അപർണ ബാലമുരളി | ഫോട്ടോ: മാതൃഭൂമി
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'തങ്കം' പ്രദര്‍ശനത്തിനൊരുങ്ങി. ജോജിക്കുശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ സഹീദ് അരാഫത്താണ്. പുതിയ സിനിമയുടെ പ്രതീക്ഷകളുമായി അപര്‍ണ ബാലമുരളി സംസാരിക്കുന്നു
പ്രദര്‍ശനത്തിനൊരുങ്ങുന്ന 'തങ്കം' സിനിമയുടെ വിശേഷങ്ങള്‍...
കാപ്പയിലും ഇനി ഉത്തരത്തിലുമെല്ലാം ബോള്‍ഡായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് തങ്കത്തിലെ കീര്‍ത്തി. തൃശ്ശൂരിലെ ഇടത്തരം കുടുംബത്തില്‍ കഴിയുന്നവള്‍. സ്വര്‍ണക്കച്ചവടമാണ് ഭര്‍ത്താവിന്. അവരുടെ ജീവിതത്തിലെ സന്തോഷങ്ങളിലൂടെയും ആകസ്മികമായി വന്നുകയറുന്ന ചില സംഭവങ്ങളിലൂടെയുമാണ് കഥ കടന്നുപോകുന്നത്. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് ടീമിനൊപ്പം വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞു എന്നതാണ് 'തങ്കം' നല്കുന്ന മറ്റൊരു സന്തോഷം. കോവിഡ് കാലത്തിനുമുമ്പാണ് തങ്കത്തിന്റെ കഥ കേള്‍ക്കുന്നത്. ആദ്യകേള്‍വിയില്‍ത്തന്നെ സിനിമയ്ക്കൊപ്പം ചേരാമെന്ന് സമ്മതിച്ചു. പിന്നീട് ലോക്ഡൗണെല്ലാമായി ചിത്രീകരണം നീണ്ടുപോയി. ഒരുപാട് യാത്രകള്‍ ആവശ്യമുള്ള കഥയാണ് തങ്കത്തിന്റേത്. അതുകൊണ്ടുതന്നെ ലോക്ഡൗണ്‍ വിലക്കുകള്‍ പൂര്‍ണമായി അവസാനിക്കുന്നതുവരെ ഞങ്ങള്‍ കാത്തുനിന്നു.
ദിലീഷ്പോത്തന്, ശ്യാം പുഷ്കരന് ടീമിനൊപ്പമാണ് അപര്‍ണ സിനിമയില്‍ ചുവടുറപ്പിക്കുന്നത്, ദേശീയപുരസ്കാരം സ്വന്തമാക്കി വീണ്ടും അവരുടെ ടീമിലേക്കെത്തുമ്പോള്‍ ലഭിക്കുന്ന കമന്റുകള്‍...
ദേശീയപുരസ്കാരനേട്ടത്തിന്റെ സന്തോഷം ആഘോഷമാക്കിയത് തങ്കം സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അന്നത്തെ ടീമിനൊപ്പം ചേരുമ്പോള്‍ എന്റെ അഭിനയത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചറിയാന്‍ എനിക്കും താത്പര്യമുണ്ടായിരുന്നു. ശ്യാമേട്ടനോട് അഭിനയത്തെക്കുറിച്ച് ചോദിച്ചു. ആദ്യസിനിമയില്‍ സീനുകള്‍ അഭിനയിക്കുംമുമ്പ് വിശദീകരണങ്ങള്‍ കൂടുതലായി നല്‍കേണ്ടിയിരുന്നെന്നും ഇന്ന് സിറ്റുവേഷന് പറയുമ്പോഴേക്കും കാര്യങ്ങള്‍ പിടിച്ചെടുക്കാന്‍ പറ്റുന്നതരത്തില് ഞാന്‍ മാറിയെന്നും അവരെല്ലാം പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചും സീനുകളെപ്പറ്റിയും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള സെറ്റായിരുന്നു തങ്കത്തിന്റേത്.
കെ.ജി.എഫും കാന്താരയുമെല്ലാം ഒരുക്കിയ ഹംബാലെ ഫിലിംസിനൊപ്പമാണ് അപര്‍ണ ഇന്ന് സഹകരിക്കുന്നത്. സിനിമയിലെ പുതിയ സന്തോഷങ്ങള്‍...
ഹംബാലെ ഫിലിംസിന്റെ ധൂമം സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചുകഴിഞ്ഞു. കന്നഡ പ്രൊഡക്ഷന്‍ കമ്പനിയാണെങ്കിലും ധൂമം മലയാളസിനിമയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഫഹദ് ഫാസിലും ഞാനും ഒന്നിക്കുന്ന സിനിമകൂടിയാണിത്. ബെംഗളൂരുവായിരുന്നു പ്രധാന ലൊക്കേഷന്‍. പവന്‍കുമാറാണ് സംവിധായകന്. സിനിമയുടെ ക്രിയേറ്റീവ് സൈഡില്‍ ജോലിചെയ്യുന്ന വിജയ് സുബ്രഹ്മണ്യമാണ് ധൂമത്തിലേക്ക് എന്റെ പേര് നിര്‍ദേശിച്ചത്. വിജയോടൊന്നിച്ച് സൂരറൈ പോട്ര് സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിക്കോട്ടിങ് പ്രമേയമായിവരുന്ന സിനിമയാണ് ധൂമം. റോഷന്, ജോയ് മാത്യു, നന്ദുച്ചേട്ടന്‍, അനുമോഹന്‍ എന്നിവരെല്ലാം കഥാപാത്രങ്ങളായെത്തുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെ ഒരുക്കുന്ന കുഞ്ചാക്കോ ബോബന് ചിത്രം പത്മിനിയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു പുതിയചിത്രം.
Content Highlights: aparna balamurali about thankam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..