'താരപദവി ഉറപ്പിക്കാൻ കൈയടിനേടുന്ന മാസ് രംഗങ്ങൾ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞു'


പി. പ്രജിത്ത്‌ | prajithp@mpp.co.in

3 min read
Read later
Print
Share

ഫഹദിനൊപ്പം നസ്രിയയുടെ തിരിച്ചുവരവ്, മൂന്നുവർഷത്തെ ചിത്രീകരണം, വിനായകന്റെ സംഗീതം, സൗബിന്റെ പാട്ട്,

-

‘‘ട്രാൻസ് എന്നാൽ ഒരു മനോനിലയാണ്. ചുറ്റുപാടുകളിൽനിന്ന് അകന്ന് നമ്മൾ നമ്മുടേതുമാത്രമായൊരു തലത്തിലേക്ക് പോകുന്ന മാനസികാവസ്ഥ. വലിയൊരു വിഷയത്തെ ഏറ്റവും ലളിതമായി അവതരിപ്പിക്കുകയാണ് ‘ട്രാൻസ്’ എന്ന സിനിമ’’- ചെറിയ വാക്കുകൾകൊണ്ട് ഫഹദ് ഫാസിൽ പുതിയ ചിത്രത്തെ അടയാളപ്പെടുത്തി. സിനിമയ്ക്ക് ട്രാൻസ് എന്ന പേരുനൽകിയ നാൾമുതൽ സംവിധായകൻ അൻവർ റഷീദിന് ചുറ്റും എന്താണ് പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന ചോദ്യം ഉയർന്നിരുന്നു. ചിത്രീകരണവേളയിൽപ്പോലും അണിയറവിശേഷങ്ങൾ പുറത്തുവിടാതെ സൂക്ഷിച്ച സംവിധായകനും നായകനും പ്രദർശനത്തിനൊരുങ്ങിയ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.

ട്രാൻസ് എന്ന പേര് സിനിമയ്ക്ക് എത്രമാത്രം അനുയോജ്യമാണ്

ഫഹദ് ഫാസിൽ: മനുഷ്യരുടെ പലതരം മാനസികാവസ്ഥകളെക്കുറിച്ചാണ് ട്രാൻസ് പറയുന്നത്. വികാരവിചാരങ്ങളെ അവതരിപ്പിക്കുന്ന കഥയ്ക്ക് ഇതിലും മികച്ചൊരു പേര് കണ്ടെത്താനാകില്ല. മാനസികാവസ്ഥ, മാനസികതലം എന്നെല്ലാം പറയുന്നതുകൊണ്ട് ഭ്രാന്തിനെക്കുറിച്ചുള്ള സിനിമയാണിതെന്ന് തെറ്റിദ്ധരിക്കരുത്. ആസ്വാദനച്ചേരുവകളെല്ലാമുള്ള ഒരു അൻവർ റഷീദ് ചിത്രംതന്നെയാണ്‌ ട്രാൻസ്.

മോട്ടിവേഷണൽ ട്രെയിനർ വിജു പ്രസാദായി ഫഹദ് ഫാസിൽ, എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം

അൻവർ റഷീദ്: ആറുവർഷം മുൻപാണ് സിനിമയുടെ ഏതാണ്ടൊരു വിഷയം കേൾക്കുന്നത്. ആദ്യ കേൾവിയിൽത്തന്നെ കേന്ദ്രകഥാപാത്രമായി ഫഹദ് ഫാസിലിന്റെ മുഖമാണ് മനസ്സിലേക്ക് വന്നത്. മറ്റാരുമില്ലേയെന്ന് ചോദിച്ചാൽ വേണമെങ്കിൽ ആകാം... പക്ഷേ, ഏറ്റവും അനുയോജ്യൻ ഫഹദ് തന്നെയായിരുന്നു. ശാരീരികമാറ്റങ്ങൾ ഏറെ ആവശ്യപ്പെടുന്ന കഥാപാത്രമാണ് ട്രാൻസിലേത്. അതുകൊണ്ടുതന്നെ ചിത്രീകരണത്തിനായി കൂടുതൽ ദിവസങ്ങൾ നൽകുന്ന ഒരു നടനെയാണ് കഥ ആവശ്യപ്പെട്ടത്. ഫഹദിനെ എനിക്കറിയാം, കഥ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന നടനാണ് അദ്ദേഹം. നിരന്തരം ചോദ്യങ്ങൾ ചോദിച്ച് വേഷം നന്നാക്കുന്നതിനായി പലതരം ഹോംവർക്കുകൾ ചെയ്യും. കഥാപാത്രത്തിന്റെ പ്രായവും അദ്ദേഹത്തോട് ചേർന്നു.

കള്ളനായും അത്യാഗ്രഹിയായും മനോരോഗിയായും ഒന്നിനുപുറകെ ഒന്നായി അഭിനയിക്കുന്നു, അത്തരം വേഷങ്ങൾ ഫഹദ് എന്ന താരത്തിന്റെ ഇമേജിന് ഇടിവുണ്ടാക്കുമോ?

ഫഹദ് ഫാസിൽ: തൊണ്ടിമുതലിലും കാർബണിലും അതിരനിലുമെല്ലാം കഥാപാത്രങ്ങൾ തന്നെയായിരുന്നു സിനിമയുടെ കരുത്ത്. വൈവിധ്യമുള്ള വേഷങ്ങൾ ചെയ്യുക എന്നതാണ്‌ നടൻ എന്നനിലയിൽ ആഹ്ലാദം നൽകുന്നത്. താരപദവി ഉറപ്പിക്കാൻ കൈയടിനേടുന്ന മാസ് രംഗങ്ങൾ കൂടുതൽ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സിൽ ഞാൻ നായകനല്ല. പക്ഷേ, കഥയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

താരപദവി എന്നെ ഭ്രമിപ്പിക്കുന്നില്ല, നല്ല നടനാകുകയെന്നതുതന്നെയാണ് ലക്ഷ്യം. എന്നെ ആരാധിക്കാനും എന്റെ സിനിമകൾ വിജയിപ്പിക്കാനും എനിക്ക് ഫാൻസ് അസോസിയേഷനുകൾ ആവശ്യമില്ല.

ട്രാൻസിന്റെ അണിയറവിശേഷങ്ങൾ

അൻവർ റഷീദ്: കന്യാകുമാരിയിൽനിന്ന് തുടങ്ങി ആംസ്റ്റർഡാമിൽ അവസാനിക്കുന്ന സിനിമയാണ് ട്രാൻസ്. കേന്ദ്രകഥാപാത്രം പലതരം മാനസികതലങ്ങളിലൂടെയും വളർച്ചകളിലൂടെയും കടന്നുപോകുന്നു. ഓരോ പ്രദേശത്തെ ചിത്രീകരണത്തിനും ഓരോ ടീം എത്തുന്ന വിധത്തിലാണ് അഭിനേതാക്കളെ ഒരുക്കിയത്. കന്യാകുമാരിയിൽ ഫഹദിനൊപ്പം ശ്രീനാഥ് ഭാസിയായിരുന്നു. കൊച്ചിയിലെ ചിത്രീകരണത്തിൽ നസ്രിയയും സൗബിനും വിനായകനും. കഥ മുംബൈയിലെത്തിയപ്പോൾ അവിടെ സംവിധായകൻ ഗൗതം മേനോനും ചെമ്പൻ വിനോദും ദിലീഷ് പോത്തനും. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ഗൗതം മേനോൻ അവതരിപ്പിക്കുന്നത്.

അഞ്ച് ഗാനങ്ങൾ കഥയ്ക്ക് കൂട്ടായി എത്തുന്നുണ്ട്. ടൈറ്റിൽ സോങ് ചെയ്തിരിക്കുന്ന വിനായകന് അഭിനയത്തെക്കാൾ താത്പര്യം സംഗീതത്തോടാണെന്ന് തോന്നിയിട്ടുണ്ട്. എന്നാലും മത്തായിച്ചാ... എന്നുതുടങ്ങുന്ന ഗാനം സൗബിനാണ് ആലപിച്ചത്. അമൽ നീരദിന്റെതാണ് ഛായാഗ്രഹണം. തിരക്കേറിയ സ്ഥലങ്ങളിലൂടെയെല്ലാമാണ് കഥാപാത്രങ്ങൾ സഞ്ചരിക്കുന്നത് അതുകൊണ്ടുതന്നെ ശബ്ദസംവിധാനത്തിന് റസൂൽ പൂക്കുട്ടിയെ കൊണ്ടുവന്നു. ബാംഗ്ലൂർ ഡെയ്‌സിനുശേഷം ഫഹദ്‌-നസ്രിയ കോമ്പിനേഷൻ വീണ്ടും വരുന്നു എന്നത് സിനിമയുടെ മറ്റൊരു ഹൈലൈറ്റാണ്. യഥാർഥജീവിതത്തിലെ ഭാര്യാഭർത്താക്കൻമാർ വെള്ളിത്തിരയിൽ മറ്റൊരു വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷകർക്ക്‌ അതൊരു കൗതുക കാഴ്ചയായിരിക്കും.

നസ്രിയയ്‌ക്കൊപ്പം വീണ്ടും ക്യാമറയ്ക്കുമുന്നിൽ, അഭിനയം ഭാര്യയ്‌ക്കൊപ്പമാകുമ്പോൾ കൂടുതൽ എളുപ്പമാകുന്നുണ്ടോ

ഫഹദ് ഫാസിൽ: ഒരിക്കലുമില്ല (കണ്ണിറുക്കിയ ചിരി). ഭാര്യ അഭിനേത്രിയായതുകൊണ്ട് എന്റെ അഭിനയം എളുപ്പമാകുന്നില്ല. പലതരം വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ടാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അനായാസ അഭിനയം എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ എന്നെ സംബന്ധിച്ച് അങ്ങനെയൊന്നില്ല. വീട്ടിൽ ഞങ്ങൾ സിനിമ ചർച്ചചെയ്യാറില്ല. ലൊക്കേഷൻ വിശേഷങ്ങളും പുതിയ കഥാപാത്രത്തെക്കുറിച്ചും നസ്രിയ ചോദിച്ചാൽ മാത്രമേ അതിനെക്കുറിച്ച് സംസാരിക്കാറുള്ളൂ. ഒരുമിച്ച് സിനിമകാണാൻ പോകുന്നതാണ്‌ പതിവ്‌.

ഒരു മലയാളസിനിമ ചിത്രീകരിക്കാൻ മൂന്നുവർഷം, സാധാരണനിലയിൽ അങ്ങനെ ഉണ്ടാകാറില്ലല്ലോ

അൻവർ റഷീദ്: സംവിധാനം മാത്രമല്ല ട്രാൻസ് നിർമിച്ചതും ഞാൻതന്നെയാണ്. മലയാളത്തിലൊരു സിനിമ നിർമിക്കാൻ മൂന്നുവർഷമെടുക്കുമെന്നുപറഞ്ഞാൽ ഒരു നിർമാതാവും ആ വഴിക്കുവരില്ല. പൂർണമായ തിരക്കഥ തയ്യാറായശേഷമല്ല ട്രാൻസിന്റെ ചിത്രീകരണം തുടങ്ങിയത്. അതുതന്നെയാണ് കാലതാമസത്തിനും കാരണം. പകുതിവരെയുള്ള തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ ചിത്രീകരണം തുടങ്ങി. അതിനുശേഷം നടക്കുന്ന കഥയുടെ ഒരു വൺലൈൻ മനസ്സിലുണ്ടായിരുന്നു. എന്നാൽ എഴുതിയിരുന്നില്ല.

ആദ്യപകുതി ചിത്രീകരിച്ചശേഷം ഫഹദ് അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലേക്കുപോയി. ആ സമയത്ത് ട്രാൻസിന്റെ ബാക്കിഭാഗങ്ങൾ എഴുതിപ്പൂർത്തിയാക്കി. പണം മുടക്കുന്നത് ഞാൻതന്നെയായതുകൊണ്ട് കൂടുതലാരോടും ചോദിക്കേണ്ടിയിരുന്നില്ല.

കഥാപാത്രങ്ങൾക്കായി മുന്നൊരുക്കങ്ങൾ നടത്താറുണ്ടോ

ഫഹദ് ഫാസിൽ: കഥയിലേക്കും കഥാപാത്രത്തിലേക്കും എത്തിച്ചേരാനായി ചില ശ്രമങ്ങൾ നടത്താറുണ്ട്. പലപ്പോഴും രണ്ടുദിവസം മുൻപേ സെറ്റിലെത്തി കാര്യങ്ങൾ മനസ്സിലാക്കുകയാണ് പതിവ്. അഭിനയിക്കേണ്ട രംഗങ്ങൾക്കായി തലേദിവസം റിഹേഴ്‌സലുകളൊന്നും നടത്താറില്ല. നമ്മൾ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ കഥാപാത്രങ്ങളെ സ്വാധീനിക്കും. എന്റെ അഭിനയത്തെ ചിട്ടപ്പെടുത്തുന്നതിൽ വായനയ്ക്ക് വലിയ സ്വാധീനമുണ്ട്.

പകുതി എഴുതിയ കഥയുമായി ചിത്രീകരണം തുടങ്ങുക എന്നതിനുപിന്നിൽ വലിയൊരു വെല്ലുവിളി ഉണ്ടായിരുന്നില്ലേ

അൻവർ റഷീദ്: അത്തരമൊരു രീതി തെറ്റാണെന്നും മോശം പ്രവണതയാണെന്നും എനിക്കറിയാം. പക്ഷേ, ആ സമയത്ത് അങ്ങനെയൊരു സാഹസം എടുത്തു എന്നുമാത്രമേ ഇപ്പോൾ പറയാനാകൂ. പണം മുടക്കുന്നത് വേറെ വല്ലവരുമാണെങ്കിൽ എന്നെ ഓടിച്ചേനെ.രണ്ടാം പകുതിക്ക് പൂർണമായ തിരക്കഥ ഇല്ലെങ്കിലും ഏകദേശരൂപം മനസ്സിലുണ്ടായിരുന്നു. അതുതന്നെയാണ് ചിത്രീകരണം തുടങ്ങാൻ ധൈര്യം നൽകിയത്.

എന്റെ ആദ്യ സിനിമ രാജമാണിക്യം ചെയ്തതും അത്തരമൊരു ധൈര്യത്തിലാണ്. രാജ്യമാണിക്യത്തിന്റെ ചിത്രീകരണം തുടങ്ങുമ്പോൾ പതിനഞ്ച് സീനും മമ്മൂക്കയുടെ ഡേറ്റും ഒരു കച്ചവടസിനിമയുടെ ഫോർമുലയും മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. പല സീനുകളും ചിത്രീകരണത്തിന് തൊട്ടുമുൻപത്തെ ദിവസമാണ് എഴുതിച്ചിട്ടപ്പെടുത്തിയത്. ആ രീതിയിൽ ഇനി സിനിമ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചിരുന്നു. പിന്നീടൊരുക്കിയ ​​ഛോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ എന്നിവയെല്ലാം തിരക്കഥ പൂർത്തിയാക്കിയശേഷമാണ് ചിത്രീകരണം തുടങ്ങിയത്.

Content Highlights: Anwar Rasheed Fahadh Faasil Interview on Trance Movie, Nazriya Nazim

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Jailer Movie success how Nelson Dilipkumar bounced back after beast failure rajanikanth

2 min

'ബീസ്റ്റി'ന്റെ പരാജയത്തില്‍ ക്രൂരമായി പരഹസിക്കപ്പെട്ടു; ഉയര്‍ത്തെഴുന്നേറ്റ് നെല്‍സണ്‍

Aug 11, 2023


Shammy Thilakan
INTERVIEW

4 min

തിലകനെ പ്രേക്ഷകർക്ക് മടുത്തിട്ടില്ല, ആ പ്രകടനങ്ങൾ ആസ്വദിച്ച് മതിയായിട്ടില്ല -ഷമ്മി തിലകൻ

Sep 6, 2022


Sony Sai 1

2 min

'പാട്ടുകൾ ഹിറ്റായെങ്കിലും ഗായിക അറിയപ്പെടാതെ പോയി' -സോണി സായി

Sep 16, 2023


Most Commented