പുതുമുഖങ്ങള്‍, ആദ്യദിനം തിയേറ്റര്‍ പകുതിയിലേറെ കാലി; പിന്നീട് നടന്നത് ചരിത്രം


ജി ജ്യോതിലാല്‍

മാനത്തെ വെള്ളിത്തേര് എന്ന ചിത്രം പരാജയപ്പെട്ടതിന്റെ ക്ഷീണത്തില്‍ ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് നമ്പര്‍ വണ്‍ സ്നേഹതീരത്തിന്റെ കാലത്ത് ആലോചിച്ചിരുന്ന ഒരു കഥ ഫാസില്‍ മനസില്‍ നിന്നും പൊടിതട്ടിയെടുത്തത്. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയെടുത്തപ്പോള്‍ പലരും ഫാസിലിനെതിരെ ഒരു വിമര്‍ശനം ഉന്നയിച്ചിരുന്നു. പെണ്ണിനെ മതിലുചാടിച്ചു എന്നായിരുന്നു ആക്ഷേപം. അന്ന് ഫെമിനിസം ഇത്രയ്ക്കങ്ങ് ചൂടുപിടിച്ചിരുന്നില്ല

അനിയത്തിപ്രാവിൽ ശാലിനിയും കുഞ്ചാക്കോ ബോബനും, ഫാസിലിനൊപ്പം ശാലിനിയും കുഞ്ചാക്കോ ബോബനും

അനിയത്തിപ്രാവിന്റെ 25-ാം വര്‍ഷം (മാര്‍ച്ച് 26). ഒപ്പം അറിഞ്ഞോ അറിയാതെയോ ഒരു ചിത്രത്തില്‍ ലൊക്കേഷനുള്ള പ്രാധാന്യവും അതൊരു കഥാപാത്രവുമായി മാറുന്നതെങ്ങിനെയെന്നും....

ലപ്പുഴയിലൂടെ ട്രെയിനില്‍ കടന്നു പോവുമ്പോഴെല്ലാം ആ വീട് നോക്കാറുണ്ട്. റെയില്‍പാതയുടെ ഓരത്ത് പിരിയന്‍ഗോവണിയുള്ള, നല്ലൊരു മണിമുറ്റമുള്ള ആ വീട്ടില്‍ പലതവണ പോയിട്ടുണ്ട്. ആദ്യം അനിയത്തിപ്രാവിന്റെ ചിത്രീകരണ സമയത്ത്. ബോബന്‍ കുഞ്ചാക്കോയുടെ മകന്‍ കുഞ്ചാക്കോ അഭിനയിക്കുന്നതും ബേബിശാലിനി വല്യ ശാലിനിയായതും എല്ലാം അന്ന് മാതൃഭൂമിക്കും ചിത്രഭൂമിക്കും വേണ്ടി കവറു ചെയ്തതുമെല്ലാം ഓര്‍ക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കബീറാണ് ആദ്യം സെറ്റിലേക്ക് ക്ഷണിക്കുന്നതും ഫാസിലിനെ പരിചയപ്പെടുത്തുന്നതും. അന്ന ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ മധുമുട്ടവും ഫാസിലും ചേര്‍ന്നൊരുക്കുന്ന ദുലാരിഹര്‍ഷന്റെ കഥ പറഞ്ഞതും ഇന്നലെയെന്നോണം ഓര്‍മയിലുണ്ട്. (ആ ചിത്രം ഇതുവരെ സാധ്യമായിട്ടില്ല) പിന്നെ അനിയത്തി പ്രാവ് തമിഴത്തിപ്രാവായി മാറുമ്പോഴും ഇതേ വീട്ടില്‍ വിജയും ശാലിനിയും രാധാരവിയുമെല്ലാം വന്നപ്പോഴും പോയി. പിന്നീട് തൊട്ടടുത്തുള്ള നീന്തല്‍ക്കുളത്തില്‍ പോവുമ്പോഴെല്ലാം ഈ വീട് കാണും. അപ്പോഴെല്ലാം ഓര്‍മ്മയിലെത്തുന്നത് ഈ സിനിമയാണ്. ഈ വീടിനും സിനിമയ്ക്കും തമ്മില്‍ എന്താണിത്ര വിശേഷമെന്നല്ലേ. അത് വഴിയെ മനസിലാവും.

ഫാസിലിന്റെ തന്നെ കയ്യെത്തും ദൂരത്തിന്റെ സെറ്റില്‍ വെച്ച് വൈക്കത്തുള്ള ഒരു പയ്യനെ പരിചയപ്പെട്ടു. അവന്‍ അനിയത്തിപ്രാവ് ഇരുപത്തഞ്ച് പ്രാവശ്യമാണ് തിയേറേററിലിരുന്ന് കണ്ടത്. ഒടുക്കം തിയേറ്ററുടമ പിന്നീടങ്ങോട്ട് അവനോട് ടിക്കറ്റിന് കാശ് വാങ്ങിച്ചില്ല. എന്തുകൊണ്ടാണ് ആ പയ്യന് ഈ ചിത്രം ഇത്രമാത്രം ഇഷ്ടപ്പെട്ടു പോയതെന്ന് അറിയില്ല. അതറിയാമായിരുന്നെങ്കില്‍ അതിന്റെ ചുവട് പിടിച്ച് ഓരോ ചിത്രവും ഇറക്കിയാല്‍ മതിയല്ലൊ. അവിടെയാണ് പ്രേക്ഷകരുടെ മനശാസ്ത്രം എന്ന അറിയാ രഹസ്യം ഒളിഞ്ഞിരിക്കുന്നത്.

മാനത്തെ വെള്ളിത്തേര് എന്ന ചിത്രം പരാജയപ്പെട്ടതിന്റെ ക്ഷീണത്തില്‍ ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് നമ്പര്‍ വണ്‍ സ്നേഹതീരത്തിന്റെ കാലത്ത് ആലോചിച്ചിരുന്ന ഒരു കഥ ഫാസില്‍ മനസില്‍ നിന്നും പൊടിതട്ടിയെടുത്തത്. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയെടുത്തപ്പോള്‍ പലരും ഫാസിലിനെതിരെ ഒരു വിമര്‍ശനം ഉന്നയിച്ചിരുന്നു. പെണ്ണിനെ മതിലുചാടിച്ചു എന്നായിരുന്നു ആക്ഷേപം. അന്ന് ഫെമിനിസം ഇത്രയ്ക്കങ്ങ് ചൂടുപിടിച്ചിരുന്നില്ല. അതിനൊരു മറുപടിയായി മതിലുചാടുന്ന മക്കള്‍ തന്നെ അച്ഛനമ്മമാരുടെ സ്നേഹം തിരിച്ചറിയുന്ന. അല്ലെങ്കില്‍ അതിലേക്ക് കൊണ്ടെത്തിക്കുന്ന ഒരു കഥ. അങ്ങിനെയൊരു ആലോചനകൂടി അനിയത്തിപ്രാവിനു പിന്നിലുണ്ടായിരുന്നു.

ചിത്രത്തിനൊരു നായകനെ കണ്ടെത്താനുള്ള അന്യേഷണം കുഞ്ചാക്കോബോബനിലെത്തി. ഫാസിലിന്റെ ഭാര്യ റോസിയാണ് ചാക്കോച്ചനെ നിര്‍ദ്ദേശിക്കുന്നത്. ചോദിച്ചപ്പോള്‍ ബോബനും കുടുംബത്തിനും എതിര്‍പ്പുണ്ടായില്ല. ഫാസിലിനെ സിനിമയില്‍ കൊണ്ടു വന്നത് ബോബന്‍ കുഞ്ചാക്കോയാണ്. കുഞ്ചാക്കോബോബനെ സിനിമയില്‍ കൊണ്ടു വന്ന് ഫാസില്‍ ആ കടം വീട്ടി. അല്ലെങ്കില്‍ കാലം അങ്ങിനെയൊരു നിയോഗം കാത്തുവെച്ചു. ബേബിശാലിനിയെ അവതരിപ്പിച്ച ഫാസിലു തന്നെ അവളെ നായികയാക്കി അവതരിപ്പിച്ചു എന്നതും മറ്റൊരു കൗതുകം. കൂട്ടുകാരന്‍ ചിപ്പായിയുടെ വേഷത്തില്‍ ഹരിശ്രീ അശോകനും രാധാമാധവനായി സുധീഷും. തിലകന്‍, ശ്രീവിദ്യ, കെ പി എ സി ലളിത, ഇന്നസെന്റ്, പറവൂര്‍ ഭരതന്‍, ശങ്കരാടി, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ഹനീഫ, ഒപ്പം ഫാസിലിന്റെ സഹോദരിയുടെ മകന്‍ ഷാജിന്‍ വര്‍ക്കിയായും അരങ്ങേറ്റം കുറിച്ചു.

കഥയായി. പ്രണയകഥയാണ് പാട്ടുവേണം. ഈണമൊരുക്കാന്‍ ഔസേപ്പച്ചന്‍ വന്നു. ആലപ്പുഴ റെയ്ബാന്‍ ഹോ്ട്ടലിലിരുന്ന് ഫാസിലിന്റെ മനസറിഞ്ഞ് ഈണമൊരുക്കുകയാണ് ഔസേപ്പച്ചന്‍. വരികള്‍ എഴുതിയത്. രമേശന്‍ നായരായിരുന്നു. അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ഒരു തരിസുഖമുള്ള നോവ്. ഈ വരിയിലെ അനിയത്തിപ്രാവില്‍ സംവിധായകന്റെ മനസുടക്കി. ചിത്രത്തിന് പറ്റിയ പേര് അതല്ലേ. നിര്‍മ്മാതാവ് അപ്പച്ചനും അത് പെരുത്തിഷ്ടമായി. വി ഡി രാജപ്പന്റെ അനിയത്തിക്കോഴി എന്ന ഹാസ്യകഥാപ്രസംഗമുള്ളതാണ്. ആ പേര് അത്ര പോരാ എന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും സംവിധായകന് ആത്മവിശ്വാസം വന്നാല്‍ അതാര് വിചാരിച്ചാലും മാറ്റാനാവില്ലെന്ന് ഫാസിലിനെ അടുപ്പമുള്ളവര്‍ക്കറിയാം. ഷൂട്ടിങ്ങിനിടയില്‍ കഥയും കഥാമുഹൂര്‍ത്തങ്ങളുമൊക്കെ മനസിലാക്കിയപ്പോ അണിയറയില്‍ ചില സുഹൃത്തുക്കളോട് ഒരു സന്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതൊരു പൈങ്കിളിപ്രണയമല്ലേ, ഇതേല്‍ക്കുമോ? ഓ അതൊന്നും നോക്കണ്ട. പാച്ചിക്കയുടെ പല സിനിമകളും അങ്ങിനെയാ. നമുക്ക് പിടികിട്ടാത്ത എന്തോ ഒരു വിജയരഹസ്യം അതിലുണ്ടാവും. ചിലപ്പോ കഥ പറയുന്നതു കേള്‍ക്കുമ്പോള്‍ ഇത് തകര്‍ക്കുമല്ലോ എന്നു തോന്നും. പക്ഷെ തിയേറ്ററില്‍ തകര്‍ന്നു വീഴുന്നതും കാണാം. എന്തോ ചില രസതന്ത്രങ്ങള്‍ പിഴച്ചുപോവുന്നതാണ്. അതുകൊണ്ട് തിയേറ്ററിലെത്തിയാലേ ഈ ചിത്രത്തിന്റെ വിജയത്തെ പറ്റിയെന്തെങ്കിലും പറയാന്‍ പറ്റൂ.

എന്നാല്‍ ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ വിജയം മുന്നില്‍ കണ്ടൊരാളുണ്ടായിരുന്നു. മണ്‍മറഞ്ഞ ശ്രീവിദ്യ. ഫാസില്‍ കഥ പറഞ്ഞുകേള്‍പ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ തെലുങ്കില്‍ നിന്നൊരു നിര്‍മ്മാതാവ് തെലുങ്ക് റീമേക്കിനുള്ള അവകാശത്തിന് പണവുമായി എത്തിയിരിക്കുന്നു. ങേ കഥ എങ്ങിനെ ലീക്കായെന്ന അമ്പരപ്പില്‍ നില്‍ക്കുന്ന ഫാസിലിനോട് കഥ ശ്രീവിദ്യയാണ് പറഞ്ഞതെന്ന് അവര് പറഞ്ഞു. അങ്ങിനെ പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ റീമേക്ക് അവകാശം വിറ്റു പോയ ചിത്രമാണ് അനിയത്തി പ്രാവ്.

കഥ കേട്ടാല്‍ ഒരു സാധാരണ പ്രണയ കഥയാണിതും. ഇപ്പോ വിവാഹം വേണ്ട പഠിക്കണമെന്നു പറഞ്ഞ് നഗരത്തിലെ കോളേജിലേക്ക് പോവുന്ന സുധിയെന്ന ചെറുപ്പക്കാരന്‍. ഒരു ബുക്സ്റ്റാളില്‍ വെച്ച് മിനിയെന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. ആദ്യദര്‍ശനത്തില്‍ തന്നെ ഇതാണെന്റെ പെണ്ണ് എന്നു തോന്നിയ സുധി അവളെ കണ്ടെത്താനും പിന്തുടരാനും ശ്രമിക്കുന്നു. സുഹൃത്തുക്കളായ ചിപ്പായിയും സുധീഷും അവന് കൂട്ടുണ്ട്. ഒരു ദിവസം കാറില് പിന്തുടര്‍ന്നൊരു സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട മിനിയും കൂട്ടുകാരിയും സുധിയും കൂട്ടുകാരും ഇരിക്കുന്ന റെസ്ററ്റോറന്റിലെ ടേബിളിലേക്ക് എത്തുന്നു. യാദൃശ്ചികമാവാം സുധി കുടിച്ചു പാതിയാക്കിയ വെള്ളം മിനി എടുത്തു കുടിക്കുന്നു. മിനി നാല് ആങ്ങളമാരുടെയും അവരുടെ ഭാര്യമാരുടെയുമെല്ലാം പുന്നാര പെങ്ങളാണ്. ആ വീടിന്റെ വിളക്കാണ്. ആങ്ങളമാരെല്ലാം എന്തിനും പോന്നവരുമാണ്. മിനിയുടെ പിന്നാലെ നടക്കുന്നതിനിടയില്‍ എസ്.ഐയുടെ മുന്നിലവര്‍ എത്തിപ്പെടുന്നു. ആങ്ങളയാണ് എസ്.ഐ എന്നറിയാതെ ഇത് ഞാന്‍ സ്നേഹിക്കുന്ന പെണ്ണാണെന്നു ഗമയില്‍ അടിക്കുന്ന സുധിയെ എസ് ഐ കൈകാര്യം ചെയ്യുന്നു. മറ്റാങ്ങളമാരും വെറുതെയിരുന്നില്ല.

എന്തായാലും അവര് പ്രണയബദ്ധരായി. ഒടുക്കം ഒളിച്ചോടി. ആരും അഭയമേകാതായപ്പോള്‍ ചിപ്പായിയുടെ കടപ്പുറം അവരെ സ്വീകരിച്ചു. അവര്‍ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. മിനിയുടെ വീട്ടുകാരും സുധിയുടെ വീട്ടുകാരും ഇതിന്റെ പേരില്‍ സംഘര്‍ഷത്തിലുമായി. കല്യാണത്തിന് ഒരുങ്ങിയിരിക്കുമ്പോഴാണ് മിനിക്കും സുധിക്കും മനസ് മാറുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കല്യാണമെങ്കില്‍ എത്ര നന്നാകുമായിരുന്നു. അവരെയൊക്കെ വേദനിപ്പിച്ചിട്ട് എന്തു ജീവിതം. അവര്‍ തങ്ങളുടെ പ്രണയം മറക്കാന്‍ തീരുമാനിക്കുന്നു. വീട്ടിലേക്ക് തന്നെ തിരിച്ചുപോവുന്നു. കഥ തീരുന്നില്ല. ചിത്രത്തെ വന്‍വിജയത്തിലേക്കെത്തിച്ച ക്ളൈമാക്സാണ് പിന്നെ.

താങ്കളുടെ ചിത്രത്തില്‍ കുട്ടികള്‍ ഒരു ഒബ്സഷനാണെന്ന് പണ്ട് ജഗതിശ്രീകുമാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാ ചിത്രത്തിലും കുട്ടികളുടെ സാന്നിധ്യം ഉണ്ട്. ബേബ്ി ശാലിനി തരംഗം തന്നെയുണ്ടാക്കിയതും താങ്കളാണല്ലോ എന്നൊരിക്കല്‍ ചോദിച്ചപ്പോള്‍ ഫാസില് പറഞ്ഞു. ഒരു പ്രേക്ഷകന്‍ അയച്ച എഴുത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയ ഒരു കാര്യം ഉണ്ട്. എന്റെ എല്ലാ ചിത്രങ്ങളിലും ഒരു പ്രോപ്പര്‍ട്ടിയ്ക്ക് കഥാഗതിയില്‍ ഒരു പ്രാധാന്യമുണ്ടാവും എന്നൊരു നിരീക്ഷണമായിരുന്നു അത്. നോക്കെത്താ ദൂരത്തിലെ കോളിങ്ബെല്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഠായി കവറുകൊണ്ടുള്ള പാവ, അങ്ങിനെ എന്തെങ്കിലും അറിഞ്ഞോ അറിയാതെയോ കഥാഗതിയില്‍ നിര്‍ണായകമായി ഭവിക്കാറുണ്ട്.

അനിയത്തിപ്രാവിലെ മാല അങ്ങിനെയാണ്. ഹീറോഹോണ്ട സ്പ്ളെന്‍ഡര് ബൈക്കില്‍ (ഈ ചിത്രത്തോടെ യുവാക്കളുടെ പ്രിയപ്പെട്ട ബൈക്കായി സ്പ്ളെന്‍ഡര് മാറിയെന്നതും ഒരു സത്യം) നായികയെ ബസ്് സ്റ്റോപ്പിലെത്തിക്കുന്ന നായകന്‍. അവള്‍ ഇറങ്ങുമ്പോള്‍ മാല നായകന്റെ ഷര്‍ട്ടില്‍ കുരുങ്ങിപോവുന്നു. ബസ് വന്നതിനാല്‍ മാല പിന്നെ തന്നാല്‍ മതിയെന്നും പറഞ്ഞ് അവള്‍ പോവുന്നു. പിരിയാന്‍ തീരുമാനിച്ച ശേഷം താന്‍ അതുവരെ കണ്ടിട്ടില്ലാത്ത മിനിയെ ഒന്നു കാണണമെന്നും ഈ മാല തിരിച്ചുകൊടുക്കണമെന്നു പറഞ്ഞാണ് സുധിയും അമ്മയും അച്ഛനും കൂട്ടുകാരും കൂടി മിനിയുടെ വീട്ടിലേക്ക് കയറി ചെല്ലുന്നത്.

വീണ്ടും ഈ ആദ്യം പറഞ്ഞ വീട്ടിലേക്കൊന്നു പോവാം. മലയാളത്തിലും തമിഴിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ അനിയത്തിപ്രാവ് എന്തുകൊണ്ട് ഹിന്ദിയിലും തെലുങ്കിലും പരാജയപ്പെട്ടു. ഹിന്ദിയില്‍ ഈ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്. എന്നിട്ടും ചിത്രം എന്തുകൊണ്ട് പരാജയമായി. അതിന് കൃത്യമായൊരു ഉത്തരം കണ്ടെത്താന്‍ കഴിയില്ല. പക്ഷെ ഫാസില്‍ തന്നെ എത്തിചേര്‍ന്നൊരു നിഗമനമുണ്ട്. ഈ ചിത്രത്തിന്റെ ക്ളൈമാക്സായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. അത് തിരക്കഥയായി എഴുതിവെച്ചിരുന്നെങ്കിലും എങ്ങിനെ എടുക്കണം എന്നതിനെ കുറിച്ച് എനിക്ക് മനസിലൊരു ഐഡിയ ഉണ്ടായിരുന്നില്ല. ഒരു ഉച്ചക്ക് ഊണു കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ആ ലൊക്കേഷന്റെ ഒരു പ്രത്യേകത മനസിലേക്കോടിയെത്തത്. ഒരു പുമുഖവും സ്വീകരണമുറിയും ചേര്‍ന്നൊരു ടി ആകൃതിയിലാണാ വീടിന്റെ മുന്‍ഭാഗം.

അവിടെ മിനിയെ കാണാനും മാലകൊടുക്കാനും വരുമ്പോള്‍ വീട്ടുകാര്‍ എങ്ങിനെ പ്രതികരിക്കും എന്നൊരു ആശങ്ക കഥാന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നാല്‍ മിനിയുടെ അമ്മ ഹൃദ്യമായാണ് അവരെ വരവേറ്റത്. അച്ചായന്‍മാര്‍ക്കും തങ്ങളുടെ പെങ്ങളെ തിരിച്ചുതന്നല്ലോ എന്ന സന്തോഷമുണ്ടായിരുന്നു. അവര്‍ വീട്ടില്‍ കയറി ഇരുന്നു. ഓടിവന്ന മിനിയെ സുധിയുടെ അമ്മ ഒരു നോക്കു കണ്ടു. പൂമുഖത്ത് ആണ്‍സംഘവും ഒരു തലക്കല്‍ പെണ്‍സംഘവും ഇരുന്ന് വര്‍ത്തമാനം പറയാന്‍ തുടങ്ങി. മിനി ജ്യൂസുമായി വന്നു. മാലകൊടുത്ത് യാത്ര പറഞ്ഞ് പോവാനൊരുങ്ങുമ്പോഴാണ് മിനി നില്‍ക്കുന്നത്. അവളെ ഒന്നു നോക്കാന്‍ ശക്തിയില്ലാതെ മനപൂര്‍വ്വം മുഖം തിരിച്ച് പോവാന്‍ നോക്കുന്ന സുധിയുടെ അമ്മ. എന്റെ മോളോട് ഒന്നു മിണ്ടിയതുപോലുമില്ലല്ലോ കല്യാണമല്ലേ അവളുടെ ഒന്നനുഗ്രഹിച്ചെട്ടിങ്ങെങ്ങിലും പോയ്ക്കൂടേ എന്നു ചോദിക്കുന്ന മിനിയുടെ അമ്മ. ക്യാമറ ആംഗിളുകള്‍ മാറുന്നുണ്ടെങ്കിലും അന്തരീക്ഷം മാറുന്നില്ല. അതൊരു തുറന്ന വീടു കൂടിയായിരുന്നു. മനസുകളും അവിടെ തുറന്നു തുടങ്ങിയിരുന്നു. ചില നിശബ്ദമായ ആശയവിനിമയങ്ങള്‍ അന്തരീക്ഷത്തില്‍ പകരുന്നത് പ്രേക്ഷകനും തിരിച്ചറിയുന്നു.

സുധിയുടെ അമ്മ മിനിയെ അനുഗ്രഹിക്കാനായി അടുത്തെത്തുന്നു. അവളെയൊന്നു സൂക്ഷിച്ച് നോക്കിയപ്പോഴേക്കും ആ മാതൃഹൃദയത്തില്‍ വാത്സല്യവും സ്നേഹവും വഴിഞ്ഞൊഴുകി. 'എന്തു പറഞ്ഞിട്ടാ ഞാനിവിളെ അനുഗ്രഹിക്കേണ്ടത്. എന്റെ മോളല്ലേ ഇത്. ഇങ്ങ് തന്നേര് പൊന്ന് പോലെ നോക്ക്ികോളാം ഞാനവളെ''. എല്ലാവരും ഒന്നു ഞെട്ടിയെങ്കിലും ഒരു മഞ്ഞുരുകലിന്റെ അന്തരീക്ഷം പശ്ചാത്തലത്തില്‍ പടരുന്നുണ്ടായിരുന്നു.

''എടുത്തോ എന്നിട്ട് അവളുടെ ചെക്കനെ അവള്‍ക്കും കൊടുത്തേര്.''-മിനിയുടെ അമ്മ പറഞ്ഞപ്പോഅമ്മച്ചി എന്താ പറഞ്ഞത് എന്ന ഇയോ ചോദിക്കുന്നു.

''പെറ്റ തള്ളേക്കേ മനസിലാവൂ അതൊക്കെ. ചങ്കു പറിച്ചെടുത്ത് കൊണ്ട് പോവുന്ന വേദനയും കടിച്ചമര്‍ത്തി അവളു നില്‍ക്കുന്ന കണ്ടില്ലേ, അവളുടെ ഇഷ്ടം നടത്തിക്കൊടുക്കെടാ മക്കളേ''-എന്നു അമ്മച്ചി പറയുമ്പോള്‍ ഇച്ചായന്‍മാരുടെ അവസാന എതിര്‍പ്പുകളും മാഞ്ഞുപോവുന്നു.

എന്തിനാടാ മടിച്ചു നില്‍ക്കുന്നത്. കൂട്ടികൊണ്ട് പറന്നോടാ നിന്റെ പെണ്ണിനെ എന്ന സുധിയുടെ അച്ഛന്‍.

''അങ്ങിനെ കൊണ്ടുപോവാന്‍ ഞങ്ങള് സമ്മതിക്കത്തില്ല'' എന്നു പറഞ്ഞ് ആദ്യം ഒരു ഉടക്കാണെന്നു തോന്നുമെങ്കിലും ഞങ്ങളായിട്ട് തന്നേക്കുവാ എന്നു പറഞ്ഞ് റിലാക്സ് മൂഡിലേക്ക് കൊണ്ടുവരുന്ന മൂത്ത ചേട്ടന്‍.

അതിനെല്ലാം മുമ്പ് ഒരു പെണ്ണുകാണല്‍ ചടങ്ങുപോലെ ഗ്ളാസ്സില്‍ ജ്യൂസുമായെത്തുന്ന മിനി. മിനിയുടെയും സുധിയുടെയും പരസ്പരമുള്ള നോട്ടങ്ങള്‍. അവളുടെ പ്രിയപ്പെട്ട ചേട്ടന്‍മാരുടെ പ്രതികരണം, മിനിയാന്റിയെ കെട്ടാന്‍ വന്നതാണോ എന്ന ചോദ്യവുമായെത്തുന്ന കുട്ടിസംഘം. അവരെ ഓടിച്ചു വിടുന്ന ചേട്ടന്‍. അങ്ങിനെ വികാരവിക്ഷോഭങ്ങളുടെ ഒരു ലയതാളത്തില്‍ മഞ്ഞുരുകി മഞ്ഞുരുകി ഒരു നദിയായി പരിണമിക്കുന്ന ക്ളൈമാക്സ്. വീട്ടുകാരുടെ സമ്മതത്തോടെ ജാതിയും മതവും ഇല്ലാതെ ആ പ്രണയനദിയൊഴുകുമ്പോള്‍ അതൊരു പുതുയുഗത്തിന്റെ തുടക്കമാവുകയാണ്. സ്നേഹവും സ്നേഹവും മാത്രമുള്ള ഒരു പുതുലോകം...പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബബന്ധങ്ങളുടെയും വിജയരസതന്ത്രം.

ചിത്രത്തിന്റെ പ്രിവ്യൂഷോ കണ്ട് പലരും നല്ല അഭിപ്രായം പറഞ്ഞുകൊണ്ട് ഫാസിലിനെ പൊതിയുമ്പോള്‍ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് ഒന്നും പറയാതെ നില്‍ക്കുന്നതു കണ്ടു. ലോഹിയുടെ അഭിപ്രായത്തിന് കാത്തു നില്‍ക്കുന്ന ഫാസിലിനു മനസിലായി. ലോഹി എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നും പറയാന്‍ പറ്റുന്നില്ല. അല്‍പം കഴിഞ്ഞ് ലോഹി മനസ് തുറന്നു. നന്‍മയും സ്നേഹവും കണ്ട് എന്റെ മനസ് നിറഞ്ഞുപോയി. അതാ പെട്ടെന്നൊന്നും പറയാന്‍ പറ്റാഞ്ഞത്. ഈ നന്‍മയും സ്നേഹവും തന്നെയാണ് അനിയത്തിപ്രാവിനെ വിജയാകാശത്തേക്ക് പറത്തിവിട്ടത്.

ഇതില്‍ നിന്ന് ചിത്രം ഹിറ്റാവുമെന്ന കാര്യത്തില്‍ ഫാസിലിന് സംശയമുണ്ടായിരുന്നില്ല. പക്ഷെ ആദ്യദിനങ്ങളില്‍ അനിയത്തിപ്രാവിന് 40 ശതമാനം പേരെ തിയേറററുകളിലുണ്ടായിരുന്നുള്ളു. അപ്പോഴും ഫാസിലിന് ടെന്‍ഷന്‍ തോന്നിയില്ല. കാരണം മഞ്ഞില്‍ വിരിഞ്ഞ പൂവ് മുതല്‍ ഇനീഷ്യല്‍ കളക്ഷന് സാധ്യതയില്ലാത്ത, ഫാസിലിന്റെ പുതുമുഖ ചിത്രങ്ങള്‍ക്കെല്ലാം ഈയൊരനുഭവമുണ്ടായിരുന്നു. വിചാരിച്ചതുപോലെ തന്നെ ചിത്രം പിന്നെ കൗമാരവും കുടുംബങ്ങളും ഏറ്റെടുത്തു. തൊട്ടടുത്ത കുഞ്ചാക്കോ ചിത്രത്തിന് വന്‍ ഇനീഷ്യല്‍ കളക്ഷനുമായിരുന്നു. കുഞ്ചാക്കോ ശാലിനി ജോഡിയും മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയായി.

ഇതില്‍ പ്രധാനപ്പെട്ട ലൊക്കേഷനായ മിനിയുടെ വീട് ആദ്യം പാലക്കാടായിരുന്നു ഉദ്ദേശിച്ചത്. ഫാസിലും ക്യാമറമാന്‍ ആനന്ദക്കുട്ടനും കലാസംവിധായകന്‍ മണിസുചിത്രയും ചേര്‍ന്ന് ലൊക്കേഷന്‍ കാണാന്‍ പാലക്കാടെത്തി. വീടിനു മുന്നില്‍ കാറു നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ സംവിധായകന്‍ കാണുന്നത് ചൂലുമായി മുറ്റം തൂക്കാനിറങ്ങുന്ന ഒരു സ്ത്രീയെ ആണ്. ആ നിമിത്തം അത്ര സുഖമായി തോന്നിയില്ല. അങ്ങിനെ ആ വീട് വേണ്ടെന്നു വെച്ച് തിരിച്ചെത്തിയപ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കബീര്‍ എടയാടി വീടിനെ പറ്റി പറയുന്നത്. ഫാസിലിന്റെ വീടിനടുത്തുമാണ് ഈ വീട്. വീട് കണ്ടപ്പോള്‍ സംവിധായകനും ഇഷ്ടമായി. ലൊക്കേഷന്‍ ഉറപ്പിച്ചു. സുധിയുടെ വീടായത് സംവിധായകന്റെ വീട് തന്നെയായിരുന്നു. ശങ്കരാടിയുടെ വീട് ചേര്‍ത്തലയിലെ ആന്ത്രപ്പേര്‍ ഹൗസ് ആണ്. കോളേജായി തലവടിയിലെ എസ് എന്‍ സ്‌ക്കൂളാണ് തിരഞ്ഞെടുത്തത്. പാട്ടുസീനുകളും ചില കഥാസീനുകളും പൊള്ളാച്ചിയിലും ചിത്രീകരിച്ചു. 70 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം അന്ന് ഏതാണ്ട് ഒരുകോടിക്കാണ് തീര്‍ന്നത്. കോടികള്‍ കൊയ്ത ചിത്രം സ്വര്‍ഗ്ഗചിത്രയുടെ മുന്‍ചിത്രങ്ങളുടെ നഷ്ടവും നികത്തി ബോക്സ് ഓഫീസില്‍ ചരിത്രമെഴുതി.

ചിത്രം തമിഴിലേക്ക് മാറ്റിയപ്പോള്‍ ഏതാണ്ട് എല്ലാ ലൊക്കേഷനും ഇതുതന്നെയായിരുന്നു. കോളേജ് മാത്രം പുന്നപ്ര കാര്‍മ്മല്‍ പോളിടെക്നിക്കായി. മലയാളത്തില്‍ ശ്രീവിദ്യയും ലളിതയും ശാലിനിയും ഷാജിനും ചെയ്ത വേഷങ്ങള്‍ അവരുതന്നെയായിരുന്നു തമിഴിലും. തിലകന്റെ വേഷത്തില്‍ വിജയകുമാറും, ജനാര്‍ദ്ദനന്റെ വേഷത്തില്‍ രാധാരവിയും കൊച്ചിന്‍ഹനീഫയുടെ വേഷം തലൈവാസല്‍ വിജയും കൈകാര്യം ചെയ്തു. ശങ്കരാടിയുടെ വേഷം കാക്കരാധാകൃഷ്ണനായിരുന്നു. ഗോകുല്‍കൃഷ്ണയായിരുന്നു സംഭാഷണങ്ങള്‍ മൊഴിമാറ്റിയത്. സംഗീതം ഇളയരാജയും.

വിജയിന് ആരാധകമനസ്സില്‍ താരപദവി ഉറപ്പിച്ച ചിത്രമായിരുന്നു അനിയത്തിപ്രാവിന്റെ തമിഴ്പതിപ്പ് കാതലുക്ക് മര്യാദൈ. ചിത്രത്തിന്റെ ക്ലൈമാക്സ് തമിഴ് പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. ഓസ്‌കര്‍ ഫിലിംസ് വിതരണം ചെയ്ത ചിത്രം അവിടെയും ബോക്സ്ഓഫീസ് തരംഗം സൃഷ്ടിച്ചു. ഹിന്ദിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സാജ കെ രഖ്ന പക്ഷെ ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടു. ശാലിനിയുടെ റോളില്‍ ജ്യോതികയായിരുന്നു ചിത്രത്തില്‍. വീടിന്റെ ഘടനയും വേറെയായിരുന്നു.

Content Highlights: Aniyathipraavu, 25 years of Fazil Movie, Kunchako Boban, Shalini, Box Office Collection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented