അൻവർ അലി : ഫോട്ടോ: എ.ജെ. ജോജി
'ചലച്ചിത്ര ഗാനരചനയുടെ ചരിത്രപാരമ്പര്യത്തില്‍ നിന്നുള്ള പ്രകടമായ വിച്ഛേദം എന്ന നിലയില്‍, കാല്‍പ്പനികമായ ഭാവുകത്വത്തിന് അപ്പുറം നിന്നുകൊണ്ട് കവിതയുടെ ബിംബകല്‍പനകളും മൊഴിവഴക്കങ്ങളും പരീക്ഷിക്കുന്ന രചനാമികവ്'- അന്‍വര്‍ അലി എന്ന കവിയ്ക്ക് ഇക്കൊല്ലത്തെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള അംഗീകാരം നല്‍കി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി പരാമര്‍ശിച്ചത് ഇങ്ങനെ. 2013-ല്‍ അന്നയും റസൂലും എന്ന രാജീവ് രവി സിനിമയിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്തെത്തിയ അന്‍വര്‍ അലി എന്ന കവി എട്ട് വര്‍ഷക്കാലത്തിനിടെ എഴുതിയത് നാല്‍പ്പതില്‍ താഴെ ഗാനങ്ങള്‍ മാത്രം. പക്ഷെ എഴുതിയ ഓരോ ഗാനവും അവാര്‍ഡ് കമ്മിറ്റിയുടെ അഭിപ്രായം പോലെ കവിതയുടെ ബിംബകല്‍പനകളും മൊഴിവഴക്കങ്ങളും പരീക്ഷിക്കുന്ന രചനാമികവിന്റെ നേര്‍കാഴ്ചകളാണ്, ഓരോ രചനയും ഒന്നിനൊന്ന് മികച്ചത്.
1983 മുതല്‍ അന്‍വര്‍ അലിയുടെ കവിതകള്‍ ആനുകാലികങ്ങളില്‍ വന്നു തുടങ്ങി. തന്റെ കവിത രചനാവഴിയില്‍ മുപ്പത് കൊല്ലം പിന്നിട്ട ശേഷം പാട്ടെഴുത്തുകാരനായ അന്‍വര്‍ അലി അതിന് മുമ്പ് ഒരു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു, എഴുത്തിന്റെ മറ്റൊരു മേഖലയില്‍. 2003-ല്‍ റിലീസ് ചെയ്ത മാര്‍ഗ്ഗം എന്ന സിനിമയിലൂടെ ഏറ്റവും മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ രാജീവ് വിജയരാഘവന്‍, എസ്. പി. രമേഷ് എന്നിവര്‍ക്കൊപ്പം അന്‍വര്‍ അലി പങ്കിട്ടു. ഇറാനിലും മൊറാക്കോയിലും നടന്ന ചലച്ചിത്രോത്സവങ്ങളിലും മാര്‍ഗ്ഗത്തിന്റെ തിരക്കഥ പുരസ്‌കൃതമായി. മലയാളത്തിലെ പ്രമുഖനായ കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മയെ കുറിച്ചുള്ള അന്‍വര്‍ അലിയുടെ ഡോക്യുമെന്ററി ഫിലിം വിവിധ ഫിലിം ഫെസ്റ്റിവലുകളിലേക്ക് പ്രവേശനം നേടിയിരുന്നു. വിവര്‍ത്തകന്‍, ഡോക്യുമെന്ററി മേക്കര്‍ ...അന്‍വര്‍ അലി എന്ന എഴുത്തുകാരന്‍ വ്യക്തിമുദ്ര പതിപ്പിച്ച മേഖലകള്‍ വിവിധവും വ്യത്യസ്തവുമാണ്.
സിനിമാപാട്ടെഴുത്ത് കവികള്‍ക്ക് ചേര്‍ന്ന പണിയല്ല എന്നായിരുന്നു മുന്‍ധാരണ; പക്ഷെ പിന്നീട് ആ ചിന്താഗതിയില്‍ മാറ്റം വന്നു
സമകാലികരും സുഹൃത്തുക്കളുമായ കവികള്‍ നല്ല പാട്ടുകള്‍ രചിക്കുകയും ആസ്വാദകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് കണ്ടതോടെയാണ് സിനിമാപാട്ടെഴുത്ത് മോശമല്ല എന്ന് തോന്നിത്തുടങ്ങിയത്. ഇപ്പോള്‍ ഈണത്തിനൊപ്പിച്ചുള്ള പാട്ടെഴുത്ത് ആസ്വദിക്കുന്നുവെന്ന് അന്‍വര്‍ അലി. 2013-ല്‍ സുഹൃത്തായ രാജീവ് രവിയുടെ നിര്‍ബന്ധത്തിലാണ് 'അന്നയും റസൂലും' എന്ന ചിത്രത്തിന് വേണ്ടി മൂന്ന് ഗാനങ്ങള്‍ എഴുതിയത്. കെ. എന്ന കൃഷ്ണകുമാറിന്റേതായിരുന്നു സംഗീതസംവിധാനം. തുടര്‍ന്ന് രാജീവ് രവിയുടെ തന്നെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലും മൂന്ന് പാട്ടുകളെഴുതി. അതേ വര്‍ഷം തന്നെ 'ജലാംശം', 'കമ്മട്ടിപ്പാടം' എന്നീ സിനിമകള്‍ക്കായി ഗാനങ്ങളെഴുതി. കമ്മട്ടിപ്പാടത്തിലെ അന്‍വര്‍ അലി രചിച്ച പുഴു പുലികള്‍, പറ പറ, കാത്തിരുന്ന പക്ഷി ഞാന്‍ എന്നീ പാട്ടുകള്‍ ഏറെ ശ്രദ്ധേയമായി.
2016-ല്‍ പുറത്തിറങ്ങിയ 'കിസ്മത്ത്', 'സഖാവ്' എന്നീ സിനിമകളിലും അന്‍വര്‍ അലിയുടെ ഗാനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. 2017-ല്‍ 'മായാനദി' എന്ന ആഷിക് അബു ചിത്രത്തിന് വേണ്ടി രചിച്ച മിഴിയില്‍ നിന്ന് മിഴിയിലേക്ക് എന്ന ഗാനം അന്‍വര്‍ അലിയ്ക്ക് നല്‍കിയത് വലിയ ആരാധകവൃന്ദത്തെയാണ്. പ്രണയത്തിന്റെ പുതിയൊരു ലോകത്തേക്ക് ഹര്‍ഷമായും വര്‍ഷമായും ശ്രോതാക്കള്‍ തോണി തുഴഞ്ഞു പോയി. റെക്‌സ് വിജയന്റെ ഈണവും ഷഹബാസ് അമന്റെ ശബ്ദവും ചേര്‍ന്നപ്പോള്‍ ഒരു തുടം നീര്‍ തെളിയിലൂടെ നമ്മളറിയാതെ പാര്‍ന്നു, അന്‍വര്‍ അലിയുടെ വരികള്‍ മലയാളികള്‍ ഏറ്റുപാടി. അക്കൊല്ലം തന്നെ 'എസ്ര'യിലെ തമ്പിരാന്‍ എന്ന പാട്ടും ശ്രദ്ധ നേടി. പടയോട്ടം, ഈട, സുഡാനി ഫ്രം നൈജീരിയ, കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്നീ സിനിമകളിലാണ് 2018-ല്‍ അന്‍വര്‍ അലിയുടെ ഗാനങ്ങള്‍ ഉള്‍പ്പെട്ടത്.
"തന്റെ എഴുത്തിന്റെ ഫോമിനെ എന്നുമെന്നും പുതുക്കിക്കൊണ്ടിരിക്കുന്ന, വളരെ ശ്രദ്ധ കൊടുക്കുന്ന മലയാളത്തിന്റെ കവികളില്‍ ഒരാളാണ് അന്‍വറിക്ക. അത്തരത്തില്‍ ആ ഫോം പുതുക്കുന്നതിന്റെ ഭാഗമായിട്ടുള്ള വാക്കുകളുടെ ഒരു പ്രത്യേകതരം ചേര്‍പ്പ്-നമ്മളൊട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചേര്‍പ്പ്- ആണ് അദ്ദേഹത്തിന്റെ പാട്ടുകളില്‍ ഏറ്റവും സ്വാദുള്ളതായിട്ട് തോന്നാറുള്ളത്. ആറ്റൂരിനെ ഏറെ ഇഷ്ടപ്പെടുത്തുകയും ആറ്റൂരിനെ ഏറെ പിന്തുടരുകയും ചെയ്തിട്ടുള്ള ഒരാളാണ് അന്‍വറിക്ക. ആറ്റൂരിന്റേതു പോലെ, പക്ഷെ തന്റെ മൗലികമായ വാക്കുകളുടെ ഒരു ചേര്‍പ്പ്-നമ്മെ അത്യധികം രുചിപ്പിക്കുന്നത്-അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളിലും കാണും. അദ്ദേഹത്തിന്റെ പാട്ടുകളും എഴുത്തുകളുമൊക്കെ ഇഷ്ടമാണെങ്കിലും അന്‍വറിക്കയുടെ ഒരു പുതിയ പാട്ട് വരുമ്പോള്‍ വാക്കുകളുടെ ഈ ചേര്‍പ്പ് കേള്‍ക്കാനാണ് ഏറെ കാത്തിരിക്കാറ്. അത് നമ്മളെ നിരാശപ്പെടുത്താതെ അന്‍വറിക്ക പാട്ടുകളില്‍ കൊണ്ടു വരികയും ചെയ്യും"
-ബി.കെ. ഹരിനാരായണന്‍ (കവി, ഗാനരചയിതാവ്)
2019-ല്‍ പുറത്തിറങ്ങിയ 'തൊട്ടപ്പനി'ലേയും 'കുമ്പളങ്ങി നൈറ്റ്‌സി'ലേയും ഗാനങ്ങള്‍ ശ്രോതാക്കള്‍ ഹൃദയം കൊണ്ടാണ് കേട്ടത്. 'തൊട്ടപ്പനി'ലെ പ്രാന്തങ്കണ്ടലിന്‍ കീഴെ എന്ന ഗാനം തികച്ചും വ്യത്യസ്തമായ പ്രണയഗാനമായിരുന്നു. കണ്ടലുകള്‍ക്ക് ഇത്രയും അഴകും ആഴവുമുണ്ടെന്ന് തോന്നിപ്പിച്ച ഗാനമായിരുന്നു അത്. 'കുമ്പളങ്ങി നൈറ്റ്‌സി'ലെ ചെരാതുകള്‍ തോറും നിന്‍ തീയോര്‍മയായ്...സ്‌നേഹവും പ്രണയവും കരുതലുമെല്ലാം സംഗീതാസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കി. ഇരു നിലാവലയായ് കിനാക്കുടിലില്‍ ചെന്നണയുന്ന, പ്രണയജാലകഥ പലവുരു പറയുകയും തുടരുകയും ചെയ്യുന്ന പ്രണയികളുടെ ഉയിരില്‍ തൊടുന്ന ഗാനവും വ്യത്യസ്തത പകര്‍ന്നു, ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.
പെങ്ങളില, ഭൂമിയിലെ മനോഹര സ്വകാര്യം, ഹലാല്‍ ലവ് സ്റ്റോറി, വിശുദ്ധരാത്രികള്‍, ആര്‍ക്കറിയാം, നായാട്ട്, മാലിക്ക്... തുടര്‍ന്ന് വന്ന ഗാനങ്ങളും വ്യത്യസ്തമായി. തീവ്രപ്രണയത്തെ വാക്കുകളിലാവാഹിച്ച സ്മരണകള്‍ കാടായ് എന്ന ഗാനവും മാലിക്കിലെ തീരമേ തീരമേയും അന്‍വര്‍ അലി എന്ന പാട്ടെഴുത്തുകാരന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിക്കൊടുത്തു. 2019-ല്‍ 'മായാനദി'യിലെ ഗാനം ഫിലിം ഫെയര്‍(സൗത്ത് ബെസ്റ്റ് ലിറിസിസ്റ്റ്) അവാര്‍ഡിനും 'കുമ്പളങ്ങി നൈറ്റ്‌സി'ലെ ഗാനം 2019- ലെ സിപിസി സിനി അവാര്‍ഡ്‌സി(ബെസ്റ്റ് ഒറിജിനല്‍ സോങ്- സുഷിന്‍ ശ്യാം, സിതാര കൃഷ്ണകുമാറിനും ഒപ്പം)നും അന്‍വര്‍ അലിയെ അര്‍ഹനാക്കി. 'ആര്‍ക്കറിയാം' എന്ന സിനിമയിലെ ചിരമഭയമീ ഭവനം എന്ന ഗാനത്തിലെ 'ഏതൂരിലും പുകയും അതിന്‍ സ്മൃതിയാം കനല്‍' തുടങ്ങിയ വരികള്‍ നമ്മില്‍ ഗൃഹാതുരത്വം ഉണര്‍ത്തും.
'മറുവിളി'- ആറ്റൂരിന് നല്‍കാവുന്ന ഏറ്റവും മികച്ച ആദരം
ആറ്റൂരിന്റെ കാവ്യജീവിതയാത്രയെ പൂര്‍ണമായി സ്പര്‍ശിച്ചു കൊണ്ടുള്ള ഡോക്യുമെന്ററി ഫിലിമാണ് മറുവിളി. ഒരു ചലച്ചിത്രം പോലെ തന്നെ കണ്ടിരിക്കാവുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഫിലിം ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആറ്റൂരിന് നല്‍കാവുന്ന ഏറ്റവും മികച്ച ആദരമായി. ആറ്റൂരിന്റെ തന്നെ ഒരു കവിതയുടെ തലക്കെട്ടാണ് ഡോക്യുമെന്ററിയ്ക്ക് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഓഫ് കേരള(2015), മുംബൈ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍(2016), സൈന്‍സ് ഫെസ്റ്റിവല്‍(SIGNS Festival 2015)എന്നിവയിലേക്ക് മറുവിളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൈന്‍സ് ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ബയോപിക്കിനുള്ള പുരസ്‌കാരം മറുവിളി നേടുകയും ചെയ്തു. ആറ്റൂരിന്റെ സഹപ്രവര്‍ത്തകര്‍, സമകാലീന എഴുത്തുകാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആറ്റൂരിന്റെ പിന്‍തലമുറ എഴുത്തുകാര്‍ തുടങ്ങി നിരവധി പേരെ ഉള്‍പ്പെടുത്തിയാണ് മറുവിളി ഒരുക്കിയിരിക്കുന്നത്.
ശ്രേഷ്ഠനായ ഒരു എഴുത്തുകാരന് വേണ്ടി അതിന് മുമ്പോ ശേഷമോ ഇത്തരത്തിലുള്ള ഒരു ചിത്രം നിര്‍മിച്ചതായി ചരിത്രമില്ല. 'മൈല്‍സ്‌റ്റോണ്‍ പൊയറ്റ്' (milestone poet) എന്നാണ് അന്‍വര്‍ അലി ആറ്റൂരിനെ വിശേഷിപ്പിക്കുന്നത്. മലയാള സാഹിത്യചരിത്രത്തില്‍ മഹാനായ എഴുത്തുകാരനായി രേഖപ്പെടുത്തുന്ന നാമമായിരിക്കും ആറ്റൂരിന്റേത് എന്ന് അന്‍വര്‍ അലി പറയുന്നു. അദ്ദേഹത്തിന് ആദരവോ അംഗീകാരമോ വേണ്ട വിധത്തില്‍ ലഭിച്ചിരുന്നോ എന്ന കാര്യം സംശയമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആദരവ് അര്‍ഹിക്കുന്ന എഴുത്തുകാരനെന്ന നിലയിലാണ് ആറ്റൂരിന്റെ ഒരു ബയോപിക് നിര്‍മിക്കാമെന്ന ആശയത്തിന് പിന്നിലെന്ന് അന്‍വര്‍ അലി കൂട്ടിച്ചേര്‍ക്കുന്നു. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കോ സാഹിത്യവിദ്യാര്‍ഥികള്‍ക്കോ ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ നിര്‍മിച്ച ഫിലിമിന്റെ പകര്‍പ്പ് കേരളത്തിലെ ഒരു സര്‍വകലാശാല പോലും അവരുടെ ലൈബ്രറിയിലേക്ക് വാങ്ങി സൂക്ഷിച്ചിട്ടില്ലെന്നുള്ളത് ഖേദിപ്പിക്കുന്നതാണെന്നും 'മറുവിളി'യുടെ സംവിധായകന്‍ പറയുന്നു.
അന്‍വര്‍ അലിയുടെ പ്രധാന കൃതികള്‍: ടോട്ടോച്ചാന്‍-ജനാലയ്ക്കരികിലെ പെണ്‍കുട്ടി(വിവര്‍ത്തനം), ഞാന്‍ റപ്പായി(നോവെല്ല), മഴക്കാലം(കവിതാസമാഹാരം), എറ്റേണല്‍ സ്‌കള്‍പ്‌ച്ചേഴ്‌സ്(Eternal Sculptures-Poetry Collection in English), ആടിയാടി അലഞ്ഞ മരങ്ങള്‍, ഒരു ഗ്രാമത്തിന്റെ നാഡി(സിര്‍പി ബാലസുബ്രഹ്മണ്യത്തിന്റെ കവിതാസമാഹാരത്തിന്റെ പരിഭാഷ)-1992 ല്‍ കുഞ്ചു പിള്ള പുരസ്‌കാരം, 2000 ല്‍ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ടോട്ടോച്ചാന്‍, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി
ലോകപ്രശസ്ത ജപ്പാനീസ് കൃതിയായ ടോട്ടോച്ചാന്‍, ദ ലിറ്റില്‍ ഗേള്‍ അറ്റ് ദ വിന്‍ഡോയുടെ മലയാള പരിഭാഷ അന്‍വര്‍ അലിയുടേതാണ്. 1992-ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ആദ്യമായി ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. തെത്സുഗോ കുറോയോനഗിയാണ് ടോട്ടോച്ചാന്‍, ദ ലിറ്റില്‍ ഗേള്‍ അറ്റ് ദ വിന്‍ഡോ എന്ന കൃതിയുടെ രചയിതാവ്. ഗ്രന്ഥകാരിയുടെ തന്നെ കുട്ടിക്കാല അനുഭവങ്ങളാണ് പുസ്തകരൂപത്തില്‍ പിന്നീട് പുറത്തിറങ്ങിയത്. ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് അന്‍വര്‍ അലിയെ പരിഭാഷകനാക്കിയത്. ശാസ്ത്രസാഹിത്യപരിഷത്തിലെ കെ. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്.
പുസ്തകത്തിന്റെ പതിനഞ്ചോളം പതിപ്പുകള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
"എം.എ. കഴിഞ്ഞ് തേരാപാരാ നടക്കുന്ന കാലത്താണ് പുസ്തകം പരിഭാഷപ്പെടുത്താനുള്ള ഉത്തരവാദിത്വം തേടിവരുന്നത്. ഇംഗ്ലീഷ് പതിപ്പില്‍നിന്നായിരുന്നു പരിഭാഷപ്പെടുത്തിയത്. ആദ്യത്തെ രണ്ട് മൂന്ന് അധ്യായങ്ങള്‍ വേഗത്തില്‍ ചെയ്തു. പിന്നീട് ഉഴപ്പി. പിന്നീട് പരിഷത്തിന്റേയും കൃഷ്ണകുമാര്‍ സാറിന്റേയും സമ്മര്‍ദ്ദം കൊണ്ട് ഒറ്റയിരിപ്പിനാണ് ബാക്കി ഭാഗം തീര്‍ത്തത്. അപ്പോഴേക്കും എം.ഫില്‍ പഠനം പൂര്‍ത്തിയായിരുന്നു. പുസ്തകത്തിന്റെ അവസാനഭാഗമെത്തുമ്പോഴേക്കും കരഞ്ഞിരുന്നു. അത്രയധികം പുസ്തകത്തിലേക്ക് ആവേശിക്കപ്പെട്ടിരുന്നു. സര്‍ഗ്ഗാത്മകപ്രവൃത്തികളില്‍ വളരെയധികം ആത്മസംതൃപ്തി നല്‍കിയ ഒന്നായിരുന്നു ടോട്ടോച്ചാന്റെ തര്‍ജ്ജമ"-അന്‍വര്‍ അലി.
"തൊണ്ണൂറുകളില്‍ മലയാളത്തിലെ വേറിട്ട ശബ്ദമായ അന്‍വര്‍ അലിയുടെ കവിത ഞാന്‍ ആദ്യം വായിച്ചത്, കുന്നിന്‍ മുകളില്‍ നിന്ന് സിനിമാപ്പാട്ടുപാടി ഉല്ലാസവാനായി സൈക്കിളോടിച്ചു വരുന്ന ഒരു കുസൃതിപ്പയ്യന്റെ പാട്ടായിട്ടാണ്. പിന്നീട് അതില്‍ രാഷ്ട്രീയം ഉച്ചത്തില്‍ മുഴങ്ങി. പോപ് സംഗീതത്തിന്റെ, സിനിമാപ്പാട്ടിന്റെയൊക്കെ രീതിയില്‍ അന്‍വറലി സോഫ്റ്റല്ലാത്ത, മധുരിക്കുന്നതല്ലാത്ത,കയ്പു തുപ്പുന്ന കവിതകളെഴുതുന്ന കവിയായി വളര്‍ന്നു. കഥാഖ്യാനം കവിതയുടെ അന്തര്‍ധാരയായി. വാക്കുകളില്‍ രോഷം മുഴച്ചു. നിലവിലെ കാവ്യഭാഷയില്‍ നിന്ന് കുതറി നില്‍ക്കുന്ന മറ്റൊരു കാവ്യഭാഷയാണ് അന്‍വറലിയെ വ്യത്യസ്തനാക്കുന്നത്. പുതിയ കാലത്തില്‍ അന്‍വറലിയുടെ കവിത, കവിത എന്ന റിട്ടണ്‍ ടെക്സ്റ്റില്‍ നിന്ന് വേറിട്ട് സാമൂഹികമാറ്റം ഉന്നം വെക്കുന്ന മറ്റൊരു മാധ്യമമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് അന്‍വര്‍ കവിതയുടെ ഇന്നത്തെ കാവ്യലക്ഷ്യം എന്ന് അന്‍വറലിയുടെ കവിത വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും തോന്നാറുണ്ട്."
-സന്ധ്യ എന്‍.പി.(എഴുത്തുകാരി, അധ്യാപിക)
മാര്‍ഗ്ഗം-സൗഹൃദക്കൂട്ടായ്മയില്‍ പിറന്ന സിനിമ;അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, അംഗീകാരങ്ങള്‍
സര്‍ഗ്ഗാത്മകസ്വപ്‌നങ്ങളുമായി നടക്കുന്ന ഒരു സംഘം സുഹൃത്തുക്കളുടെ കളക്ടീവ് എനര്‍ജിയുടെ ഫലമായിരുന്നു മാര്‍ഗ്ഗം എന്ന സിനിമ. അക്കാലത്തെ സൗഹൃദസംഘത്തിലെ രാജീവ് വിജയരാഘവന്‍, വേണു, ബീനാ പോള്‍, ജോസ് തോമസ്, എം.പി. സുകുമാരന്‍ നായര്‍, ഡോ. എസ്.പി. രമേഷ് തുടങ്ങി സംഘാംഗങ്ങള്‍ പലരും സിനിമയ്ക്ക് പിന്നിലുണ്ട്. എം. സുകുമാരന്റെ പിതൃതര്‍പ്പണം എന്ന കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് തിരക്കഥയെഴുത്ത് ആരംഭിച്ചത്. രാജീവ് വിജയരാഘവനും അന്‍വര്‍ അലിയും എസ്.പി. രമേഷും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. നെടുമുടി വേണുവാണ് മുഖ്യവേഷത്തിലെത്തിയത്. മീരാകൃഷ്ണ, ശോഭ മോഹന്‍, കെ.പി.എ.സി. ലളിത, വല്‍സല മേനോന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, വി.കെ. ശ്രീരാമന്‍, മധുപാല്‍, പി. ശ്രീകുമാര്‍ തുടങ്ങി മികച്ച താരനിര തന്നെ മാര്‍ഗ്ഗത്തിലുണ്ടായിരുന്നു. കൂട്ടായ്മയുടെ പ്രയത്‌നം പാഴായില്ല, സിനിമ നിരവധി ദേശീയഅന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി. പിറവി എന്ന ചലച്ചിത്രത്തിന് ശേഷം ഒരു പക്ഷെ ഏറ്റുമധികം വിദേശചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരിക്കും മാര്‍ഗ്ഗം.
ആകാശവാണിയും ദൂര്‍ദര്‍ശനും എഴുത്തുവഴിയുടെ രണ്ട് വ്യത്യസ്തമേഖലകളിലൂടെയുള്ള ബന്ധം
എഴുത്തുകാരനെന്ന നിലയില്‍ മാന്യതയും പ്രതിഫലവും ആദ്യം നല്‍കിയ ഇടമെന്ന നിലയില്‍ ആകാശവാണിയുമായി കടുത്ത ഹൃദയബന്ധമാണുള്ളതെന്ന് അന്‍വര്‍ അലി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കുന്ന കാലത്താണ് ആ ബന്ധം ആരംഭിച്ചത്. യുവവാണി എന്ന പരിപാടിയില്‍ കവിതകള്‍ അവതരിപ്പിക്കുമായിരുന്നു, ഇടവേള എന്ന കവിതയാണ് ആദ്യമായി റെക്കോഡ് ചെയ്തതെന്നാണ് ഓര്‍മ, അദ്ദേഹം പറയുന്നു. കൂടാതെ റേഡിയോ നാടകോത്സവങ്ങള്‍ നല്‍കിയ ആത്മവിശ്വാസവും ഏറെയാണെന്ന് അന്‍വര്‍ അലി ഓര്‍മിക്കുന്നു.
സിഡിറ്റ് നിര്‍മിച്ച ശാസ്ത്രപരിപാടിയിലൂടെയാണ് ദൂരദര്‍ശനുമായുള്ള ബന്ധം ആരംഭിക്കുന്നത്. 1991മുതല്‍ 1995 വരെ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത 'ശാസ്ത്രകൗതുകം' എന്ന പരിപാടിയിലൂടെയായിരുന്നു അത്. നെടുമുടി വേണു അവതാരകനായെത്തിയ ശാസ്ത്രകൗതുകം ആഴ്ചയിലൊരിക്കലായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. നെടുമുടി വേണുവുമായി ശാസ്ത്രകൗതുകത്തിന്റെ സ്‌ക്രിപ്റ്റിനായുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നതും ആ പരിപാടിയ്ക്ക് വേണ്ടി മണ്‍മറഞ്ഞ ആ കലാകാരന്‍ നല്‍കിയ സംഭാവനകളും ഇപ്പോഴും ഓര്‍മയിലുണ്ടെന്ന് അന്‍വര്‍ അലി കൂട്ടിച്ചേര്‍ത്തു. കൂടാതെ, മലയാള സിനിമാചരിത്രം അടിസ്ഥാനമാക്കി നിര്‍മിച്ച ഡോക്യുമെന്റി പരമ്പരയുടെ സഹനിര്‍മാതാവ് കൂടിയായിരുന്നു അന്‍വര്‍ അലി.
തൃശൂര്‍ സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ അസിസ്റ്റന്റ് പ്രൊഫസറായ അമ്പിളി എന്ന നജ്മുല്‍ ഷാഹിയാണ് അന്‍വര്‍ അലിയുടെ ഭാര്യ. അന്‍പ് എ., നൈല എ. എന്നിവരാണ് മക്കള്‍. തൃശ്ശൂരിലാണ് ഇപ്പോള്‍ താമസം.

ആരാരും കാണാത്ത
ചീലാന്തി മേലാപ്പില്‍
കൂടുമെനയും വിണ്‍പറവകളേ
നാലാളറിയാതെ നാളെക്കരിമണി
തേടി നടക്കും നെയ്യുറമ്പുകളേ
പറവകളേ ഉറുമ്പുകളേ
പിടിതരാ പരല്‍കളേ
അഴകുകളേ അടിവുകളേ
അടങ്ങിടാ തിരകളേ.... (മാലിക്ക് എന്ന ചിത്രത്തിലെ ആരാരും കാണാതെ എന്ന ഗാനത്തിലെ വരികള്‍)
അന്‍വര്‍ അലി എഴുതുകയാണ്, മലയാളികള്‍ക്ക് ആസ്വദിക്കാനും ഏറ്റു പാടാനും.
Content Highlights: Interview with Anvar Ali poet, lyricist, kerala state film award winner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..