സന്തോഷ് എച്ചിക്കാനം, അനൂപ് പത്മനാഭൻ/ ദേവിക
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. ആ സമയത്തൊക്കെ നമ്മള് പ്രതീക്ഷിക്കാത്ത, നമ്മളില്‍നിന്നും ഒന്നും പ്രതീക്ഷിക്കാത്ത ആളുകളാണ് കൂടെനിന്നത്. എല്ലാവരും സുഹൃത്തുക്കളാണല്ലോ എന്ന് നമ്മള് വിചാരിക്കും. പക്ഷേ, അങ്ങനെയായിരിക്കില്ലെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. അതുതന്നെയാണ് തട്ടാശ്ശേരി കൂട്ടം എന്ന സിനിമയും പറയുന്നത്. ആഘോഷങ്ങളിലെന്നപോലെ ആപത്തിലും ചങ്കായി കൂടെനില്‍ക്കുന്ന കൂട്ടുകാരുടെ കഥയാണ് മനസ്സിലാദ്യം വന്നത്. അതാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലൂടെ സിനിമയായതും.'' താന്‍ ആദ്യമായി സംവിധാനംചെയ്ത സിനിമ കുടുംബപ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു സംവിധായകന് അനൂപ് പദ്മനാഭന്. അനൂപിന്റെ സഹോദരനും നടനുമായ ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
''പണ്ടുമുതലേ മനസ്സില്‍ സിനിമാമോഹമുണ്ട്. ചേട്ടന്റെ സിനിമകളുടെ പ്രൊമോസ് ഒക്കെ കട്ട് ചെയ്തിരുന്നത് ഞാനായിരുന്നു. പറക്കുംതളിക, ഇഷ്ടം, മീശമാധവന്... തുടങ്ങിയ സിനിമകള്‍. ആ കാലത്തേ സംവിധാനത്തെക്കുറിച്ചും ചിന്തിച്ചിരുന്നു. എന്നാല്‍, അതിനിടയില്‍ വളരെ യാദൃച്ഛികമായി നിര്‍മാതാവിന്റെ വേഷമണിയേണ്ടിവന്നു. പിന്നീട് സിനിമാവിതരണവും തിയേറ്ററിന്റെ ചുമതലകളുമായി തിരക്കിലായി. ഇങ്ങനെപോയാല്‍ ശരിയാവില്ലല്ലോ എന്നു തോന്നിയപ്പോള്‍ ചെറിയൊരു ഇടവേളയെടുത്തു. തുടര്‍ച്ചയായി സിനിമകള്ചെയ്യുന്നത് കുറച്ചു. ജിയോ പറഞ്ഞൊരു കഥ എന്റെ മനസ്സിലുണ്ടായിരുന്നു. അത് ഞാന്‍ സന്തോഷേട്ടനോട് പറയുകയായിരുന്നു. ചേട്ടന്റെ നിര്‍മാണത്തില്‍ സിനിമചെയ്യുമ്പോള്‍ ഒരു പ്രത്യേക സന്തോഷമുണ്ട്.
സിനിമയില്‍ എനിക്ക് പത്തുവര്‍ഷത്തെ അനുഭവപരിചയമുണ്ട്. ഒരു സിനിമയുടെ തുടക്കംമുതല്‍ അവസാനംവരെ എല്ലാകാര്യങ്ങളും കൃത്യമായി പഠിക്കാന്‍ ഇക്കാലംകൊണ്ട് സാധിച്ചിട്ടുണ്ട് എന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ, എന്നിലെ സംവിധായകന് എങ്ങനെയുണ്ടാവും എന്ന് സ്വയം വിലയിരുത്താന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തുനോക്കി. അതും ഒരുപാട് ഗുണംചെയ്തു. സിനിമയുടെ റിസല്‍റ്റ് എന്തുതന്നെയായാലും അത് തിയേറ്ററില്‍ത്തന്നെ റിലീസ് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഞാന്‍ സംവിധാനംചെയ്യുന്ന ആദ്യ സിനിമയല്ലേ. നന്നായി ചെയ്തിട്ടുണ്ടെടാ, ആദ്യമായി ചെയ്യുന്നതായി തോന്നുന്നില്ല എന്നാണ് ചേട്ടന് പറഞ്ഞത്. ദിലീപേട്ടന് പറ്റുന്ന കഥകള്‍ നോക്കുന്നുണ്ട്. ഞാന്‍ സംവിധാനംചെയ്യുന്ന സിനിമയില്‍ അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അപ്പോള്‍ ചൂടാറുന്നതിനുമുമ്പ് കാര്യങ്ങള്‍ നടത്തണം. ഇല്ലെങ്കില്‍ ചേട്ടന് മറന്നുപോയാലോ...''
സന്തോഷ് ഏച്ചിക്കാനം: സിനിമ ഫാമിലി എന്റര്ടെയ്നര് ആയിരിക്കണമെന്ന് പറഞ്ഞാണ് അനൂപ് എന്നെ സമീപിച്ചത്. അനൂപ് പറഞ്ഞ കഥയുടെ അടിസ്ഥാനത്തില്‍ തിരക്കഥയും സംഭാഷണവും ഒരുക്കുകയായിരുന്നു. രണ്ടു രണ്ടര വര്‍ഷം മുമ്പ്, അതായത് കോവിഡിനു മുമ്പ് പ്ലാന്‍ചെയ്ത് തുടങ്ങിയ സിനിമയാണ്.
തട്ടാശ്ശേരി എന്ന സ്ഥലത്ത് താമസിക്കുന്ന സ്വര്‍ണപ്പണിക്കാരുടെ ജീവിതമാണ് സിനിമ പറയുന്നത്. ഇതില്‍ പ്രണയമുണ്ട്, കുടുംബബന്ധത്തിന്റെ സ്നേഹവും പൊട്ടിത്തെറികളും സൗഹൃദവുമെല്ലാം കൂടിച്ചേര്‍ന്നിരിക്കുന്നു. ആലുവയിലും പരിസരത്തുമുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതമായതുകൊണ്ടുതന്നെ പുതുതലമുറയിലെ താരങ്ങളായാല്‍ നന്നായിരിക്കുമെന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അര്ജുന് അശോകനെയും ഗണപതിയെയുമൊക്കെ നമ്മള് ഇതിലേക്ക് കാസ്റ്റ്ചെയ്തത്. ഇപ്പോഴത്തെ മിക്ക സിനിമകളും അല്പം ഡാര്‍ക്ക് ഷെയ്ഡുള്ളവയാണ്. അതില്‍നിന്ന് വ്യത്യസ്തമായ, സാധാരണ ഗ്രാമീണജീവിതം തുറന്നുകാട്ടുന്ന സിനിമയാണിത്.
Content Highlights: anoop padmanabhan and santhosh echikkanam about thattassery koottam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..