അനുഷ്‌ക ഷെട്ടി | ഫോട്ടോ: ബി. മുരളി കൃഷ്ണൻ മാതൃഭൂമി
തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ് പുതിയ ചിത്രം 'നിശബ്ദ'ത്തിലെ സാക്ഷിയെന്ന് നടി അനുഷ്‌ക ഷെട്ടി. സംസാരശേഷിയില്ലാത്ത കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വ്യത്യസ്ത ആംഗ്യഭാഷകള്‍ പഠിച്ചെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു. തമിഴ്, തെലുഗു ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച നിശബ്ദം ഡബ്ബ് ചെയ്ത് മലയാളത്തിലും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
'തുടക്കത്തില്‍ ഒരു നിശ്ശബ്ദചിത്രമായിട്ടാണ് ഈ സിനിമ പ്ലാന്‍ ചെയ്തിരുന്നത്, അതിനായി തിരക്കഥയും ഒരുക്കിയിരുന്നു. പിന്നീട്, കൂടുതല്‍ നല്ലത് ശബ്ദസിനിമയാകുന്നതാണ് എന്ന് മനസ്സിലാക്കി തിരക്കഥ മാറ്റുകയായിരുന്നു. ആദ്യം കഥ കേട്ടപ്പോള്‍ത്തന്നെ എനിക്ക് അതിന്റെ ചിത്രീകരണ രീതിയും മറ്റും വളരെ വ്യത്യസ്തമായി തോന്നി. പുതുമയുള്ള ഒന്ന് അവതരിപ്പിക്കാനുള്ള ശ്രമം തിരക്കഥയില്‍ കാണാനുണ്ടായിരുന്നു. ചിത്രത്തിലെ എന്റെ കഥാപാത്രം സാക്ഷി ഊമയായ ഒരു ചിത്രകാരിയാണ്. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതിയൊരു ഭാഷ പഠിക്കുന്നത് പോലെയായിരുന്നു.'- അനുഷ്‌ക നിശബ്ദത്തെ കുറിച്ച് പറയുന്നു.
'സാക്ഷിയ്ക്കായി ഞാന്‍ ആദ്യം ഇന്ത്യന്‍ സൈന്‍ ലാംഗ്വേജും ഇന്റര്‍നാഷണല്‍ സൈന്‍ ലാംഗ്വേജും പഠിച്ചു. പിന്നീട് യുഎസില്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ യുഎസ് സൈന്‍ ലാംഗ്വേജും പഠിച്ചു. ആദ്യഘട്ടത്തില്‍ ആംഗ്യഭാഷയുടെ അടിസ്ഥാനപരമായിട്ടുള്ള ചില കാര്യങ്ങളാണ് പഠിച്ചത്. പിന്നീട് യുഎസില്‍ ഷൂട്ടിനായി എത്തിയപ്പോള്‍ അവിടെ അതിനായി ഒരു ട്രെയ്‌നറും ഒപ്പമുണ്ടായിരുന്നു. ഡയലോഗുകള്‍ ആംഗ്യഭാഷയില്‍ റിഹേഴ്‌സല്‍ നടത്തിയ ശേഷമായിരുന്നു ചിത്രീകരണം. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് അതാവശ്യമായിരുന്നു' -അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചിത്രം നിശബ്ദയായ പെണ്‍കുട്ടിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 'മാധവന്റെയും അഞ്ജലിയുടെയും ശാലിനി പാണ്ഡെയുടെയുമെല്ലാം കഥാപാത്രങ്ങളും ഏറെ പ്രാധാന്യമുള്ളതാണ്. ഇവരുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും അവയെല്ലാം എങ്ങനെ പരസ്പര ബന്ധിതമായിരിക്കുന്നു എന്നും അതിന്റെ തുടര്‍ച്ചയുമാണ് ചിത്രം പറയുന്നത്. അതിനാല്‍ ഇതൊരു മൂകയായ പെണ്‍കുട്ടിയുടെ കഥയാണെന്ന് പറയുന്നത് ശരിയായിരിക്കില്ല. ചിത്രത്തിലെ പല കഥാപാത്രങ്ങളില്‍ ഒരാള്‍ ഊമയാണെന്നേയുള്ളൂ.'
നിശബ്ദം തിയറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ടെന്നും സിനിമ എന്ന മാധ്യമത്തിന് തിയറ്റര്‍ എക്‌സ്പീരിയന്‍സ് പ്രധാനമാണെന്നും അനുഷ്‌ക പറഞ്ഞു. എന്നാല്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ പേരിലേക്ക് എത്താനുള്ള വഴിയൊരുക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.
'ബിഗ് സ്‌ക്രീനില്‍ സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഈ സിനിമ പ്രത്യേകിച്ചും. ഇതിന്റെ സൗണ്ട് ഡിസൈനും മ്യൂസികും വിഷ്വലൈസേഷനുമെല്ലാം തിയറ്റര്‍ അനുഭവത്തിന് വേണ്ടിയുള്ളതാണ്. ഒടിടിയില്‍ റിലീസാകുമ്പോള്‍ ലാപ്‌ടോപ്പുകളിലും ഐപാഡുകളിലും ടെലിവിഷനുകളിലുമൊക്കെയാകും ആളുകള്‍ സിനിമ കാണുന്നത്. ചിലര്‍ ഹോം തിയറ്ററുകളിലും. കാണുന്നയാള്‍ക്ക് നാം നല്‍കാനാഗ്രഹിക്കുന്ന
ക്വാളിറ്റിയുടെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തില്‍ അതൊരു വലിയ വെല്ലുവിളിയാണ്.'
'പക്ഷേ, ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. ഒടിടി റിലീസാണ് ഇപ്പോള്‍ ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം. മാത്രമല്ല, തിയറ്ററില്‍ പോകാനാവാത്ത ഒരുപാട് പേരുണ്ട്. പ്രായമായവര്‍ ഉള്‍പ്പെടെയുള്ള അത്തരക്കാരിലേക്ക് റിലീസിന്റെ ആദ്യദിവസം തന്നെ സിനിമയെത്തും. അതിനാല്‍ സിനിമ കാണാനാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാവുക. പതുക്കെ പതുക്കെയാണെങ്കിലും ഭാവിയില്‍ നമുക്ക് തിയറ്ററുകളിലേക്കും എത്താനാവുമെന്നാണ് പ്രതീക്ഷ.'- അനുഷ്‌ക പറയുന്നു
Content Highlights: Anushka Shetty, Nishabdham, R Madhavan, Gopi Sundar, Celebrity Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..