സുധീഷ് മഞ്ഞപ്പാറ | Photo : Facebook
താന്‍ അഭിനയിച്ച ഒരു സിനിമയുടെ പോസ്റ്റര്‍ സ്വന്തമായി ഒട്ടിക്കണം. ഇതാണ് സുധീഷ് മഞ്ഞപ്പാറയുടെ ഏറ്റവും വലിയ 'സിനിമാ'സ്വപ്‌നം. സിനിമ എന്ന മായികാപ്രപഞ്ചത്തെ സ്വപ്‌നം കണ്ട് നടക്കുന്ന ഒരുപാട് പേരുടെ പ്രതിനിധി എന്നതിനപ്പുറം സുധീഷ് എന്ന യുവാവിന്റെ സ്വപ്‌നത്തിന് ഒരുപാട് സിനിമ പോസ്റ്ററുകളുടെ നിറങ്ങളും ആ പോസ്റ്ററുകള്‍ ചുമരിലൊട്ടിക്കാന്‍ തേച്ച പശയുടെ ഗന്ധവുമുണ്ട്. കാരണം നഴ്‌സിങ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പതിനേഴ് കൊല്ലത്തോളം സിനിമ പോസ്റ്ററുകളൊട്ടിക്കുന്ന തൊഴിലായിരുന്നു സുധീഷിന്, ഒപ്പം തിയറ്ററുകളിലെ ക്ലീനിങ് ജോലികളും ചെയ്തു. കണ്ടു തീര്‍ത്ത സിനിമകളില്‍നിന്ന് ദൃശ്യം സിനിമയിലെ നായകനെ പോലെ പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള സുധീഷ് അറിവുകള്‍ സ്വായത്തമാക്കി. ഒരു ഡോക്യുമെന്ററി സംവിധായകനായി, ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് 'ഓലക്കൊട്ടക' എന്ന നോവലുമെഴുതി.
സുഹൃത്തുക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സുധീഷ് മഞ്ഞപ്പാറ എന്ന കലാകാരന്‍ സുപരിചിതനാണെങ്കിലും ഹൃദയം എന്ന സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന സുധീഷിന്റെ വീഡിയോ വിനീത് ശ്രീനിവാസന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് കൂടുതല്‍ പേര്‍ സുധീഷിനെ കുറിച്ച് കൂടുതലറിഞ്ഞത്. 'സുധീഷിനെ വര്‍ഷങ്ങളായി പരിചയമുണ്ട്. എഴുത്തുകാരനാവാന്‍ ആഗ്രഹിച്ച് അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സുധീഷിന്റെ ഓലക്കൊട്ടക എന്ന പുസ്തകം ഇപ്പോള്‍ വിപണിയിലുണ്ട്. പോസ്റ്റര്‍ ഒട്ടിക്കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്ന ആളാണ്. സുധീഷിന്റെ നോവലിന് എല്ലാവിധ ആശംസകളും. നോവല്‍ കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുന്നു'. വീഡിയോ ഷെയര്‍ ചെയ്ത് ഹൃദയത്തിന്റെ സംവിധായകനായ വിനീത് കുറിച്ചു.
ആദ്യം തിയറ്ററില്‍ ക്ലീനിങ് പണി, പിന്നീട് സിനിമാഭ്രാന്ത് മൂത്ത് മദ്രാസിലേക്ക്
അമ്മൂമ്മ നടത്തിയിരുന്ന മുറുക്കാന്‍കടയ്ക്ക് സമീപത്തായിരുന്നു തൊട്ടടുത്ത സിനിമ തീയറ്ററിലെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നത്. ആ ബോര്‍ഡില്‍ പതിപ്പിച്ചിരുന്ന സിനിമ പോസ്റ്ററുകളില്‍നിന്നാണ് സുധീഷിന് പോസ്റ്ററുകളോടുള്ള കമ്പം ആരംഭിച്ചത്. കുട്ടിക്കാലത്ത് തന്നെ സിനിമയോട് കലശലായ ഭ്രമമുണ്ടായിരുന്ന സുധീഷ് വീട്ടില്‍നിന്ന് കുറച്ചകലെ നാട്ടിലെ പ്രമാണിയുടെ വീട്ടിലെ ടെലിവിഷനിലൂടെയാണ് സിനിമകള്‍ കണ്ടിരുന്നത്. അമ്മയും സഹോദരിയും സഹോദരനും ഒന്നിച്ചാണ് ആ സിനിമ കാണല്‍ യാത്രകള്‍. രാത്രി വൈകി ചൂട്ടൊക്കെ കത്തിച്ചായിരുന്നു മടക്കം.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അശോകേട്ടന്‍ തിയറ്ററിലേക്ക് ജോലിക്കായി കൂട്ടിക്കൊണ്ട് പോയത്. അദ്ദേഹത്തിന് പോസ്റ്ററൊട്ടിക്കലായിരുന്നു പണി. തീയറ്ററില്‍ ആദ്യം ക്ലീനിങ്ങായിരുന്നു സുധീഷ് ചെയ്തിരുന്നത്. പിന്നീട് അശോകേട്ടനൊപ്പം പോസ്റ്ററൊട്ടിക്കാന്‍ പോയിത്തുടങ്ങി. പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ പൂര്‍ണമായും ജീവിതം തീയറ്ററിലേക്ക് മാറി. അതോടെ സിനിമയോടുള്ള ഭ്രമം ഇരട്ടിയായി. മദ്രാസിലേക്ക് ചേക്കേറിയാല്‍ സിനിമയിലേക്ക് എളുപ്പവഴി കണ്ടെത്താമെന്ന് കരുതി നാടുവിട്ട സുധീഷ് അതൊരു മിഥ്യാധാരണയായിരുന്നുവെന്ന തിരിച്ചറിവില്‍ നാട്ടിലേക്ക് മടങ്ങി.
സ്ഥിരം ചലച്ചിത്രമേളകളിലേക്ക്; ശ്യാമപ്രസാദും 'കഥയില്‍ ഇല്ലാത്തവര്‍' എന്ന ഡോക്യുമെന്ററിയും
എങ്കിലും സിനിമയോടുള്ള പ്രണയം സുധീഷിന് ഉപേക്ഷിക്കാനാവുമായിരുന്നില്ല. ചലച്ചിത്രമേളകള്‍ നല്ല സിനിമകള്‍ കാണാന്‍ അവസരമൊരുക്കുമെന്നു അറിഞ്ഞതോടെ ചലച്ചിത്രമേളകളില്‍ സ്ഥിരമായി പങ്കെടുക്കാനെത്തി. സിനിമാപ്രണയം തലയ്ക്ക് പിടിച്ചതോടെ ഊണും ഉറക്കവും നഷ്ടമായി, ഇടയ്ക്ക് മനസ് നേരെയാവാന്‍ ഡോക്ടറേയും കാണേണ്ടി വന്നു. 'അഗ്നിസാക്ഷി'യും 'ഒരേ കടലും' കണ്ട് സംവിധായകന്‍ ശ്യാമപ്രസാദിനെ പരിചയപ്പെടണമെന്ന ആഗ്രഹം ശക്തമായി. ശ്രമങ്ങള്‍ക്കൊടുവില്‍ സുധീഷ് ശ്യാമപ്രസാദിനെ പരിചയപ്പെട്ടു. സിനിമയാക്കാം എന്ന ആഗ്രഹത്തില്‍ എഴുതിയ കഥ ശ്യാമപ്രസാദിന്റെ നിര്‍ദേശത്തോടെയും അദ്ദേഹത്തിന്റെ കൂടി സാമ്പത്തിക പിന്തുണയിലൂടെയും 'കഥയില്‍ ഇല്ലാത്തവര്‍' എന്ന ഡോക്യുമെന്ററിയായി സുധീഷ് സംവിധാനം ചെയ്തു. സിനിമ പോസ്റ്ററുകള്‍ ഒട്ടിക്കുന്നവരുടെ ജീവിതമായിരുന്നു ഡോക്യുമെന്ററിയുടെ പ്രമേയം. റസൂല്‍ പൂക്കുട്ടി, സുരേഷ് ഗോപി, മേനക, സുരേഷ് കുമാര്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയ ഒട്ടനവധി ചലച്ചിത്ര പ്രവര്‍ത്തകരും ഡോക്യുമെന്ററിയുടെ ഭാഗമായി. ഏഴോളം മേളകളില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി പുരസ്‌കാരങ്ങളും നേടി.

ജയരാജിന്റെ പ്രോത്സാഹനത്തിലൂടെ പ്രസിദ്ധീകരിച്ച 'ഓലക്കൊട്ടക'
ചലച്ചിത്രമേളയ്ക്കിടെയാണ് സംവിധായകന്‍ ജയരാജിനെ പരിചയപ്പെടുന്നത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും സുധീഷ് പ്രവര്‍ത്തിച്ചു. ആ സിനിമയില്‍ ഒന്നു മുഖം കാണിക്കാനുള്ള അവസരവും സുധീഷിന് ജയരാജ് നല്‍കി. ജയരാജിന്റെ പ്രോത്സാഹനത്തിലാണ് 'ഓലക്കൊട്ടക' പുറത്തിറക്കിയത്. ജയരാജ് തന്നെയാണ് സുധീഷിന്റെ നോവലിന് അവതാരിക എഴുതിയിരിക്കുന്നത്. ചിത്രകാരനും തരക്കേടില്ലാത്ത ഗായകനും കൂടിയാണ് സുധീഷ്.
ശ്യാമപ്രസാദുമായി ഏറെ അടുപ്പമുള്ള സുധീഷ് അദ്ദേഹത്തിന്റെ പിറന്നാളിന് സമ്മാനമായി നല്‍കിയത് ശ്യാമപ്രസാദിന്റെ കുട്ടിക്കാലചിത്രം വരയിലൂടെ പകര്‍ത്തിയാണ്. ഏറെക്കാലം സിനിമാലോകത്ത് തന്നെ ചെലവഴിച്ച സുധീഷ് ഇപ്പോള്‍ കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ ജോലി കിട്ടിയത് ഏറെ സന്തോഷമുള്ള സംഗതിയാണെങ്കിലും മുഴുവന്‍ സമയവും ഏറ്റവും പ്രിയപ്പെട്ട സിനിമാലോകത്ത് ചെലവിടാനാവാത്തതിന്റെ ചെറുതല്ലാത്ത ദുഃഖം സുധീഷിനുണ്ട്. ഇടയ്ക്കിപ്പോഴും സിനിമകളുടെ പോസ്റ്ററൊട്ടിക്കാന്‍ സുധീഷ് കൂടാറുണ്ട്. കൊല്ലം അഞ്ചല്‍ മഞ്ഞപ്പാറ സ്വദേശിയായ സുധീഷ് ഇപ്പോള്‍ ഫറോക്കിലെ സര്‍ക്കാര്‍ ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്.

ഇതിനകം രണ്ട് തിരക്കഥകള്‍ സുധീഷ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിനിമയിലഭിനയിക്കണം, താന്‍ കണ്ട കാഴ്ചകളും തന്റെ അനുഭവങ്ങളും പങ്കുവെച്ച നോവല്‍ സിനിമയാക്കണം തുടങ്ങിയ മോഹങ്ങള്‍ സുധീഷിനുണ്ട്. സുധീഷിന്റെ സ്വപ്‌നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. സുകുമാരന്‍ ആചാരിയും രാജമ്മയുമാണ് സുധീഷിന്റെ മാതാപിതാക്കള്‍. ഭാര്യ ശരണ്യ നൃത്താധ്യാപികയാണ്. ഏഴു വയസുകാരിയായ ഭാഗ്യലക്ഷ്മിയും ഒന്നര വയസുകാരന്‍ യാദവുമാണ് മക്കള്‍. പതിനാറ് കൊല്ലം മുമ്പുണ്ടായ അപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിട്ടും സിനിമയോടുള്ള അടങ്ങാത്ത ആവേശം സുധീഷിന് നഷ്ടമായില്ല. ഇരട്ടിയിലേറെ ആത്മവിശ്വാസവും സിനിമാപ്രണയവുമായി സിനിമ സ്വപ്‌നംകാണുന്ന ഒരുപാട് ആളുകള്‍ക്ക് പ്രചോദനമാവാന്‍ സുധീഷിന് സാധിക്കട്ടെയെന്ന നമുക്കാശംസിക്കാം.
Content Highlights: Article on Sudheesh Manjappara writer of Olakkottaka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..