അപർണ ദാസ്, ബീസ്റ്റിൽ വിജയ്ക്കൊപ്പം
ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അപർണ ദാസ്. ചെറിയ വേഷത്തിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും മനോഹരം എന്ന ചിത്രത്തിലൂടെ നായികയായി മലയാളികളുടെ ഉള്ളിൽ അപർണ കയറിക്കൂടി. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും അപർണയെ പിന്നീട് കാണുന്നത് മൂന്ന് വർഷങ്ങൾക്കിപ്പുറം ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ്. ഇളയദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റിലൂടെ തമിഴിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് അപർണ. ബീസ്റ്റ് റിലീസിനെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സിനിമയെക്കുറിച്ചും ഫാൻ ഗേൾ മൊമന്റിനെക്കുറിച്ചും കട്ട വിജയ് ആരാധികയായ അപർണ മനസ് തുറക്കുന്നു
ബീസ്റ്റിലേക്ക്
എന്റെ ഒന്ന് രണ്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലോ മറ്റോ കണ്ടിട്ടാണ് ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ സാറിന്റെ സഹസംവിധായകരിലൊരാൾ എന്നെ വിളിക്കുന്നത്. ആദ്യം കുറച്ച് ചിത്രങ്ങൾ അവർക്ക് അയച്ചുകൊടുക്കുകയും പിന്നീട് നെൽസൺ സാറിനെ നേരിൽ കാണുകയും ചെയ്തു. ലുക്ക് ടെസ്റ്റിന് ശേഷമാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്.
സിമ്പിൾ ആൻഡ് ഹമ്പിൾ വിജയ് സർ
വലിയൊരു ചിത്രമാണ് ബീസ്റ്റ്. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചത്. ഞാനൊരു കട്ട ഇളയദളപതി ഫാൻ ആണ്. ചിത്രത്തിന്റെ പൂജയ്ക്കാണ് വിജയ് സാറിനെ ആദ്യമായി നേരിൽ കാണുന്നത്. അദ്ദേഹം വളരെ സിമ്പിൾ ആയ വിനീതനായ ഒരു വ്യക്തിയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. അത് നൂറ് ശതമാനം സത്യമാണെന്ന് അദ്യ ദിവസം തന്നെ ഞാൻ തിരിച്ചറിഞ്ഞു. പൂജ നടക്കുന്ന റൂമിൽ റെഡ് കാർപറ്റ് വിരിച്ചിട്ടുണ്ടായിരുന്നു അദ്ദേഹത്തിന് നടന്നു വരാൻ. താരങ്ങൾക്കിരിക്കാൻ വേദിയിൽ കസേരകൾ ഇട്ടിട്ടുണ്ട്. അതിനും ഏറ്റവും പുറകിലാണ് സിനിമയുടെ ക്രൂ അംഗങ്ങൾ നിൽക്കുന്നത്. സാർ വരുന്നു എന്നറിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാൽ അദ്ദേഹം ആ റെഡ് കാർപറ്റിലൂടെ നടക്കാതെ നേരെ ഏറ്റവും പുറകിൽ നിൽക്കുന്ന ക്രൂ അംഗങ്ങളുടെ അടുത്തേക്ക് ചെന്ന് എല്ലാവർക്കും കൈകൊടുത്ത് ആശംസകൾ നേർന്ന ശേഷമാണ് മുന്നിലോട്ട് വന്നത്. അത്രയ്ക്ക് സിമ്പിൾ ആയ മനുഷ്യനാണ് അദ്ദേഹം.
.png?$p=56bd2cd&&q=0.8)
ഫാൻ ഗേൾ മൊമന്റ്
വിജയ് സാറിന്റെ ഒപ്പം ഷോട്ടിന് നിൽക്കുമ്പോൾ ഒരു ഫാൻ ഗേൾ മൊമന്റ് കൂടിയായിരുന്നു അത്. ടെൻഷനേക്കാളുപരി ഞാൻ ഭയങ്കര ത്രിൽഡ് ആയിരുന്നു. ഒരുപാട് സന്തോഷിച്ച് കഴിഞ്ഞാൽ നമ്മൾ പിന്നെ അഡ്ജസ്റ്റ് ആകുമല്ലോ അതുകൊണ്ട് തന്നെ ആസ്വദിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിലെ എന്റെ കഥാപാത്രത്തെക്കുറിച്ചോ കഥയെക്കുറിച്ചോ പുറത്ത് പറയാൻ എനിക്കിപ്പോൾ അനുമതിയില്ല. സിനിമ പുറത്തിറങ്ങാതെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പോലും പുറത്ത് വിടാനാകില്ല. തമിഴിലെ എന്റെ ആദ്യ ചിത്രം കൂടിയാണ് ബീസ്റ്റ്. കുറേയേറെ ബന്ധങ്ങൾ ഉണ്ടാക്കാനും സൗഹൃദങ്ങൾ നേടാനും കുറേയേറെ കാര്യങ്ങൾ പഠിക്കാനും പറ്റി. ഇനി എത്ര വലിയ ചിത്രങ്ങളുടെ ഭാഗമായാലും ബീസ്റ്റ് എനിക്കേറെ സ്പെഷ്യലായിരിക്കും.
ഇളയദളപതി ആരാധകരെ തൃപ്തിപ്പെടുത്തും ബീസ്റ്റ്
നൂറ് ശതമാനവും ഇളയദളപതി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാകും ബീസ്റ്റ്. പ്രേക്ഷകരെ കയ്യിലെടുക്കാനറിയുന്ന, അവരുടെ പൾസ് അറിയുന്ന സംവിധായകനാണ് നെൽസൺ സർ. ഇതിന് മുമ്പ് ചെയ്ത ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ബീസ്റ്റ് എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും.
സിനിമയാണ് എല്ലാം
ഞാൻ പ്രകാശൻ ആണ് എന്റെ ആദ്യ ചിത്രം. സത്യൻ സാറിന്റെ മകൻ അഖിൽ സത്യനാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയോ വീഡിയോയോ മറ്റോ കണ്ടിട്ട് ഒരു ഓഡിഷൻ വീഡിയോ അയച്ചു തരാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് സിനിമയുടെ ഭാഗമാവുന്നത്. പിന്നീടാണ് മനോഹരത്തിൽ നായികാ വേഷത്തിലെത്തുന്നത്. മനോഹരം ചെയ്തതിന് ശേഷം വന്ന ഇടവേള ഞാൻ മനപൂർവം എടുത്തതല്ല. നല്ല തിരക്കഥകൾ വന്നില്ല എന്നതാണ് സത്യം. വലിയ സിനിമയായാലും ചെറിയ സിനിമയായാലും നല്ലൊരു കഥയും കഥാപാത്രവും ഉള്ള സിനിമയുടെ ഭാഗമാവണം എന്നാണ് ആഗ്രഹം. നമ്മൾ ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കുമ്പോൾ കുറേ സിനിമകൾ ചെയ്തു എന്നതിലുപരി കുറച്ച് നല്ല സിനിമകളുടെ ഭാഗമാവുന്നതിലാണ് കാര്യമെന്നാണ് എന്റെ നിലപാട്. നായിക എന്നല്ല, നല്ല കഥാപാത്രം എന്നതിനാണ് പ്രധാന്യം കൊടുക്കുന്നത്. അങ്ങനെ സംഭവിച്ചതാണ് ഈ ഇടവേള. സത്യത്തിൽ ഒരു വർഷമാണ് ഇടവേള വന്നത്. ബാക്കി കോവിഡ് കൊണ്ട് പോയതാണ്. എങ്കിലും ഈ ഇടവേളയിൽ ഒരിക്കൽ പോലും സിനിമയല്ല എനിക്ക് പറ്റിയത് എന്ന തോന്നലേ ഉണ്ടായിട്ടില്ല. കാരണം മറ്റൊന്നും എനിക്ക് പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ഞാൻ സിനിമയിൽ വന്നത് തന്നെ.
ബീസ്റ്റിന് പുറമേ തഴിൽ കവിന്റെ നായികയായി ഒരു ചിത്രം ചെയ്യുന്നുണ്ട്. ബാബു ഗണേഷ് ആണ് സംവിധാനം. മലയാളത്തിൽ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ നായിക കഥാപാത്രമാണ്. ഷറഫിക്കയുടെ (ഷറഫുദ്ധീൻ) നായികയായാണ് അഭിനയിക്കുന്നത്. രണ്ടും നല്ല ചിത്രങ്ങളാണ്. ഇതാണ് എന്റെ പുതിയ പ്രോജക്ടുകൾ
Content Highlights: Aparna Das Beast Movie Ilayathalapthy Vijay Nelson Dilipkumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..