സിനിമകളാണ് സംവിധായകനെ തുറങ്കിലടച്ചത്; ജാഫര്‍ പനാഹിക്ക് ഇറാന്‍ ശിക്ഷവിധിക്കുമ്പോള്‍


ശ്യാം മുരളി സര്‍വാധിപത്യത്തെ പുണരുന്ന ഭരണകൂടം സ്വതന്ത്രശബ്ദങ്ങളെ എത്രമാത്രം ഭയക്കുന്നു എന്നതിന് പനാഹിയുടെ അനുഭവം ഇന്ത്യക്കാര്‍ക്കും ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

In Depth

Photo: ARND WIEGMANN/ AP

റാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹി അടക്കം മൂന്ന് സംവിധായകര്‍ അറസ്റ്റിലായെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു പിന്നാലെ ജാഫര്‍ പനാഹിയെ ആറ് വര്‍ഷത്തേക്ക് ജയിലിലടച്ച വാര്‍ത്തയും വന്നു. വൈറ്റ് ബലൂണ്‍, സര്‍ക്കിള്‍,ഓഫ്സൈഡ്, ടാക്സി തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാസ്വാദകരായ മലയാളികള്‍ക്കിടയില്‍ പരിചതമായ പേരാണ് ജാഫര്‍ പനാഹി. രാജ്യം ഇറാന്‍ ആയതുകൊണ്ടും പനാഹി അടക്കമുള്ള കലാകാരന്‍മാര്‍ അവിടെ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ പുതിയ കാര്യമല്ലാത്തതുകൊണ്ടും ഈ വാര്‍ത്ത അത്രവലിയ ഞെട്ടല്‍ ഉണ്ടാക്കണമെന്നില്ല. എന്നാല്‍, സര്‍വാധിപത്യത്തെ പുണരുന്ന ഭരണകൂടം സ്വതന്ത്രശബ്ദങ്ങളെ എത്രമാത്രം ഭയക്കുന്നു എന്നതിന് പനാഹിയുടെ അനുഭവം ഇന്ത്യക്കാര്‍ക്കും ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഇന്ത്യയില്‍ നിയമനടപടികള്‍ക്ക് വിധേയനായിക്കൊണ്ടിരുന്ന ദിവസങ്ങളിലാണ് ഇറാനിലും ഇക്കാര്യങ്ങള്‍ സംഭവിച്ചതെന്നത് ആ മുന്നറിയിപ്പിന് മൂര്‍ച്ചകൂട്ടുന്നു.

അബദാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് 40-ല്‍ അധികം പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഇറാനില്‍ വലിയ പ്രതിഷേധം രൂപംകൊണ്ടിരുന്നു. പ്രതിഷേധക്കാരെ നേരിടുന്ന പോലീസ് ആയുധം താഴെവെക്കണമെന്നും പ്രക്ഷോഭകര്‍ക്കൊപ്പം ചേരണമെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രസ്താവന നടത്തിയതിനാണ് ഇറാനിലെ പ്രമുഖ സംവിധായകരായ മുഹമ്മദ് റസലൂഫിനെയും മുസ്തഫ അലഹ്മദിനെയും ജൂലായ് എട്ടിന് അറസ്റ്റ് ചെയ്തത്. പനാഹിയും ഈ പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു. ഇവര്‍ക്കുള്ള നിയമസഹായം നല്‍കുന്നതിന് അഭിഭാഷകര്‍ക്കൊപ്പം ജൂലായ് 11-ന് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ എത്തിയതായിരുന്നു പനാഹി. അവിടെവെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതും 10 വര്‍ഷം മുന്‍പുള്ള തടവ് ശിക്ഷ നടപ്പാക്കുന്നതും.

തന്റ സിനിമകളിലൂടെയും പ്രവൃത്തികളിലൂടെയും 'വ്യവസ്ഥിതിക്കെതിരായി പ്രചാരവേല നടത്തിയതിന്' 2011-ല്‍ ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചതിനായിരുന്നു പനാഹിയെയും റസൂലിനെയും അന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ ആറ് വര്‍ഷത്തേക്ക് തടവിന് വിധിച്ചു. എന്നാല്‍ രണ്ടു മാസത്തെ തടവുശിക്ഷയ്ക്കു ശേഷം ഉപാധികളോടെ വിട്ടയച്ചു. അന്നത്തെ ഈ ശിക്ഷാവിധി അനുഭവിക്കുന്നതിനാണ് പനാഹിയെ ഇപ്പോള്‍ ജയിലലടച്ചിരിക്കുന്നത്.

മുഹമ്മദ് റസലൂഫ്. Photo: Francois Mori | AP

അറസ്റ്റിലായ മുഹമ്മദ് റസലൂഫും ഇറാനില്‍ നിരോധിക്കപ്പെട്ട സംവിധായകനും ഇറാന് പുറത്ത് ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനുമാണ്. ദേര്‍ ഈസ് നോ ഈവിള്‍ (2020) എന്ന ചിത്രം ബര്‍ലിന്‍ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ നേടി. സെന്‍സര്‍ഷിപ്പിനു കീഴില്‍, അനുമതി കൂടാതെ രഹസ്യമായി ചിത്രീകരിച്ച ഈ സിനിമ വധശിക്ഷയ്ക്കെതിരായ പ്രമേയം ഉള്‍ക്കൊള്ളുന്നതാണ്. പനാഹിയേപ്പോലെ ഇറാന് പുറത്തേക്കുള്ള യാത്രാവിലക്ക് നേരിടുന്നതിനാല്‍ റസലൂഫിന് നേരിട്ടെത്തി പുരസ്‌കാരം കൈപ്പറ്റാന്‍ സാധിച്ചില്ല. റസലൂഫിന്റെ ഗുഡ് ബൈ എന്ന ചിത്രം 2011-ല്‍ കാനില്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. റസലൂഫിന്റെ സഹസംവിധായകനായ മുസ്തഫ അലെഹ്മദ് ആണ് അറസ്റ്റിലായ മറ്റൊരാള്‍. പൂസ്റ്റെ (2009) എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

2011-ലെ അറസ്റ്റും രണ്ട് മാസത്തെ തടവും കഴിഞ്ഞ് പനാഹി വിട്ടയക്കപ്പെട്ടത് കടുത്ത ഉപാധികളോടെയായിരുന്നു. രാജ്യം വിടുന്നതിനും സിനിമകള്‍ നിര്‍മിക്കുന്നതിനും അഭിമുഖങ്ങള്‍ നല്‍കുന്നതിനു പോലും വിലക്കേര്‍പ്പെടുത്തി. ആറ് വര്‍ഷത്തെ ശിക്ഷ എപ്പോള്‍ വേണമെങ്കിലും ലഭിക്കാവുന്ന വിധത്തില്‍ തലയ്ക്കുമേല്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം. ഇക്കാലമെല്ലാം വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലായിരുന്നു ജാഫര്‍ പനാഹി. എന്നാല്‍ ഇക്കാലയളവിലും പനാഹി സിനിമകള്‍ എടുത്തു; സര്‍ക്കാരിന്റെ അനുമതിയില്ലാതെ അണ്ടര്‍ഗ്രൗണ്ടില്‍. ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ മറികടക്കാന്‍ 'സിനിമാറ്റിക്' ആയ മാര്‍ഗങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. ദിസ് ഈസ് നോട്ട് എ ഫിലിം, ടാക്സി പോലെയുള്ള സിനിമകള്‍ ഇക്കാലത്താണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ അനുഭവിക്കുന്ന ഇത്തരം നിയന്ത്രണങ്ങളുടെ കൂടി ഫലമായിരുന്നു ആ സിനിമകളുടെ സവിശേഷമായ ഘടന. ഈ 'അധോതല' സിനിമകള്‍ ഇറാനില്‍ പ്രദര്‍ശിപ്പിച്ചിട്ടേയില്ല. ഇറാന് പുറത്ത് ഇവ വലിയ സ്വീകാര്യതയും പുരസ്‌കാരങ്ങളും നേടുകയും ചെയ്തു.

ഇപ്പോള്‍ പനാഹിക്കും മറ്റു സംവിധായകര്‍ക്കും നേരെ പെട്ടെന്നുണ്ടായ നടപടി ഒട്ടും യാദൃശ്ചികമല്ല. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളെ ഭയപ്പാടോടെയാണ് ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുമുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇറാന്റെ 'മന:ശ്ശാസ്ത്രപരമായ സുരക്ഷ'യ്ക്ക് ഭീഷണിയുയര്‍ത്തുന്നതായും കൂടുതല്‍ ശക്തമായ നടപടി ആവശ്യമാണെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഇക്കഴിഞ്ഞ ജൂണില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടപടി ആരംഭിക്കുകയും ചെയ്തു. ഇറാനിലെ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഈ മാസം മാത്രം സര്‍ക്കാര്‍ വിമര്‍ശനം നടത്തിയ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജാഫർ പനാഹി | ഫോട്ടോ: എ.എഫ്.പി.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്സിക്കും ഭരണകൂടത്തിനും എതിരേ ശക്തമായ രാഷ്ട്രീയ പ്രക്ഷോഭം രൂപംകൊള്ളുന്നത് തിരിച്ചറിഞ്ഞാണ് പനാഹി അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയും പ്രക്ഷോഭകരെയും തുറങ്കിലടയ്ക്കുന്നത് എന്നതാണ് സത്യം. ഭക്ഷ്യവിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും അടക്കം രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. യുക്രൈന്‍ യുദ്ധം അടക്കമുള്ളവയുടെ അന്തരീക്ഷത്തില്‍ കടുത്ത സാമ്പത്തിക പ്രതിന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. 2015-ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനും ഉപരോധം പിന്‍വലിക്കാനുമുള്ള ശ്രമങ്ങള്‍ പരാജയമടയുന്നു. രാജ്യം നേരിടുന്ന പ്രശ്നങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണങ്ങളെ അടിച്ചമര്‍ത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യേണ്ടത് ഇറാന്‍ സര്‍ക്കാരിന് ഇപ്പോള്‍ അനിവാര്യമാണ്. അതിനുള്ള ഉപാധിയാണ് ഭയം സൃഷ്ടിക്കുക എന്നത്. അതിനായി സിനിമക്കാരെയും കലാകാരന്‍മാരെയും പ്രക്ഷോഭകാരികളെയും തുറങ്കിലടയ്ക്കുന്നു. ഇറാനെ സംബന്ധിച്ചിടത്തോളം ഇത്തരം നടപടികള്‍ ഒരു പുതിയ കാര്യമല്ലതാനും.

ഇറാന്‍ സിനിമയെ ലോകോത്തരമാക്കുന്നത് ഭരണകൂടമാണ്!

സിനിമയുടെ തുടക്കകാലംമുതല്‍ സമ്പന്നമായിരുന്നു ഇറാന്‍/പേര്‍ഷ്യന്‍ സിനിമ. ഇന്ത്യയില്‍, എന്തിന് മലയാളത്തില്‍പോലും പേര്‍ഷ്യന്‍ സിനിമയുടെയും സിനിമാക്കാരുടെയും ഇടപെടലും സ്വാധീനവും ആദ്യകാലങ്ങളില്‍തന്നെ കാണാം. സമ്പന്നമായ ആ സിനിമാ സംസ്‌കാരം തന്നെയാണ് ഇറാന്‍ സിനിമയെ ലോകോത്തരമാക്കുന്നതും. 1960-കളില്‍ ആരംഭിച്ച ഇറാനിയന്‍ നവതരംഗം എന്നറിയപ്പെടുന്ന സിനിമാ ഭാവുകത്വം ഇന്ന് ലോകസിനിമയുടെ ചൈതന്യവത്തായ ഒരു പരിച്ഛേദമാണ്. സ്വന്തം രാജ്യത്തു മാത്രമല്ല, ലോകവ്യാപകമായി അവ ആസ്വദിക്കപ്പെടുന്നു. മറ്റു ലോക സിനിമകളെ ആഴത്തില്‍ സ്വാധീനിക്കാനും ഇന്ന് ഇറാനിയന്‍ സിനിമകള്‍ക്ക് കഴിയുന്നു.

മതപരമായ കാരണങ്ങള്‍ക്കൊണ്ടുതന്നെ സിനിമയടക്കമുള്ള കലാരൂപങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ്പാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. സിനിമയെടുക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. തിരക്കഥ പരിശോധിച്ച് മത-ഭരണകൂട വിരുദ്ധമായി ഒന്നുമില്ലെന്ന സാക്ഷ്യപത്രം വേണം. ചിത്രീകരണത്തിന് പ്രത്യേക പെര്‍മിറ്റ് ലഭിക്കണം. മതവിശ്വാസത്തിന്റെ ഭാഗമായി കലാരൂപങ്ങളോടുള്ള അസഹിഷ്ണകൊണ്ട് മാത്രമല്ല, ഇറാനിലെ ഒരു വിഭാഗം സിനിമകള്‍ എല്ലാ കാലത്തും സര്‍ക്കാര്‍ വിമര്‍ശകരായിരുന്നു എന്നതുകൊണ്ടുകൂടിയാണ് ഇറാനിലെ മികച്ച സംവിധായകരും സിനിമകളും എപ്പോഴും അവിടത്തെ പൗരോഹിത്യ ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത്. മറ്റു രാജ്യങ്ങളില്‍ വലിയതോതില്‍ പ്രദര്‍ശിപ്പിക്കുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സിനിമകള്‍ മിക്കതും ഇറാനില്‍ നിരോധിക്കപ്പെട്ടവയാണ്. അതേ ഇറാനില്‍നിന്നുതന്നെയാണ് അബ്ബാസ് കിരസ്താമി, മൊഹ്സിന്‍ മക്മല്‍ബഫ്, അസ്ഗര്‍ ഫര്‍ഹാദി, മജീദ് മജീദി എന്നിങ്ങനെ മലയാളികള്‍ക്കടക്കം ചിരപരിചിതരായ ലോകപ്രശസ്ത സംവിധായകര്‍ ഉയര്‍ന്നുവന്നത് എന്നത് വിരോധാഭാസമായി തോന്നാം. നിയന്ത്രണങ്ങളും നിരോധനങ്ങളും കലയ്ക്ക് മൂര്‍ച്ചയും തീഷ്ണതയും നല്‍കുമെന്നതിന് ചരിത്രത്തില്‍ വേറെയും അനവധി ഉദാഹരണങ്ങളുണ്ടല്ലോ.

ടാക്സി എന്ന ചിത്രത്തിന്‍റെ പോസ്റ്റർ

ഭരണകൂടത്തെയും മനുഷ്യവിരുദ്ധമായ, മതമേധാവിത്വത്തെയും അതിന്റെ കൂച്ചുവിലങ്ങളുകളെയും എതിര്‍ക്കാനുള്ള ശക്തമായ മാധ്യമമായാണ് മിക്കവാറും ഇറാന്‍ സംവിധായകര്‍ സിനിമയെ കാണുന്നത്. എന്നാല്‍, കടുത്ത സെന്‍സര്‍ഷിപ്പ് മൂലം ഇറാനിയന്‍ ഭരണകൂടത്തെയോ മതത്തെയോ തുറന്നെതിര്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ഭരണകൂട-മത-പുരുഷാധിപത്യ വ്യവസ്ഥയെ പരോക്ഷമായി വിമര്‍ശിക്കുക മാത്രമാണ് പോംവഴി. അതിനായി സിനിമയുടെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരപവുമായ ധ്വന്യാത്മകതയെ അവര്‍ ഉപയോഗപ്പെടുത്തുന്നു. സിനിമയുടെ ഭാഷയെ, പരിചരണരീതിയെ കൂടുതല്‍ ആഴമുള്ളതും ശക്തവുമാക്കുന്നു. പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുന്നു. കുട്ടികള്‍ കഥാപാത്രമാകുന്ന ചിത്രങ്ങള്‍ ഇറാന്‍ സിനിമയില്‍ ധാരാളമായി ഉണ്ടാവുന്നത് അങ്ങനെയാണ്. സെന്‍സര്‍ഷിപ്പിന്റെ ഭാഗമായ തിരക്കഥാ പരിശോധകരുടെ കണ്ണില്‍ പൊടിയിടുക കൂടിയാണ് കുട്ടികളെ കഥാപാത്രമാക്കുന്നതിലൂടെ അവർ ലക്ഷ്യമിടുന്നത്.

നടീനടന്‍മാര്‍ കുട്ടികളായതുകൊണ്ട്, തെരുവുകളിലടക്കം ബുദ്ധിമുട്ടു കൂടാതെ ചിത്രീകരണം നടത്താനുള്ള അനുമതി കിട്ടും. കുട്ടികളുടെ വികാരവിചാരങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ധ്വന്യാത്മകമായോ അന്യാപദേശ രൂപത്തിലോ രാഷ്ട്രീയം പറയാനുള്ള ശ്രമമാണ് ഇത്തരം ചിത്രങ്ങളില്‍ ചലച്ചിത്രകാരന്‍മാർ നടത്തുന്നത്. ഇറാനിലെ സമീപകാല മാസ്റ്റര്‍ സംവിധായകരെല്ലാം കുട്ടികളെ കഥാപാത്രങ്ങളാക്കി ഒന്നിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളവരാണ്. ഇറാന്‍ സിനിമയെ കേരളത്തില്‍ ജനപ്രിയമാക്കിയതില്‍ ഇത്തരം ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മജീദ് മജീദിയുടെ കളര്‍ ഓഫ് പാരഡൈസ്, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ജാഫര്‍ പനാഹിയുടെ വൈറ്റ് ബലൂണ്‍, മിറര്‍, മക്മല്‍ബഫിന്റെ ദ ആപ്പിള്‍, ഹന മക്മല്‍ബഫിന്‍റെ ബുദ്ധ കൊളാപ്സ്ഡ് ഔട്ടോ ഓഫ് ഷെയിം തുടങ്ങിയവയൊക്കെ ഉദാഹരണങ്ങള്‍. എന്തായാലും, ഇറാനില്‍ നിലനില്‍ക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍, മറ്റു പല ഘടകങ്ങളോടൊപ്പം ഇറാന്‍ സിനിമയെ അങ്ങേയറ്റം സിനിമാറ്റിക്കലാക്കുന്നതിനും അതിന് ഉയര്‍ന്ന സൗന്ദര്യാത്മകത നല്‍കുന്നതിനും ഇടയാക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

ലോകസിനിമാ ഭൂപടത്തിലുള്ള നിര്‍ണായക സ്ഥാനമുള്ള ഇറാന്‍ സിനിമകളുടെ പ്രധാന പൊതുസവിശേഷത, വ്യവസ്ഥയോടുള്ള കലഹംതന്നെയാണ്. നീതിരഹിതവും മനുഷ്യവിരുദ്ധവുമായ മതനിബന്ധനകളെ പലവിധത്തില്‍ ചോദ്യംചെയ്യുന്നവയാണവ. മതനിയമങ്ങളുടെ മനുഷ്യവിരുദ്ധത, പുരുഷാധിപത്യ പ്രവണ, അത് സ്ത്രീ ജീവിതത്തിലുണ്ടാക്കുന്ന സങ്കീര്‍ണതകള്‍, ഭരണകൂടവും ആധുനിക ജനാധിപത്യബോധവും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയവയൊക്കെ ജാഫര്‍ പനാഹിയുടെ സിനിമകളിലും ഏറിയും കുറഞ്ഞും കാണാം. അത്തരം സിനിമകള്‍ത്തന്നെയാണ് പനാഹിയെ ഭരണകൂടത്തിന്റെ ശത്രുവാക്കിയതും.

ഈ സിനിമകളാണ് ജാഫര്‍ പനാഹിയെ പ്രതിയാക്കിയത്

ഇറാനിലെ നവതരംഗ സിനിമയുടെ രണ്ടാം ഘട്ടത്തിന്റെ പ്രധാന മുഖമായ ജാഫര്‍ പനാഹി വിഖ്യാത ഇറാന്‍ സംവിധായകന്‍ അബ്ബാസ് കിരസ്തോമിയുടെ ശിഷ്യനായാണ് സിനിമാജീവിതം ആരംഭിച്ചത്. എന്നാല്‍, കിരസ്തോമിയുടേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ രാഷ്ട്രീയ-സാമൂഹ്യ ഉള്ളടക്കങ്ങളുള്ള സിനിമകളാണ് പനാഹിയുടേത്.

1995-ല്‍ ഇറങ്ങിയ 'വൈറ്റ് ബലൂണ്‍' ആണ് പനാഹിയുടെ ആദ്യ ചിത്രം. 1997-ല്‍ ഇറങ്ങിയ 'ദ മിറര്‍' ആണ് രണ്ടാമത്തെ സിനിമ. രണ്ടു ചിത്രങ്ങളും കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കുന്നവയാണ്. ടെഹ്റാനിലെ റസിയ എന്ന കൊച്ചു പെണ്‍കുട്ടി, സ്വര്‍ണനിറമുള്ള ഒരു മത്സ്യത്തെ വാങ്ങാന്‍ നടത്തുന്ന ശ്രമങ്ങളാണ് വൈറ്റ് ബലൂണിന്റെ പ്രമേയം. വളരെ ലളിതമായ കഥപറച്ചില്‍കൊണ്ടും കുട്ടികളുടെ വൈകാരിക ലോകത്തെ അത്ഭുതകരമായി ആവിഷ്‌കരിക്കുന്ന കുട്ടികളായ നടീനടന്മാരുടെ അഭിനയപാടവംകൊണ്ടും അത്ഭുതം സൃഷ്ടിക്കുന്ന ചിത്രമാണിത്. ഇറാനിലും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ വൈറ്റ് ബലൂണ്‍ നേടി, ലോകമെമ്പാടും പ്രസംസിക്കപ്പെട്ടു. 1995-ലെ കാന്‍ ചലച്ചിത്രമേളയില്‍ കാമറ ഡിഓര്‍ നേടി.

വൈറ്റ് ബലൂണിലേതു പോലെതന്നെ ടെഹ്റാന്‍ നഗരത്തിലൂടെ ഒരു കൊച്ചു പെണ്‍കുട്ടിയെ പിന്തുടരുകയാണ് മിറര്‍ എന്ന ചിത്രവും. മിന എന്ന കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിന് അമ്മയെ കാത്തുനില്‍ക്കുന്നു. അമ്മ വരുന്നില്ല. അവള്‍ ഒരു ബസില്‍ കയറി വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നു. യാത്രയ്ക്കിടെ അവളുടെ കാഴ്ചപ്പാടുകളിലൂടെ ചുറ്റുമുള്ള മനുഷ്യരും ജീവിതവും ചിത്രീകരിക്കുകയാണ് പനാഹി. എന്നാല്‍ ഒരു ഘട്ടത്തില്‍ സിനിമ കഥപറച്ചിലില്‍നിന്ന് പുറത്തുകടക്കുകയും ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങളിലേക്ക് നോക്കാന്‍ പ്രേക്ഷകനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍, തന്റെ പില്‍ക്കാല രാഷ്ട്രീയ സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു ദ മിറര്‍ എന്ന ചിത്രത്തിലൂടെ പനാഹി.

മതകേന്ദ്രിതമായ ഇറാനിലെ പുരുഷാധിപത്യ സാമൂഹ്യജീവിതത്തെ ആവിഷ്‌കരിക്കുകയാണ് 'ദ സര്‍ക്കിള്‍' (2000) എന്ന ചിത്രം. ഏതാനും സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഇറാനിലെ സ്ത്രീകളുടെ ജീവിതചക്രം പനാഹി വരയ്ക്കുന്നത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് സ്ത്രീകള്‍, അവര്‍ വാഹനങ്ങളുടെ മറപറ്റി നഗരത്തിലൂടെ സുരക്ഷിത കേന്ദ്രം തേടി അലയുന്നു. തന്റെ മകളെ ഉപേക്ഷിച്ച മറ്റൊരു സ്ത്രീ, അവളും സ്വന്തം സ്വത്വം വെളിപ്പെടുത്താനാകാതെ നഗരത്തില്‍ ഒളിച്ചുനടക്കുന്നു. മറ്റൊരാള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്. പുരുഷന്റെ സഹായമില്ലാത്ത ഈ സ്ത്രീകളെല്ലാം നഗരത്തില്‍ ഒരുവിധത്തിലുള്ള അസ്തിത്വവും ഇല്ലാത്തവരാണ്. അവര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്ല. പോകാന്‍ ഇടമില്ല. അവര്‍ നിലനില്‍ല്‍ക്കുന്ന വ്യവസ്ഥയ്ക്കും അതിന്റെ നിര്‍വചനങ്ങള്‍ക്കും പുറത്താണ്. മാനുഷികമായ പരിഗണനകളെല്ലാം നിരാകരിച്ച് സ്ത്രീകളെ മൃഗസമാനരായി പരിഗണിക്കുന്ന ഇറാനിലെ സാമൂഹ്യ-നിയമ വ്യവസ്ഥയ്ക്കെതിരായ ചോദ്യങ്ങളാണ് സര്‍ക്കിള്‍ എന്ന സിനിമ ഉന്നയിക്കുന്നത്. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ തടവിലാണ് മതം ഭരിക്കുന്ന ഇറാനിലെ സ്ത്രീകളെന്ന് സിനിമ പറഞ്ഞുവെക്കുന്നു. വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലയണ്‍ നേടുകയും പനാഹിയെ ലോകപ്രശസ്തിയിലേക്കും സ്വന്തം രാജ്യത്ത് തടങ്കലിലേക്കും നയിച്ച സിനിമയാണ് ദ സര്‍ക്കിള്‍.

ഇറാനിലെ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യ നിഷേധത്തെ രൂക്ഷമായി ചോദ്യംചെയ്യുന്ന ചിത്രമാണ് 'ഓഫ്സൈഡ്' (2007). 1979-ലെ ഇസ്ലാമിക് റവല്യൂഷന് ശേഷം സ്ത്രീകള്‍ ഫുട്ബോള്‍ മത്സരങ്ങള്‍ അടക്കമുള്ള കായിക വിനോദങ്ങള്‍ കാണുന്നതിന് വിലക്കുണ്ട്. ഫുട്ബോളിനെ ജീവനേപ്പോലെ സ്നേഹിക്കുന്ന ഒരുകൂട്ടം യുവതികള്‍, ഇറാനും ബഹറൈനും തമ്മിലുള്ള ഫിഫ യോഗ്യതാ മത്സരം കാണാന്‍ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ എത്തുന്നു. സ്റ്റേഡിയത്തിനുള്ളില്‍ കടക്കാന്‍ അവര്‍ നടത്തുന്ന പോരാട്ടമാണ് സിനിമ പറയുന്നത്. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം യഥാര്‍ഥത്തില്‍ ഈ മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിന് പുറത്തുവെച്ച് ചിത്രീകരിച്ചതാണെന്ന് പനാഹി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. യാഥാര്‍ഥത്തില്‍ ഇറാനിലെ മതാത്മകമായ യാഥാസ്ഥിതിക ഭരണവും ആധുനിക സാമൂഹ്യജീവിതവും തമ്മിലുള്ള ഏറ്റമുട്ടലാണ് ഓഫ്സൈഡ് പറയുന്നത്. പുരുഷകേന്ദ്രീകൃതമായ ഇറാന്റെ മുഖ്യധാരാ ജീവിതത്തിന് പുറത്തുനില്‍ക്കുന്ന സ്ത്രീകള്‍ മതില്‍ക്കെട്ടുകള്‍ മറികടന്ന് അകത്തുകയറാന്‍ നടത്തുന്ന ശ്രമമാണത്. സ്ത്രീവാദത്തിന്റെ സൈദ്ധാന്തികതയല്ല, പ്രായോഗിക ജീവിതത്തില്‍നിന്നുയരുന്ന ചോദ്യങ്ങളാണ് സിനിമയിലെ കഥാപാത്രങ്ങള്‍ ചോദിക്കുന്നത്.

വീട്ടുതടങ്കലിന്റെ കാലത്ത്, 2012-ല്‍ ആണ് പനാഹി 'ദിസ് ഈസ് നോട്ട് എ ഫിലിം' എന്ന സിനിമയെടുക്കുന്നത്. ഒരാ കലാകാരനെ, പ്രക്ഷോഭകാരിയെ ആര്‍ക്കും എവിടെയും അടിച്ചിടാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ സിനിമയില്‍ പനാഹി. സിനിമ നിര്‍മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി, വീടിനുള്ളില്‍ അടക്കപ്പെട്ട സമയത്താണ് പരിമിതികളെയെല്ലാം മറികടന്ന്, ഭരണകൂടത്തോടുള്ള കലാപമായി പനാഹി ഈ ചിത്രത്തെ ലോകസിനിമയിലേക്ക് ഒളിച്ചുകടത്തിയത്. തന്റെ അപ്പാര്‍ട്മെന്റിനുള്ളില്‍ തനിച്ച് കഴിയുന്ന പനാഹി, സ്വയം സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, സന്ദര്‍ശകനെ സ്വീകരിച്ചിരുത്തുന്നു, അയാളുമായി സംസാരിക്കുന്നു, അഭിഭാഷകനെ ഫോണില്‍ വിളിക്കുന്നു... സവിശേഷതകളൊന്നുമില്ലാത്ത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. എന്നാല്‍ അത് തടയപ്പെടുന്ന സര്‍ഗാത്മകതയുടെ ശക്തമായ സ്ഫോടനമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നു.

2015-ലെ ബര്‍ലിന്‍ ഗോണ്‍ഡന്‍ ബെയര്‍ ലഭിച്ച ചിത്രമാണ് 'ടാക്സി'. ഡോക്യുഫിക്ഷന്‍ ഗണത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം ദൃശ്യവത്കരിക്കുന്നത് പനാഹി ഓടിക്കുന്ന ഒരു ടാക്സിയില്‍ നടക്കുന്ന കാര്യങ്ങളാണ്. കാറില്‍ത്തന്നെ ഉറപ്പിച്ചിരിക്കുന്ന മൂന്നു കാമറകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ടാക്സിയില്‍ പലതരത്തിലുള്ള യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവരില്‍ സ്ത്രീകളും പുരഷന്‍മാരുമുണ്ട്, സമ്പന്നരും ദരിദ്രരുമുണ്ട്, യാഥാസ്ഥിതിക കാഴ്ചപ്പാടുള്ളവരും പുരോഗമനവാദികളുമുണ്ട്. ഇവര്‍ പരസ്പരവും ഡ്രൈവറായ പനാഹിയുമായും സംസാരിക്കുന്നു. ഈ സംസാരങ്ങളിലൂടെയും സംവാദത്തിലൂടെയും ഇതള്‍വിരിയുന്ന സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീക്ഷകളാണ് പനാഹി ടാക്സിയിലൂടെ പങ്കുവെക്കുന്നത്.

2019-ലെ സിനിമയാണ് 'ത്രീ ഫേയ്സസ്'. മറ്റു പല ചിത്രങ്ങളെയും പോലെ ഡോക്യുമെന്ററിയോ ഫീച്ചര്‍ സിനിമയോ എന്ന് വേര്‍തിരിക്കാനാകാത്ത പരിചരണമാണ് ഈ സിനിമയിലും പനാഹി സ്വീകരിക്കുന്നത്. ഒരു സെല്‍ഫി വീഡിയോയില്‍ കണ്ട യുവതിയെ തേടി സംവിധായകനായ പനാഹിയും പ്രശസ്തയായ ഒരു നടിയുംകൂടി നടത്തുന്ന യാത്രയാണ് റോഡ് മൂവി എന്ന ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം. ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള യാത്ര, ഇറാനിലെ സാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഒപ്പം, ഏതു നാട്ടിലെയും ഏതുകാലത്തെയും മനുഷ്യജീവിതത്തിന്റെ സന്ദിഗ്ധകളുടെ ആവിഷ്‌കാരംകൂടിയാണ്.

ഇറാനിലെ മതമേധാവിത്ത ഭരണത്തോടും അത് സൃഷ്ടിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രത്യാഘാതങ്ങളോടുമുള്ള പ്രതികരണങ്ങളാണ് പനാഹിയുടെ സിനിമകളെല്ലാം എന്നു പറയാം. സിനിമയും രാഷ്ട്രീയപ്രവര്‍ത്തനവും വേറിട്ടുനില്‍ക്കുന്നില്ല പനാഹിയുടെ ജീവിതത്തില്‍. അതുതന്നെയാണ് അദ്ദേഹത്തിന്റെ സിനിമയുടെ ഉള്ളടക്കത്തെയും രൂപഭാവങ്ങളെയും സവിശേഷമാക്കുന്നതും അധികാരകേന്ദ്രങ്ങളുടെ സ്ഥിരം ശത്രുവാക്കി മാറ്റുന്നതും.

Content Highlights: Jafar Panahi, iraninan film maker, movie, arrest, politics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented