ലയാള സിനിമാചരിത്രത്തിൽ ഒരു സിനിമയെടുത്തതിന്റെ പേരിൽ ആദ്യമായാണ് ഒരു സംവിധായകൻ ഇത്രവലിയ ആക്രമണത്തിന് ഇരയാകേണ്ടിവരുന്നത്. പുലർച്ചെ നാലു മണിക്ക് ഒടിയന്റെ ആദ്യ പ്രദർശനം തുടങ്ങിയതുമുതൽ സംവിധായകൻ ശ്രീകുമാർ  മേനോന്റെ ഫെയ്​സ്ബുക്ക് പേജിൽ അസഭ്യവർഷം തുടങ്ങി. പടം നിലവാരമില്ലാത്തതാണെന്നും മേനോൻ  പണിനിർത്തിപ്പോകണമെന്നും രണ്ടാമൂഴത്തിൽ കൈവച്ചാൽ കൈ തല്ലിയൊടിക്കുമെന്നുമെല്ലാമായിരുന്നു കമന്റുകളിൽ  വലിയൊരുവിഭാഗം. പടം ഇറങ്ങി ഒന്നരദിവസം തുടർന്നു, അത്തരം കമന്റുകളുടെ കുത്തൊഴുക്ക്.

കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഒടിയൻ സിനിമയുടെ പേരിൽ ഉയർന്നുകേട്ട അവകാശവാദങ്ങളിൽ ഹരംകയറി അമിതപ്രതീക്ഷയുമായി തിയ്യറ്ററിലെത്തിയ ലാൽ ആരാധകരാണ് അക്രമണത്തിനുപിന്നിലെന്നാണ് ആദ്യം പരക്കെ കേട്ടിരുന്നത്. എന്നാൽ ഇത്തരം ഇടപെടലുകൾക്കും ഇകഴ്ത്തലുകൾക്കും പിന്നിലൊരു അജൻഡ ഉണ്ടായിരുന്നെന്നും കുറ്റം ലാൽ ഫാൻസിന്റെ തലയിൽ വച്ച് മറ്റുപലരും കൃത്യം നടത്തുകയായിരുന്നെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ വ്യക്തമാക്കുന്നു.

സംവിധായകൻ നല്കിയ അമിതപ്രതീക്ഷയാണ് ഒടിയൻ ദോഷം ചെയ്തതെന്നും ലാലിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമല്ല ഒടിയനെന്നുമുള്ള കമന്റുകൾ ചിത്രം ഇറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോൾ ഫെയ്​സ്ബുക്കിലും വാട്സ്ആപ്പുകളിലും വന്നുതുടങ്ങി.

വളഞ്ഞിട്ടുള്ള ആക്രമണത്തിൽ  ആദ്യം നിശ്ശബ്ദനായിരുന്ന സംവിധായകൻ അതോടെ പ്രതികരണങ്ങളുമായി രംഗത്തിറങ്ങി. തന്റെ കന്നിച്ചിത്രം ഒടിയന് സൂപ്പർഹിറ്റാണ് എന്ന വാദമാണ് മേനോൻ മുന്നോട്ടുവയ്ക്കുന്നത്. തിയ്യറ്റർ കളക്ഷനും ഷോകളുടെ എണ്ണവും, കൈവരിച്ച സാമ്പത്തികനേട്ടവും ഉദാഹരണമായി അദ്ദേഹം നിരത്തുന്നുണ്ട്. നാലുദിവസം കൊണ്ട് മലയാളത്തിൽ ഇതുവരെ കണ്ട സകലമാന കളക്ഷൻ റെക്കോഡുകളും ഒടിയൻ ഭേദിച്ചതായി സംവിധായകൻ അവകാശപ്പെടുന്നു.

തമിഴ്-ഹിന്ദി സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് ലഭിക്കുന്നത്ര തിയ്യറ്ററുകൾ ഒടിയന് ഇന്ത്യ മൊത്തം ലഭിച്ചതിനു കാരണം സിനിമയുടെ അണിയറ പ്രവർത്തനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അന്യഭാഷാചിത്രങ്ങൾ കേരളത്തിൽ ഇന്ന് കോടികൾ  കൊണ്ടുപോകുന്നതുപോലെ ഒടിയനിലൂടെ മലയാളം അവിടെ നിന്നും പണം വാരിയതായും അദ്ദേഹം പറഞ്ഞു. 37 രാജ്യങ്ങളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്, ഒരു മലയാള സിനിമയ്ക്ക് ആദ്യമായി കേരളത്തിന്റെ ബൗണ്ടറിക്ക് പുറത്ത് ഇത്ര വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. കേരളത്തിലെ സിനിമാ വ്യവസായത്തിന്റെ പുതിയ ചുവടുവെപ്പാണിത്, ഭാവിയിൽ മറ്റ് ചിത്രങ്ങളുടെ വിതരണത്തിനും ഇതുഗുണം ചെയ്യും- ഇങ്ങനെയെല്ലാം നോക്കുമ്പോൾ ഒടിയൻ ചരിത്രപരമായൊരു ദൗത്യം ഏറ്റെടുത്ത് വിജയം നേടിയ സിനിമയാണെന്നാണ് ശ്രീകുമാർ മേനോന്റെ പക്ഷം. 

സിനിമ നെഗറ്റീവ് റിവ്യൂ നേടുമ്പോഴും സംവിധായകന്റെ നേതൃത്വത്തിൽ പടം ഇറങ്ങും മുൻപുണ്ടാക്കിയ ഹൈപ്പ് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സഹായിച്ചു എന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത വിപണനതന്ത്രവുമായി പുറത്തുവന്ന സിനിമയായിരുന്നു ഒടിയൻ. കഥാപാത്രത്തിനുവേണ്ടി ലാൽ കൈക്കൊണ്ട രൂപമാറ്റവും ഒരുവർഷത്തിലധികം നീണ്ടുനിന്ന അണിയറപ്രവർത്തനങ്ങളും ലാൽ-മഞ്ജു കൂട്ടുകെട്ടും പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ കൊറിയോഗ്രാഫറുടെ സാന്നിധ്യവും ബിഗ് ബജറ്റും ഒടിയനെ വാർത്തകളിൽ നിറയ്ക്കുകയായിരുന്നു.

'ദേവാസുരത്തിന് ആറാം തമ്പുരാനിൽ പിറക്കുന്ന മകനാകും ഒടിയനെന്ന' സംവിധാകന്റെ പരാമർശങ്ങളെല്ലാം ചിത്രത്തിന്റെ പ്രതീക്ഷയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു. പരസ്യചിത്രങ്ങൾ മനോഹരമാക്കി ഒരുക്കി ഉത്പന്നത്തെ ജനങ്ങൾക്കിടയിൽ എത്തിക്കുന്ന ശ്രീകുമാർ മേനോൻ തന്റെ ആദ്യസിനിമയെ ഏറ്റവും വലിയ ഹൈപ്പോടുകൂടിത്തന്നെ തിയ്യറ്ററുകളിൽ എത്തിച്ചു. അതിന്റെ നേട്ടമായിരുന്നു ഫാന്സ് ഷോകളുടെ എണ്ണക്കൂടുതലും ആദ്യ മൂന്നുദിവസത്തെ ടിക്കറ്റുകളെല്ലാം റിലീസിനുമുന്പേ വിറ്റുതീർന്നതും.

ശ്രീകുമാർ മേനോന്റെ വാക്കുകളിൽ കേട്ട മാസ് രംഗങ്ങളൊന്നുംതന്നെ സിനിമയിൽ കണ്ടില്ലായെന്ന് പ്രേക്ഷകരിൽ ഒരുവിഭാഗം പറയുന്നു. റിലീസിനുമുന്പ് ഉണ്ടാക്കിയ ഹൈപ്പിനോട് ചിത്രം നീതിപുലർത്തിയില്ലെന്നതാണ് ഇക്കൂട്ടരുടെ പ്രധാന വാദം. എന്നാൽ  അമിതപ്രതീക്ഷയാണ് പലരുടെയും പ്രശ്നമെന്നും താൻ ഉദ്ദേശിച്ച മാസ് ഇതൊക്കെയായിരുന്നെന്നും ശ്രീകുമാർ മേനോൻ   വ്യക്തമാക്കുന്നു. പ്രേക്ഷകപ്രതീക്ഷയ്ക്ക് ഉയരാത്തതും തിയേറ്ററിൽ പരാജയപ്പെട്ടതുമായ മോഹൻലാൽ ചിത്രങ്ങൾ ഇതിനുമുന്പും ഉണ്ടായിട്ടുണ്ട് എന്നാൽ അന്നൊന്നും ചിത്രത്തിന്റെ സംവിധായകന് ഇത്ര മോശം രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നില്ല. എന്തുകൊണ്ട് ഒടിയനിൽ അങ്ങനെയുണ്ടായി എന്ന ചോദ്യം അതുകൊണ്ട് തന്നെ പ്രസക്തമാണ്.

മഞ്ജു വാര്യർ എന്ന നടിക്ക് താൻ നല്കിയ സഹായത്തിന്റെ പേരിലാണ് താനും തന്റെ കന്നിച്ചിത്രവും വേട്ടയാടപ്പെടുന്നതെന്ന് ഇന്ന് ശ്രീകുമാർ മേനോൻ പരസ്യമായി ഇന്ന് വെളിപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ എടുത്ത ചില നിലപാടുകളുടെ പേരിൽ  ക്രൂശിക്കപ്പെടുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര വലിയൊരു ആക്രമണം ഉണ്ടാകുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

രണ്ടാമൂഴമാണ് ഒടിയനുശേഷം ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ച ചിത്രം. എം.ടി.യുടെ തിരക്കഥയും ലാലിന്റെ ഭീമന്വേഷവുമെല്ലാം ഇതിനോടകംതന്നെ പലതവണ വാർത്തയായിക്കഴിഞ്ഞു. എം.ടി. പ്രോജക്ടിൽ നിന്ന് പിന്മാറിയതും വിഷയം കേസായി കോടതികയറിയതും കാര്യങ്ങൾ മാറ്റിമറിച്ചിരിക്കുകയാണ്. ആദ്യചിത്രത്തിന്റെ പേരിൽ ഇത്രയധികം വിമർശനങ്ങൾ  ഏറ്റുവാങ്ങേണ്ടിവന്ന ശ്രീകുമാറിന് മലയാളസിനിമയിൽ ഇനിയൊരു രണ്ടാമൂഴമുണ്ടാകുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ContentHighlights: Odiyan, sreekumar menon, mohanlal, manjuwarrier, randamoozham, mt vasudevan nair