യു.എസ്. നാണയത്തിലെ ചൈനീസ് മുഖം; അലക്കുകടക്കാരന്റെ മകളോടുള്ള അമേരിക്കയുടെ പ്രായശ്ചിത്തം


ശ്യാം മുരളിIn Depth

അന്ന മേയ് വോങ് | ഫോട്ടോ: എ.പി.

ന്ന മേയ് വോങ് എന്ന ഹോളിവുഡ് നടിയുടെ മുഖം അമേരിക്കന്‍ നാണയത്തില്‍ ആലേഖനം ചെയ്യാന്‍ യു.എസ് മിന്റ് തീരുമാനിച്ചതായുള്ള വാര്‍ത്ത ലോക മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. പലരും കേട്ടിട്ടില്ലാത്ത പേരായിരുന്നു ആദ്യകാല ഹോളിവുഡ് നടിയായ അന്ന മേയ് വോങ്ങിന്റേത്. പിന്നെന്തുകൊണ്ടായിരിക്കാം ആ വാര്‍ത്തയ്ക്ക് ഇത്ര പ്രാധാന്യം ലഭിച്ചത്? ആരാണ് അന്ന മേയ് വോങ്? അന്വേഷണം ചെന്നെത്തുന്നത് ഹോളിവുഡിന്റെ അധികം അറിയപ്പെടാത്ത ചില ഇരുളിടങ്ങളിലേക്കാണ്. ഒപ്പം, ഒരു നടിയുടെ ഇതിഹാസ സമാനമായ ജീവിതത്തിലേക്കും. നാണയത്തില്‍ മുഖം ആലേഖനംചെയ്തുകൊണ്ട് അന്ന മേയ് വോങ് എന്ന ചൈനീസ് വംശജയായ നടിയോട് അമേരിക്ക ചെയ്ത പ്രായശ്ചിത്തവും അതോടൊപ്പം മറനീക്കി പുറത്തുവരുന്നു.

അലക്കുകട ഉടമയുടെ മകളായി പിറന്ന്, ഹോളിവുഡിലെ ആദ്യത്തെ ഏഷ്യന്‍ വംശജയായ 'ചലച്ചിത്ര താരം' എന്ന നിലയിലേക്ക് ഉയര്‍ന്ന അന്ന മേയുടെ ജീവിതം ഐതിഹാസികമായിരുന്നു. നിശ്ശബ്ദസിനിമയുടെ കാലത്തുനിന്നാരംഭിച്ച് ശബ്ദസിനിമയുടെ, വര്‍ണസിനിമയുടെ കാലഘട്ടങ്ങളിലൂടെ വികസിച്ച്, ഹോളിവുഡ് സിനിമാ വ്യവസായത്തിന്റെ വിവിധ വളര്‍ച്ചാഘട്ടങ്ങളിലൂടെ ഒഴുകിയ ജീവിതമായിരുന്നു അന്നയുടേത്. അതേസമയം, ഹോളിവുഡിന്റെ വംശവിവേചനത്തിന്റെ വികൃത മുഖം വെളിപ്പെടുത്തുന്നതുകൂടിയാണ് അന്നയുടെ അഭിനയ ജീവിതം. ചൈനീസ് വംശജയായതിന്റെ പേരില്‍ ഹോളിവുഡിന്റെ മാസ്മരിക ഔന്നത്യങ്ങളിലേക്കെത്താതെപോയ, 'യെല്ലോ ഫേയ്‌സ്' എന്ന് അധിക്ഷേപിക്കപ്പെട്ട് ഓസ്‌കറിന് അർഹമായ കഥാപാത്രം കൈവിട്ടുപോയ നടിയാണവര്‍. അതേസമയം, പാശ്ചാത്യര്‍ക്ക് പൗരസ്ത്യരോടുള്ള വംശീയ വിദ്വേഷത്തിനെതിരേ ജീവിതംകൊണ്ട് പോരാടിയ ശക്തയായ സ്ത്രീയും കലാകാരിയുമാണ് അന്ന മേയ്.ആധുനിക സാങ്കേതികതയുടെ കലയാണ് സിനിമ എന്നു പറയാറുണ്ടെങ്കിലും വംശീയതയും ലിംഗവിവേചനവും പണാധിപത്യവും അടക്കമുള്ള ജനാധിപത്യ നിഷേധങ്ങള്‍ സിനിമയുടെ ചുറ്റുപാടുകളില്‍ എന്നുമുണ്ടായിരുന്നു. മലയാളത്തിലെ ആദ്യ നായികയായ റോസിക്ക് അനുഭവിക്കേണ്ടിവന്ന ജാതിവിവേചനവും ലിംഗവിവേചനവുമെല്ലാം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ലോക സിനിമയുടെ ആസ്ഥാനമായി കരുതപ്പെട്ടിരുന്ന ഹോളിവുഡിലും സ്ഥിതി ഭിന്നമായിരുന്നില്ല.


അന്ന മേയ് വോങ്ങിന്‍റെ മുഖം ആലേഖനം ചെയ്ത യു.എസ് നാണയത്തിന്‍റെ മാതൃക | ഫോട്ടോ: ന്യൂയോർക്ക് ടൈംസ്

വ്യത്യസ്ത മേഖലകളില്‍ നേട്ടങ്ങളുണ്ടാക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത അമേരിക്കക്കാരായ വനിതകള്‍ക്കുള്ള ബഹുമതിയായി അവരുട മുഖം നാണയങ്ങളില്‍ ആലേഖനം ചെയ്യുന്ന പദ്ധതിയാണ് അമേരിക്കന്‍ വുമണ്‍ ക്വാര്‍ട്ടേഴ്‌സ് പ്രോഗ്രാം (American Women Quarters Program). 2022-25 കാലയളവില്‍ 20 വനിതകളെയാണ് ഇത്തരത്തില്‍ ആദരിക്കുന്നത്. ഇതില്‍ അഞ്ചാമതായാണ് അന്ന മേയ് വോങ്ങിന്റെ ചിത്രം ആലേഖനംചെയ്ത നാണയം പുറത്തിറക്കുന്നത്. 'വെല്ലുവിളികളെയും തടസ്സങ്ങളെയും മറികടന്ന് തന്റെ ജീവിതകാലത്തിനിടയില്‍ അന്ന മേയ് വോങ് കരസ്ഥമാക്കിയ നേട്ടങ്ങളുടെ ആഴവും പരപ്പും പ്രതിഫലിപ്പിക്കുന്നതാണ് അവരുടെ മുഖം ആലേഖനം ചെയ്ത ഈ നാണയം' എന്ന് യുഎസ് മിന്റ് (അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ ഉപവിഭാഗം) ഡയറക്ടര്‍ വെന്‍ട്രിസ് ഗിബ്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയില്‍ വംശീയത ശക്തമായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അന്ന മേയ് ഹോളിവുഡില്‍ നടിയായെത്തുന്നത്. അമേരിക്കയുടെ വിനോദവ്യവസായ മേഖലതന്നെ വെള്ളക്കാരായ കലാകാരന്‍മാരെ മാത്രം പ്രോത്സാഹിപ്പിച്ചിരുന്ന കാലമായിരുന്നു അത്. സിനിമയില്‍ സംവിധായകരും പിന്നണി പ്രവര്‍ത്തകരും നടന്മാരുമൊക്കെ വെള്ളക്കാർ മാത്രമായിരുന്നു. മറ്റു വിഭാഗങ്ങളില്‍നിന്നുള്ള നടീനടന്മാര്‍ക്ക് ലഭിച്ചിരുന്നത് അപ്രധാന/നെഗറ്റീവ് കഥാപാത്രങ്ങളെയായിരുന്നു. ഒരിക്കലും അവര്‍ക്ക് വെളുത്ത നടീനടന്മാരേപ്പോലെ താരമൂല്യത്തിലേക്ക് ഉയരാനോ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിക്കാനോ കഴിയുമായിരുന്നില്ല. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ കരിയറില്‍ ഹോളിവുഡിന്റെ മുന്‍വിധികളെ തകര്‍ക്കാനും ആദ്യ ഏഷ്യന്‍ വംശജയായ 'താര'മായി ഉയരാനും സാധിച്ചു എന്നതാണ് അന്നയുടെ അഭിനയജീവിതത്തെ ഐതിഹാസികമാക്കുന്നത്.

ഹോളിവുഡില്‍ താരമായിമാറിയ അലക്കുകടക്കാരന്റെ മകള്‍

ചൈനയിലെ തായ്ഷാനില്‍നിന്ന് 1850-കളില്‍ അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു അന്നയുടെ മുത്തച്ഛന്‍. കാലിഫോര്‍ണിയയിലെ ചൈനാ ടൗണില്‍ ഒരു അലക്കുകട ഉടമയായിരുന്നു പിതാവ്. 1905 ജനുവരി മൂന്നിനാണ് അന്ന മേയ് വോങ് ജനിച്ചത്. മാതാപിതാക്കളുടെ എട്ട് മക്കളില്‍ രണ്ടാമത്തെ ആള്‍. ആദ്യം നല്‍കിയ പേര് വോങ് ലിയു സോങ് എന്നായിരുന്നു. പിന്നീട് സിനിമയിലേക്കെത്തിയതോടെയാണ് അന്ന മേയ് എന്ന അമേരിക്കന്‍ പേര് സ്വീകരിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ സിനിമാമേഖലയുമായി പരിചയപ്പെടാന്‍ അന്നയ്ക്ക് സാധിച്ചിരുന്നു. അതിന് അനുയോജ്യമായ സാഹചര്യം അന്നയുടെ ചുറ്റുപാടും അന്നുണ്ടായിരുന്നുതാനും.

അന്ന മേയ് വോങ് | ഫോട്ടോ: എ.പി.

അമേരിക്കന്‍ സിനിമാ വ്യവസായം (സിനിമ എന്ന കലാരൂപംതന്നെ) രൂപപ്പെട്ടുവരുന്ന കാലമായിരുന്നു 1900-ന്റെ തുടക്കകാലം. അമേരിക്കന്‍ സിനിമകളുടെ നിര്‍മാണം കാലിഫോര്‍ണിയയിലെ ഹോളിവുഡില്‍ തളിര്‍ത്തുതുടങ്ങിയ 1910-ന് ശേഷമുള്ള കാലത്തായിരുന്നു അന്നയുടെ ബാല്യം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിനിമകള്‍ കാണാന്‍ മാത്രമല്ല, ആ സിനിമകളുടെ നിര്‍മാണം നടക്കുന്ന, വീടിനു പരിസരത്തെ സിനിമാ സെറ്റുകള്‍ സന്ദര്‍ശിക്കാനും അവള്‍ക്ക് അവസരമുണ്ടായിരുന്നു. എങ്ങനെയും സിനിമയില്‍ കയറാന്‍ അവസരം പാര്‍ത്ത് നടക്കുകയായിരുന്നു പതിനാലുകാരിയായ അന്ന. അങ്ങനെയാണ് 1919-ല്‍ ചൈനക്കാരിയായ നടിയെ ആവശ്യമുണ്ടെന്ന പരസ്യം കാണുന്നത്. അച്ഛനറിയാതെ അഭിമുഖത്തില്‍ പങ്കെടുക്കുകയും 'ദി റെഡ് ലാന്റേണ്‍' എന്ന ചിത്രത്തില്‍ എക്‌സ്ട്രാ നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അപ്രധാനമായ വേഷമായിരുന്നെങ്കിലും അന്നയെ സംബന്ധിച്ച് അത് സ്വപ്നസാക്ഷാത്കാരമായിരുന്നു. പിന്നീട് സ്‌കൂള്‍ കാലത്തുതന്നെ നിരവധി ചിത്രങ്ങളില്‍ അവർ എക്‌സ്ട്രാ നടിയായി.

നടിയെന്ന നിലയില്‍ ഹോളിവുഡില്‍ ഒരു കരിയര്‍ രൂപപ്പെടുത്തുക എന്നുതന്നെയായിരുന്നു അന്നയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി 1921-ല്‍ മുഴുവന്‍സമയ നടിയാവുക എന്ന ഉദ്ദേശത്തോടെ സ്കൂള്‍ പഠനം മതിയാക്കിയെങ്കിലും പിന്നീടും ചെറുകിട വേഷങ്ങളല്ലാതെ മുഴുനീള കഥാപാത്രങ്ങളെയൊന്നും അന്നയ്ക്ക് ലഭിച്ചില്ല. എന്നാല്‍, അപ്രതീക്ഷിതമായി 1922-ല്‍ പുറത്തുവന്ന 'ദി ടെയില്‍ ഓഫ് ദി സീ' എന്ന നിശ്ശബ്ദ ചിത്രത്തില്‍ അന്നയ്ക്ക് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ഹോളിവുഡിലെ ആദ്യ 'ടെക്‌നികളര്‍' ഫീച്ചര്‍ സിനിമയായിരുന്നു ഇത്. സാധാരണഗതിയില്‍ ഒരു നടിക്ക് ലഭിക്കാവുന്ന മികച്ച തുടക്കമായിരുന്നു ഈ അവസരം. എന്നാല്‍, ഹോളിവുഡ് അന്നയ്ക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

അന്ന മേയ് വോങ് 'ദി ടെയില്‍ ഓഫ് ദി സീ' എന്ന ചിത്രത്തില്‍ | ഫോട്ടോ: commons.wikimedia.org/

ഹോളിവുഡിലെ ചുംബനവിലക്ക്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് അമേരിക്കയിലെ വെളുത്തവര്‍ വെച്ചുപുലര്‍ത്തിയിരുന്ന കടുത്ത വംശീയതയുടെ പ്രതിഫലനം ഹോളിവുഡിലും വ്യക്തമായിരുന്നു. ഏഷ്യന്‍ സംസ്‌കാരങ്ങളോടും തൊലിനിറത്തോടുമുള്ള വെറുപ്പ് പ്രത്യക്ഷത്തില്‍ത്തന്നെ അമേരിക്കക്കാരുടെ അഭിരുചികളെ ഭരിച്ചിരുന്ന കാലമായിരുന്നു അത്. സ്വാഭാവികമായും ഹോളിവുഡ് സിനിമകള്‍ അത് പ്രതിഫലിപ്പിച്ചു. ഏഷ്യന്‍ കഥാപാത്രങ്ങളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിച്ചും അവഹേളിച്ചും അവര്‍ പ്രേക്ഷകരുടെ വംശവെറികളെ തൃപ്തിപ്പെടുത്തി. അക്കാലത്ത് നിലനിന്ന നിയമങ്ങള്‍ പലതും വംശീയതയെ പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു.

വ്യത്യസ്ത വിഭാഗങ്ങളിലെ വ്യക്തികള്‍ തമ്മില്‍ വിവാഹം അടക്കമുള്ള ബന്ധങ്ങളില്‍ വംശീയ വേര്‍തിരിവ് ഊട്ടിയുറപ്പിക്കുന്ന 'ആന്റി-മിസജനേഷന്‍ ലോ' അടക്കം പ്രത്യക്ഷമായ വംശീയത നിയമപരമായി നിലനില്‍ക്കുന്ന കാലം. വ്യത്യസ്ത വംശങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ അടുത്തിടപഴകുന്നതുപോലും നിയമപ്രകാരം കുറ്റകരമായിരുന്നു. വെള്ളക്കാരല്ലാത്ത നടീനടന്മാര്‍ക്ക് കാമുകീ കാമുക വേഷം അഭിനയിക്കാനോ കാമറയ്ക്കു മുന്നില്‍ ചുംബിക്കാനോ പോലും വിലക്കുണ്ടായിരുന്നു. ഇക്കാരണംകൊണ്ടു മാത്രം നായകനായ അമേരിക്കന്‍ നടനൊപ്പം ചൈനക്കാരിയായ അന്നയ്ക്ക് അഭിനയിക്കാനാവുമായിരുന്നില്ല. അങ്ങനെ അന്ന മേയ്ക്ക് നിരവധി നായികാ വേഷങ്ങള്‍ നഷ്ടപ്പെട്ടു.

അക്കാലത്ത് ഹോളിവുഡില്‍ നിലനിന്നിരുന്ന വംശീയ കാഴ്ചപ്പാടുകള്‍ ഹോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങളെയും പ്രത്യേക വാർപ്പ് മാതൃകകളില്‍ തളച്ചിട്ടിരുന്നു. 'ഏഷ്യന്‍ മുഖമുള്ള' കഥാപാത്രങ്ങളെല്ലാം ഹോളിവുഡിനെ സംബന്ധിച്ചിടത്തോളം ക്രൂരന്മാരും വഞ്ചകരും കൊലപാതകികളുമൊക്കെയായിരുന്നു. അതുകൊണ്ടുതന്നെ നെഗറ്റീവ് ഷേഡ് ഉള്ള 'ഏഷ്യന്‍ കഥാപാത്രങ്ങളെ' മാത്രമാണ് അന്നയ്ക്ക് ലഭിച്ചത്. നടി എന്ന നിലയില്‍ വലിയ കഴിവുകള്‍ ഉണ്ടായിരുന്നിട്ടും, തന്റെ കഥാപാത്രങ്ങളിലൂടെ അത് പ്രകടമാക്കിയിട്ടും മികച്ച കഥാപാത്രങ്ങളോ നായികാ വേഷങ്ങളോ അവര്‍ക്ക് ലഭിച്ചില്ല.

'ദി തീഫ് ഓഫ് ബാഗ്ദാദ്' എന്ന ചിത്രത്തില്‍ അന്ന മേയ് വോങ് | ഫോട്ടോ: getty images

ആദ്യ നായികാ വേഷത്തിനു ശേഷം 'ദ തീഫ് ഓഫ് ബാഗ്ദാദ്' എന്ന ചിത്രത്തില്‍ ഒരു മംഗോളിയന്‍ അടിമയുടെ വേഷമായിരുന്നു അവര്‍ക്ക്. പിന്നീട് ഏറെക്കാലത്തേക്ക് അവരെ തേടിവന്നത് ഇത്തരം കഥാപാത്രങ്ങള്‍ത്തന്നെയായിരുന്നു. അടിമ, ലൈംഗികത്തൊഴിലാളി, 'വഴിപിഴച്ച'വള്‍, ദുരൂഹത നിറഞ്ഞ മറുനാട്ടുകാരി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ ഹോളിവുഡിന്റെ ഏഷ്യക്കാരോടുള്ള വംശീയ വിവേചനത്തിന് ഇരയാവുകയായിരുന്നു അവര്‍. അന്നയുടെ അഭിനയ ജീവിതത്തിന്റെ വലിയൊരു ഘട്ടം ഇത്തരം വാര്‍പ്പ് മാതൃകയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പാഴായെന്നു പറയാം.

ചെറിയ വേഷങ്ങളെങ്കിലും നിരവധി സിനിമകളില്‍ ഇക്കാലത്തിനുള്ളില്‍ അന്ന വേഷമിട്ടു. യഥാര്‍ഥത്തില്‍ അമേരിക്കയില്‍ മോശമല്ലാത്ത ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ അന്നയ്ക്ക് സാധിച്ചിരുന്നു. അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍ക്കിടയില്‍ അന്ന താരമായിക്കഴിഞ്ഞിരുന്നു. 'അമേരിക്കന്‍' അല്ലാത്ത മുഖവും മികച്ച അഭിനശേഷിയും ഒരുവിഭാഗം അമേരിക്കന്‍ പ്രേക്ഷകരുടെയും ഇഷ്ട നടിയായി അന്ന. എന്നാല്‍ ഒരു ചൈനീസ്-അമേരിക്കന്‍ സ്വത്വവുമായി ഹോളിവുഡില്‍ ഒരു പരിധിയില്‍ക്കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുന്നത് അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു.

ഹോളിവുഡിനെതിരേ പോരാടിയ 'ഡ്രാഗണ്‍ ലേഡി'

തന്റെ അഭിനയജീവിതത്തിന്റെ തുടക്കംമുതല്‍ 'ഡ്രാഗണ്‍ ലേഡി' (ചൈനീസ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഹോളിവുഡ് നല്‍കിയിരുന്ന പേര്) എന്ന സ്റ്റീരിയോടൈപ്പിനെ അന്നയ്ക്ക് നേരിടേണ്ടിവന്നിരുന്നു. തനിക്കു ലഭിച്ച അത്തരം കഥാപാത്രങ്ങളെ നിഷ്‌കരുണം തള്ളിക്കളഞ്ഞ്, നടി എന്ന നിലയില്‍ തന്റെ സ്വത്വം പ്രകടിപ്പിക്കാനുള്ള പോരാട്ടമായിരുന്നു അവര്‍ നടത്തിയത്. അത് ഒരേസമയം ഹോളിവുഡിന്റെ മുന്‍വിധികളോടും വംശീയതയോടുമുള്ള പോരാട്ടംകൂടിയായിരുന്നു. അപ്രധാന കഥാപാത്രങ്ങള്‍, തുച്ഛമായ വേതനം, വംശീയമായ കടുത്ത വേര്‍തിരിവ്- ഹോളിവുഡിന്റെ ക്രൂരമായ വിവേചനങ്ങളോട് സ്വന്തം നിലയില്‍ അവര്‍ പോരാടിക്കൊണ്ടിരുന്നു. നിരന്തരം അവഗണിക്കപ്പെട്ടപ്പോള്‍ 1924-ല്‍ മറ്റൊരാള്‍ക്കൊപ്പം ചേര്‍ന്ന് സ്വന്തമായി ഒരു സിനിമാ നിര്‍മാണ കമ്പനി അന്ന മേയ് ആരംഭിച്ചു. അന്ന മേയ് വോങ് പ്രൊഡക്ഷന്‍സ് എന്നായിരുന്നു പേര്. ചൈനീസ് സംസ്‌കാരം ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ചില നിയമപ്രശ്‌നങ്ങള്‍ മൂലം ഈ കമ്പനി മുന്നോട്ടുപോയില്ല.

ഹോളിവുഡില്‍ തനിക്ക് നേരിടേണ്ടിവന്നതിനേക്കുറിച്ച് അന്നതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്:

'(ഹോളിവുഡില്‍) എനിക്കു കിട്ടിയ വേഷങ്ങള്‍ ചെയ്ത് ഞാന്‍ മടുത്തു. എപ്പോഴും ചൈനക്കാരെ പ്രതിനായക കഥാപാത്രങ്ങളായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്? ചൈനക്കാര്‍ അതിക്രൂരന്മാരായ വില്ലന്‍മാരായി, കൊലപാതകികളും ചതിയന്മാരും കുടിലന്മാരുമായി അവതരിപ്പിക്കപ്പെടുന്നു. ഞങ്ങള്‍ അങ്ങനെയുള്ളവരല്ല', ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

1928-ല്‍ ജര്‍മന്‍ സിനിമയില്‍ അഭിനയിക്കാന്‍ ബര്‍ലിനില്‍നിന്ന് അന്നയ്ക്ക് ഓഫര്‍ വന്നു. അന്നയുടെ യൂറോപ്യന്‍ സിനിമയിലേക്കുള്ള പ്രവേശനം അങ്ങനെയാണ് സംഭവിക്കുന്നത്. തന്റെ ചൈനീസ് മുഖത്തിന് അമേരിക്കന്‍ പ്രേക്ഷകര്‍ നല്‍കുന്നതിനേക്കാള്‍ സ്വീകാര്യത യൂറോപ്യന്‍ രാജ്യങ്ങളില്‍ ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കാം. എന്തായാലും ഹോളിവുഡിന്റെ കടുത്ത മുന്‍വിധികളോട് പോരാടി തളര്‍ന്ന, അതിജീവനം അസാധ്യമെന്ന് തോന്നിച്ച ഒരു ഘട്ടത്തിലാണ് അവര്‍ യൂറോപ്പിലേക്ക് പോകുന്നത്. അവിടെ അന്നയുടെ പ്രതീക്ഷ പോലെതന്നെ സംഭവിച്ചു. യൂറോപ്യന്‍ പ്രേക്ഷകര്‍ അന്നയെ സ്വീകരിച്ചു. ജര്‍മനി, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ അവര്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചു. 1928 മുതല്‍ നിരവധി യൂറോപ്യന്‍ സിനിമകളിലും നാടകങ്ങളിലും അവര്‍ വേഷമിട്ടു. 1930-ല്‍ തന്റെ ആദ്യ ശബ്ദചിത്രമായ 'ദി ഫ്‌ളെയിം ഓഫ് ലൗവി'ല്‍ അഭിനയിച്ചു. കൂടാതെ നിരവധി ഓപ്പറകളിലും അവര്‍ പങ്കാളിയായി. യഥാര്‍ഥത്തില്‍ ഹോളിവുഡ് അവര്‍ക്ക് നിഷേധിച്ചതൊക്കെ യൂറോപ്യന്‍ സിനിമയില്‍ അവര്‍ വെട്ടിപ്പിടിച്ചു.

അന്ന മേയ് വോങ് | ഫോട്ടോ: getty images

ഒടുവില്‍ ഹോളിവുഡ് അന്നയെ തിരിച്ചുവിളിക്കുകതന്നെ ചെയ്തു. 1930-ല്‍ പാരാമൗണ്ട് സ്റ്റുഡിയോസ് അവരുടെ ചിത്രത്തില്‍ നായികയായി അന്നയെ ക്ഷണിച്ചു. കൂടാതെ അന്നയുമായി ഒരു ദീർഘകാല കരാറില്‍ ഏര്‍പ്പെടാനും അവർ തയ്യാറായി. അക്കാലത്ത് ഹോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരുന്നു പാരാമൗണ്ട്. അവരുടെ ആ ഓഫര്‍ അന്നയ്ക്ക് നിഷേധിക്കാനാവുമായിരുന്നില്ല. മാത്രമല്ല, ആ രണ്ടാംവരവ് അന്നയുടെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു. അന്നയുടെ പ്രതിഭയ്ക്കു മുന്നില്‍ ഹോളിവുഡ് പതുക്കെ പത്തിതാഴ്ത്തുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. 1932-ല്‍ പുറത്തുവന്ന 'ഷാങ്ഹായ് എക്‌സ്പ്രസ്' അന്നയെ ഹോളിവുഡിന്റെ ഉയരങ്ങളിലേക്കെത്തിച്ചു. പിന്നെ 1930 അവസാനംവരെ നിരവധി ചിത്രങ്ങളില്‍ അന്ന മേയ് തിളങ്ങി. അവര്‍ ഹോളിവുഡില്‍ 'താരം' എന്ന നിലയില്‍ സ്വീകരിക്കപ്പെട്ടു, അംഗീകരിക്കപ്പെട്ടു. അന്നയ്ക്കു ഹോളിവുഡില്‍ ലഭിച്ച പരിഗണന അവര്‍ക്കു മാത്രമായിരുന്നില്ല, ഹോളിവുഡിലെ ഭാഗ്യാന്വേഷികളായ ഏഷ്യന്‍-അമേരിക്കന്‍ നടീനടന്മാര്‍ക്കെല്ലാം വലിയ വഴിത്തിരിവായി മാറി.

ഓസ്‌കര്‍ തട്ടിത്തെറിപ്പിച്ച 'യെല്ലോ ഫേയ്‌സ്'

വംശീയത അന്നയ്ക്കുണ്ടാക്കിയ വലിയൊരു നഷ്ടത്തിന്റെ, അവഹേളനത്തിന്റെ കഥകൂടി പരാമര്‍ശിക്കാതെ അവരേക്കുറിച്ചുള്ള പറച്ചില്‍ പൂര്‍ണമാകില്ല. ലോകപ്രശസ്ത എഴുത്തുകാരി പേള്‍ എസ്. ബക്കിന്റെ പുലിറ്റ്‌സര്‍ നേടിയ 'ദി ഗുഡ് എര്‍ത്ത്' എന്ന നോവല്‍ 1937-ല്‍ സിനിമയാക്കിയപ്പോള്‍ പ്രധാന സ്ത്രീ കഥാപാത്രമായി അന്നയെയാണ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍, പിന്നീട് ആ വേഷം ജര്‍മന്‍ നടിയായ ലൂയിസ് റെയ്‌നറിന് നല്‍കപ്പെട്ടു. അന്നയ്ക്ക് അപ്രധാനമായ ഒരു വേഷവും വാഗ്ദാനം ചെയ്യപ്പെട്ടു. അന്ന അത് തിരസ്‌കരിച്ചു. അന്നയ്ക്ക് നിഷേധിച്ച വേഷം ചെയ്ത ലൂയിസ് റെയ്‌നര്‍ക്ക് ആ വര്‍ഷത്തെ ഓസ്‌കാര്‍ ലഭിക്കുകയും ചെയ്തു. വംശീയതയുടെ പേരില്‍ അന്നയ്ക്ക് കൈവിട്ടുപോയ ഓസ്‌കാര്‍ ആയി അതിനെ ചരിത്രം രേഖപ്പെടുത്തുന്നു. ഈ സംഭവം അവരെ മാനസികമായി ഏറെ തകര്‍ത്തു. സിനിമയില്‍നിന്ന് താല്‍ക്കാലികമായി പിന്‍വലിഞ്ഞ അന്ന ചൈനയിലേക്ക് പോയി.

അന്ന മേയ് വോങ് | ഫോട്ടോ: getty images

രണ്ടാംലോക മഹായുദ്ധത്തിന്റെ കാലത്ത് അന്ന ഏറെക്കുറെ സിനിമയില്‍നിന്ന് അകന്നു. യുദ്ധകാലത്ത് സന്നദ്ധപ്രവര്‍ത്തനങ്ങളിലും മറ്റും അവര്‍ സജീവമായി. ഇക്കാലത്ത് ചില പ്രൊപ്പഗണ്ട ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കുകയുമുണ്ടായി. 1950-കളോടെ വീണ്ടും അഭിനയരംഗത്ത് സജീവമായെങ്കിലും അമേരിക്കന്‍ ടെലിവിഷന്‍ സിനിമകളിലേക്കാണ് അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. കൂടാതെ, ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും തീയേറ്ററുകളുമായി സഹകരിച്ച് നാടകങ്ങളിലും വേഷമിട്ടു. ഇതിനിടയില്‍ ഏതാനും സിനിമകളിലും അഭിനയിച്ചെങ്കിലും 1950-കളുടെ അവസാനത്തോടെ അവര്‍ പൂര്‍ണമായും സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് പിന്മാറി. മദ്യത്തിന് അടിമയായിമാറിയ അന്ന കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് അവരുടെ ജീവചരിത്രകാരന്മാര്‍ പറയുന്നു. മദ്യപാനം ആരോഗ്യം ക്ഷയിപ്പിച്ചു. കരള്‍, വൃക്ക രോഗങ്ങള്‍ അവരെ കിടപ്പുരോഗിയാക്കി. 1961-ല്‍ ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനം മൂലം അന്ന മേയ് അന്തരിച്ചു.

നിശബ്ദചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ ഡ്രാമകള്‍, നാടകങ്ങള്‍ തുടങ്ങി ആദ്യത്തെ ടെക്‌നികളര്‍ സിനിമയിലടക്കം അഭിനയിച്ച അന്ന മേയുടെ ജീവിതം ഹോളിവുഡിന്റെ ചരിത്രത്തിലെ അസാധാരണമായ, ഐതിഹാസികമായ ഒരു ഏടാണ്. അതോടൊപ്പം, കഴിവുറ്റ ഒരു കലാകാരിയെ വംശീയത എങ്ങനെയൊക്കെ മുറിവേല്‍പിച്ചു എന്നതിന്റെ ക്ലാസ്സിക് ഉദാഹരണവും. എന്നാല്‍, അവര്‍ അതിജീവിച്ച പ്രതിസന്ധികള്‍, കൈപ്പിടിയിലൊതുക്കിയ നേട്ടങ്ങള്‍ ഏത് നാട്ടിലെയും കലാകാരനും സ്ത്രീക്കും അരികുവല്‍കരിക്കപ്പെടുന്ന ഏതൊരു വ്യക്തിക്കും നേട്ടങ്ങളിലേക്ക് ചുവടുവെക്കാനുള്ള ഊര്‍ജ്ജമാണ് നല്‍കുന്നത്. 60-ഓളം സിനിമകളില്‍ മാത്രമാണ് അന്ന മേയ് അഭിനയിച്ചതെങ്കിലും ഒരിക്കലും ഹോളിവുഡിന് വിസ്മരിക്കാനാകാത്ത മുദ്രകള്‍ അവർ പതിപ്പിച്ചു. അതുകൊണ്ടാണ് 'ഹോളിവുഡ് വാക്ക് ഓഫ് ഫേം' ആയി അവരെ തിരഞ്ഞെടുത്തത്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഏഷ്യന്‍ വംശജയാണ് അന്ന. മരണത്തിനു മുന്‍പ് 1960-ല്‍ ആയിരുന്നു ഇത്. അന്നയുടെ ജീവിതവും അഭിനയജീവിതവും വിഷയമാകുന്ന നിരവധി പുസ്തകങ്ങള്‍ രചിക്കപ്പെട്ടു. അവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlights: anna may wong, American Women Quarters Program, US mint, hollywood, racism, Hollywood Walk of Fame


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented