അന്ന ബെൻ| ഫോട്ടോ: ജി ആർ രാഹുൽ
ആരെങ്കിലും ഒളിച്ചോടാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ എങ്ങനെ ഒളിച്ചോടാൻ പാടില്ലെന്ന് കാണിച്ചു തരുന്ന ചിത്രമാണ് ത്രിശങ്കുവെന്ന് നടി അന്ന ബെൻ. അർജുൻ അശോകൻ അന്നബെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ പേര് പോലെതന്നെ അല്പം പെടലുകളും ആകാംക്ഷയുമെല്ലാം നിറക്കുന്നതാണ് ചിത്രമെന്നും അന്ന ബെൻ പറഞ്ഞു. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു അന്ന ബെൻ.
ത്രിശങ്കുവിൽ അല്പം പെടലും ആകാംക്ഷയുമുണ്ട്
ആരെങ്കിലും ഒളിച്ചോടാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ എങ്ങനെ ഒളിച്ചോടാൻ പാടില്ലെന്ന് കാണിച്ചു തരുന്ന ചിത്രമാണ് ത്രിശങ്കു. മേഘ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഒരു ഒളിച്ചോട്ടവും അതിന്റെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. ഒളിച്ചോട്ടത്തിനിടയിൽ കുറച്ച് അമ്മാവൻമാരുടെ ഇടയിൽ പെട്ടുപോകുന്നുണ്ട്. കാമുകനും കാമുകന്റെ പെങ്ങളും എല്ലാവരും കൂടി ത്രിശങ്കുവിലാക്കുകയാണ് ചിത്രത്തിൽ. ത്രിശങ്കു എന്ന ചിത്രത്തിന്റെ പേര് ലോഞ്ച് ആയ സമയത്ത് എല്ലാവരും ചോദിക്കുമായിരുന്നു എന്താണ് ത്രിശങ്കുവെന്ന്. ചിത്രത്തിലെ എല്ലാവരും ഓരോ പ്രശ്നങ്ങളിൽ ചെന്ന് പെടുന്നുണ്ട്. ഇതുവരെ അധികം കേട്ടിട്ടില്ലാത്ത പേരായതിനാൽ എല്ലാവർക്കും ത്രിശങ്കു എന്ന പേരിനോട് ഒരു ആകാംക്ഷയുണ്ട്.
ജിവിതത്തിലും ചെറുതായിട്ട് ത്രിശങ്കുവിലായിട്ടുണ്ട്
ജീവിതത്തിൽ പലപ്പോഴും പെട്ടുപോയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രണയമൊന്നും ഇല്ല. പരീക്ഷക്ക് കോപ്പിയടിക്കുന്നതിനിടയിലൊക്കെ പെട്ടുപോയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടെ കോപ്പിയടിക്കാൻ വേറെ കുറേ പേരുണ്ടായിരുന്നതുകൊണ്ട്പക്ഷേ അതിൽ നിന്നൊക്കെ രക്ഷപ്പെട്ടിട്ടുണ്ട്. അതൊക്കെയല്ലാതെ ജീവിതത്തിലൊരിക്കലും വലിയ ത്രിശങ്കുവിലൊന്നും പെട്ടുപോയിട്ടില്ല.
അവാർഡിനെക്കുറിച്ചൊന്നും മനസിൽ വെക്കാറില്ല
നമ്മുടെ ഇപ്പോഴത്തെ വിജയമാണ് നമ്മുടെ മുന്നിലുള്ള അടുത്തൊരു കടമ്പ കഴിക്കേണ്ട പരിപാടിയെന്ന് പപ്പ പറയാറുണ്ട്. നമ്മുടെ വർക്ക് മുമ്പ് ചെയ്തതിൽ നിന്നും മാറി അതിലും മുകളിൽ വന്ന് നിൽക്കുകയെന്ന് പറയുന്നത് കുറച്ച് ശ്രമകരമാണ്. പക്ഷേ സംസ്ഥാന അവാർഡിനെക്കുറിച്ചൊന്നും മനസിൽ വെക്കാറില്ല. നല്ല രീതിയിൽ ജോലി ചെയ്യുക, അത് ആത്മാർഥമായി ചെയ്യുക എന്നത് മാത്രമാണ് കരുതിയിട്ടുള്ളത്. ബാക്കിയുള്ളതെല്ലാം കൂടെ വന്നോളുമെന്നാണ് വിശ്വസിക്കുന്നത്.
അർജുൻ കഠിനാധ്വാനം ചെയ്യുന്ന നല്ല നടൻ
ത്രിശങ്കു എന്ന ചിത്രത്തിൽ എന്റെ കാമുകനായിട്ടാണ് അർജുൻ അശോകൻ എത്തുന്നത്. സ്കൂളിൽ എന്റെ സീനിയറായിരുന്നു അർജുൻ. അപ്പോൾ അന്ന് മുതലേ അറിയാം. പക്ഷേ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. ത്രിശങ്കുവിന് മുമ്പ് രണ്ട് മൂന്ന് ചിത്രങ്ങളിൽ ഒരുമിച്ച് ഓഫർ വന്നിരുന്നെങ്കിലും അതെല്ലാം ഓരോ കാരണങ്ങൾ കൊണ്ട് വിട്ട് പോവുകയായിരുന്നു. ഒരുപാട് കഠിനാധ്വാനം ചെയ്തും നല്ല പടങ്ങളൊക്കെ തിരഞ്ഞെടുത്തുമാണ് അർജുൻ അശോകിന്റെ സിനിമായാത്ര. നല്ല തിരക്കഥകൾ തിരഞ്ഞെടുത്തുമൊക്കെയാണ് അർജുൻ ഇപ്പോൾ സിനിമകൾ ചെയ്യുന്നത്.
ബെന്നി എന്ന പപ്പ
എപ്പോഴും തമാശപറയാനും ചിൽ ആയിരിക്കാനും താത്പര്യമുള്ളയാളാണ് പപ്പ. കല്യാണ രാമൻ സിനിമയുടെ കഥയൊക്കെ എഴുതുന്ന സമയത്ത് എഴുതി കഴിഞ്ഞിട്ട് സീനൊക്കെ ഞങ്ങളെ വായിച്ച് കേൾപ്പിക്കുമായിരുന്നു. കല്യാണരാമന്റെ സമയത്തൊക്കെ ഞങ്ങൾ ചെറുതാണ്. സാധാരണ വീട്ടിൽ ഇരുന്ന് പപ്പ എഴുതാറില്ല. പക്ഷേ ചില സാഹചര്യങ്ങളിൽ വീട്ടിലിരുന്ന് എഴുതാറുണ്ട്. അപ്പോൾ മുറിക്കുള്ളിൽ നിന്ന് പൊട്ടിച്ചിരിക്കുന്നതൊക്കെ കേൾക്കാറുണ്ട്. പപ്പ എഴുതിയ കോമഡി പപ്പ തന്നെ വായിച്ച് ചിരിക്കുന്നത് കാണാറുണ്ട്. കോമഡി വർക്കൗട്ട് ആകുമോയെന്ന് അറിയാനായി സീനൊക്കെ ഞങ്ങളോട് വന്ന് പറയാറുണ്ട്. ഞങ്ങൾ ചിരിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തുവെന്ന് പറഞ്ഞാൽ പറയും, ഹാ ലോക്കൽസിന് എന്റെ കോമഡി ഇഷ്ടമായെന്ന്.
പപ്പയുടെ ചിത്രങ്ങൾ കണ്ട് ഞങ്ങൾ അഭിപ്രായം പറയാറുണ്ട്. അതുപോലെ തന്നെ എന്റെ സിനിമ കണ്ട് പപ്പയും അഭിപ്രായം പറയാറുണ്ട്. വീട്ടിൽ തന്നെ അങ്ങനെയൊരു ക്രിട്ട്ക്സ് ഉള്ളത് നല്ലതാണെന്നാണ് കരുതുന്നത്. കാരണം അഭിപ്രായം ശരിയായിട്ട് കിട്ടും. നല്ലതാണെങ്കിൽ നല്ലതെന്നും മോശമാണെങ്കിൽ മോശമെന്നും കൃത്യമായി പറയും. നാട്ടുകാര് പറയുന്നതിനെക്കാൾ വീട്ടിലുള്ളവർ തന്നെ മോശമായി നന്നായിട്ടുണ്ട് എന്നൊക്കെ പറയുന്നത് നല്ലതാണ്. പപ്പയോടും അങ്ങനെ തന്നെയാണ്. പപ്പയുടെ ചില സീനൊക്കെ വായിച്ച് കേൾപ്പിക്കുമ്പോൾ ഞങ്ങൾ പറയും അത് കൊള്ളില്ല നല്ല ചളിയാണല്ലോയെന്നൊക്കെ. അങ്ങനെയാക്കെ പറയുമ്പോൾ സീൻ മാറ്റാറുണ്ട്. ഇതൊക്കെ വർക്കൗട്ട് ആകുന്നുണ്ടോയെന്ന് നോക്കണ്ടേ, എന്നെല്ലാം പറയാറും ഞങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാറുമുണ്ട്.
Content Highlights: anna ben actor interview, trishanku film, arjun asokan, benny p nayarambalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..