ട് ചെയ്യാന്‍ പറ്റില്ല. അതാണ് എന്റെ ഏറ്റവും വലിയൊരു പ്രശ്നം. നമ്മളെ വിശ്വസിച്ച് തിയേറ്ററില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകരെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. റിലീസ് ശേഷമുള്ള പ്രമോഷന്‍ ഒരു മാര്‍ക്കറ്റിങ് ആണെങ്കില്‍പോലും ഒരുപരിധിവിട്ട് പറഞ്ഞ് പറ്റിച്ച് മോശം സിനിമ കാണിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല.
പിന്നെ ഒരു പ്രത്യേക കഥാപാത്രത്തില്‍ അകപ്പെട്ടുപോകരുത് എന്നൊരു ആഗ്രഹമുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന കുറേയധികം സംവിധായകരുണ്ട്. അവര്‍ ഒരു കഥ ആലോചിക്കുമ്പോള്‍ ലുക്കുകൊണ്ടോ മറ്റെന്തുകൊണ്ടോ ആസിഫിന് ആ കഥാപാത്രം ചെയ്യാനാകില്ല എന്നൊരു തോന്നല്‍ വരാന്‍ പാടില്ല. മറിച്ച് ആര് ആലോചിക്കുന്ന രീതിയിലേക്കും മാറാന്‍ കഴിയുന്ന ഒരാളായിരിക്കണം. അതാണ് എന്റെ ആഗ്രഹം.
3. ആസിഫിന്റെ മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആസിഫിനുതന്നെ അവസരം തന്നാല്‍?
ഈ പത്തു വര്‍ഷത്തിനിടയിലെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ്, കാറ്റ് എന്നിവ. ഇവയെല്ലാം തിയേറ്റര്‍ വിജയം തന്നില്ലെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ വളരെ കോണ്‍ഫിഡന്‍സ് തന്ന സിനിമകളാണ്. അവയെല്ലാം തന്നെ ടൊറന്റ് ഹിറ്റുകള്‍ കൂടിയാണ്. ഞാന്‍ വളരെ ആസ്വദിച്ചൊരു പേരാണ് ടൊറന്റ് സൂപ്പര്‍സ്റ്റാര്‍. (ചിരിക്കുന്നു).
നല്ല സുഹൃത്തുക്കളുടെ കൂടെ ജോലി ചെയ്തതിന്റെ ഭാഗമായുണ്ടായ വിജയങ്ങളാണ് ആ സിനിമകളെല്ലാം. എന്നാല്‍ ഇപ്പോഴും കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നത് മറ്റ് മൂന്ന് കഥാപാത്രങ്ങളിലൂടെയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ മനു, ഓര്‍ഡിനറിയിലെ ഭദ്രന്‍, ഹണി ബീയിലെ സെബാന്‍ എന്നിവ. അഭിനയംവച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലെ ഓമനക്കുട്ടനെയാണ്. പിന്നെ ചെയ്തതെല്ലാം എന്റെ ഫേവറേറ്റ് കഥാപാത്രങ്ങളാണ്.
4. സേഫ് സോണും സേഫ് ടീമുമുണ്ടോ?
എന്റെയൊരു പ്രശ്നവും പ്രത്യേകതയുമായി മനസ്സിലാക്കിയത് ഞാന്‍ എവിടെയാണോ അവിടത്തെ ആളാണ്. ഇപ്പോള്‍ കുഞ്ഞെല്‍ദോ എന്ന സിനിമ ചെയ്യുമ്പോള്‍ അതാണ് എന്റെ ബെസ്റ്റ് ടീം. അവര്‍ക്ക് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കും. അവരുടെ അടുത്തുനിന്ന് ബെസ്റ്റ് എടുക്കുക. ആ ലൊക്കേഷന്‍ ആസ്വദിക്കുക. അതാണ് എന്റെ രീതി. അതുപോലെ ഓരോ സിനിമ ചെയ്യുമ്പോഴും ഞാന്‍ അവിടത്തെ ആളാണ്. അവരുടെ ഇടയില്‍നിന്ന് ഏറ്റവും മികച്ച രീതിയില്‍ സിനിമ ചെയ്യാന്‍ ശ്രമിക്കുക എന്നതാണ്. എങ്കിലും എന്റെ ഫേവറേറ്റ് ലിസ്റ്റിലുള്ള ആള്‍ക്കാരുടെ കൂടെയാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തിട്ടുള്ളത്.
5. സൗഹൃദങ്ങളുടെ പേരില്‍ മോശം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടോ?
ഒരുസമയം വരെ സൗഹൃദങ്ങളുടെ പേരില്‍ മോശം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പത്തുവര്‍ഷംകൊണ്ട് കിട്ടിയ എക്സ്പീരിയന്‍സ് അതൊക്കെ മാറ്റി. ഒരു നല്ല സുഹൃത്തിനോട് നോ പറയാനുള്ള സ്വാതന്ത്ര്വം നമുക്കുണ്ട്. അതിന്റെ പേരില്‍ അവര്‍ക്ക് നമ്മളോട് മോശം തോന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ സൗഹൃദബന്ധത്തിന്റെ പേരില്‍ പ്രശ്നമില്ല. എനിക്ക് ഒരു സ്‌ക്രിപ്റ്റ് കേട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ധൈര്യത്തോടെ ഞാന്‍ നോ പറയും.
6. ആസിഫ് അലി ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ടോ?
ചാന്‍സ് ചോദിക്കാന്‍ ഇപ്പോഴും ഒരു മടിയുമില്ല. കാരണം നല്ല സംവിധായകരുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നത് എന്റെ ആവശ്യമാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കഴിഞ്ഞിട്ട് ഞാന്‍ ഒരുപാട് പ്രാവശ്യം ആഷിക്കയോട് വിളിച്ച് അവസരം ചോദിച്ചിട്ടുണ്ട്. വൈറസിലാണ് ഒരു വേഷം കിട്ടിയത്.
ഋതു കഴിഞ്ഞിട്ട് പത്തുവര്‍ഷമായി. അടുത്തൊരു സിനിമയ്ക്കായി ഇപ്പോഴും ശ്യാംസാറോട് അവസരം ചോദിക്കുന്നുണ്ട്. രാജീവേട്ടനോട് (രാജീവ് രവി) കുറേനാള്‍ ചോദിച്ചിട്ട് ഇപ്പോഴാണ് അവസരം കിട്ടിയത്. അങ്ങനെ ഒരുപാട് നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവരെയൊക്കെ നിരന്തരം ഞാനത് ഓര്‍മപ്പെടുത്താറുണ്ട്.
7. ആസിഫിന്റെ ഏറ്റവും വലിയ നെഗറ്റീവായി പറഞ്ഞുകേട്ടത്?
ഫോണെടുക്കാറില്ല, ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല. ആളെവിടെയാണെന്ന് ഒരു ഐഡിയയും ഇല്ല. ഇതാണ് സ്ഥിരമായി കേള്‍ക്കുന്ന നെഗറ്റീവ്.
8. ആസിഫ് സോഷ്യല്‍ മീഡിയയില്‍ പല വിഷയങ്ങളിലും പ്രതികരിക്കാറില്ല. ആവശ്യമില്ലെന്ന് തോന്നിയിട്ടാണോ?
എല്ലാവരും ഒരുപോലെ ഇരിക്കണമെന്ന് നമ്മള്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. എന്റെതായ രീതിയിലാണ് പലകാര്യങ്ങളോടും പ്രതികരിക്കുന്നത്. പിന്നെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യത്തിലും അതാണ് പിന്തുടരുന്നത്.
ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് നടക്കാറില്ല. എല്ലാകാര്യങ്ങളും നാലുപേരെ അറിയിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല. അതുപോലെ ആളുകള്‍ കാത്തിരിക്കുകയാണ് ആസിഫ് അലി അഭിപ്രായം പറയണം എന്നൊന്നും എന്റെ അടുത്ത് പറയാന്‍ പാടില്ല. ഞാന്‍ എന്റെതായ രീതിയില്‍ ജീവിച്ചോളാം.
9. അന്യഭാഷയില്‍ അഭിനയിക്കാന്‍ എന്താണ് വൈകുന്നത്?
വളരെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു പ്രോജക്ട് ഇതുവരെ വന്നിട്ടില്ല. പിന്നെ, മനസ്സില്‍ ചെറിയ പേടിയുണ്ട്. വളരെ ആസ്വദിച്ച് സിനിമ ചെയ്യുന്നൊരു ആളാണ് ഞാന്‍. അതില്‍ ഭാഷ ഒരു തടസ്സമായി വരുമ്പോള്‍ അത് എന്നെ അഭിനയത്തെ എത്രമാത്രം ബാധിക്കുമെന്ന പേടിയുണ്ട്. അത്രമാത്രം പിന്തുണ നല്‍കുന്ന ഒരു ടീമും നല്ലൊരു തിരക്കഥയും വന്നാല്‍ ചെയ്യും. അതിനായി കാത്തിരിക്കുകയാണ്.
10. ആദത്തിന്റെ സിനിമ അരങ്ങേറ്റം ഉടനുണ്ടോ ?
അഞ്ചരവയസ്സേ ആയിട്ടുള്ളൂ ആദമിന്. ഇപ്പോള്‍ എന്തായാലും സിനിമയിലേക്കൊന്നും ഇല്ല. ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ അവന് താത്പര്യമുണ്ടെങ്കില്‍ അപ്പോള്‍ നോക്കാം.
Content Highlights : Asif Ali Interview on completing ten years in malayalam cinema star and style
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..