സൂര്യ സാറിനൊപ്പം അഭിനയിക്കുമ്പോൾ ടെൻഷനടിക്കേണ്ടി വന്നിട്ടില്ല; അപർണ പറയുന്നു


ശ്രീലക്ഷ്മി മേനോൻ/ sreelakshmimenon@mpp.co.in

 ഒന്നുമറിയാതെ വന്ന്  അഭിനയിച്ചതിന്റെ ആ നിഷ്കളങ്കത തന്നെയാണ്  ജിംസി ഇന്നും ആളുകളുടെ മനസിൽ നിൽക്കുന്നതിന് കാരണം.

-

ഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസിയായി വന്ന് പ്രേക്ഷകരുടെ ഉള്ളിൽ കയറിക്കൂടിയ താരമാണ് അപർണ ബാലമുരളി. നാല് വർഷത്തിനുള്ളിൽ മലയാളത്തിലും തമിഴിലുമായി ഇരുപതിലധികം ചിത്രങ്ങളിൽ വേഷമിട്ട അപർണയോട് മലയാളികൾക്കെന്നും അടുത്ത വീട്ടിലെ കുട്ടിയോടെന്ന പോലെ സ്നേഹമാണ്. ഒരുപക്ഷേ അപർണ ഇതുവരെ ചെയ്ത കഥാപാത്രങ്ങളും അതിന് കാരണമാകാം. അഭിനയ ജീവിതത്തിലെ വലിയൊരു സന്തോഷത്തിനിടയിലാണ് അപർണയോട് സംസാരിക്കുന്നത്. കരിയറിലെ തന്റെ മൂന്നാമത്തെ തമിഴ് ചിത്രം, അതും സൂര്യയുടെ നായികയായി. സുധ കോങ്ക്ര ഒരുക്കുന്ന സൂരരൈ പോട്രിൽ സൂര്യയുടെ ഭാര്യയായി അഭിനയിക്കുന്നത് അപർണയാണ്. സിനിമാ വിശേഷങ്ങളുമായി അപർണ മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു

പുതിയ സന്തോഷം

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ​ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സൂരരൈ പോട്ര്. സൂര്യ സാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. മുഴുനീള കഥാപാത്രമാണ്. ഞാനിത് വരെ ചെയ്ത കഥാപാത്രങ്ങലെ വച്ച് നോക്കുമ്പോൾ വളരെ പക്വതയുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ചിത്രീകരണം പൂർത്തിയായതാണ്. അതിനിടയിലാണല്ലോ ലോക്ക്ഡൗണും മറ്റും വന്നത്. ഒടിടി റിലീസ് ഉണ്ടാവില്ലെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം. അറിയില്ല എന്താണ് തീരുമാനമെന്ന്.

വലിയ ഭാ​ഗ്യം

സൂര്യ സാറിനൊപ്പം സ്ക്രീൻ സ്പേസ് പങ്കുവയ്ക്കാനായത് ഭാ​ഗ്യമായാണ് കരുതുന്നത്. ഇത്രയും സീനിയറായ ഒരു സൂപ്പർസ്റ്റാറിനൊപ്പം ഞാൻ ആദ്യമായാണ് അഭിനയിക്കുന്നത്. വളരെ കൂളായ ഒരു വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ടെൻഷനടിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല. വളരെയധികം പിന്തുണ തന്നിരുന്നു അദ്ദേഹം. വളരെയധികം ആത്മാർഥതയുള്ള വ്യക്തിയാണ്. ഒരുപാട് നടന്മാർ ഇന്ന് സാമൂഹിക സേവനങ്ങൾ ചെയ്യുന്നുണ്ട്. സൂര്യ സാറിന്റെ അ​ഗരവും അത്തരത്തിൽ വലിയ ലക്ഷ്യങ്ങൾ ഉള്ള സംഘടനയാണ്. അതിന് പിന്നിലുള്ള കഷ്ടപ്പാടെല്ലാം അദ്ദേഹത്തോട് സംസാരിക്കുമ്പോൾ നമുക്ക് മനസിലാകും.

എന്റെ നായകന്മാർ

ഞാൻ ചെയ്ത ചിത്രങ്ങളിലെ നായകന്മാരുമായെല്ലാം വളരെ കംഫർട്ടബിളായാണ് ജോലി ചെയ്തത്. അതിൽ‍ ആസിഫിക്ക സത്യത്തിൽ എന്റെ കുടുംബാം​ഗം തന്നെയാണ്. എന്റെ അച്ഛനുമമ്മയുമായെല്ലാം വളരെ അടുപ്പമുണ്ട് ആസിഫിക്കയ്ക്ക്. മൂന്ന് ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. സൺഡേ ഹോളിഡേ, ബിടെക്, തൃശ്ശിവപേരൂർ ക്ലിപ്തം. ഒരു ഫാമിലി മൂഡായിരുന്നു അഭിനയിക്കാൻ പോകുമ്പോൾ ഈ മൂന്ന് ചിത്രങ്ങളിലും.
അതുപോലെ എന്റെ ആദ്യ നായകനാണ് ഫഹദിക്ക. മഹേഷിന്റെ പ്രതികാരത്തിന്റെ സെറ്റ് തന്നെ വളരെ സന്തോഷം നിറഞ്ഞ സെറ്റായിരുന്നു. പുള്ളിയോടൊപ്പമുള്ള അഭിനയവും അത് പോലെ തന്നെയാണ്. വളരെ കൂളായ ആളാണ്.

നിഷ്കളങ്ക വിജയം

സത്യം പറഞ്ഞാൽ മഹേഷിന്റെ പ്രതികാരം ചെയ്യുന്ന സമയത്ത് അഭിനയത്തേക്കുറിച്ചോ സിനിമകളെക്കുറിച്ചോ ഞാൻ ഒന്നും തന്നെ ചിന്തിച്ചിരുന്നില്ല. അതിന് മുമ്പ് സെക്കൻഡ് ക്ലാസ് യാത്രയാണ് ചെയ്തത്. അതിൽ ഒരു പാട്ട് സീനിൽ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് എന്റെ കരിയർ എന്ന് വിചാരിച്ചല്ല ഞാൻ സിനിമയിലേക്ക് വന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ ചിത്രീകരണം തന്നെ വളരെ കൂളായ ഒന്നായിരുന്നു. പുതിയ അനുഭവമായിരുന്നു. ഒന്നുമറിയാതെ വന്ന് അഭിനയിച്ചതിന്റെ ആ നിഷ്കളങ്കത തന്നെയാണ് ജിംസി ഇന്നും ആളുകളുടെ മനസിൽ നിൽക്കുന്നതിന് കാരണം. അതിലെ ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയായിരുന്നു. ഒരുപക്ഷേ ആ സിനിമയുടെ വിജയവും ഇതേ നിഷ്കളങ്കത തന്നെയാകും. ആ നിഷ്കളങ്കത പക്ഷേ ഇന്നില്ല. ഒരുപാട് കാര്യങ്ങളിൽ ടെൻഷൻ നമുക്ക് തോന്നും, സിനിമ തിരഞ്ഞെടുക്കാൻ ഒരുപാട് കാര്യങ്ങൾ ചിന്തിക്കുന്നു അങ്ങനെ അങ്ങനെ.

എന്റെ കഥാപാത്രങ്ങളും ഞാനും

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയും സൺഡേ ഹോളിഡേയിലെ അനുവും ഞാനുമായി റിലേറ്റ് ചെയ്യാനാവുന്ന കഥാപാത്രങ്ങളാണ്. കാമുകിയിലെ അച്ചാമ്മ എന്റെ അതേ പ്രായത്തിലുളള കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഓവർ പക്വത അഭിനയിക്കേണ്ടി വന്നില്ല. ഞാനുമായി ഒട്ടും സാമ്യമില്ലാത്തതും എന്നാൽ എനിക്കേറെ അഭിനന്ദനം കിട്ടിയ കഥാപാത്രമായിരുന്നു സർവോപരി പാലാക്കാരനിലെ അനുപമ. ഭയങ്കര ബോൾഡായ കഥാപാത്രം. ഇന്നും ഒരുപാട് പേർ ആ കഥാപാത്രത്തെ കുറിച്ച് എന്റെയടുത്ത് പറയാറുണ്ട്.

പാട്ടിന്റെ വഴിയിൽ

ഞാൻ പാട്ട് പാടുമെന്ന് ഇപ്പോൾ ഒരുവിധം എല്ലാവർക്കുമറിയാം.. എന്നാൽ പ്രൊഫഷണലാണോ എന്ന് ചോദിച്ചാൽ ഞാൻ പ്രാക്ടീസ് ചെയ്യുന്നതിൽ അൽപം പുറകോട്ടാണ്. എന്നെ ഒരു ​ഗായികയായി സം​ഗീത സംവിധാകർ വിളിക്കാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. നമ്മളുമായി അത്രയും ക്ലോസായ സംവിധായകനാണെങ്കിൽ നമ്മളെകൊണ്ട് പാടിക്കാറുമുണ്ട്.. മഹേഷിന്റെ പ്രതികാരത്തിൽ ഒട്ടും നിനച്ചിരിക്കാതെയാണ് പാടിയത്. വിജയ് യേശു​ദാസിനൊപ്പം മൗനങ്ങൾ എന്ന ​ഗാനം. ഭയങ്കര സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. പിന്നെ പാടിയ പാട്ടുകളും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. സൺഡേ ഹോളിഡേയിലെ മഴ പാടും എന്ന ​ഗാനം ദീപക്കേട്ടന്റെ (ദീപക് ദേവ്) സം​ഗീതത്തിൽ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മനോഹരമായ ​ഗാനങ്ങളിൽ ഒന്നാണ്. ജിസ് ചേട്ടനാണ് അതിന്റെ ​ഗാനരചയിതാവ് (സംവിധായകൻ ജിസ് ജോയ്). അദ്ദേഹം എനിക്കെന്റെ ചേട്ടനെ പോലെ തന്നെയാണ്. വീട്ടുകാരും ചേട്ടനുമായി വളരെയധികം കൂട്ടാണ്. ജിസ് ചേട്ടന് പാട്ടുകളെ പറ്റി അത്യാവശ്യം നല്ല ജ്‍ഞാനമുള്ള ആളാണ്. ഇടയ്ക്ക് അച്ഛനെ വിളിച്ച് പാട്ടിനെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. പാട്ടിനെക്കുറിച്ചുള്ള ആ അറിവ് തന്നെയാണ് അദ്ദേഹത്തിന്റെ ​ഗാനങ്ങളിലും കാണാനാവുക.

ഇനിയും നല്ല പാട്ടുകൾ പാടണമെന്ന് തന്നെയാണ് എന്റെ ആ​ഗ്രഹം. ലോക്ക്ഡൗൺ സമയത്ത് അച്ഛനോടൊപ്പം ഒരു നോക്ക് കാണുവാൻ എന്ന ​ഗാനത്തിന് കവർ ഒരുക്കിയതും പാട്ടിനോടുളള ഇഷ്ടം കൊണ്ട് തന്നെയാണ്. ഭാവിയിൽ ചിലപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങുമായിരിക്കും. അതിൽ സം​ഗീതവും നൃത്തവുമായിരിക്കും പ്രധാനമായും കണ്ടന്റ് ആയി ഉണ്ടാവുക.

അഭിനയം, സം​ഗീതം , ആർകിടക്ച്ചർ

ആർകിടക്ച്ചർ ഫൈനൽ ഇയറാണ്. ഫൈനൽ റെക്കോർഡും തീസിസും തീരാറായി. രണ്ട് മാസത്തിനുള്ളിൽ അത് തീരും. ഭാവിയിൽ ആർകിടക്ച്ചർ രം​ഗത്ത് തന്നെ തുടരുമോ അതോ അഭിനയവും സം​ഗീതവുമായി മുന്നോട്ട് പോകുമോ എന്നൊക്കെ ചോദിച്ചാൽ അറിയില്ല. ഒന്നിനും എന്നെതന്നെ സമ്മർദ്ദം ചെലുത്തുന്ന ആളല്ല ഞാൻ. പാട്ടിന്റെ കാര്യത്തിൽ ഞാൻ കുറേ കൂടി പഠിക്കാൻ ശ്രമിക്കും പ്രാക്ടീസ് ചെയ്യും. സിനിമയുടെ കാര്യം പ്രവചനാതീതമല്ലേ. ഇപ്പോൾ തന്നെ ഒരുപാട് പേർ വീട്ടിലിരിക്കുകയല്ലേ സിനിമയൊന്നും ഇല്ലാതെ. നമുക്കറിയില്ലല്ലോ എന്താണ് സംഭവിക്കുക എന്ന്. ഒരു ജോലി എന്ന രീതിയിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ആർകിടക്ച്ചർ മേഖല തന്നെ തിരഞ്ഞെടുക്കും. അത് വരുന്ന പോലെ...

Content Highlights : Aparna Balamurali Interview Soorarai Pottru Surya Asif Ali fahad Faasil Maheshinte Prathikaram Sunday holiday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented